മറക്കരുത്, അമ്മ ഒരു മനുഷ്യജീവിയാണ്; സൂപ്പർ വുമണോ മാലാഖയോ അല്ല
Mail This Article
ഇതാ, ഒരു അമ്മ ദിനം കൂടി. സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും മനസ്സിലാക്കലുകളുടെയും ത്യാഗത്തിന്റെയും വിട്ടുവീഴ്ചയുടെയുമെല്ലാം വിശ്വരൂപമാണ് നമുക്ക് അമ്മ. ശരിയാണ്, അമ്മ ഇതൊക്കെയാണ്. പക്ഷേ, അമ്മ ഒരു മനുഷ്യൻ കൂടിയാണ് എന്നു നാം മറന്നുപോകുന്നു, പലപ്പോഴും. ഒരു സ്ത്രീ അമ്മയാകുന്നു എന്നതു കൊണ്ട് സൂപ്പർ വുമണിന്റെയോ മാലാഖയുടെയോ ഒക്കെ പരിവേഷത്തിലേ ക്ക് എത്രവേഗമാണു നാമവരെ എടുത്തുവയ്ക്കുന്നത്.
10 മാസം കൊണ്ട് ഒരാളെ നമ്മൾ എത്രവേഗമാണ് മറ്റൊരാളായി സങ്കൽപിക്കുന്നത്. നമ്മുടെ നിർവചനങ്ങളിൽ നിന്ന് അവർ അൽപമൊന്നുമാറിയാൽ എത്രവേഗമാണ് നമ്മളവളെ ‘ചീത്ത’ എന്നു മുദ്രകുത്തുന്നത്.
ഇത്തവണത്തെ അമ്മദിനത്തിൽ ആദ്യം മനസ്സിലെത്തുന്നതു കണ്ണീരണിഞ്ഞ രണ്ടു കുഞ്ഞു മുഖങ്ങൾ. തൊടുപുഴയിൽ രണ്ടാനച്ഛന്റെ ക്രൂരപീഡനത്തിന് ഇരയായി മരിച്ച ഏഴുവയസ്സുകാരനും ആലപ്പുഴയിൽ അമ്മ കൊലപ്പെടുത്തിയ ഒന്നരവയസ്സുകാരിയും. ജീവിച്ചു തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ അവർ, പക്ഷേ കെട്ടുപോയി.
നെഞ്ചിൽ ഒരു കനം പോലെ, അക്കാര്യങ്ങൾ ഇനിയും ഓർക്കാൻ വയ്യാത്തതു പോലെ. മണ്ണിനടിയിലേക്കു പോയ രണ്ടു കുഞ്ഞുങ്ങൾ ബാക്കിയാക്കുന്ന ചോദ്യങ്ങൾ ഒരുപാടുണ്ട്, അതിൽ ഏറ്റവും പ്രധാനം സ്വന്തം കുഞ്ഞിനെ ഇത്രയൊക്കെ പീഡിപ്പിക്കുന്നതു കണ്ടു നിൽക്കാൻ തൊടുപുഴക്കാരി യുവതിക്ക് എങ്ങനെ കഴിഞ്ഞു? രാത്രിയിൽ ഉറങ്ങാൻ പറ്റാത്തതിന്റെ ദേഷ്യത്തിൽ പൊന്നുമോളെ ഞെരിച്ചു കൊല്ലാൻ ആ ഇരുപത്തിനാലുകാരിക്ക് എങ്ങനെ തോന്നി? ന്യായീകരണങ്ങൾ ഒന്നും പറയുന്നില്ല. ചില യാഥാർഥ്യങ്ങളിലേക്കു നമ്മുടെ കണ്ണുകൾ നീളണമെന്നേ ഉള്ളൂ ഈ അമ്മദിനത്തിൽ.
