പ്രസവ സമയത്തെ ചൂഷണം; ക്രൂരത തുറന്നു പറഞ്ഞ് സ്ത്രീകൾ
Mail This Article
പ്രസവ സമയത്ത് ശാരീരികവും മാനസികവുമായ ചൂഷണത്തിനു വിധേയരാകുന്ന സ്ത്രീകളെക്കറിച്ചുള്ള ഒരു ഡോക്ടറുടെ കുറിപ്പ് ചര്‍ച്ചയാകുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളിലെ സ്ത്രീകളുടെ ദയനീയ അവസ്ഥയെക്കുറിച്ചാണ് കുറിപ്പെങ്കിലും ലോകവ്യാപകമായി ഈ അവസ്ഥ നിലനില്‍ക്കുന്നതായി പല ആരോഗ്യ പ്രവര്‍ത്തകരും സാക്ഷ്യപ്പെടുത്തുന്നു. കൂടുതല്‍ വെളിപ്പെടുത്തലുകളും വിവരങ്ങള്‍ പുറത്തുവരുന്നതോടെ ലോകം അടിയന്തരമായി പരിഗണിക്കേണ്ട വിഷയമായി മാറുകയാണ് പ്രസവ സമയത്ത് സ്ത്രീകള്‍ നേരിടുന്ന ചൂഷണം.
കുട്ടികളെ പുറത്തെടുക്കാന്‍ സഹായിക്കുകയാണെന്ന നാട്യത്തില്‍ ഡോക്ടര്‍മാരും അവരുടെ സഹായികളും സ്ത്രീകളോട് ആക്രോശിക്കുകയും അവരുടെ കാലുകളില്‍ ശക്തിയായി അടിക്കുകയും ചെയ്യുന്നതിന് സാക്ഷിയായിട്ടുണ്ടെന്നാണ് ഒരു ഡോക്ടര്‍ സാക്ഷ്യപ്പെടുത്തുന്നത്. അത്തരം കാഴ്ചകള്‍ തന്നെ അസ്വസ്ഥനാക്കിയെന്നും പരീശീലനത്തിന്റെ ഭാഗമായി ലേബര്‍ റൂമിലുണ്ടായിരുന്ന ഡോക്ടര്‍ പറയുന്നു.
ദ് ലാന്‍സെറ്റ് എന്ന മാസികയില്‍ സ്ത്രീകള്‍ നേരിടുന്ന ചൂഷണത്തെക്കുറിച്ച് വന്ന ഒരു ലേഖനം വായിച്ചപ്പോഴാണ് സ്വന്തം അനുഭവം തുറന്നെഴുതി ഡോക്ടര്‍ രംഗത്തുവന്നത്. ഘാന, ഗയാന, മ്യാന്മര്, നൈജീരിയ തുടങ്ങിയ രാജ്യങ്ങളില്‍ മൂന്നിലൊന്ന് സ്ത്രീകള്‍ പ്രസവ സമയത്ത് ചൂഷണം നേരിടുന്നതായാണ് ലാന്‍സറ്റിലെ പഠനം വ്യക്തമാക്കുന്നത്. 35 ശതമാനം പേര്‍ക്ക് ശാരീരിക പീഡനമാണെങ്കില്‍ 75 ശതമാനം പേര്‍ക്ക് അവരുടെ അനുമതിയില്ലാതെ സ്വന്തം ശരീരത്തില്‍ പീഡനം ഏറ്റുവാങ്ങേണ്ടിവരുന്നതായും റിപ്പോര്‍ട്ട് പറയുന്നു. അനുവാദമില്ലാതെ സിസേറിയന് നടത്തുന്നതും ചൂഷണത്തിന്റെ പരിധിയില്‍തന്നെയാണ് വരുന്നത്. ബില്ലില്‍ കാണിച്ച തുക അടയ്ക്കാനാവാതെ വരുമ്പോള്‍ അമ്മയെയും കുട്ടിയെയും ആശുപത്രിയില്‍ തടഞ്ഞുവയ്ക്കുന്ന സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ടത്രേ.
