ADVERTISEMENT

വനിതാ ദിനാചരണം ഔദ്യോഗികമായി 1911–ൽ തുടങ്ങിയെങ്കിലും കേരളത്തിൽ ആ ദിനം ആഘോഷിക്കുകയോ ആചരിക്കുകയോ ചെയ്യാത്ത കാലത്താണ് കെ.സരസ്വതിയമ്മ ജനിക്കുന്നത്– 1919 ൽ. 100 വർഷം മുമ്പ്. വനിതാ വിമോചനം എന്ന് ഉറക്കെ പറയാൻപോലും നാവ് പൊങ്ങാത്ത കാലത്ത്. സ്ത്രീകളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചു പറയുന്നവർ ഒറ്റപ്പെട്ട കാലത്ത്. പുരുഷ മേൽക്കോയ്മയെക്കുറിച്ചു പരാതി പറയുന്നവരെ അവഗണിക്കുകയും ഭ്രാന്തികളെന്ന് മുദ്രകുത്തുകയും ചെയ്ത കാലത്ത്. വീട്ടിലും നാട്ടിലും പുരുഷൻമാരായ രക്ഷകരുടെ തണലിൽ സ്ത്രീകൾ നിഴൽജീവികളായി ജീവിച്ച അക്കാലത്തും പുരുഷൻമാരില്ലാത്ത ലോകത്തെക്കുറിച്ച് സ്വപ്നം കണ്ടിരുന്നു സരസ്വതിയമ്മ. 

ബുദ്ധിയും വിവേകവുമുള്ളവരായി സ്ത്രീകൾ മാറണമെന്നും കണ്ണീരും പുഞ്ചിരിയും ആയുധങ്ങളാക്കി പുരുഷൻമാരെ സന്തോഷിപ്പിക്കുക മാത്രമല്ല സ്ത്രീകളുടെ ജോലിയെന്നും വീറോടെ വാദിച്ചു. ദാരിദ്ര്യവും കഷ്ടപ്പാടും നിറഞ്ഞ വീട്ടില്‍  ജനിച്ചിട്ടും കഷ്ടപ്പെട്ടു പഠിച്ചു. വിദ്യാഭ്യാസം നേടി പുതുചിന്തകൾ കഥകളായും നോവലായും ലേഖനങ്ങളായും എഴുതി. അവതാരിക എഴുതിത്തരാൻ പോലും ആളില്ലാതിരുന്നിട്ടും പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. 

സ്ത്രീകൾ അടിമകളാക്കപ്പെടുന്നതിനെക്കുറിച്ച് അക്കമിട്ട് എഴുതി സ്ത്രീകള്‍ ഉള്‍പ്പെട്ട ലോകത്തിന്റെ പോലും അപ്രീതി സമ്പാദിച്ചു. പുരുഷൻമാരെ അകറ്റിനിർത്തി അവിവാഹിതയായി ജീവിച്ച സരസ്വതിയമ്മ 44 വർഷം മുമ്പ് അകാലത്തിൽ മരിച്ചെങ്കിലും അവർ തീ കൊളുത്തിയ ആശയങ്ങൾ ഇന്നും കത്തിജ്വലിക്കുന്നു വനിതാ ദിനാഘോഷ വേദികളിൽ. ലിംഗ സമത്വവും നീതിയും സ്വപ്നം കാണുന്ന മനസ്സുകളിൽ. പരസ്പര സഹകരണത്തിലൂടെയും പരസ്പര ആശ്രയത്തിലൂടെയും നല്ല നാളെയെ സൃഷ്ടിക്കാൻ വെമ്പുന്ന ഹൃദയങ്ങളിൽ. വഞ്ചനയ്ക്കു പകരം സ്നേഹവും ചതിക്കു പകരം കാരുണ്യവും ക്രൂരതയ്ക്കു പകരം സഹാനുഭൂതിയും പുലരുന്ന ലോകത്തിനുവേണ്ടി അശ്രാന്തം പരിശ്രമിക്കുന്നവരിൽ. ജൻമശതാബ്ദി വർഷത്തിൽ സരസ്വതിയമ്മയുടെ ചിന്തകളിൽനിന്നു വീണ്ടും പ്രസരിക്കുന്നു വനിതാ വിമോചനത്തിന്റെ  ഊർജം. ആ എഴുത്തുകാരിയുടെ വാക്കുകളിൽനിന്നു പടരുന്നത് ആവേശം. 

