രാവിലെ, ഉച്ചയ്ക്ക്, രാത്രിയിൽ; എപ്പോഴും ‘മാഗി’ മാത്രം; വിവാഹമോചനം തേടി ഭർത്താവ്
Mail This Article
മാഗി മാത്രം പാചകം ചെയ്തു നൽകുന്ന ഭാര്യയിൽ നിന്നും വിവാഹ മോചനം ആവശ്യപ്പെട്ട് ഭർത്താവ് കോടതിയെ സമീപിച്ചു. വിവാഹമോചന കേസുകളെ കുറിച്ച് സംസാരിക്കുമ്പോൾ മൈസൂരിലെ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എം.എൽ രഘുനാഥാനാണ് വിചിത്രമായ ഈ കേസിനെ കുറിച്ച് സംസാരിച്ചത്.
നിസാരകാര്യങ്ങൾക്ക് പോലും വിവാഹമോചനം തേടുന്നവരുടെ എണ്ണം ഇപ്പോൾ വർധിക്കുകയാണെന്ന് അദ്ദേഹം പറയുന്നു. ഉദാഹരണമായിട്ടാണ് അദ്ദേഹം പഴയ ഒരു കേസ് ചൂണ്ടിക്കാണിച്ചത്. തന്റെ ഭാര്യയ്ക്ക് മാഗി ഉണ്ടാക്കാൻ മാത്രമാണ് അറിയുക. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എല്ലാം മാഗി മാത്രം. കടയിൽ പോയി മാഗി വാങ്ങിക്കൊണ്ടുവന്ന് മൂന്ന് നേരവും മാഗി പാകം ചെയ്തുതരും. ഇത്തരത്തിലൊരു ഭാര്യയ്ക്കൊപ്പം മുന്നോട്ടുപോകാൻ കഴിയില്ല. അതുെകാണ്ട് തനിക്ക് വിവാഹമോചനം വേണം എന്നായിരുന്നു ‘മാഗി കേസ്’ എന്ന് വിശേഷിപ്പിക്കുന്ന ഈ കേസിൽ ഭർത്താവിന്റെ ആവശ്യം. ഒടുവിൽ പരസ്പര സമ്മതത്തോടെ അവർ വിവാഹമോചനം നേടിയെന്നും ജഡ്ജി പറയുന്നു.
വിവാഹം കഴിഞ്ഞ് ഒരുവർഷത്തിന് ശേഷമേ വിവാഹമോചനത്തിന് സാധ്യതയുള്ളൂ. അങ്ങനെ ഒരു നിയമം ഇല്ലായിരുന്നെങ്കിൽ വിവാഹമോചന ഹർജികൾ ഫയൽ ചെയ്യാൻ കല്യാണമണ്ഡപങ്ങളിൽ നിന്ന് നേരെ ദമ്പതികൾ കോടതിയിൽ എത്തിയേനെ എന്നും ചിരിയോടെ ജഡ്ജി പറയുന്നു.