എത്യോപ്യയില്‍ ചൂഷണത്തെക്കുറിച്ചുള്ള ഒരു സര്‍വേയില്‍ പങ്കെടുത്ത 84 ശതമാനം സ്ത്രീകളും തങ്ങള്‍ ചൂഷണത്തിനു വിധേയരായെന്ന് അഭിപ്രായപ്പെട്ടു. തങ്ങളുടെ അനുമതിയില്ലാതെ നടത്തിയ പ്രവര്‍ത്തനങ്ങളും കൂടി ഉള്‍പ്പെടുത്തിയാണ് ചൂഷണത്തിന്റെ കണക്ക്. 2018-ല്‍ ജര്‍മനിയില്‍ സാലി ഗിംസണ്‍ എന്ന സ്ത്രീ തനിക്ക് മതിയായ അനസ്തീഷ്യ നല്‍കാതെ പ്രസവമെടുത്ത സംഭവം പുറത്തുകൊണ്ടുവന്നിരുന്നു. കൂടുതല്‍ അളവില്‍ അനസ്തീഷ്യ നല്കുന്നതിനു മുമ്പായി കടുത്ത വേദനയിലേക്ക് അവര്‍ ഉണരുകയായിരുന്നു. തങ്ങള്‍ കുറ്റക്കാര്‍ അല്ലെന്നായിരുന്നു അന്നും ഡോക്ടര്‍മാരുടെ ഭാഷ്യം.
കാനഡയില്‍ സര്‍വേയില്‍ പങ്കെടുത്ത 24 ശതമാനം പേര് പറഞ്ഞത് തങ്ങളുടെ ശരീരത്തെ പ്രസവസമയത്ത് ഡോക്ടര്‍മാര്‍ ബഹുമാനിച്ചില്ലെന്നാണ്. അമേരിക്കയിലാകട്ടെ ചൂഷണത്തിന് വര്‍ണവിവേചനത്തിന്റെ അധികമാനം കൂടിയുണ്ട്. കറുത്ത വര്‍ഗത്തില്‍പെട്ട സ്ത്രീകളാണ് അവിടെ കൂടുതല്‍ ചൂഷണത്തിനു വിധേയരാകുന്നത്. സഹായത്തിനുവേണ്ടി നിലവിളിച്ചാല്‍പ്പോലും തിരിഞ്ഞുനോക്കാത്തതുമുതല് അവഗണനയും ആക്രോശവും എല്ലാം അവര്‍ നേരിടേണ്ടിവരാറുണ്ടത്രേ.
21-ാം നൂറ്റാണ്ടില്‍ സ്ത്രീകള്‍ക്ക് പ്രസവ സമയത്ത് ഒരു തരത്തിലുള്ള അവഗണനയും നേരിടേണ്ടിവരരുതെന്നാണ് ആരോഗ്യരംഗത്തെ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. വിദഗ്ധ ഡോക്ടര്‍മാരുടെ സാന്നിധ്യത്തിലായിരിക്കണം പ്രസവം എന്നും ഒരു തരത്തിലുള്ള ചൂഷണവും ഉണ്ടാകരുതെന്നും ഊന്നിപ്പറയുന്നുമുണ്ട്. ലോകാരോഗ്യ സംഘടനയും ഇക്കാര്യത്തെക്കുറിച്ച് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സ്ത്രീകളെ ബഹുമാനിക്കുകയും അവരുടെ അവകാശങ്ങളെ മാനിക്കുകയും ചെയ്യണമെന്നാണ് സംഘടന പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നത്. ആശുപത്രികളില്‍ പരാതിപ്പുസ്തകങ്ങള് നിര്‍ബന്ധമായും വേണമെന്നും രോഗിയില്‍ നടത്തുന്ന എല്ലാത്തരം ശസ്ത്രക്രിയകള്‍ക്കും ബന്ധുക്കളില്നിന്നുള്പ്പെടെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും റിപ്പോര്‍ട്ട് പറയുന്നു. പല രാജ്യങ്ങളിലും വിദ്യാഭ്യാസമില്ലാത്ത സ്ത്രീകള്‍ക്കാണ് ചൂഷണം നേരിടേണ്ടിവരുന്നത്. വിദ്യാഭ്യാസം നല്കി സ്ത്രീകളെ ശാക്തീകരിക്കുകയാണെങ്കില്‍ ഒരു പരിധി വരെ ചൂഷണം കുറയ്ക്കാമെന്നും പഠനം പറയുന്നു.
English Summary : Abuse, Pregnant Woman, Child Birth, Harassment