‘പെണ്‍ബുദ്ധി’ എന്നൊരു കഥ എഴുതിയിട്ടുണ്ട് സരസ്വതിയമ്മ. പിന്‍ബുദ്ധിയെന്ന് പെണ്‍ബുദ്ധിയെ കളിയാക്കിയ ലോകത്തിനു വായിക്കാന്‍വേണ്ടിയുള്ള കഥ. വിലാസിനിയും വിജയലക്ഷ്മിയുമാണ് പ്രധാന കഥാപാത്രങ്ങള്‍. വിലാസിനി വിവാഹത്തെ ജീവിതത്തില്‍നിന്നു മാറ്റിനിര്‍ത്തിയെങ്കില്‍ വിജയലക്ഷ്മി വിവാഹിതയാകുന്നു. തുടക്കത്തില്‍ മാധുര്യം നിറഞ്ഞതായിരുന്നെങ്കിലും ദാമ്പത്യം ക്രമേണ വിരസമാകുന്നു. മറ്റുള്ളവരുടെ കണ്ണില്‍ ഭാഗ്യവതിയായ അമ്മയും ഭാര്യയുമായിരിക്കെത്തന്നെ അകാരണമായ അസംതൃപ്തി അവരെ വേട്ടയാടുന്നു. അതാകട്ടെ അവരുടെ ബുദ്ധിയും ഭാവനയുമായി ബന്ധപ്പെട്ടതും. 

അവര്‍ക്കൊരു മെഡല്‍ കിട്ടിയിരുന്നു. അതുകൊണ്ട് ആകെയുണ്ടായ പ്രയോജനം കുട്ടികള്‍ക്ക് മരുന്നരച്ചുകൊടുക്കാനുതകി എന്നതുമാത്രം. മെഡല്‍ നേടിക്കൊടുത്ത ബുദ്ധിശക്തിയാകട്ടെ തുരുമ്പെടുക്കുന്നു. കാരണം ഒന്നേയുള്ളൂ-അവരൊരു സ്ത്രീയാണ്. സ്ത്രീക്ക് എന്തിനാണ് ബുദ്ധിശക്തി ? പുരുഷന്‍മാര്‍ക്ക് ബുദ്ധിശക്തികൊണ്ടു പ്രയോജനമുണ്ട്. പെണ്ണിനാകട്ടെ അത് ആപത്തും. ഭര്‍ത്താവിന് ഭാര്യയെ ഒരു മതിപ്പുമില്ല. ‘രാത്രികാലത്ത് നേരത്തെ വീട്ടില്‍ വരാനും ശമ്പളപ്പണം കണ്ടമാനം കളയാതിരിക്കാനും അല്ലാതെ മറ്റെന്തിനാണു ഭാര്യ’ എന്നു കഥയിലെ ഭര്‍ത്താവ് പുച്ഛത്തോടെ ചോദിക്കുന്നുമുണ്ട്. പെണ്ണിന്റെ ബുദ്ധി അവള്‍ക്കോ കുടുംബത്തിനോ സമൂഹത്തിനോ ആവശ്യമില്ല. പെണ്ണിനെ ഒരു വ്യക്തിയായിപ്പോലും പരിഗണിക്കുന്നില്ല. ഗൃഹഭരണത്തിനു ബുദ്ധി വേണ്ട. പരദൂഷണത്തിനും വേഷാലങ്കാരത്തിനും ബുദ്ധി വേണ്ട. വ്യക്തിത്വം നിലനിര്‍ത്താന്‍ ഒരു പെണ്ണ് ആഗ്രഹിക്കുകയാണെങ്കില്‍ അവരുടെ സ്ഥാനം കുടുംബത്തിനു പുറത്ത്. കുറച്ചൊന്നു പഠിച്ചെന്നുവച്ച് പെണ്ണ്  പെണ്ണല്ലാതാകുമോ എന്ന ചോദ്യം ആരെയുദ്ദേശിച്ചാണെന്ന് വിജയലക്ഷ്മി മനസ്സിലാക്കുന്നു. 

ഭാര്യയുടെ ബിഎ ഡിഗ്രിയെ ഭര്‍ത്താവ് മക്കള്‍ക്കു വിശദീകരിച്ചുകൊടുക്കുന്നുണ്ട്. ബിഎ എന്നാല്‍ ‘ ബഹുമാനപ്പെട്ട അമ്മ’. ‘പെണ്‍ബുദ്ധി’ യെന്ന കഥയിലൂടെ എന്നും പെണ്ണിനെ അടിമയാക്കി ഭരിക്കാനാഗ്രഹിച്ച പുരുഷമേല്‍ക്കോയ്മയെ ആക്രമിച്ച സരസ്വതിയമ്മ ‘ പുരുഷന്‍മാരില്ലാത്ത ലോകം’ എന്ന ലേഖന സമാഹാരത്തില്‍ ആധുനിക സ്ത്രീവാദ ചിന്തയുടെ അടിസ്ഥാന പ്രമാണങ്ങള്‍ കരുത്തുറ്റ വാക്കുകളില്‍ എഴുതി. ‘ഞാനൊരു ഭര്‍ത്താവായിരുന്നെങ്കില്‍’ എന്ന ലേഖനത്തില്‍ ഭര്‍ത്താക്കന്‍മാരുടെ പൊതു മനഃസ്ഥിതിയെ കണക്കിനു കളിയാക്കിയ അവര്‍ അന്നത്തെ സമൂഹത്തില്‍ ഒരു ബോംബ് വര്‍ഷിക്കുന്നതുപോലെയാണ് തന്റെ ചിന്തകള്‍ അവതരിപ്പിച്ചത്. 

