ADVERTISEMENT

സമ്പന്നമായ ചരിത്രത്തിന്റെ നാടാണ് ഇന്ത്യ; ചരിത്രസ്മാരകങ്ങളുടെയും. ചരിത്രത്തിലാദ്യമായി രാജ്യത്തെ ഒരു ചരിത്രസ്മാരകത്തിൽ മുലയൂട്ടൽ കേന്ദ്രം സ്ഥാപിക്കുന്നു. പ്രണയത്തിന്റെ അനശ്വര സ്മാരകമായ താജ് മഹലിലാണ് മൂലയൂട്ടൽ കേന്ദ്രം വരുന്നത്. ജൂലൈ മാസത്തോടെ ഇത് യാഥാർഥ്യമാവുമെന്നു പറയുന്നു ഇന്ത്യൻ പുരാവസ്തു വകുപ്പ് അധികൃതർ. 

താജ്മഹലിലെ നിത്യസന്ദർശകനും പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥനുമായ വസന്ത് കുമാർ സ്വർങ്കർ എന്നയാളാണ് ആശയത്തിനു പിന്നിൽ. ഇക്കഴിഞ്ഞ ദിവസം ആൾക്കൂട്ടത്തിന്റെ കണ്ണുവെട്ടിച്ച്, ഗോവണിക്കു താഴയുള്ള ഇരുട്ടിൽ അഭയം തേടി ഒരു അമ്മ തന്റെ കുട്ടിയെ മൂലയൂട്ടുന്നത് വസന്ത് കുമാർ കണ്ടിരുന്നു. ഭർത്താവിന്റെ സംരക്ഷണവും കാവലും ഉണ്ടായിട്ടും, സമാധാനമായി മുലയൂട്ടാൻ ആ അമ്മ കഷ്ടപ്പെടുന്നതു കണ്ടപ്പോഴാണ് ചരിത്ര സ്മാരകം കാണാൻ വരുന്ന പല അമ്മമാർക്കും ഇത്തരത്തിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് വസന്ത് കുമാർ മനസ്സിലാക്കയത്. അതോടെ, ചരിത്രത്തിലാദ്യമായി പുതിയ ആശയം യാഥാർഥ്യമാക്കാൻ അദ്ദേഹം മുന്നിട്ടിറങ്ങുകയായിരുന്നു. 

17–ാം നൂറ്റാണ്ടിലാണ് പ്രിയപ്പെട്ട ഭാര്യ മുംതാസ് മഹലിനുവേണ്ടി ചക്രവർത്തിയായിരുന്ന ഷാജഹാൻ താജ്മഹൽ നിർമിക്കുന്നത്. ആഗ്ര നഗരത്തിൽ യമുനാ നദിയുടെ തീരത്താണ് ലോകാദ്ഭുതങ്ങളിലൊന്നായി വാഴ്ത്തപ്പെടുന്ന താജ്മഹൽ. പ്രസവത്തോടനുബന്ധിച്ചാണ് മുംതാസിന് മരണം ഏറ്റുവാങ്ങേണ്ടിവന്നത്. മുഗൾ സമ്രാജ്യം ചരിത്രത്തിൽ അവശേഷിപ്പിച്ച ശിൽപസൗന്ദര്യം കൂടിയാണ് ഓരോ വർഷവും ലക്ഷക്കണക്കിന് യാത്രക്കാർ സന്ദർശിക്കുന്ന താജ്. 

താജിനു പുറമെ, ആഗ്രയിലെ മറ്റു രണ്ടു ചരിത്ര സ്മാരകങ്ങളിലും എത്രയും വേഗം മുലയൂട്ടൽ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നും വസന്ത് കുമാർ പറയുന്നു. ഇതൊരു മാതൃകയാണ്. ഇത് പിന്തുടർന്ന് രാജ്യത്തെ എല്ലാ ചരിത്രസ്മാരകങ്ങളിലും മുലയൂട്ടൽ കേന്ദ്രങ്ങൾ യാഥാർഥ്യമാകണം – വസന്ത് കുമാർ പറയുന്നു. 

അടുത്തിടെ കൊൽക്കത്തയിലെ ഒരു മാളിൽ മൂലയൂട്ടൽ കേന്ദ്രം ഇല്ലാതിരുന്നതിന്റെ പേരിൽ പരാതി പറഞ്ഞ വീട്ടമ്മയെ മാൾ അധികൃതർ പരിഹസിക്കുകയുണ്ടായി. എന്തായാലും താജിൽ കൊച്ചുകുട്ടികളുമായി വരുന്ന അമ്മമാർക്ക് ഇനി സമാധാനത്തോടെ വെണ്ണക്കല്ലിൽ പടുത്തുയർത്തിയ ശിൽപവൈഭവം കാണാം. ആസ്വദിക്കാം. സമാധാനത്തോടെ തിരിച്ചുപോകാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com