ഒരു പ്രണയദിനവും അദ്ദേഹം മറന്നില്ല: റിയാലിറ്റി ഷോ വേദിയിൽ വിതുമ്പി മേഘ്‌ന രാജ്
Mail This Article
2020 ൽ അപ്രതീക്ഷിതമായാണു മലയാളത്തിലും മികച്ച വേഷങ്ങൾ ചെയ്തിട്ടുള്ള നടി മേഘ്‌ന രാജിന് ഭർത്താവ് ചിരഞ്ജീവി സർജയെ നഷ്ടപ്പെടുന്നത്. അപ്രതീക്ഷിതമായുണ്ടായ ഹൃദയാഘാതമാണ് അദ്ദേഹത്തിന്റെ ജീവനെടുത്തത്. അന്നു മുതൽ മകനൊപ്പം ഭർത്താവിന്റെ ഓർമകളുമായാണു നടി ജീവിക്കുന്നത്. ആഘാതത്തിൽ നിന്ന് അവർ പുറത്തുവരാൻ സമയമെടുക്കുമെന്ന് പലരും കരുതിയെങ്കിലും അതിശയകരമായ വേഗത്തിലാണ് സാധാരണ ജീവിതത്തിലേക്ക് അവർ മടങ്ങിയെത്തിയത്. കന്നടയിലെ ഒരു ടെലിവിഷൻ ചാനലിൽ മേഘ്‌ന ഇപ്പോൾ ഡാൻസ് റിയാലിറ്റി ഷോയിൽ വിധികർത്താവ് കൂടിയാണ്. ഇക്കഴിഞ്ഞ ദിവസം ഷോയ്ക്കിടെ നടി ഭർത്താവിന്റെ ഓർമകൾ പ്രേക്ഷകരുമായി പങ്കുവച്ചു. എന്നാൽ അപ്രതീക്ഷിതമായുണ്ടായ ഒരു സംഭവം നടിയെ വേദനിപ്പിക്കുകയും ചെയ്തു. എല്ലാം ധൈര്യവും ചോർന്ന വ്യക്തിയായി അവർ വിതുമ്പിക്കരഞ്ഞതോടെ ടെലിവിഷൻ പ്രേക്ഷകരും ഒരു നിമിഷം നിസ്സാഹായരായി.
2019 ൽ ആദ്യത്തെ വിവാഹ വാർഷികത്തിന് അതിമനോഹരമായ ഒരു നെക്‌ളേസാണ് ചിരഞ്ജീവി മേഘ്‌നയ്ക്ക് സമ്മാനിച്ചത്. വാലന്റൈൻസ് ഡേയ്ക്കും സമ്മാനങ്ങൾ നൽകാൻ അദ്ദേഹം മറന്നിരുന്നില്ല. അവയൊക്കെ ഇപ്പോഴും നടി വിലപ്പെട്ട വസ്തുക്കളായി സൂക്ഷിച്ചിട്ടുണ്ട്. പലതും കിടക്കയിൽ തന്നെയുണ്ട്. അവയെ നോക്കിക്കൊണ്ടല്ലാതെ, ആ ഓർമകളെ ആലിംഗനം ചെയ്തുകൊണ്ടല്ലാതെ നടിക്ക് ജീവിക്കാൻ തന്നെ ബുദ്ധിമുട്ടാണ്. മുട്ടുകാലിൽ നിന്ന് ആചാരപരമായാണ് അദ്ദേഹം മേഘ്‌നയോട് വിവാഹാഭ്യർഥന നടത്തിയതും. ഓർമകൾ ഒന്നൊന്നായി വിവരിക്കുമ്പോൾ മേഘ്‌ന ചിരിക്കുകയായിരുന്നു. ഒരു തരി വിഷാദം പോലും അവരുടെ മുഖത്തോ ഭാവങ്ങളിലോ കാണാനില്ലായിരുന്നു.
എന്നാൽ, പൊടുന്നനെ, സംഘാടകർ ചിരഞ്ജീവിയുടെ ശബ്ദം കേൾപ്പിച്ചതോടെ നടിയുടെ നിയന്ത്രണം നഷ്ടപ്പെട്ടു. കൊച്ചുകുട്ടിയെപ്പോലെ തേങ്ങിക്കരയുകയായിരുന്നു നടി. 2020 ജൂൺ 7നാണ് തെന്നിന്ത്യൻ പ്രേക്ഷകരെ കടുത്ത ദുഃഖത്തിലാഴ്ത്തി ചിരഞ്ജീവി സർജ മരിക്കുന്നത്. 10 വർഷത്തോളം അടുത്ത സുഹൃത്തുക്കളായിരുന്നു മേഘ്‌നയും ചിരഞ്ജീവിയും. ദീർഘകാലത്തെ സൗഹൃദത്തിനൊടുവിലാണ് അവർ പ്രണയ ബദ്ധരാകുന്നതും പിന്നീട് വിവാഹം കഴിക്കാൻ തീരുമാനിക്കുന്നതും. 2018 ഏപ്രിൽ 29 നാണ് ഇരുവരുടെയും വിവാഹം ആഘോഷമായി നടന്നത്. തങ്ങളുടെ ആദ്യ കൺമണിയെ താരദമ്പതികൾ കാത്തിരിക്കവെയായിരുന്നു ചിരഞ്ജീവിയുടെ അപ്രതീക്ഷിത മരണം.
English Summary: Meghana Raj breaks down on hearing Chiranjeevi Sarja's voice in throwback audio on Dancing Champion