ജീവിത സംഘർഷങ്ങൾ, സമ്മർദങ്ങൾ, ഒറ്റപ്പെടൽ, ജോലി ചെയ്യുന്നവരാണെങ്കിൽ അതിന്റെയും വീട്ടുകാര്യങ്ങളുടെയും ഭാരം, രോഗങ്ങൾ, ആധികൾ, മാനസിക പ്രശ്നങ്ങൾ – ഇതെല്ലാം കൂടി വരുന്ന കാലമാണിത്. മനുഷ്യനു സുരക്ഷിതത്വ ബോധം കുറയുന്ന കാലം. പിരിമുറുക്കവും ആശങ്കയും മൽസരവും ഓട്ടപ്പാച്ചിലു കളും തിരക്കും ഭരിക്കുന്ന കാലം. അതെ, പലതും പഴയതു പോലെയല്ല. മാനസിക പ്രശ്നങ്ങൾ പലരിലും വർധിക്കുന്നു. അതാകട്ടെ പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുകയും ചെയ്യുന്നു.
സ്ത്രീയുടെയും പുരുഷന്റെയും അമ്മയുടെയും അച്ഛന്റെയും കൽപിത നിർവചനങ്ങളല്ല നമുക്ക് വേണ്ടത്. മാറ്റങ്ങളെ ഉൾക്കൊളളുന്ന, ആരോഗ്യകരമായ മാനസികാവസ്ഥയും ചിന്തയുമുള്ള, സമത്വത്തെ ഉള്ളിൽ കുടിയിരുത്തിയ ഒരു സമൂഹമാണ്. അതിന് ആദ്യമായി തൊടുപുഴയിലെയും ആലപ്പുഴയിലെയും സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സങ്കീർണമായ ചില മാനസിക പ്രശ്നങ്ങളെ നമുക്ക് വിലയിരുത്താം. എന്നിട്ട് ഒറ്റക്കെട്ടായി ഇത്തരം പ്രശ്നങ്ങളെ നേരിടാം. അമ്മയെന്ന സ്നേഹത്തെ തിരിച്ചുപിടിക്കാം, അവർ ഒറ്റയ്ക്കല്ല. കുടുംബത്തിലെ എല്ലാവരും ചേർന്ന്.
മാനസിക പ്രശ്നങ്ങളെ തുടക്കത്തിലേ കണ്ടുപിടിക്കാം, നല്ല സൗഹൃദങ്ങൾ വളർത്താം, പ്രശ്നങ്ങളിൽ പെട്ടാൽ ആർക്കും ഓടിയെത്താവുന്ന കംപാനിയൻ ഗ്രൂപ്പുകൾ ഉണ്ടാക്കാം. അപ്പോൾ സംഘർഷങ്ങൾക്കിടയിലും അമ്മപ്പൂക്കൾ ആത്മവിശ്വാസത്തോടെ തലയുയർത്തി, ചിരിയോടെ തലയാട്ടിത്തന്നെ നിൽക്കും. അതിന് അമ്മമാർ മാത്രമല്ല, നമ്മളെല്ലാവരും വിചാരിക്കണം. അതാകട്ടെ ഈ അമ്മദിനത്തിലെ ഏറ്റവും വലിയ സമ്മാനം.
മനോരമ ഓൺലൈനിനോട് ഈ വിഷയത്തിൽ സംസാരിക്കുന്നത് തിരുവനന്തപുരം മെഡിക്കൽ കോളജ് മാനസികാരോഗ്യവിഭാഗം അസിസ്റ്റന്റ് പ്രഫസർ ഡോ. അരുൺ ബി. നായർ.
∙ പഠിച്ചെടുത്ത നിസ്സഹായാവസ്ഥ (learned helplessness)
തുടർച്ചയായി ദുരിതങ്ങൾ അനുഭവിക്കേണ്ടി വരുന്ന ചിലർ കുറച്ചു കഴിയുമ്പോൾ പ്രതീക്ഷ നഷ്ടപ്പെട്ട അവസ്ഥയിലാകും. എന്തൊക്കെ ചെയ്താലും വിധിക്കു മാറ്റം വരാൻ പോകുന്നില്ല എന്ന നിസ്സഹായത. ഇതിനെയാണു പഠിച്ചെടുത്ത നിസ്സഹായാവസ്ഥ എന്നു പറയുന്നത്. ഇതു സ്ത്രീകളിൽ കൂടുതലാണ്. മദ്യപരോ ലഹരിമരുന്നിന് അടിമപ്പെട്ടവരോ സാമൂഹിക വിരുദ്ധസ്വഭാവമുള്ളവരോ ആണു ഭർത്താക്കന്മാരെങ്കിൽ ഇതു കൂടുതൽ പ്രകടമാകാം. സ്വന്തം ജീവിതം മെച്ചപ്പെടുത്താൻ വേണ്ടി താൻ ചെയ്യേണ്ട കാര്യങ്ങൾ പോലും ചെയ്യാനാകാത്ത അവസ്ഥയിലേക്ക് സ്ത്രീകൾ എത്തും. കുഞ്ഞുങ്ങളെ നോക്കുക, ജോലി ചെയ്യുക, തന്റെ ആരോഗ്യം ശ്രദ്ധിക്കുക, സമൂഹവുമായി ഇടപഴകുക തുടങ്ങി സകല മേഖലകളിലും അവർ പിന്നാക്കാവസ്ഥയിലാകും. പലപ്പോഴും നിശ്ശബ്ദമായി ജീവിതപങ്കാളിയുടെ പ്രവൃത്തികൾക്കു കൂട്ടുനിൽക്കുന്ന അവസ്ഥയിലുമാകും അവർ.
