ADVERTISEMENT

ജീവിതത്തില്‍ ഒരുപാട് സന്തോഷവും ആനന്ദവും നല്‍കുന്ന ഒന്നാണ് പ്രണയം. സ്‌നേഹം നിറഞ്ഞ പുതിയൊരു ലോകമാണ് പ്രണയം തുറക്കുന്നത്. അതിലൂടെ ലഭിക്കുന്ന വ്യക്തിബന്ധങ്ങളും വിലയേറിയതാണ്. എന്നാല്‍ പലപ്പോഴും പ്രണയവും ബന്ധവും നിലനിര്‍ത്താന്‍ ഒരുപാട് വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടിവരും. ആരോഗ്യകരമായ ഒരു ബന്ധം നിലനിര്‍ത്താന്‍ ചിലപ്പോള്‍ നിങ്ങളുടെ മൂല്യങ്ങളും വിശ്വാസങ്ങളും പോലും നഷ്ടപ്പെടുത്തേണ്ടി വരും. എന്നാല്‍ എത്രയൊക്കെ വിട്ടുവീഴ്ച ചെയ്തിട്ടും പ്രതീക്ഷിക്കുന്നപോലെ ഒത്തുപോയില്ലെങ്കില്‍ ആ ബന്ധം പിന്നെ ഒരു ഭാരമായിരിക്കും ഇരുവര്‍ക്കും. അസംതൃപ്തികള്‍ നിറഞ്ഞ ദുരിതപൂര്‍ണമായ ബന്ധമായി മാറും അത്. അതേസമയം കുറച്ചുകൂടി നല്ല സാഹചര്യവും സ്‌നേഹവും ബന്ധത്തില്‍ നിന്നു ലഭിക്കണമെന്ന് മനസിലാക്കി ഇരുവരും മാറ്റങ്ങള്‍ വരുത്താന്‍ തയ്യാറായാല്‍ അത് തീര്‍ച്ചയായും മനോഹരമായ ജീവിതത്തിലേക്കുളള വാതിലായിരിക്കും തുറക്കുക. 

കോംപ്രമൈസുകളില്ലാതെ എങ്ങനെ ആരോഗ്യകരമായ ബന്ധം നിലനിര്‍ത്താം എന്നു പറയുകയാണ് റിലേഷന്‍ഷിപ്പ് തെറാപ്പിസ്റ്റും ഡേറ്റിങ് കോച്ചുമായ എറിക്ക ടേണര്‍. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ എറിക്ക പങ്കുവെച്ച പോസ്റ്റില്‍ സന്തോഷകരമായ ബന്ധത്തിനായി ശ്രദ്ധിക്കേണ്ടതെന്തെല്ലാമെന്ന് ചൂണ്ടിക്കാണിക്കുന്നു. അതില്‍ ആദ്യത്തേത് പരസ്പരം മനസിലാക്കുക എന്നതാണ്. തന്റെ പങ്കാളിയെകുറിച്ചുളള എല്ലാ കാര്യങ്ങളും മനസിലാക്കേണ്ടത് അത്യാവശ്യമാണ്. സ്വഭാവം, ജീവിതരീതി, താനുമായി പൊരുത്തപ്പെടുന്ന സ്വഭാവരീതിയാണോ എന്നെല്ലാം ആദ്യമേ അറിയാന്‍ ശ്രമിക്കുക. പങ്കാളിയെ കുറിച്ച് സാങ്കല്‍പികമായ പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്താതെ യാഥാര്‍ത്ഥ്യം ഉള്‍കൊണ്ട് ജീവിക്കാന്‍ ശ്രമിക്കുക. 

എറിക്ക പറയുന്ന രണ്ടാമത്തെ കാര്യം പങ്കാളിയുമായുള്ള ആരോഗ്യകരമായ ബന്ധം നിലനിര്‍ത്താന്‍ ഏറ്റവും അത്യാവശ്യം വേണ്ടത് എന്താണെന്ന് തിരിച്ചറിയുക എന്നതാണ്. പങ്കാളിയുടെ ആവശ്യം മനസിലാക്കുക ഒപ്പം തന്റെ ആവശ്യങ്ങള്‍ പങ്കാളിയെ അറിയിക്കുകയും ചെയ്യുക. അതു നിറവേറ്റാന്‍ പരസ്പരം പരിശ്രമിക്കുക. ഇത് ബന്ധങ്ങള്‍ തമ്മിലുളള അടുപ്പം വര്‍ധിപ്പിക്കുകയും ചെയ്യും.  