‘കാര്യബോധവും ചിന്താശക്തിയുമുള്ള ഭാര്യയുടെ സ്നേഹശീലനായ ഭർത്താവായിക്കഴിയാനാണ് എനിക്കിഷ്ടം. ഭാര്യയുടെ കാണപ്പെട്ട ദൈവമാകാൻ എനിക്കാശയില്ല. മനഃപൂർവം തെറ്റു ചെയ്യാതിരിക്കാനും ചെയ്തുപോകുന്ന തെറ്റുകൾ ഏറ്റുപറയാനും സാധിക്കുന്ന ഒരു മനുഷ്യനായാൽ മതി എനിക്ക്. ഭയഭക്തിയോടെ എന്റെ ദാസ്യവേലകൾ ചെയ്യുകയും എന്റെ ഉച്ഛിഷ്ടം അമൃതാണെന്നു വിചാരിക്കുകയും ചെയ്യുന്ന വിനീതദാസിയുടെ യജമാനനാവുന്നതും അഭിമാനാർഹമെന്നു ഞാൻ കരുതുന്നില്ല’.  

ആറു പതിറ്റാണ്ടു മുമ്പ് പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിലെ വരികളാണിത് എന്നതാണ് ശ്രദ്ധേയം. ഇന്നും ഈ വാക്കുകള്‍ അഭിമാനത്തോടെ പറയാന്‍ എത്ര ഭര്‍ത്താക്കന്‍മാര്‍ തയാറാകും. വെര്‍ജീനിയ വൂള്‍ഫും സിമോന്‍ ദ് ബുവ്വയുമൊക്കെ പാശ്ചാത്യലോകത്ത് ഫെമിനിസ്റ്റ് ചിന്തകളുടെ തീപ്പൊരി ചിതറിയ അതേ കാലത്തുതന്നെയാണ് സരസ്വതിയമ്മ മലയാളത്തില്‍ പുരുഷന്‍മാരില്ലാത്ത ലോകത്തെക്കുറിച്ച് ചിന്തിച്ചത്. 

എല്ലാ നല്ല എഴുത്തുകാരെയുംപോലെ എഴുത്തും ജീവിതവും സരസ്വതിയമ്മയ്ക്ക് രണ്ടല്ലായിരുന്നു. പരസ്പര പൂരകമായിരുന്നു. അര്‍ഥമില്ലാത്ത വാക്കുകള്‍ എഴുതിനിറച്ച് കപടനാട്യക്കാരിയായി ജീവിക്കുന്നതിനുപകരം അവര്‍ വിവാഹം കഴിക്കാതെ ഒറ്റയ്ക്കുതന്നെ ജീവിച്ചു. പുരുഷ സുഹൃത്തുക്കള്‍ ഇല്ലെന്നല്ല. ജീവിതം പങ്കിടാന്‍ പരസ്പരം ബഹുമാനിക്കുന്ന ഒരു പുരുഷനെ അവര്‍ക്കു കണ്ടെത്താനായില്ല എന്നതാണു ക്രൂരമായ യാഥാര്‍ഥ്യം. 

‘ചോലമരങ്ങള്‍’ എന്ന കഥയില്‍ തന്റെ പ്രേമം ഏറ്റുവാങ്ങാന്‍ കരുത്തില്ലാത്ത ഒരു കാമുകനെ അവര്‍ സൃഷ്ടിച്ചിട്ടുമുണ്ട്. അയാള്‍ സന്യാസം വരിക്കുകയും കാമുകി കന്യാസ്ത്രീമഠത്തില്‍ സാധുജന സേവനത്തില്‍ മുഴുകുന്നതുമാണ് ചോലമരങ്ങളുടെ പ്രമേയം. ‘ആണിന്റെ കാര്യത്തില്‍ ആളുകള്‍ കുറച്ചൊക്കെ വിട്ടുവീഴ്ച കാണിച്ചേക്കും. കുടുംബത്തെ മുഴുവന്‍ കുലുക്കിയിളക്കിയിട്ടേ പെണ്ണിനു പുറത്തുചാടാന്‍ ഒക്കൂ’ എന്ന ഈ കഥയില്‍ അവര്‍ എഴുതുന്നുമുണ്ട്. 