∙ ചുവപ്പ് സ്വിച്ചുള്ള കൂട്ടിലെ നായ്ക്കുട്ടി
യുഎസിലെ പ്രശസ്ത മനഃശാസ്ത്രജ്ഞൻ മാർട്ടിൻ സെലിഗ്മാൻ ആണ് പഠിച്ചെടുത്ത നിസ്സഹായാവസ്ഥയെക്കുറിച്ച് ആദ്യമായി ലോകത്തോടു പറഞ്ഞത്. അതിന് അദ്ദേഹം നടത്തിയ പരീക്ഷണം ഇതായിരുന്നു: രണ്ട് മെറ്റൽ കൂടുകളിൽ 2 നായ്ക്കളെ ഇട്ടു. രണ്ടു കൂടിനും വാതിലുണ്ട്. ആദ്യത്തെ കൂടിന്റെ വാതിലിനടുത്ത് ചുവപ്പ് സ്വിച്ച്. കൂടുകളിലേക്കു നേരിയ വൈദ്യുതി കടത്തിവിട്ടപ്പോൾ നായ്ക്കൾ അസ്വസ്ഥരായി ഓടി. ആദ്യത്തെ കൂട്ടിലെ പട്ടി യാദൃച്ഛികമായി സ്വിച്ചിൽ സ്പർശിച്ചു വൈദ്യുതി പ്രസരണം നിലച്ചു.
കറന്റ് വരുമ്പോൾ അത് അമർത്തിയാൽ മതിയെന്നു പഠിച്ച നായ്ക്കുട്ടി, പിന്നീട് കറന്റ് പ്രസരിച്ചപ്പോഴൊക്കെ സ്വിച്ചിൽ തലമുട്ടിച്ചു രക്ഷപ്പെട്ടു. രണ്ടാമത്തെ കൂട്ടിൽ സ്വിച്ച് ഇല്ല. കറന്റ് വരുന്ന ഓരോ സമയത്തും അതിലെ നായ്ക്കുട്ടി ഓടിക്കൊണ്ടിരുന്നു. പക്ഷേ, അഞ്ചാറു തവണ ഇത് ആവർത്തിച്ചപ്പോൾ അവൻ ഓട്ടം നിർത്തി. ചുരുണ്ടുകൂടിക്കിടപ്പായി. പിന്നീട് ഈ നായ്ക്കുട്ടിയെ ആദ്യത്തെ കൂട്ടിലേക്കു മാറ്റി പരീക്ഷിച്ചു. അപ്പോഴും കറന്റ് പ്രസരിച്ചപ്പോൾ അതു പഴയതുപോലെ ചുരുണ്ടുകൂടിക്കിടന്നു. രക്ഷപ്പെടാൻ ഒരു പരിശ്രമവും നടത്തിയില്ല. കൂട് മാറിയതു ശ്രദ്ധിച്ചു പോലുമില്ല. മരവിപ്പും നിസ്സഹായതയും. ഇതാണ് അബ്യൂസീവ് റിലേഷൻഷിപ്പിലെ സ്ത്രീകളിൽ വ്യാപകമായി കണ്ടുവരുന്ന മാനസിക നില.
