ലോക്ഡൗണില്‍ അമ്മയെ കാണാൻ സ്വരയുടെ സാഹസിക യാത്ര; സഞ്ചരിച്ചത് 1400 കിലോ മീറ്റർ
Mail This Article
ഡല്‍ഹിയില്‍ താമസിക്കുന്ന അമ്മയെക്കാണാന്‍ ലോക്ഡൗണിനിടെ മുംബൈയില്‍ നിന്ന് ബോളിവുഡ് നടി സ്വര ഭാസ്കറിന് സഞ്ചരിക്കേണ്ടി വന്നത് 1400 കിലോമീറ്റര്‍. അമ്മയ്ക്ക് പരുക്കേറ്റതിനെത്തുടര്‍ന്നായിരുന്നു സ്വരയുടെ സാഹസിക സഞ്ചാരം. രണ്ടു ദിവസം നീണ്ടു നിന്നു യാത്ര. ഒരു രാത്രി ഉദയ്പൂരില്‍ തങ്ങേണ്ടിവന്നു; അഞ്ചു വളര്‍ത്തുനായ്ക്കളും സ്വരയുടെ കൂടെയുണ്ടായിരുന്നു.
കഴിഞ്ഞയാഴ്ചയാണ് വീട്ടില്‍ വീണ് സ്വരയുടെ അമ്മയുടെ തോളിന് പരുക്കേറ്റത്. ലോക്ഡൗണ്‍ നാലംഘട്ടത്തിനൊപ്പം ഇളവുകളും പ്രഖ്യാപിച്ചതോടെ സ്വര യാത്രയ്ക്ക് ഒരുങ്ങുകയായിരുന്നു. ആവശ്യമായ അനുമതികളെല്ലാം സമ്പാദിച്ചതിനുശേഷമായിരുന്നു സ്വരയുടെ ദീര്‍ഘയാത്ര. ഡല്‍ഹിയില്‍ എത്തിയ ഉടന്‍ സര്‍ക്കാര്‍ പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള ക്വാറന്റീനിലൂടെയും ഐസലേഷനിലൂടെയും കടന്നുപോകുകയാണ് സ്വര ഇപ്പോള്‍.
ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ പ്രഫസറാണ് സ്വരയുടെ അമ്മ ഇറ ഭാസ്കര്‍. കഴിഞ്ഞയാഴ്ചയാണ് അപ്രതീക്ഷിതമായ വീഴ്ചയില്‍ പരുക്കേറ്റ് വിശ്രമിക്കേണ്ടിവന്നത്. കഴിഞ്ഞ ദിവസം ബോളിവുഡ് നടന് നവാസുദ്ദീന്‍ സിദ്ദിഖിയും സഹോദരനും അമ്മയ്ക്കുമൊപ്പം മുംബൈയില്‍ നിന്ന് ഉത്തര്‍പ്രദേശിലെ ജന്മഗ്രാമമായ ബുധാനയിലേക്ക് ലോക്ഡൗണിനിടെ കാറോടിച്ചു പോയിരുന്നു. ജന്മഗ്രാമത്തില് എത്തിയതിനുശേഷം പരിശോധിച്ചപ്പോള്‍ നടനും കൂടെ യാത്ര ചെയ്തവരും കോവിഡ് നെഗറ്റീവ് തന്നെയായിരുന്നു. എങ്കിലും 14 ദിവസത്തെ ക്വാറന്റീന് നിര്‍ബന്ധിതമായി പാലിക്കുകയാണ്. റെഡ് സോണായ മുംബൈയില്‍ നിന്ന് യാത്ര ചെയ്തതിനാലാണ് കര്‍ശന നിയന്ത്രണങ്ങള്‍ക്ക് വിധേയനാകേണ്ടിവന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ ഇപ്പോഴുള്ളതും മുംബൈ ഉള്‍പ്പെടുന്ന മഹാരാഷ്ട്രയിലാണ്.
മാര്‍ച്ചില്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ ഏതാനും ഇളവുകളോടെയാണ് നാലാം ഘട്ടത്തില്‍ നടപ്പാക്കുന്നത്. ലോകത്തെ മൊത്തം കൊറോണ രോഗികളുടെ എണ്ണം 50 ലക്ഷം കടന്നിരിക്കുകയാണ്. മൂന്നര ലക്ഷത്തോളം പേര് ഇതുവരെ മരിച്ചുകഴിഞ്ഞു. ഇന്ത്യയില്‍ മരണം 3,500 ആകുന്നു. രോഗികളുടെ എണ്ണം ഒന്നേകാല്‍ ലക്ഷവും.
English Summary: Swara Bhasker drives 1,400 km from Mumbai to Delhi in lockdown to meet injured mom