Read also: 'കല്യാണം കഴിഞ്ഞതല്ലേ, ഇത്തരം രംഗങ്ങളിൽ എന്തിന് അഭിനയിക്കുന്നു?', നെഗറ്റീവ് കമന്റുകള്‍ വേദനിപ്പിച്ചു

പങ്കാളിയുടെ കുറ്റങ്ങളും കുറവുകളും എപ്പോഴും ചൂണ്ടിക്കാണിച്ചുകൊണ്ടിരിക്കാതെ പകരം സ്വയം തിരിച്ചറിയാനും നവീകരിക്കാനും കൂടി ശ്രമിക്കണം. നിലവിലെ ബന്ധത്തില്‍ താന്‍ സന്തോഷിക്കുന്നുണ്ടോ അതോ എന്താണ് പ്രശ്‌നമെന്ന് മനസിലാക്കാന്‍ ശ്രമിക്കുക. എങ്ങനെയൊക്കെ മാറ്റങ്ങള്‍ വരുത്തിയാല്‍ ബന്ധത്തെ സന്തോഷകരമായി മുന്നോട്ടുകൊണ്ടുപോകാമെന്നും തിരിച്ചറിയുക. അതു തിരിച്ചറിഞ്ഞാല്‍ മാത്രം പോര, തന്റെ പങ്കാളിയോട് ഈ കാര്യങ്ങള്‍ സംയമനത്തോടെ സംസാരിച്ച് മനസിലാക്കാനും ശ്രമിക്കുക. 

ഏതൊരു വ്യക്തിക്കും അവരുടേതായ കാഴ്ചപ്പാടുകളുണ്ടായിരിക്കും. ഓരോരുത്തരും വളര്‍ന്നുവരുന്ന സാഹചര്യമാണ് അത് നിര്‍മ്മിക്കുന്നത്. അംഗീകരിക്കാനാവാത്ത പെരുമാറ്റങ്ങള്‍ പങ്കാളിയില്‍ നിന്നുണ്ടായാല്‍ അതിനോട് യോജിപ്പില്ലെന്ന കാര്യം തുറന്നു പറയണം. തന്റെ യോജിപ്പുകളും വിയോജിപ്പുകളും കൃത്യമായി അറിയിക്കുക. കാഴ്ചപ്പാടുകളില്‍ മുറുകെ പിടിച്ചിരിക്കാതെ തെറ്റാണെങ്കില്‍ അത് ഉള്‍ക്കൊണ്ടുകൂടി മുന്നോട്ടുപോകാന്‍ ശ്രമിക്കുക. 

Read also: അരയ്ക്കു താഴേക്കു പൂർണമായി തളർന്ന കോളജ് വിദ്യാർഥിനി; പ്രതിസന്ധികളുടെ ഇരുട്ടിൽ ഇവളൊരു മിന്നാമിനുങ്ങ്

ഒരു ബന്ധത്തിലാണ് എന്നതു മാത്രമല്ല നിങ്ങളുടെ സമൂഹത്തിലെ മൂല്യം അളക്കുന്ന കാര്യം. ഇനി പങ്കാളിക്ക് നിങ്ങളുടെ പ്രതീക്ഷക്കൊത്ത് കാര്യങ്ങള്‍ ചെയ്യാനാവുന്നില്ലെന്ന് കരുതുക. നിങ്ങളുടെ പിഴവല്ല, അത് അവരുടെ മാത്രം പോരായ്മയായി കാണുക. ആഗ്രഹിക്കാത്ത സാഹചര്യമായി പൊരുത്തപ്പെടേണ്ടി വരികയും ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ സഹിച്ചും നിങ്ങള്‍ ബന്ധത്തെ നിലനിര്‍ത്താന്‍ ബുദ്ധിമുട്ടുകയാണെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്കിത് ഒരു തിരിഞ്ഞു നോട്ടത്തിന്റെ സമയമാണ്. എറിക്കയുടെ വാക്കുകളില്‍ പറഞ്ഞാല്‍ സ്വയം തിരിച്ചറിയേണ്ട സമയം. 

ആരോഗ്യകരമല്ലെന്ന് കരുതുന്ന ഒരു ബന്ധത്തെ വിലയിരുത്താനായി സ്വയം ചില ചോദ്യങ്ങള്‍ ചോദിക്കാവുന്നതാണ്. നിങ്ങള്‍ ആഗ്രഹിക്കുന്നത് ലഭിക്കുന്നില്ലെങ്കിലും എന്താണ് വീണ്ടും വീണ്ടും നിങ്ങളെ ഈ ബന്ധത്തില്‍ പിടിച്ചുനിര്‍ത്തുന്ന ഘടകം? നിങ്ങളെകുറിച്ച് നിങ്ങള്‍ക്കുതന്നെയുളള ആശങ്കയും പേടിയും സംശയങ്ങളുമെല്ലാം തിരിച്ചറിയുക. ഒപ്പം ഇവയെല്ലാം എവിടെ നിന്ന് തുടങ്ങുന്നുകൂടി മനസിലാക്കുക. അപ്പോള്‍തന്നെ പ്രശ്‌നവും പരിഹാരവും മുന്നില്‍ തെളിയുമെന്നും എറിക്ക പറയുന്നു.

Content Summary: How to strengthen relationship with your partner

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com