മേയ് മാസത്തിൽ അടിമക്കച്ചവടം പൊടിപൊടിക്കും; ഞങ്ങളുടെ ജഡങ്ങൾ അരുവികളിൽ ഒഴുകും
Mail This Article
ആവേശത്തിന്റെ നാളുകളില്‍ത്തന്നെയാണ് നിലവിളികള്‍ നിശ്ശബ്ദമാക്കപ്പെടുന്നത്. ആരവങ്ങളുടെ ദിവസങ്ങളില്‍ത്തന്നെയാണ് ദീനരോദനങ്ങള്‍പോലും അടിച്ചമര്‍ത്തപ്പെടുന്നത്. അമേരിക്കയിലെ കെന്റുക്കി സംസ്ഥാനത്തെ ലൂയിവില്‍ പ്രദേശത്തെങ്കിലും കാര്യങ്ങള്‍ അങ്ങനെയാണ്. വര്‍ഷത്തിന്റെ മിക്ക ദിനങ്ങളിലും ഉറങ്ങിക്കിടക്കുന്ന ലൂയിവില്‍ ഉണരുന്നതും ലോകത്തിന്റെ ശ്രദ്ധ ആകര്‍ഷിക്കുന്നതും മേയ് മാസത്തില്‍. മേയിലെ ആദ്യ ശനിയാഴ്ച അമേരിക്കയിലെ ഏറ്റവും വലിയ കായികവിനോദങ്ങളിലൊന്നിന് ലൂയിവില്‍ സാക്ഷിയാകുന്നു.
ലോകത്തെ ഏറ്റവും വലിയ കുതിരയോട്ടമല്‍സരം. കെന്റുക്കി ഡെര്‍ബി എന്നറിയപ്പെടുന്ന മല്‍സരത്തില്‍ പങ്കെടുക്കാനും കാണികളാകാനും വേണ്ടി ഏതാണ്ട് ഒന്നരലക്ഷത്തോളം പേര്‍ ചര്‍ച്ചില്‍ ഡൗണ്‍സ് റേസ് ട്രാക്കിലേക്ക് എത്തുന്നു. അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളില്‍നിന്നും ഒപ്പം ഓസ്ട്രേലിയയില്‍ നിന്നുപോലും കായികപ്രേമികളെത്താറുണ്ട്. കുതിരയോട്ടത്തിന്റെ ആവേശനിമിഷങ്ങളിലേക്ക് ലൂയിവില്‍ കണ്ണും കാതും അര്‍പ്പിക്കുമ്പോള്‍ പശ്ചാത്തലത്തില്‍ നടക്കുന്നത് മനുഷ്യക്കടത്ത്.
ആധുനിക ലോകത്തിലെ അടിമക്കച്ചവടം. വൈനിന്റെ ലഹരിയില്‍ പുകവലിച്ചു നടക്കുന്ന മനുഷ്യ ക്കടത്തുകാരും ഇടനിലക്കാരും കൂടി നൂറുകണക്കിനു പെണ്‍കുട്ടികളെയും യുവതികളെയും ഇരകളാക്കുന്നു. കുതിരകളെയെന്നപോലെ അവരെ വില്‍ക്കുന്നു,വാങ്ങുന്നു. വാങ്ങിയാല്‍ വളര്‍ത്തുമൃഗത്തിനെയെന്നപോലെ സ്വന്തമാക്കി പീഡിപ്പിക്കുന്നു. മര്‍ദിക്കുന്നു. മൃഗയാവിനോദങ്ങള്‍ക്ക് ഇരകളാക്കുന്നു. എല്ലാത്തവണയുമെന്ന പോലെ ഇത്തവണയും മേയ് മാസമെത്തിയപ്പോള്‍ കെന്റുക്കി ഡെര്‍ബി ഉണര്‍ന്നു. ഒപ്പം മനുഷ്യക്കടത്തു കാരുടെ മാഫിയയും.