∙ പങ്കാളിയില്ലാതെ പറ്റില്ലെന്ന ചിന്ത
വീട്ടുകാരുടെ നിർദേശത്തിനു വിരുദ്ധമായി സ്വന്തം നിലയ്ക്കു തീരുമാനമെടുത്തായിരിക്കാം പല സ്ത്രീകളും ഇത്തരത്തിലുള്ള ബന്ധത്തിൽ ചെന്നു ചാടുന്നത്. യാഥാർഥ്യം അവർക്കു ബോധ്യപ്പെടുന്നതു പിന്നീടാകും. അതിനകം തന്നെ മാതാപിതാക്കൾ, ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരുമായെല്ലാം അകന്നിട്ടുണ്ടാകും. ലോകത്ത് ആകെയുള്ള പിന്തുണ ജീവിതപങ്കാളി എന്ന ചിന്തയിലാകും അപ്പോൾ സ്ത്രീ. ഇനി ജീവിതപങ്കാളിയെ അനുസരിക്കുക മാത്രമേ വഴിയുള്ളൂ എന്ന് അവർ ധരിക്കും.
പല സ്ത്രീകളും വിദ്യാസമ്പന്നരാണ്, സ്ത്രീ ശാക്തീകരണത്തിന്റെ കാലമാണ് എങ്കിലും നല്ലൊരു ശതമാനം സ്ത്രീകളും ആൺതുണയില്ലാതെ സമൂഹത്തിൽ കഴിയാനാകില്ല എന്നു ചിന്തിക്കുന്നവരാണ്. തന്റെ അഭിപ്രായം പ്രകടിപ്പിച്ചുകൊണ്ട് തന്നെ അന്തസ്സോടെ ഒരു വിവാഹബന്ധത്തിൽ തുടരാൻ കഴിയും, ഇല്ലെങ്കിൽ സ്വന്തം കാലിൽ ജീവിക്കാൻ സാധിക്കും എന്ന ധൈര്യം പല സ്ത്രീകൾക്കും ഇല്ല എന്നതാണു യാഥാർഥ്യം.
സാമൂഹിക വിരുദ്ധ സ്വഭാവമുള്ള പുരുഷൻ ലഹരിക്ക് അടിമപ്പെട്ടാൽ സ്വഭാവം അതിക്രൂരമാകാം. അപ്പോഴൊക്കെ ഇത്തരം സ്ത്രീകൾക്കു നിസ്സഹായരായി നിൽക്കാനേ കഴിയൂ. ജീവിതപങ്കാളിയില്ലാതെയുള്ള ജീവിതം അവർക്കു ചിന്തിക്കാനാകില്ല. മക്കളെ ലൈംഗികമായി രണ്ടാനച്ഛൻ പീഡിപ്പിക്കുന്നതു കണ്ടുനിന്നാലും അമ്മയ്ക്ക് അനങ്ങാനാകില്ല. എതിർത്താൽ അതോടെ എല്ലാം തീർന്നു എന്ന ഭയമാകും അവരെ നയിക്കുക.
∙ മാനസികപ്രശ്നങ്ങളോടു മുഖം തിരിക്കരുത്
സാക്ഷരതയിൽ മുന്നിട്ടു നിൽക്കുന്നുണ്ടെങ്കിലും മാനസികാരോഗ്യസാക്ഷരതയിൽ കേരളം വളരെ പിന്നിലാണ്. ആലപ്പുഴയിൽ മകളെ കൊലപ്പെടുത്തിയ അമ്മയെ പരിഹസിക്കാൻ എളുപ്പമാണ്. പക്ഷേ, അവരുടെ സ്വഭാവവൈകല്യങ്ങൾ തുടക്കത്തിലേ തിരിച്ചറിഞ്ഞിരുന്നെങ്കിൽ ഒരു കുഞ്ഞുജീവൻ നഷ്ടപ്പെടില്ലായിരുന്നു.
മദ്യവും മറ്റു ലഹരി ഉപയോഗവും ഇവിടെ എത്രയോ കൂടുതലാണ്. ദാമ്പത്യ കലഹ, വിവാഹമോചനക്കേസുകളാകട്ടെ കെട്ടിക്കിടക്കുകയും ചെയ്യുന്നു. ഇതെല്ലാം വ്യക്തമാക്കുന്നത് ഒട്ടേറെ മാനസികാരോഗ്യപ്രശ്നങ്ങൾ കേരളത്തിൽ ഉണ്ടെങ്കിലും അതു തിരിച്ചറിയുകയും ചികിൽസനേടുകയും ചെയ്യാൻ പലരും മിനക്കെടുന്നില്ല എന്നാണ്.
