ജനിച്ച മൂന്ന് പെൺമക്കളും ഭിന്നശേഷിക്കാർ;' മക്കളുടെ ഭാവിയിൽ ആശങ്കയില്ലേ' എന്നാണ് പലരുടെയും ചോദ്യം
Mail This Article
മൂന്ന് പെൺമക്കളാണ് എനിക്ക്. മൂന്നു പേരും ഭിന്നശേഷിയുള്ളവരാണ്. മലപ്പുറം ചെറുവായൂരിലാണ് എന്റെ വീട്. ഭർത്താവ് നാരായണൻ എന്റെ അമ്മായിയുടെ മകൻ കൂടിയാണ്. 18 വയസ്സിൽ എന്റെ കല്യാണം കഴിഞ്ഞു. ഒരു വർഷത്തിനുള്ളിൽ മൂത്ത മകൾ നവ്യ (26) ജനിച്ചു. മോൾ ജനിച്ച് ആദ്യത്തെ കുറച്ചു നാൾ കഴിഞ്ഞപ്പോൾ തന്നെ പലവിധ ആരോഗ്യപ്രശ്നങ്ങളും കണ്ടു തുടങ്ങി. കണ്ണ് മുകളിലേക്കു മറഞ്ഞു പോവുകയും തുടർച്ചയായി അപസ്മാരം വരികയും ചെയ്തു. ഡോക്ടറെ കാണിച്ച് വിശദമായ പരിശോധനകൾ നടത്തി. നവ്യ 55 ശതമാനം ബുദ്ധിപരമായ പരിമിതികൾ ഉള്ള കുട്ടിയാണെന്നാണ് ഡോക്ടർ പറഞ്ഞത്. അപസ്മാരത്തിനുള്ള മരുന്നുകളും ആറുമാസം മുതല്‍ കഴിച്ചു തുടങ്ങി. കണ്ടാൽ അവൾക്കു കുഴപ്പമൊന്നും തോന്നില്ല. ഗർഭകാലത്തു നടത്തിയ പരിശോധനയിലോ സ്കാനിങ്ങിലോ ഒന്നും ഒരു കുഴപ്പവും കണ്ടുപിടിച്ചിരുന്നുമില്ല.
നവ്യ ജനിച്ച് മൂന്നു വർഷം കഴിഞ്ഞാണ് നയന (23) ജനിക്കുന്നത്. അവൾക്കും മൂത്ത മോളെപ്പോലെ ജനിച്ച് അഞ്ചാറു മാസം കഴിഞ്ഞപ്പോൾ അപസ്മാരം വന്നു. അവളും ബുദ്ധിപരമായ പരിമിതിയുള്ള കുട്ടിയാണെനന് അറിഞ്ഞപ്പോൾ ഞങ്ങള്‍ തകർന്നു. വല്ലാതെ വിഷമിച്ചു. എന്തുകൊണ്ടാണ് രണ്ടു കുട്ടികൾക്കും ബൗദ്ധിക ഭിന്നശേഷിയുണ്ടായതെന്നു ഞങ്ങൾ ഡോക്ടർമാരോടു ചോദിച്ചു. രക്ത ബന്ധത്തിലുള്ളവർ തമ്മിൽ കല്യാണം കഴിച്ചാൽ കുട്ടികൾക്കു പലവിധ ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാം. അതായിരിക്കാം കാരണമെന്നാണ് ഡോക്ടർമാർ പറഞ്ഞത്. ഞങ്ങൾ വളരെ നിസ്സഹായരായിപ്പോയ നിമിഷമായിരുന്നു അത്. പക്ഷേ, എന്റെയും ഭർത്താവിന്റെയും വീട്ടുകാരുടെ സ്നേഹവും കരുതലും പൂർണ പിന്തുണയും ഞങ്ങൾക്കു കരുത്തു നൽകി. കൂട്ടുകുടുംബത്തിന്റെ തണലിൽ സഹോദരങ്ങളുടെ മക്കളോടൊപ്പം ഞങ്ങളുടെ രണ്ടു മക്കളും വളർന്നു. നയനയ്ക്ക് 60 ശതമാനമായിരുന്നു ബൗദ്ധികഭിന്നശേഷി. ജനിച്ചപ്പോൾ മുതൽ അവളും മരുന്നു കഴിക്കാൻ തുടങ്ങി. അവൾക്ക് ഒരു വയസ്സു തികഞ്ഞപ്പോഴേക്ക് ഞാൻ വീണ്ടും ഗർഭിണിയായി.