ലക്ഷങ്ങളുടെ ലാഭകരമായ ബിസിനസ്
ലക്ഷങ്ങളാണ് മനുഷ്യക്കടത്തില്‍ കൈമാറ്റം ചെയ്യപ്പെടുന്നത്. പക്ഷേ ഇരകളുടെ ജീവിതമാണ് ദയനീയം. പീഡനങ്ങളും മര്‍ദനങ്ങളും മാത്രമാണ് അവര്‍ക്കു മിച്ചം ലഭിക്കുന്നത്. പല കൈ മറിഞ്ഞും പലരുടെ മാംസദാഹത്തിന് ഇരയായും അവര്‍ നയിക്കുന്നത് നരകതുല്യജീവിതം. ഓരോ തവണ തുക പറഞ്ഞ് വാങ്ങിക്കുമ്പോഴും പുതിയ ഉടമസ്ഥന്‍ ഇരകളുടെ ശരീരത്തില്‍ ഉടമസ്ഥതയുടെ അടയാളമായി പച്ച കുത്തും. ആറും ഏഴും തവണ പച്ചകുത്തപ്പെട്ടവരാണ് ലൂയിവില്ലില്‍ മേയ് മാസത്തില്‍ കാണപ്പെടുന്ന പല യുവതികളും. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളും ഇക്കൂട്ടത്തിലുണ്ട്. ഒരു രാത്രിയിൽത്തന്നെ 30 തവണയൊക്കെ പീഡനത്തിന് വിധേയരായവരും ഇക്കൂട്ടത്തിലുണ്ട്.
അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുമാണ് ഇരകളെ എത്തിക്കുന്നത്. ഇതേക്കുറിച്ച് മാധ്യമ വാര്‍ത്തകള്‍ വന്നതിനുശേഷം ഇത്തവണ അധികൃതര്‍ നടപടികള്‍ ശക്തമാക്കിയിരുന്നു. നാലു മനുഷ്യക്കടത്തുകാരെ അറസ്റ്റ് ചെയ്തു. 13 പേരെ തിരിച്ചറിഞ്ഞു. എങ്കിലും നിയമത്തിലെ പഴുതുകള്‍ ഉപയോഗിച്ച് പുതിയ ഇരകളുണ്ടായിക്കൊണ്ടേയിരിക്കുന്നു. അവരുടെ നിലവിളികള്‍ ആരും കേള്‍ക്കാതെയും പോകുന്നു.
പ്രണയത്തിന്റെ ഇര
ഡിക്കിന്‍സന്‍ എന്ന യുവതിയുടെ കഥ ഒരേസമയം കെന്റുക്കിയുടെ ആവേശത്തിന്റെയും പുറത്തുവരാത്ത നിലവിളിയുടേതുമാണ്. ചിക്കാഗോയില്‍നിന്നാണ് വര്‍ഷങ്ങള്‍ക്കുമുമ്പ് അവര്‍ ലൂയിവില്ലില്‍ എത്തുന്നത്. ഇതിനോടകം അഞ്ചു തവണ അവരുടെ ശരീരത്തില്‍ പച്ചകുത്തിയിട്ടുണ്ട്. നാലെണ്ണം മായ്ച്ചുകളഞ്ഞെങ്കിലും വലതുകാലിന്റെ തുടയില്‍ അവശേഷിക്കുന്ന കിരീടം വച്ച നീലക്കിളിയുടെ ചിത്രം ഇപ്പോഴും മാഞ്ഞുപോയിട്ടില്ല.
ഒരിക്കല്‍ ഒരു പിസ്റ്റള്‍ വായിലേക്ക്തി രുകിക്കയറ്റിയതിനെ ത്തുടര്‍ന്ന് ഡിക്കിന്‍സണിന് പല്ലുകള്‍ വരെ മാറ്റിവയ്ക്കേ ണ്ടിവന്നു. മര്‍ദനങ്ങള്‍ക്കൊപ്പം കാറില്‍നിന്ന് പുറത്തേക്ക് വലിച്ചെറിയപ്പെടുകയും ചെയ്തു. ഇരകള്‍ക്കുവേണ്ടി ആരും സംസാരിക്കാനില്ല എന്നതാണ് യാഥാര്‍ഥ്യം. പലപ്പോഴും മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അടിമകള്‍ എന്നു വിശേഷിപ്പിച്ച് ഇത്തരക്കാരെ അവഗണിക്കുകയാണ് ചെയ്യുന്നത്. വെളുത്ത വര്‍ഗക്കാരും ആഫ്രിക്കന്‍ അമേരിക്കക്കാരുമെല്ലാം ഇരകളാക്കപ്പെടുന്നുണ്ട്.