പെരുമാറ്റപ്രശ്നങ്ങൾ പ്രേതബാധയുടെയും മറ്റും ഫലമാണെന്നു കരുതുന്ന വിദ്യാസമ്പന്നർ പോലുമുണ്ടെന്നതാണു വേറെ ഒരു വശം. മനസ്സ് എന്നാൽ തലച്ചോറിന്റെ പ്രവർത്തനങ്ങളുടെ ആകെത്തുകയാണ്. തലച്ചോറിന്റെ പ്രവർത്തനവൈകല്യമാണു പെരുമാറ്റ വൈകല്യമുണ്ടാക്കുന്നതെന്നു പലരും മനസ്സിലാക്കുന്നില്ല. പല ഗ്രാമങ്ങളിലും ഇത്തരം ധാരണകൾ കടന്നു ചെന്നിട്ടില്ല.
∙ കേരളത്തിന്റെ മനസ്സ് ദുർബലം
വൈകാരിക വ്യതിയാനങ്ങൾ പലരിലും അപ്രതീക്ഷിത സ്വഭാവത്തിനു വഴിവച്ചേക്കും. ഒട്ടേറെപ്പേർക്കു മൂഡ് ഡിസോർഡർ (വൈകാരിക രോഗങ്ങൾ) ഉണ്ട്. വ്യക്തിജീവിതത്തെയും സാമൂഹിക ജീവിതത്തെയും തൊഴിൽ ചെയ്യാനുള്ള കഴിവിനെയും ദോഷകരമായി ബാധിക്കുന്ന രീതിയിൽ ഒരു വ്യക്തിയുടെ വൈകാരിക പ്രകടനങ്ങൾ വഷളാകുമ്പോഴാണ് ഈ രോഗമുണ്ടെന്നു പറയാനാകുക. ചില വ്യക്തികൾക്ക് എടുത്തുചാട്ട സ്വഭാവം കൂടുതലാണ്. സ്വയം നിയന്ത്രിക്കാനായേക്കില്ല. നിസ്സാര പ്രകോപനത്തിനു പോലും അമിത പ്രതികരണം നടത്തിയേക്കും.
അഹംഭാവത്തിന്റെ ഭാഗമല്ല ഇതൊന്നും. തലച്ചോറിലെ രാസവസ്തുക്കളിലെ അളവിലുണ്ടാകുന്ന വ്യതിയാനം മൂലം സംഭവിക്കുന്നതാണിത്. ഇതിനു ചികിൽസ വേണ്ടതാണ്. 2016ൽ മാനസികാരോഗ്യ അതോറിറ്റി നടത്തിയ സർവേ പ്രകാരം കേരളത്തിൽ 12.43 ശതമാനം ആളുകൾക്ക് ചികിൽസ ആവശ്യമുള്ള മാനസികാരോഗ്യപ്രശ്നമുണ്ട്. 9 ശതമാനത്തിനു ചികിൽസ ആവശ്യമുള്ള വിഷാദരോഗവും. എട്ടുപേരിൽ ഒരാൾക്ക് ചികിൽസ ആവശ്യമുള്ള മാനസികപ്രശ്നങ്ങളുണ്ട് എന്നർഥം.
മദ്യാസക്തി, ലഹരി അടിമത്തം, ചിത്തഭ്രമം, സംശയ രോഗം, ഉത്കണ്ഠ, വിഷാദം തുടങ്ങിയവയാണു മുതിർന്ന വ്യക്തികളിൽ കൂടുതൽ. ശ്രദ്ധക്കുറവ്, അമിതവികൃതി, മോഷണം, കളവ് പറച്ചിൽ, അമിത ഉപദ്രവം തുടങ്ങിയവ കുട്ടികളിലും കൗമാരക്കാരിലും കാണാം. കുട്ടിക്കാലത്തു പെരുമാറ്റ പ്രശ്നങ്ങൾ ഉള്ളവർ ലഹരി ഉപയോഗിക്കുക കൂടി ചെയ്താൽ സാമൂഹിക വിരുദ്ധ രീതികളിലേക്കു മാറും. ക്രമസമാധാനം പാലിക്കാൻ, കുറ്റകൃത്യം തടയാൻ മാനസികാരോഗ്യ സാക്ഷരത വർധിപ്പിക്കണം. തുടക്കത്തിൽ തന്നെ ചികിൽസിച്ചാൽ പല രോഗാവസ്ഥകളും മാറ്റിയെടുക്കാം.
