ADVERTISEMENT

മനുഷ്യ ബന്ധങ്ങൾ എപ്പോഴും  ഒരു പൂന്തോട്ടം പോലെയാണ്. ശ്രദ്ധയോടെ സൂക്ഷിച്ചാൽ അവ എപ്പോഴും നിറയെ പുഷ്പങ്ങളുമായി മനോഹരമായി നിലനിൽക്കും. എന്നാൽ കീടങ്ങളെയും കളകളെയും അകറ്റി നിർത്തുന്നതും പ്രധാനമാണ്. ദാമ്പത്യ ബന്ധങ്ങളിലെ പൊരുത്തക്കേടുകൾ പലപ്പോഴും  ഭാര്യാഭർത്താക്കന്മാർ ഒന്ന് മനസ്സ് വെച്ചാൽ അകറ്റി നിർത്താവുന്ന കളകൾ പോലെയാണ്. പരസ്പരം പൊരുത്തപ്പെട്ട് പോകാൻ സാധിക്കുന്നില്ല എന്ന പരാതിയുമായി കഴിയുന്നവർക്ക്  ജീവിതം മനോഹരമാക്കാൻ സഹായിക്കുന്ന ചില മാർഗങ്ങൾ നോക്കാം.

സ്നേഹം കൊടുത്ത് മാത്രം സ്നേഹം വാങ്ങുക

പങ്കാളി തന്നോട് കാണിക്കുന്ന സ്നേഹത്തിൻറെ  അളവിനെയും ആഴത്തെയും പറ്റി പരാതിപ്പെടുന്നവർ ഏറെയാണ്. പങ്കാളി തന്നെ വേണ്ടത്ര സ്നേഹിക്കുന്നില്ല എന്ന് തോന്നിയാൽ ഇങ്ങോട്ട് ലഭിക്കാത്ത സ്നേഹം അങ്ങോട്ടും കൊടുക്കേണ്ട എന്ന തീരുമാനത്തിലാവും പലരും എത്തുന്നത്. എന്നാൽ മറിച്ച്  ഉള്ളിലുള്ള സ്നേഹം ഒട്ടും മറയ്ക്കാതെ ഒന്ന് പ്രകടിപ്പിച്ചു നോക്കൂ. ചിലപ്പോൾ നിങ്ങൾ ആഗ്രഹിക്കുന്നതിലും അധികം തിരികെ ലഭിച്ചെന്ന് വരാം. പങ്കാളിക്ക് പറ്റുന്ന ഓരോ ചെറിയ പിഴവും സ്നേഹക്കുറവായി കണക്കാക്കേണ്ടതില്ല എന്നും മനസ്സിൽ വയ്ക്കുക.

പരസ്പര സ്നേഹത്തിൽ ജീവിക്കുക എന്നതു തന്നെയാവണം ലക്ഷ്യം 

ജീവിതകാലം മുഴുവൻ സന്തോഷവും സ്നേഹവും നിലനിർത്തണം എന്ന ലക്ഷ്യവുമായി ആവും എല്ലാ ദമ്പതികളും വിവാഹ ജീവിതം ആരംഭിക്കുന്നത്. എന്നാൽ ബന്ധത്തിൽ ഉടലെടുക്കുന്ന പൊരുത്തക്കേടുകളുടെ  പേരിൽ  ആ ലക്ഷ്യം തന്നെ മറന്നു പോകുന്നവരാണ് ഏറെയും. ഓരോ ചെറിയ പ്രശ്നത്തിലും  ശരി തന്റെ ഭാഗത്തു മാത്രമാണ്  എന്ന് വരുത്തിത്തീർക്കാനുള്ള വ്യഗ്രതയാവും പിന്നീടങ്ങോട്ട് പ്രകടമാകുന്നത്. പോകപ്പോകെ ഇത് ബന്ധത്തിൻറെ അടിത്തറതന്നെ ള്ളക്കുന്ന വിധത്തിൽ വഷളാവുകയും ചെയ്യും. അതിനാൽ  എന്ത് ലക്ഷ്യത്തിലാണ് ജീവിതം ആരംഭിച്ചത് എന്ന് എപ്പോഴും സ്വയം ഓർമ്മപ്പെടുത്തി കൊണ്ടിരിക്കുക. അതിലേക്ക് എത്തിച്ചേരുന്ന വിധത്തിലാവണം  പ്രവർത്തികൾ എന്ന് സ്വയം തീരുമാനിക്കുന്നതും  പ്രധാനമാണ്.

