ADVERTISEMENT

അന്തരിച്ച നടൻ ഇർഫാൻ  ഖാനോടൊപ്പമുള്ള ഓർമകൾ ഭാര്യ സുതപ സിക്തർ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ജീവിതത്തിലെ മറക്കാനാകാത്ത അനുഭവങ്ങള്‍ പലപ്പോഴും സുതപ പങ്കുവയ്ക്കുന്ന കുറിപ്പുകളിൽ ഇടം നേടാറുണ്ട്. കഴിഞ്ഞ ദിവസം മകന്റെ ജന്മദിനത്തിൽ സുതപ പങ്കുവച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്. 

സുതപയുടെ കുറിപ്പിലെ പ്രധാന ഭാഗങ്ങൾ

15 മെയ് 1998

ബോംബെ, എവർഷൈൻ നഗർ, മലാഡ് വെസ്റ്റ്

പൂർണ ഗർഭിണിയായ ഞാൻ മത്സ്യം വാങ്ങുന്നതിനായി തെരുവിലൂടെ പോകുകയായിരുന്നു. എപ്പോഴും ഞാൻ മുല്ലപ്പൂ വയ്ക്കുമായിരുന്നു. ഗർഭിണിയായിരുന്നപ്പോൾ എല്ലാ സമയത്തും സുഗന്ധം എനിക്കും ചുറ്റിലും വേണമായിരുന്നു. ആശുപത്രിയിലേക്കു പോകുന്നതിന്റെ തലേന്നു രാത്രി ഏറെ വൈകിയാണ് ജോലികളെല്ലാം ചെയ്തു തീർത്തത്. കുറഞ്ഞ പ്രസവവേദന അനുഭവിക്കുന്നതിനായി പഠിച്ചകാലത്തെ വ്യായാമമുറകളെല്ലാം ഞാൻ ഓർത്തെടുത്തിരുന്നു. ഏതുസമയത്തു വേണമെങ്കിലും കുഞ്ഞിനെ ഈ ലോകത്തേക്ക് സ്വീകരിക്കാൻ മാനസികമായും ശാരീരികമായും സന്നദ്ധയായിരുന്നു. എപ്പോൾ വേണമെങ്കിലും അവൻ എന്റെ ഉള്ളിൽ നിന്നും പുറത്തേക്കു വരുമെന്നു തന്നെ ഓരോ നിമിഷവും ഞാൻ ചിന്തിച്ചു. 

ഒരിടിമുഴക്കം പോലെയാണ് നീ പിറന്നത്. ആസാൻ, ആ നിമിഷം ഞാനും നീയും ഒരുപോലെ കരഞ്ഞു. എന്റെ നട്ടെല്ല് തകരുന്നതു പോലെയാണ് എനിക്കു തോന്നിയത്. എന്റെ മാറിടം വേദനിച്ചു. പക്ഷേ, നീ എന്നെ അദ്ഭുതപ്പെടുത്തി. പലപ്പോഴും ജോലിചെയ്യുന്ന അച്ഛനമ്മമാരുടെ ബുദ്ധിമുട്ടുകൾ നീ മനസ്സിലാക്കിയിരുന്നു. സാധാരണ രക്ഷിതാക്കളെ പോലെയായിരുന്നു ഞങ്ങൾ. എന്നാൽ നീ അസാധാരണമായ രീതിയിലാണ് ഞങ്ങളോട് പെരുമാറിയത്. നീ ഒന്നിനും വാശിപിടിച്ചിരുന്നില്ല. നിന്നെ നോക്കിയിരുന്ന ആളുടെ മകനായിരുന്നു നിന്റെ ഏറ്റവും അടുത്ത സുഹൃത്ത്. ചില ജന്മങ്ങൾ അദ്ഭുതമാണ്. അത്തരം ഒരു ജന്മമായിരുന്നു നിന്റേത്. 

irrfab

എല്ലാ അവധി ദിവസങ്ങളിലും നിന്നെ ഞങ്ങൾ കാട് കാണിക്കാൻ കൊണ്ടു പോകുമായിരുന്നു. പക്ഷേ, അപ്പോഴൊക്കെയും നിനക്ക് മുഷിപ്പ് അനുഭവപ്പെടുന്നുണ്ടോ എന്ന് ഞങ്ങൾ സംശയിച്ചിരുന്നു. എന്നാൽ നീ ഞങ്ങളെ അദ്ഭുതപ്പെടുത്തിയിരുന്നു. ഇരുപത്തിനാലാമത്തെ ജന്മദിനത്തിൽ നിന്നെ എങ്ങനെയാണ് ആശംസിക്കേണ്ടതെന്ന് അറിയിക്കേണ്ടതെന്ന് അറിയില്ല. നീ വരുന്നതിനു മുന്‍പ് രക്ഷാകർതൃത്വം ഏറ്റെടുക്കുക എന്നത് വളരെ വെല്ലുവിളി നിറഞ്ഞ ജോലിയായാണ് ഞങ്ങൾ കരുതിയത്. എന്നാൽ നീ ഞങ്ങളുടെ ചിന്തകളെ മാറ്റി മറിച്ചു. ഞങ്ങളുടെ ജീവിതം അക്ഷരാർഥത്തിൽ നീ സുഗന്ധപൂരിതമാക്കുകയായിരുന്നു. 

തകർന്നു പോകും എന്നു തോന്നുന്ന നിമിഷങ്ങളിലെല്ലാം നീ എന്നെ താങ്ങി നിർത്തി. നിന്റെ നൃത്തവും സംഗീതവും എന്നെ സമാധാനിപ്പിച്ചു. ആസാൻ ഒരുപാട് നന്ദി. നിന്നെ ആദ്യമായി കണ്ടപ്പോൾ ഇർഫാന്റെ മുഖത്തുണ്ടായ ചിരി മാത്രം പുനരാവിഷ്കരിക്കാനാകില്ല. ആ ചിരി എന്റെ മനസ്സിൽ നിന്നും ഒരിക്കലും മായില്ല. നിന്റെ ജനനം എല്ലാവരും ആഘോഷിക്കുകയായിരുന്നു. പക്ഷേ, ഇർഫാന്റെ മുഖത്തെ ആ ചിരിയായിരുന്നു ഏറ്റവും മനോഹരം. ഹൃദയം നിറഞ്ഞു നിൽ‍ക്കുന്ന നേരങ്ങളിൽ മാത്രമാണ് അങ്ങനെ മനുഷ്യർ ചിരിക്കുന്നത്. നിന്നെ പോലെ ഒരു മകനെ ലഭിച്ചതിൽ ഞാൻ സന്തോഷവതിയാണ്. ഓരോദിവസവും എനിക്ക് നീ സന്തോഷം നൽകുന്നുണ്ട്. നീ കൂടെയുള്ളപ്പോൾ നക്ഷത്രവും ആകാശവും മഴവില്ലും എനിക്കു തൊട്ടരികിലാണെന്നു തോന്നും. നീ കൂടെയുള്ളപ്പോൾ ഇർഫാന്റെ സാമിപ്യം പോലും എനിക്ക് അറിയാൻ സാധിക്കുന്നുണ്ട്.’– സുതപ പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com