∙ ധാർമികതയുടെ ചൂരൽ വേണ്ട
ധാർമികതയുടെ വീക്ഷണത്തിലൂടെ മാത്രം എന്തിനെയും വിലയിരുത്തി വിധി പ്രസ്താവിക്കുന്ന മാനസികാവസ്ഥയുണ്ട് മലയാളികൾക്ക്. പൂർണമായി ധാർമിക വികസനം കൈവരിച്ചിട്ടില്ലാത്ത വ്യക്തികളുടെ ലക്ഷണമാണിത്. ധാർമിക വികസനത്തിനു 3 ഘട്ടങ്ങളുണ്ട്. ആദ്യത്തേത് യാഥാസ്ഥിതിക പൂർവ ധാർമികത. കുട്ടികളിലും കൗമാരത്തിന്റെ തുടക്കം വരെയുമാണത്. ശരിയും തെറ്റും എന്ത് എന്ന ധാരണയിൽ ഇക്കാലത്തു പ്രധാനം ശിക്ഷ ലഭിക്കുന്ന കാര്യങ്ങൾ ഒഴിവാക്കുക എന്നാണ്.
പത്തുവയസ്സ് അടുത്തു വരുമ്പോൾ – തനിക്ക് നേട്ടം കിട്ടുന്ന കാര്യങ്ങളാണു ശരി എന്ന നിലയിലേക്കു മാറും. കൗമാരത്തിലെത്തുമ്പോൾ ധാർമിക വളർച്ചയുടെ രണ്ടാം ഘട്ടം – യാഥാസ്ഥിതിക ധാർമികത. സമപ്രായക്കാരുടെ അംഗീകാരം നേടുകയാണ് അവരെ സംബന്ധിച്ചു ശരിയുടെ മാനദണ്ഡം. അല്ലാത്തതൊക്കെ തെറ്റ് എന്ന ധാരണ. യൗവനത്തിന്റെ തുടക്കത്തിൽ – സാമൂഹിക നിയമങ്ങൾ പാലിക്കപ്പെടേണ്ടതാണ് എന്ന വിശ്വാസ്തതിലേക്ക് എത്താം.
ചിലരുടെ ധാർമിക വളർച്ച ഇവിടെ മുരടിച്ചു പോയേക്കാം. അവരാണു ധാർമിക നിയമപാലകരാകുകയും മറ്റുള്ളവരെ വിധി പ്രസ്താവിച്ച് പരാജയപ്പെടുത്താൻ ശ്രമിക്കുന്നതും.
യാഥാസ്ഥിതികാനന്തര ധാർമികത– എന്റെ ശരിയിൽ നിന്നു വ്യത്യസ്തമായി മറ്റൊരാൾക്ക് ഒരു ശരിയുണ്ടാകാം. സംഘട്ടനത്തിൽ ഏർപ്പെടാതെ സഹവർത്തിത്വം സാധ്യമാണ് എന്നു കരുതുന്നവർ. തനിക്കു കിട്ടുന്ന എല്ലാ നന്മകളും മറ്റുള്ളവർക്കും കിട്ടണം എന്ന വിശാല അവസ്ഥയിലേക്ക് ഇതിന്റെ അവസാന ഘട്ടത്തിൽ എത്താം.
