വിവാഹജീവിതം ആഗ്രഹിച്ചതുപോലെ സുന്ദരമാക്കണ്ടേ? ശ്രദ്ധിക്കാൻ പല കാര്യങ്ങളുണ്ട്, വായിക്കാം
Mail This Article
ഏതൊരു വിവാഹ ബന്ധത്തിന്റേയും അടിസ്ഥാനം വിവാഹ ശേഷമുള്ള ആദ്യ വര്‍ഷങ്ങളാണ്. പ്രണയിച്ചു വിവാഹം കഴിച്ചവരായാലും വിവാഹം കഴിച്ചു പ്രണയിച്ചവരായാലും സ്വപ്‌നം കണ്ടതു മാത്രമല്ല ജീവിതമെന്നു തിരിച്ചറിയുന്ന നാളുകളാണിത്. സ്വപ്‌നങ്ങളിലെ രാജകുമാരനും രാജകുമാരിയും ജീവിതത്തില്‍ ഭാര്യയും ഭര്‍ത്താവുമായി തീരുമ്പോള്‍ കലഹങ്ങളും അഭിപ്രായ വ്യത്യാസങ്ങളും സഹജമാണ്. അങ്ങനെയൊക്കെയാണ് ഓരോ ബന്ധങ്ങളും ശക്തമാവുന്നതും. എങ്കിലും പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാവാതിരിക്കാന്‍ നമ്മള്‍ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുണ്ട്.
ആശയവിനിമയം
ഏതൊരു ബന്ധത്തിന്റേയും അടിസ്ഥാനം ആശയവിനിമയമാണ്. പരസ്പരം മനസിലാക്കാന്‍ ശരിയായ രീതിയിലുള്ള ആശയവിനിമയം അനിവാര്യമാണ്. വിവാഹ ശേഷമുള്ള ആദ്യ നാളുകളില്‍ തന്നെ പങ്കാളികളില്‍ ഉടഞ്ഞുവീഴുന്ന ധാരണയാണ് 'കണ്ടറിഞ്ഞു' ചെയ്യുമെന്ന തോന്നല്‍. പരസ്പരം ബാധിക്കുന്ന വിഷയങ്ങളില്‍ തുറന്നു പറച്ചിലുകള്‍ വേണം. നിങ്ങളുടെ ആശങ്കകളും ചിന്തകളും വികാരങ്ങളും പരസ്പരം പങ്കുവെക്കണം. പങ്കാളി പറയുന്ന കാര്യങ്ങള്‍ പൂര്‍ണമായി കേള്‍ക്കാനുള്ള ക്ഷമ അത്യാവശ്യമാണ്. മുഴുവനായി കേട്ടാല്‍ തന്നെ തീരുന്നവയാണ് പല അഭിപ്രായവ്യത്യാസങ്ങളും പ്രശ്‌നങ്ങളും.
ഒരുമിച്ചുള്ള സമയം
വിവാഹം കഴിഞ്ഞ ശേഷവും രണ്ടു ധ്രുവങ്ങളില്‍ കഴിയരുത്. തൊഴില്‍, വിദ്യാഭ്യാസം, കുടുംബം, സാമ്പത്തികം എന്നിങ്ങനെ കാരണങ്ങള്‍ എന്തൊക്കെയുണ്ടെങ്കിലും ഒരുമിച്ചിരിക്കാനും സിനിമയ്ക്കു പോവാനും യാത്ര ചെയ്യാനും രണ്ടുപേരും ചേര്‍ന്നു ഭക്ഷണം കഴിക്കാനും ഒന്നു പാര്‍ക്കില്‍ പോവാനുമൊക്കെ സമയം കണ്ടെത്തിയേ തീരൂ. ഇതൊക്കെ ചെറിയ കാര്യങ്ങളല്ലേ എന്ന ചിന്ത ഏതെങ്കിലും പങ്കാളിക്കുണ്ടെങ്കില്‍ അല്ലെന്ന് തിരുത്താനും മടിക്കേണ്ട.
മനസിലാക്കണം, ക്ഷമയോടെ
ഓരോ മനുഷ്യരും വ്യത്യസ്ത ജീവിത സാഹചര്യങ്ങളില്‍ നിന്നുള്ളവരാണ്. ഏതാണ്ട് ഒരേ ജീവിത സാഹചര്യമുള്ള ഒരേ അമ്മയുടെ മക്കളായ സഹോദരങ്ങള്‍ തമ്മില്‍ പോലും എന്തൊക്കെ പ്രശ്‌നങ്ങളുണ്ടാവാറുണ്ടെന്ന് ഓര്‍ത്തു നോക്കൂ. അപ്പോള്‍ പിന്നെ രണ്ടു നാട്ടില്‍ രണ്ടു വീട്ടില്‍ നിന്നുള്ളവരുടെ പ്രശ്‌നങ്ങള്‍ എന്തൊക്കെയുണ്ടാവും? ഒരു സംശയവും വേണ്ട ഒരുപാടുണ്ടാവും. അതൊക്കെ കേള്‍ക്കാനും ഉള്‍ക്കൊള്ളാനും മനസിലാക്കാനുമുള്ള ക്ഷമയുണ്ടെങ്കില്‍ പരിഹാരവുമുണ്ടാവും.
