കെയ്റ്റിന്റെ മസ്തിഷ്കം വേണ്ടത്ര പ്രവര്ത്തിക്കുന്നില്ലെന്നു മേഗൻ; സൂക്ഷിച്ചു സംസാരിക്കണമെന്ന് വില്യം – രാജകീയ തർക്കം
Mail This Article
ഹാരി രാജകുമാരന്റെ ഇനിയും പുറത്തിറങ്ങാനിരിക്കുന്ന സ്പെയർ എന്ന ആത്മകഥയിൽ ബ്രിട്ടീഷ് രാജകുടുംബത്തിലെ അംഗങ്ങളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന പല വിവരങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ജനുവരി 10ന് പുറത്തിറങ്ങാനിരിക്കുന്ന പുസ്തകത്തിന്റെ കോപ്പികൾ ചോർന്നിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ പുസ്തകത്തിന്റെ സ്പാനിഷ് ഭാഷയിലുള്ള പതിപ്പ് ദിവസങ്ങൾക്കു മുൻപ് പുറത്തിറങ്ങിയിരുന്നു. അവയിലേതായി പുറത്തുവരുന്ന ചില വെളിപ്പെടുത്തലുകളാണ് ഇപ്പോൾ ചർച്ചാവിഷയം.
ഹാരിയുടെ സഹോദരനായ വില്യം രാജകുമാരനും ഭാര്യ കാതറിൻ എന്ന കെയ്റ്റ് മിഡിൽട്ടണുമായി ഉണ്ടായ തർക്കത്തെക്കുറിച്ചുള്ള വാർത്തകളാണ് മാധ്യമശ്രദ്ധ നേടുന്നത്. ഒരവസരത്തിൽ വില്യം രാജകുമാരൻ ഹാരിയുടെ ഭാര്യയായ മേഗൻ മർക്കലിന് നേരെ വിരൽചൂണ്ടി സംസാരിച്ചതായും ആത്മകഥയിൽ പ്രതിപാദിക്കുന്നുണ്ട്. സംഭവത്തെക്കുറിച്ചുള്ള വെളിപ്പെടുത്തൽ ഇങ്ങനെ:
2018ൽ ഹാരിയും മേഗനും തമ്മിലുള്ള വിവാഹവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾക്കിടെ കെയ്റ്റിന്റെ മസ്തിഷ്കം വേണ്ടത്ര പ്രവർത്തിക്കുന്നില്ല എന്ന തരത്തിൽ മേഗന്റെ ഭാഗത്തുനിന്നും പരാമർശം ഉണ്ടായിരുന്നു. എന്നാൽ ഹാരി - മേഗൻ വിവാഹം നടന്ന് ഏതാനും ആഴ്ചകൾക്ക് ശേഷം ഈ വിഷയം പരിഹരിക്കാനായി ഇരു കുടുംബങ്ങളും ഒത്തുചേർന്നു. ഇതിനിടെയാണ് വില്യം രാജകുമാരൻ മേഗന് നേരെ വിരൽചൂണ്ടി ഇത് മര്യാദയുള്ള പെരുമാറ്റമല്ല എന്ന് പറഞ്ഞത്. അതിനുപുറമേ ഇത്തരം കാര്യങ്ങൾ ഇവിടെ നടക്കില്ല എന്ന് താക്കീതിന്റെ സ്വരത്തിൽ വില്യം പറഞ്ഞിരുന്നു. ഇതിനു മറുപടിയെന്നോണം തന്റെ മുഖത്തിനരികിൽ നിന്നു വിരൽ മാറ്റാൻ മേഗൻ വില്യമിനോട് ആവശ്യപ്പെടുകയും ചെയ്തു.
മേഗൻ മാപ്പ് പറയണമെന്ന് കെയ്റ്റ് ആവശ്യപ്പെട്ടതോടെ കെയ്റ്റിനെ പ്രകോപിപ്പിക്കാനായി താൻ മനഃപൂർവ്വം ഒന്നും പറഞ്ഞിരുന്നില്ല എന്ന് മേഗന്‍ വിശദീകരിച്ചിരുന്നതായും ഹാരി ആത്മകഥയിൽ എടുത്തുപറയുന്നുണ്ട്. അത്തരത്തിൽ എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ അത് ആവർത്തിക്കപ്പെടാതിരിക്കാനായി തുറന്നുപറയണമെന്നും മേഗൻ പറഞ്ഞിരുന്നു. കെയ്റ്റ് കുഞ്ഞിന് ജന്മം നൽകി ഏതാനും മാസങ്ങൾക്കു ശേഷമാണ് ഹാരിയുടെ വിവാഹ ഒരുക്കങ്ങൾ നടന്നിരുന്നത്. അതിനാൽ ഹോർമോൺ വ്യതിയാനമുള്ളതിനാലാവാം കെയ്റ്റിന് ഓർമക്കുറവുണ്ടായത് എന്നാണ് താൻ ഉദ്ദേശിച്ചത് എന്നും മേഗൻ വ്യക്തമാക്കി.
എന്നാൽ തന്റെ ഹോർമോൺ വ്യതിയാനത്തെക്കുറിച്ച് സംസാരിക്കാൻ തക്കതായ അടുപ്പം മേഗനുമായി ഉണ്ടായിരുന്നില്ല എന്നാണ് കെയ്റ്റ് മറുപടി നൽകിയത്. തന്റെ സംസാര ശൈലിയാണ് അതെന്നും സുഹൃത്തുക്കളോടും അങ്ങനെ തന്നെയാണ് സംസാരിക്കുന്നതെന്നും മേഗൻ പറഞ്ഞു തുടങ്ങിയപ്പോഴാണ് വില്യം രാജകുമാരൻ അവർക്ക് നേരെ വിരൽ ചൂണ്ടിക്കൊണ്ടു ശബ്ദമുയർത്തിയത്.
എന്നാൽ രംഗം കൂടുതൽ വഷളാവാൻ ആഗ്രഹിക്കാതിരുന്നതിനാൽ പരസ്പരം ആശ്ലേഷിച്ച ശേഷം തങ്ങൾ വില്യം രാജകുമാരന്റെ വസതിയിൽ നിന്നും മടങ്ങുകയായിരുന്നുവെന്നും ഹാരി ആത്മകഥയിൽ കുറിക്കുന്നു. സഹോദരന്റെ കുടുംബവുമായി ഉണ്ടായ അസ്വാരസ്യങ്ങൾക്ക് പുറമേ പിതാവായ ചാൾസ് രാജകുമാരൻ കമീലിയയെ രണ്ടാം വിവാഹം ചെയ്തതിൽ തങ്ങൾക്കുണ്ടായിരുന്ന എതിർപ്പിനെക്കുറിച്ചും ഹാരി പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. എന്നാൽ ഈ വിഷയങ്ങളെക്കുറിച്ചൊന്നും രാജകുടുംബം ഇതുവരെ പ്രതികരണങ്ങൾ അറിയിച്ചിട്ടില്ല.