മൂന്നാമത്തെ കുഞ്ഞിനെങ്കിലും കുഴപ്പങ്ങളൊന്നും ഉണ്ടാവല്ലേ എന്നു പ്രാർഥിച്ചു. പക്ഷേ, മൂത്ത രണ്ടു കുട്ടികളെപ്പോലെ നീതുവിനും (22) ആറാം മാസത്തിൽ അപസ്മാരം വന്നു. അവൾക്കും 55% ഭിന്നശേഷിയുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. ആദ്യത്തെ ഷോക്കും അമ്പരപ്പും നിസ്സഹായതയുമൊക്കെ മാറിയപ്പോൾ എന്തു സംഭവിച്ചാലും ഒരു കുറവും വരുത്താതെ, ഏറ്റവും നന്നായി കുട്ടികളെ വളർത്തണമെന്ന് ഞങ്ങൾ തീരുമാനിച്ചു. അപസ്മാരത്തിന് വിദഗ്ധ ഡോക്ടർമാരുടെ ചികിത്സ നൽകി. തിരുവനന്തപുരം ശ്രീചിത്തിര ആശുപത്രിയിലെ ചികിത്സയായിരുന്നു കുട്ടികൾക്ക് ഏറെ ഗുണം ചെയ്തത്. മൂന്നു മക്കളെയും കൊണ്ട് ഞങ്ങൾ മലപ്പുറത്തു നിന്നു തിരുവനന്തപുരം വരെ യാത്ര ചെയ്തു. പോകപ്പോകെ ചികിത്സ ഫലിച്ചു തുടങ്ങി. അപസ്മാരം വരുന്നത് വല്ലപ്പോഴുമായി. ഇപ്പോൾ വർഷത്തിൽ ഒരിക്കൽ പോയാൽ മതി. തിരുവനന്തപുരം യാത്ര ഇപ്പോൾ ഞങ്ങൾ കുടുംബവുമൊത്തുള്ള വിനോദയാത്രപോലെ ആസ്വദിക്കാറുണ്ട്. മക്കളുടെ സന്തോഷത്തിന് പ്രാധാന്യം നൽകുക, നമ്മളും സന്തോഷത്തോടെ ഇരിക്കുക എന്നതാണ് പ്രധാനം എന്ന് ഈ കാലത്തിനിടയ്ക്കു ഞാൻ പഠിച്ചു. പ്രായപൂർത്തിയായ മൂന്നു പെൺമക്കളിപ്പോൾ എനിക്കു കൂട്ടുകാരികളെപ്പോലെയാണ്. മൂന്നു പേരും പഠിച്ചത് നോർമൽ സ്കൂളിലാണ്. വാഴക്കാട് ഹയർ സെക്കൻഡറി സ്കൂളിലാണ് മൂന്നുപേരും പ്ലസ്ടു വരെ പഠിച്ചത്. മൂന്നു പേർക്കും പാട്ടിനോടും ഡാൻസിനോടുമൊക്കെ വളരെ താൽപര്യമായിരുന്നു. പക്ഷേ, നോർമൽ കുട്ടികളുടെ കൂടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാൻ അവർക്കു വലിയ അവസരങ്ങൾ ലഭിച്ചിരുന്നില്ല.
Read also:കുട്ടികളുടെ കഷ്ടപ്പാടു കാണുമ്പോഴാണ് സങ്കടം: ഭിന്നശേഷിയുള്ള നാലു മക്കളുടെ അമ്മ
ഞാൻ വാഴക്കാട് ബഡ്സ് സ്പെഷൽ സ്കൂളിൽ ആയയായിട്ട് ജോലി ചെയ്യുകയാണ്. പ്ലസ്ടു കഴിഞ്ഞപ്പോൾ മൂന്നു പേരെയും ഞാൻ ജോലി ചെയ്യുന്ന സ്പെഷൽ സ്കൂളിൽ ചേർത്തു. എന്റെ മക്കളെപ്പോലെ 27 കുട്ടികൾ അവിടെയുണ്ട്. അവരുടെ കൂടെ എന്റെ മക്കളെയും എനിക്കു നോക്കാം. സ്പെഷൽ സ്കൂളിൽ എത്തിയതോടെ കുട്ടികൾക്കും വളരെ സന്തോഷമായി. അവര്‍ സ്കൂൾ കലോത്സവങ്ങളിൽ സജീവമായി പങ്കെടുക്കാൻ തുടങ്ങി. നാടോടിനൃത്തം. സംഘഗാനം, ഒപ്പന, കോൽക്കളി തുടങ്ങി ഒട്ടേറെ മത്സരങ്ങളിൽ പങ്കെടുത്തു വിജയിച്ച് സമ്മാനങ്ങൾ നേടി. മൂന്നു പെൺമക്കളുടെ വിജയത്തെക്കുറിച്ചു പത്രങ്ങളിലും വാർത്ത വന്നു. നവ്യ, നയന, നീതു എന്നു പറഞ്ഞാല്‍ ഇപ്പോൾ നാട്ടിൽ എല്ലാവർക്കും അറിയാം. മൂന്നു പെൺമക്കളുടെ ഭാവിയെക്കുറിച്ച് ആശങ്കയില്ലേ, പേടിയില്ലേ എന്നൊക്കെ പലരും ചോദിക്കാറുണ്ട്. ഞങ്ങളുടെ കാലം കഴിഞ്ഞാൽ എന്താകും എന്നൊക്കെ ഞാൻ ആദ്യ കാലത്തു ചിന്തിച്ചു വിഷമിച്ചിരുന്നു. ഇപ്പോൾ അതൊന്നും ഓർക്കാറേയില്ല. ഓരോ നിമിഷവും സന്തോഷത്തോടെ ജീവിക്കാൻ പറ്റുന്നതല്ലേ വലിയ കാര്യം?
Content Summary: 3 Daughters with disability and their strong mother