മിനിമലിസം ശീലിക്കാൻ സ്ത്രീകൾ മാതൃകയാക്കേണ്ടതിവരെ;സ്റ്റീവ് ജോബ്സും സക്കർബർഗും ചെയ്യുന്നത്
Mail This Article
മിനിമലിസം ഒരു വ്യക്തിയില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന സവിശേഷത മാത്രമല്ല, കുടുംബത്തിലേക്കും സമൂഹത്തിലേക്കും വ്യാപിപ്പിക്കാവുന്ന ശൈലിയും ജീവിതരീതിയുമാണ്. സൗന്ദര്യവും മഹത്വവും നിറഞ്ഞ ജീവിതത്തിന്റെ കൊടിയടയാളം. ഇന്നത്തെ കാലത്തിന്റെ ആദര്‍ശപുരുഷന്‍മാര്‍ ഉള്‍പ്പെടെ പിന്തുടരുന്ന ഭാവിയുടെ ആദര്‍ശം. സന്തോഷത്തിന്റെയും മനസമാധാനത്തിന്റെയും പ്രത്യയശാസ്ത്രം.
ഒരു കുടുംബത്തിന് എങ്ങനെയാണ് മിനിമലിസത്തിന്റെ വഴിയിൽ യാത്ര ചെയ്യാൻ കഴിയുക.? കുടുംബത്തില്‍ കുട്ടികൾ ഉൾപ്പെടെ എല്ലാവർക്കും മിനിമലിസത്തെക്കുറിച്ച് ഏകദേശ ധാരണ വേണം. അമിതമായി കൈവശം വച്ചിട്ടുള്ള എല്ലാത്തിനെയും ഒഴിവാക്കാൻ മാനസികമായി തയാറെടുക്കണം. വൃത്തിയുടെയും അടുക്കിന്റെയും ചിട്ടയുടെയും റാണിയായ മേരി കോന്റിന്റെ അഭിപ്രായത്തിൽ നന്ദി പറഞ്ഞു വേണം സാധനങ്ങളെ ഒഴിവാക്കേണ്ടത്.
ചാരിറ്റി ഹോം എന്ന സംവിധാനം ഇല്ലാത്ത േകരളത്തിൽ ആവശ്യക്കാർക്ക് നൽകിക്കൊണ്ട് സാധനങ്ങൾ ഒഴിവാക്കാം. ആറ് മാസമായി ഉപയോഗിക്കാത്ത വസ്ത്രങ്ങേളോ, ചെരുപ്പോ ഇനി ഉപയോഗിക്കണമെന്നില്ല.
ഓരോന്നിനും അതിന്റേതായ സ്ഥാനമുണ്ട് മിനിമലിസ്റ്റിന്റെ വീട്ടിൽ. സ്ഥിരമായി ഉപയാഗിക്കുന്ന വസ്തുക്കൾ മാത്രമേ ഇവരുടെ വീട്ടിൽ ഉണ്ടാകൂ. പത്തു വർഷമായി കൈ കൊണ്ട് തൊടാത്ത തയ്യൽ മെഷീനോ, ഒരു കാലഘട്ടത്തിന്റെ ഓർമയ്ക്കായി കൂടെ കൂട്ടിയ ചലിക്കാത്ത ഇലക്ട്രോണിക്സ് ഉപകരണങ്ങളോ ഒക്കെ ഇത്തരക്കാരുടെ വീട്ടില്‍ ഉണ്ടാവില്ല.
ആപ്പിള്‍ സ്ഥാപകൻ സ്റ്റീവ് ജോബ്സ് ഒന്നാന്തരം മിനിമലിസ്റ്റിക്കായിരുന്നു. അദ്ദേഹത്തിന്റെ വീട്ടിൽ ഫർണിച്ചർ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. കിടപ്പുമുറിയിൽ കട്ടില്‍ കൂടാതെ ഒരു സൈഡ് ടേബിളും ടേബിൾ ലാംപും മാത്രം. ഫേസ് ബുക്ക് സി ഇ ഒ സക്കർബർഗ് ആണ് മിനിമലിസ്റ്റിക്കിന്റെ വഴിയിൽ നടക്കുന്ന മറ്റൊരു പ്രമുഖൻ. ചാരനിറത്തിലുള്ള ടീഷർട്ടും സൂട്ടും ധരിക്കുന്ന ഇദ്ദേഹം വില കുറഞ്ഞ ആഡംബരരഹിത കാറുകളാണ് ഉപയോഗിക്കുന്നത്.
മിനിമലിസം എന്നത് മനസ്സിന്റെ അവസ്ഥയാണ്. കൺസ്യൂമറിസത്തിന്റെ പെട്ടന്നുള്ള ഇരകൾ സ്ത്രീകളാണ്. ഓരോ സ്ത്രീയും വരുന്ന ആറ് മാസത്തേക്ക് തനിക്കും തന്റെ വീടിനും ആവശ്യമുള്ള സാധനങ്ങൾ മാത്രമേ വാങ്ങൂ എന്നൊരു തീരുമാനം എടുത്തു നടപ്പിലാക്കിയാല്‍ അതുണ്ടാക്കുന്ന മാറ്റം. ചെറുതല്ല. മനസ്സമാധാനത്തിന്റെ താക്കോലാണ് മിനിമലിസം.