ഒരുമിച്ചു ജീവിക്കാന്‍ തന്റേടവും ആത്മവിശ്വാസവും വേണം എന്നാണ്  കഥയിലെ കാമുകി ലില്ലിക്കുട്ടി തന്റെ കാമുകനോടു തുറന്നുപറയുന്നത്. സ്നേഹം സ്നേഹം എന്നുപറഞ്ഞ് തലയിട്ടുരുട്ടിയാല്‍ പോരാ, സുഖം കുറച്ചു പോട്ടെന്നു വയ്ക്കാനും കഷ്ടപ്പെടാനും തയാറാകണം.........ലില്ലിക്കുട്ടിയുടെ വാക്കുകള്‍ ഏറ്റുപറയാന്‍ അന്നുമിന്നും കൊതിക്കുന്ന അനേകം സ്ത്രീകളുണ്ട്. അവര്‍ ആ വാക്കുകള്‍ ഏറ്റെടുക്കുന്നകാലം വരെയും സരസ്വതിയമ്മയുടെ വാക്കുകളും അതിജീവിക്കും. 

വിവാഹം വേണ്ടെന്നുവച്ച് ഒറ്റയ്ക്കൊരു വീട് വച്ച് താമസിച്ച സരസ്വതിയമ്മ അവസാനകാലത്ത് എഴുത്തും വായനയും ഒഴിവാക്കി. പുസ്തകങ്ങളെപ്പോലും വെറുത്തു. അനുഭവങ്ങളാണ് അവരെ അത്തരമൊരു മനസികാവസ്ഥയില്‍ എത്തിച്ചത്. പുരുഷന്‍മാര്‍ മാത്രമല്ല സ്ത്രീകള്‍ പോലും ‘വട്ടുപിടിച്ച’ സ്ത്രീ എന്നാക്ഷേപിച്ചപ്പോള്‍ താന്‍ എഴുതിയതൊക്കെ വെറുതെയായോ എന്നുപോലും അവര്‍ ചിന്തിച്ചു. 

1944 മുതല്‍ 58 വരെയാണ് തുടര്‍ച്ചയായി സരസ്വതിയമ്മ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചത്. 1960 ആയപ്പോഴേക്കും എഴുത്തും വായനയും നിലച്ചു. കത്തുകള്‍ക്കു മറുപടി എഴുതുന്നതുപോലും നിര്‍ത്തി. ഒടുവില്‍ 57-ാം വയസ്സില്‍ അവര്‍ കീഴടങ്ങി; പുരുഷ മേധാവിത്വ ലോകത്തിനുമുന്നിലല്ല, രോഗങ്ങള്‍ക്കുമുന്നില്‍. അപ്പോഴും എഴുതാനിരിക്കുന്ന അനേകം പുസ്തകങ്ങളുടെ ആശയങ്ങള്‍ അവരുടെ മനസ്സില്‍ സജീവമായിരുന്നു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍വച്ചാണ് സരസ്വതിയമ്മ മരണത്തിനു കീഴടങ്ങിയത്. 

മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കളില്ലായിരുന്നു. സാമൂഹിക സാംസ്കാരിക നായകരോ രാഷ്ട്രീയക്കാരോ ഉണ്ടായിരുന്നില്ല. അവരുടെ മരണം ഒരു വാര്‍ത്ത പോലുമായില്ല. നാട്ടുകാര്‍ ആശുപത്രിയില്‍നിന്നു മൃതദേഹമേറ്റുവാങ്ങി പൊതുശ്മശാനത്തില്‍ സംസ്കരിച്ചു. പുരുഷന്‍മാരില്ലാതെ ജീവിച്ച എഴുത്തുകാരിക്ക് യാത്രാമൊഴിയേകാന്‍ സ്ത്രീകള്‍പോലുമുണ്ടായിരുന്നില്ല. എങ്കിലെന്ത്.....സരസ്വതിയമ്മ അന്നു കൊളുത്തിയ സ്വാതന്ത്ര്യത്തിന്റെ കെടാവിളക്ക് ഇന്ന് വനിതാദിനത്തില്‍ ആളിക്കത്തുന്നു. അരനൂറ്റാണ്ട് മുമ്പ് അവര്‍ സ്വപ്നം കണ്ടതുപോലെ ബുദ്ധിയുപയോഗിച്ച് ലക്ഷക്കണക്കിനു സ്ത്രീകള്‍ ജീവിക്കുന്നു. പെണ്‍ബുദ്ധി പിന്‍ബുദ്ധിയല്ലെന്നു തെളിയിച്ചിരിക്കുന്നു കാലവും സമൂഹവും. അതുതന്നെയാണ് ജന്‍മശതാബ്ദി വര്‍ഷത്തില്‍ സരസ്വതിയമ്മയ്ക്കു ലഭിക്കാവുന്ന ഏറ്റവും ഹൃദ്യമായ ആദരാഞ്ജലിയും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com