17-ാം വയസ്സിലാണ് ഡിക്കിന്‍സൺ എന്ന യുവതിയുടെ ദുരിത കഥ തുടങ്ങുന്നത്. പ്രണയത്തിലായിരുന്നു തുടക്കം. മികച്ച ജീവിതം പ്രതീക്ഷിച്ചാണ് അന്ന് ആ പെണ്‍കുട്ടി കാമുകന്റെ വാക്കുകളില്‍ വീണുപോയത്. കാമുകനുവേണ്ടി ഒരിക്കല്‍ ഒരു ഹോട്ടലില്‍ പോയപ്പോഴാണ് ആദ്യത്തെ മനുഷ്യക്കടത്തുകാരന്റെ കയ്യില്‍ അവര്‍ അകപ്പെടുന്നത്. വിവരം കാമുകനോടു പറഞ്ഞപ്പോള്‍ അവഗണനയും മര്‍ദനവും മാത്രമാണ് ലഭിച്ചത്. ഒരു ദിവസം പത്തും മുപ്പതും തവണ താന്‍ കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഡിക്കിന്‍സൺ തന്നെ സമ്മതിക്കുന്നു. വസ്ത്രങ്ങളും മറ്റും സമ്മാനമായി ലഭിക്കുമെങ്കിലും പലപ്പോഴും പറഞ്ഞുറപ്പിച്ച പണം പോലും കിട്ടാറില്ല. അവസാനം തന്നെ വാങ്ങിയ മനുഷ്യക്കടത്തുകാരനില്‍ നിന്ന് ഡിക്കിന്‍സണ് അനുഭവിക്കേണ്ടി വന്നത് കൊടിയ യാതനകള്‍. ഒരിക്കല്‍ അയാള്‍ അവരെ ജീവനോടെ മണ്ണില്‍ കുഴിച്ചിടുക വരെ ചെയ്തു.
അനാഥശവങ്ങള്‍ ഞങ്ങള്‍ തന്നെ
പാറക്കെട്ടുകളില്‍ അനാഥ ശവങ്ങളായി ഉപേക്ഷിക്കപ്പെടുന്നത് ഞങ്ങളെപ്പോലുള്ള സ്ത്രീകളാണ്. പേര് എന്താണെന്നുപോലും പുറത്തുവരാതെ നദികളില്‍ ഒഴുകിനടക്കുന്നത് ഞങ്ങളെപ്പോലെയുള്ളവരുടെ മൃതദേഹങ്ങള്‍. നിരത്തുകളിലേക്ക് വലിച്ചെറിയപ്പെടുന്നതും ഞങ്ങള്‍ തന്നെ. പക്ഷേ, ഞങ്ങള്‍ വലിച്ചെറുഞ്ഞുകളയാനുള്ള മാലിന്യം മാത്രമല്ല. ഞങ്ങള്‍ക്കു കുട്ടികളുണ്ട്. ഞങ്ങള്‍ മക്കളാണ്. ഞങ്ങള്‍ക്കുമുണ്ട് സ്നേഹവും വാത്സല്യവുമുള്‍പ്പെടെയുള്ള വികാരങ്ങള്‍- ഡിക്കിന്‍സണിന്റെ വാക്കുകളില്‍ അമര്‍ഷവും വേദനയുമുണ്ട്. നിസ്സഹായതയും.
കെന്റുക്കിയില്‍നിന്നു കുറച്ചുമാറിയുള്ള ഒരു വീട്ടിലാണിപ്പോള്‍ ഡിക്കിന്‍സൺ താമസിക്കുന്നത്. എസ്തേര്‍ ഹൗസ് എന്നു വിളിക്കപ്പെടുന്ന ഇവിടം ഇരകളെ പുനരധിവസിപ്പിക്കുകയാണ്. സുരക്ഷിതരായി സ്നേഹത്തോടെ ജീവിക്കാനുള്ള ഇടം. ജീവിതത്തെ സ്നേഹിക്കാനും മുറിവുകളുണക്കാനും വിശ്രമത്തിനുശേഷം വീണ്ടും ജോലിക്കു പോയി അന്തസ്സോടെ ജീവിക്കാനും പ്രാപ്തരാക്കുന്ന ഇടത്താവളം.
സുമനസ്സുകളായ മനുഷ്യരുടെ സാമ്പത്തിക സാഹയത്തോടെ യാണ് എസ്തര്‍ ഹൗസ് പ്രവര്‍ത്തിക്കുന്നത്. ഞാന്‍ ഒരു ഇരയാണ്; യോദ്ധാവും- ഡിക്കന്‍സൺ പറയുന്നു. അവരുടെ കൂടെയുള്ള വരും. നരകമാക്കപ്പെട്ട ജീവിതത്തില്‍ നിന്ന് അവര്‍ തിരിച്ചുനടക്കുകയാണ്. പുതു ജീവിതത്തിലേക്ക്.