∙ നല്ല അമ്മയ്ക്കൊപ്പം നല്ല അച്ഛനും വേണം
ചെറിയ തെറ്റുകൾ കണ്ടെത്തി വിമർശിക്കാനും പരിഹസിക്കാനും ശ്രമിക്കുന്നത് ഏതു ബന്ധത്തിലായാലും ശരിയല്ല. ശരി, തെറ്റ് എന്ന ചിന്തയിൽ നിന്നു മാറി ആരോഗ്യകരമായ ശീലം, അനാരോഗ്യകരമായ ശീലം എന്ന രീതിയിലേക്കു ചിന്തയെ മാറ്റണം. ആരോഗ്യകരമായ രക്ഷാകർതൃത്വം എങ്ങനെയാണെന്നു നോക്കാം. ഇതിൽ അമ്മയ്ക്കു കുഞ്ഞിനോടുള്ള മനോഭാവം ആധികാരിക രക്ഷാകർതൃത്വം ആകണം. ഇതിൽ കുട്ടിയുടെ വളർച്ചയുടെ എല്ലാ ഘട്ടങ്ങളിലും ഒപ്പം നിന്ന്, സ്വന്തമായി കുട്ടി കാര്യങ്ങൾ കാണാനും അറിയാനും തുടങ്ങുന്ന സമയത്ത് അതിനെ പ്രോൽസാഹിപ്പിക്കുന്നതാണ് ഈ രീതി. ഇതിൽ ശിക്ഷണമുണ്ട്, സ്നേഹവുമുണ്ട്. സ്വാതന്ത്ര്യമുണ്ട്, ആരോഗ്യകരമായ നിയന്ത്രണവുമുണ്ട്.
കുട്ടികളുടെ ജീവിതത്തിലെ എല്ലാകാര്യങ്ങളും മാതാപിതാക്കളോടു ചർച്ച ചെയ്യാൻ അരമണിക്കൂർ എങ്കിലും നീക്കിവയ്ക്കണം. അമ്മയുടെ തലയിലേക്കു മാത്രം എല്ലാ ദൗത്യങ്ങളും ഏൽപിച്ച് അച്ഛൻ പിന്നിലേക്കു മാറുന്നതു ശരിയല്ല. കുട്ടികളിൽ അച്ഛനും അമ്മയ്ക്കും തുല്യ ഉത്തരവാദിത്തമുണ്ട്. പാചകത്തിലും വീട്ടുകാര്യങ്ങളിലും കുട്ടികളെ നോക്കുന്നതിലും സ്ത്രീയും പുരുഷനും തുല്യ ചുമതലകൾ ഏറ്റെടുക്കണം. കുട്ടിയുടെ മുന്നിൽ വച്ച് ആരോഗ്യകരമായ ആശയവിനിമയം എങ്ങനെ വേണം എന്നു മാതാപിതാക്കൾ കാണിച്ചു കൊടുക്കണം. പ്രതിപക്ഷ ബഹുമാനമുള്ള സംവാദരീതിയാണു കുട്ടികൾ കണ്ടു വളരേണ്ടത്. യുക്തിസഹമായി സംസാരിക്കാൻ കുട്ടികൾ പഠിക്കണം.
താൻ പറയുന്നതെല്ലാം ഭാര്യ അക്ഷരംപ്രതി അനുസരിക്കണമെന്നു ശഠിച്ചാൽ അത് ആരോഗ്യകരമല്ല. തിരിച്ചും അങ്ങനെ തന്നെ. സ്ത്രീകളുടെ ജൈവികമായ സവിശേഷതകൾ – ആർത്തവം, പ്രസവം തുടങ്ങിയവയെ അറിഞ്ഞിരിക്കണം. ആർത്തവത്തിനു മുൻപ് ഹോർമോൺ വ്യതിയാനം കൊണ്ടു സ്ത്രീകൾ ആശങ്കയോ സങ്കടമോ ഉത്കണ്ഠയോ പ്രകടിപ്പിച്ചേക്കാം. ചിലർക്ക് പ്രസവശേഷം വിഷാദമുണ്ടാകാം. ആർത്തവ വിരാമത്തിലും സ്ത്രീകൾക്കു മാനസിക സംഘർഷം ഉണ്ടാകാം. ഇതെല്ലാം മനസ്സിലാക്കേണ്ടതു പുരുഷന്റെ കടമയാണ്. സ്ത്രീകളോടൊപ്പം അവർ ചിന്തിക്കുന്ന കാലത്തേ സ്ത്രീശാക്തീകരണം പൂർത്തിയാകൂ. ഇതിനായി സ്കൂൾ കാലം മുതൽ തന്നെ ആരോഗ്യകരമായ ലൈംഗിക വിദ്യാഭ്യാസവും ആവശ്യമാണ്.