വൈകാരിക പിന്തുണ
ജീവിതത്തില്‍ പല പ്രതിസന്ധികളുമുണ്ടാവും. പ്രായോഗികമായി ചിന്തിച്ചാല്‍ ഒരിക്കലും മനസിലാക്കാനാവാത്ത കാര്യങ്ങളും ജീവിതത്തിലുണ്ടാവും. വൈകാരിക പിന്തുണ വളരെ വലുതാണ്. എല്ലാവര്‍ക്കും കുറ്റങ്ങളും കുറവുകളുമുണ്ട്. നിങ്ങള്‍ക്ക് കുറവെന്നു തോന്നുന്നത് മറ്റൊരാളുടെ ഗുണമായിരിക്കാം. അഭിപ്രായവ്യത്യാസങ്ങളെ തുറന്ന മനസോടെ സമീപിക്കുക. ഇത് പരസ്പരം ആക്രമിക്കാനും വൈകാരികമായി മേല്‍ക്കോയ്മ നേടാനുമുള്ള അവസരമായി ഉപയോഗിക്കാതിരിക്കുക. വീണുപോകുമെന്ന ഘട്ടത്തില്‍ ചേര്‍ത്തു പിടിക്കുന്നത് ആര്‍ക്കാണ് ഊര്‍ജം നല്‍കാത്തത്.
സ്വാതന്ത്ര്യം
ആരും ആര്‍ക്കും കൊടുക്കേണ്ടതല്ല സ്വാതന്ത്ര്യം. പങ്കാളിയുടെ സ്വാതന്ത്ര്യം കവരാതിരിക്കുകയെന്നതാണ് പ്രധാനം. പരസ്പരം ആശ്രയിച്ചു ജീവിക്കുമ്പോള്‍ തന്നെ പരസ്പരം വ്യക്തിയെന്ന നിലയിലുള്ള സ്വാതന്ത്ര്യം ആസ്വദിക്കാന്‍ ഇരുവര്‍ക്കും സാധിക്കണം. സ്വന്തം ഇഷ്ടങ്ങളും സ്‌നേഹബന്ധങ്ങളും തുടരാനുള്ള സാഹചര്യം ഓരോ വ്യക്തിക്കും വേണം. ഇത് ബന്ധങ്ങളില്‍ പരസ്പര വിശ്വാസവും ആഴവും വര്‍ധിപ്പിക്കുകയേ ഉള്ളൂ.
ഒന്നിച്ചുള്ള സ്വപ്‌നങ്ങള്‍
പങ്കാളികള്‍ ചേര്‍ന്ന് സ്വപ്‌നങ്ങളും ലക്ഷ്യങ്ങളും കാണുന്നതും അതേക്കുറിച്ച് സംസാരിക്കുന്നതും ചര്‍ച്ച ചെയ്യുന്നതും ബന്ധങ്ങളെ വിപുലപ്പെടുത്തും. കുടുംബ ബജറ്റുണ്ടാക്കലും പണം സമ്പാദിക്കലും നിക്ഷേപങ്ങളുമെല്ലാം ഒന്നിച്ചാണ് നല്ലത്. ആരെങ്കിലും ഒരാള്‍ തീരുമാനമെടുത്ത് മറ്റേ ആള്‍ അനുസരിക്കുന്നത് പലപ്പോഴും പ്രശ്‌നങ്ങള്‍ രൂക്ഷമാക്കും. ഇപ്പോഴത്തെ ജീവിതവും ഭാവിയും ഒന്നിച്ചെന്ന തിരിച്ചറിവ് ബന്ധങ്ങളെ കൂടുതല്‍ കരുത്തുള്ളതാക്കും.
പ്രണയവും സര്‍പ്രൈസും
അപ്രതീക്ഷിതമായി കിട്ടുന്ന സമ്മാനങ്ങള്‍ ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്. അതും സ്വന്തം ജീവിത പങ്കാളിയില്‍ നിന്ന്. ഒരിക്കലും പങ്കാളി തരുന്ന സമ്മാനങ്ങളുടെ കുറവുകള്‍ കണ്ടെത്തി മോശം പറയാന്‍ നില്‍ക്കരുത്. നിങ്ങളോടുള്ള സ്‌നേഹവും കരുതലുമൊക്കെയാണ് ഓരോ സര്‍പ്രൈസ് സമ്മാനങ്ങളും. അതിന് വിലയിടാന്‍ നിന്നാല്‍ ബന്ധങ്ങളുടെ വിലയാവും നഷ്ടമാവുക. പ്രണയമാണ് ഏതൊരു വിവാഹ ബന്ധത്തിന്റേയും കാതല്‍. ഒന്നോര്‍ത്തു നോക്കൂ ജീവിതത്തിന്റെ അവസാന ഭാഗത്തും പ്രണയത്തോടെ പരസ്പരം നോക്കാന്‍ സാധിക്കുന്ന പങ്കാളികള്‍ എന്തു സുന്ദരമായ കാഴ്ച്ചയാണ്.
Read also: 'തൂണും ചാരിയിരുന്ന് എന്തോ കുത്തിക്കുറിക്കുന്ന മോനെ ടീച്ചർ കണ്ടു, അതാണ് ജീവിതത്തിൽ വഴിത്തിരിവായത്'
Content Summary: Tips to make strong bond in a married life