പങ്കാളി എങ്ങനെയാണോ അങ്ങനെ തന്നെ അംഗീകരിക്കാം

പങ്കാളി അല്പംകൂടി നല്ല വ്യക്തി ആയിരുന്നെങ്കിൽ എന്ന് ചിന്തിച്ചു തുടങ്ങുന്നിടത്താണ് പല ബന്ധങ്ങളിലും വിള്ളലുകൾ ആരംഭിക്കുന്നത്. അതിനാൽ ഇത്തരം ചിന്തകളെ മുളയിലെ നുള്ളാൻ സ്വയം പറഞ്ഞു പഠിപ്പിക്കുക. പങ്കാളി കുറച്ചുകൂടി  നല്ല വ്യക്തി ആകണമായിരുന്നു എന്നോ, അല്പംകൂടി സൗന്ദര്യമുള്ള ആളായിരുന്നെങ്കിൽ എന്നോ ഒക്കെ ചിന്തിക്കുന്നത്  ദിവസങ്ങൾ കഴിയുംതോറും ദാമ്പത്യ ബന്ധത്തെ കുറിച്ച് ഉള്ളിൽ നിരാശ വളർത്തുന്നതിലേക്ക് മാത്രമാകും നൽകുക. അതിനാൽ പങ്കാളിയുടെ വ്യക്തിത്വത്തെ അംഗീകരിക്കാൻ എപ്പോഴും ശ്രമിക്കുക. ഇതിനുപുറമേ തനിക്ക് ഇഷ്ടമുള്ള രീതിയിൽ പങ്കാളിയെ മാറ്റിയെടുക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്  വിപരീതഫലം മാത്രമേ  ചെയ്യൂ എന്ന തിരിച്ചറിവും ഉണ്ടാവേണ്ടതാണ്.

സ്വയം വ്യാഖ്യാനിക്കാതെ കാര്യങ്ങൾ തുറന്നു ചോദിക്കാം

പങ്കാളിയുടെ പ്രവൃത്തിയെ സ്വന്തം നിലയിൽ നിന്നുകൊണ്ട്  വ്യാഖ്യാനിക്കുന്ന പ്രവണത പലരിലും ഉണ്ട് . ഒരുപക്ഷേ പങ്കാളി മനസ്സിൽപോലും  ചിന്തിക്കാത്ത കാര്യങ്ങളാവും ഈ വ്യാഖ്യാനത്തിലൂടെ നാം കണ്ടെത്തുന്നത്. അതിനാൽ ഭാര്യയുടേയോ ഭർത്താവിന്റെയോ  പെരുമാറ്റത്തിലോ പ്രവർത്തിയിലോ എന്തെങ്കിലും അരുതായ്മകൾ തോന്നിയാൽ അതിനുള്ള കാരണം  സ്വയം ചിന്തിച്ചു കണ്ടെത്തുന്നതിന് പകരം എന്തുകൊണ്ടാണ്  എന്ന് തുടക്കത്തിൽ തന്നെ തുറന്നു ചോദിക്കുന്നതാവും ഉചിതം.

ഉദാഹരണത്തിന് പരസ്പരം സംസാരിച്ചിരിക്കുമ്പോൾ പങ്കാളിക്ക് തന്റെ സംസാരത്തിൽ തീരെ ശ്രദ്ധയില്ല എന്ന് തോന്നിയാൽ അത് തന്നോടുള്ള താല്പര്യ കുറവാണ് എന്ന് സ്വയം വ്യാഖ്യാനിക്കുന്നതിന് മുൻപ് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ എന്ന തരത്തിൽ  തുറന്നു ചോദിക്കുക. ഒരുപക്ഷേ  ജോലിസ്ഥലത്തെയോ വീട്ടിലെയോ പ്രയാസമേറിയ ജോലികൾ മൂലം ക്ഷീണിച്ചിരിക്കുന്നതാവാം സംസാരത്തിൽ താല്പര്യം പ്രകടിപ്പിക്കാതിരിക്കുന്നതിനുള്ള കാരണം. പലപ്പോഴും ഇത്രയും ലളിതമായ കാരണങ്ങൾ  പോലും തെറ്റായ ചിന്തകളിലൂടെ ഭാര്യാ ഭർത്താക്കന്മാർക്കിടയിലെ മാനസിക ഐക്യം  തകർക്കുന്നതിലേക്ക് വരെ നയിച്ചേക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com