ADVERTISEMENT

ഹാരി രാജകുമാരന്റെ ‘സ്പെയർ’ എന്ന പുസ്തകം ഏതാനും ദിവസങ്ങളായി മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. രാജകുടുംബത്തിലെ പുറത്തറിയാത്ത പ്രശ്നങ്ങളും കുടുംബാംഗങ്ങൾ തമ്മിലുള്ള ആസ്വാരസ്യങ്ങളും എല്ലാം തന്റെ ആത്മകഥയിലൂടെ ഹാരി വെളിപ്പെടുത്തുന്നുണ്ട്. ഭാര്യയായ മേഗൻ മർക്കലുമായുള്ള ജീവിതത്തെക്കുറിച്ചുള്ള പരാമർശങ്ങളും പുസ്തകത്തിലുണ്ട്. ഇപ്പോഴിതാ 2017ൽ മേഗൻ ഇന്ത്യ സന്ദർശിക്കുന്ന സമയത്ത് ഹാരി നൽകിയ ഒരു ഉപദേശത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലാണ് മാധ്യമശ്രദ്ധ നേടുന്നത്. താജ്മഹലിനു മുന്നിൽ നിന്ന് മേഗൻ ചിത്രങ്ങൾ പകർത്താൻ ശ്രമിക്കരുത് എന്നായിരുന്നു ആ ഉപദേശം.

 

ഇന്ത്യയിലെ ഏറ്റവും വലിയ ആകർഷണങ്ങളിൽ ഒന്നായ താജ്മഹലിനു മുൻപിൽ നിന്ന് ചിത്രം പകർത്തരുത് എന്ന ആവശ്യം കേട്ട് മേഗൻ അക്ഷരാർത്ഥത്തിൽ അമ്പരന്നു പോവുകയായിരുന്നു എന്ന് ഹാരി കുറിക്കുന്നു. ഈ ആവശ്യം കേട്ട് എന്താണ് കാരണം എന്നായിരുന്നു മേഗന്റെ ചോദ്യം. അതിനുള്ള ഒരേയൊരു കാരണം തന്റെ അമ്മയാണെന്ന് ഹാരി മറുപടി പറയുകയും ചെയ്തു. 1992 ൽ ഡയാന രാജകുമാരി ഇന്ത്യയിൽ എത്തിയ വേളയിൽ താജ്മഹലിനു മുന്നിലെ ബെഞ്ചിലിരുന്ന് ഒരു ചിത്രം പകർത്തിയിരുന്നു. 

 

ഡയാനയുടെ ആ ചിത്രം ഏറെ പ്രശസ്തിയും നേടി. പിന്നീടിങ്ങോട്ട് ആ ബെഞ്ച് ഡയാനയുടെ സീറ്റ് എന്ന പേരിലാണ് അറിയപ്പെടുന്നത്. മേഗൻ താജ്മഹലിനു മുന്നിൽ നിന്ന് ചിത്രങ്ങൾ പകർത്തിയാൽ ഡയാനയെ അനുകരിക്കാൻ ശ്രമിക്കുകയാണെന്ന തരത്തിൽ ആക്ഷേപങ്ങൾ ഉയരുമെന്ന് ഭയന്നാണ് ചിത്രം പകർത്തരുത് എന്ന് താൻ ആവശ്യപ്പെട്ടത് എന്ന് ഹാരി കുറിക്കുന്നു. എന്നാൽ അത്തരം ഒരു ചിത്രത്തെക്കുറിച്ച് മേഗന്  യാതൊരുവിധ അറിവും മുൻപ് ഉണ്ടായിരുന്നില്ല. ഹാരി കാര്യങ്ങൾ വിശദീകരിച്ചതു കേട്ട് മേഗൻ പൊട്ടിച്ചിരിച്ചതായും അദ്ദേഹം കുറിക്കുന്നുണ്ട്. ആർത്തവകാല ആരോഗ്യ പരിപാലനം, പെൺകുട്ടികൾക്ക് വിദ്യാഭ്യാസം പ്രാപ്യമാക്കുക എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതിനായാണ് മേഗൻ ഇന്ത്യയിൽ സന്ദർശനം നടത്തിയിരുന്നത്.

 

എന്നാൽ ഡയാനയുടെ മരണശേഷം താജ്മഹലിന് മുന്നിൽ നിന്ന് രാജകുടുംബാംഗങ്ങൾ തന്നെ പിന്നീടും ചിത്രങ്ങൾ പകർത്തിയിരുന്നു. 2016 ൽ വില്യം രാജകുമാരനും കെയ്റ്റ് മിഡിൽട്ടണുമാണ് ഇതേ ബെഞ്ചിൽ ഇരുന്ന് ചിത്രങ്ങൾ പകർത്തിയത്. എന്നാൽ ഡയാനയുടെ ചരിത്രം ആവർത്തിക്കുകയായിരുന്നില്ല  ഇവരുടെ ഉദ്ദേശമെന്നും പകരം താജ്മഹൽ സന്ദർശിക്കുന്ന മറ്റ് സഞ്ചാരികളെ പോലെ മാത്രമാണ് രാജകുമാരനും കെയ്റ്റും ചിത്രങ്ങൾ പകർത്തിയത് എന്ന് കെൻസിംഗ്ടൺ കൊട്ടാരത്തിന്റെ വക്താവ് അന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.

 

English Summary: Harry told Meghan not to have her picture taken at Taj Mahal in case people accused her of mimicking Diana

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com