രാത്രി നഗരം സുന്ദരം; നിർഭയദിനത്തിലെ രാത്രി നടത്തത്തെക്കുറിച്ച് സ്ത്രീകൾ
Mail This Article
നിർഭയ ദിനത്തിൽ നടന്ന രാത്രി നടത്തത്തിൽ പങ്കെടുത്ത വിവിധ ജില്ലയിലെ സ്ത്രീകൾക്ക് പങ്കുവയ്ക്കാനുണ്ടായിരുന്നത് വേറിട്ട അനുഭവങ്ങൾ. കൂട്ടം കൂടി നടന്നിട്ടും, പൊലീസ് ഉൾപ്പെടെയുള്ള അധികാരികൾ വിളിപ്പാടകലെയുണ്ടായിട്ടും തുറിച്ചു നോക്കാനും, കമന്റ് പറയാനും ശ്രമിച്ച ചില പുരുഷന്മാരെക്കുറിച്ചുള്ള ആശങ്കൾ പലരും പങ്കുവച്ചു. എന്നാൽ ഇത്തരം പ്രതികരണങ്ങൾ തങ്ങളെ പിന്തിരിപ്പിക്കില്ലെന്നും ഇനിയും രാത്രി യാത്രകൾ വേണമെന്നുമാണ് നടത്തത്തിൽ പങ്കെടുത്ത സ്ത്രീകളുടെ അഭിപ്രായം.
വിവിധ ജില്ലകളിലെ രാത്രി നടത്തമിങ്ങനെ
രാത്രിയെ പകലാക്കി നിർഭയം
വർധിക്കുന്ന അതിക്രമങ്ങൾക്കെതിരെ പൊതു ബോധം ഉണർത്തി രാത്രിയെ പകലാക്കി സ്ത്രീകളുടെ രാത്രി നടത്തം . രാത്രി നഗരത്തിലെ റോഡുകളിൽ സ്ത്രീ സാന്നിധ്യം കുറവാണെന്ന പതിവ് നിർഭയ ദിനമായ ഞായറാഴ്ച തലസ്ഥാനത്തെ സ്ത്രീ സമൂഹം തിരുത്തിയെഴുതി. പൊതുഇടം എന്റേതും എന്നു പ്രഖ്യാപിച്ച യാത്രയിൽ തിരുവനന്തപുരത്ത് അണിനിരന്നത് ഒട്ടേറെപ്പേർ. ശിശുവികസന വകുപ്പിന്റെ രാത്രി നടത്തം ആശയത്തിനു പിന്തുണ നൽകി മാനവീയം വീഥി ഉൾപ്പടെ ആറു കേന്ദ്രങ്ങളിലും വലിയ പങ്കാളിത്തമുണ്ടായി.
രാത്രി കാലങ്ങളിൽ പുറത്തിറങ്ങി നടക്കുന്നതിൽ സ്ത്രീകൾക്കുള്ള പ്രയാസങ്ങളും പേടിയും മാറ്റിയെടുക്കുക, ശല്യപ്പെടുത്തുന്നവർക്കെതിരെ കർശന നടപടി യെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയായിരുന്നു രാത്രി നടത്തം. പൊലീസിന്റെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയായിരുന്നു പരിപാടി. നഗരത്തിലെ രാത്രി നടത്തത്തിൽ ഭാഗ്യലക്ഷ്മി, വിധുവിൻസന്റ്, ബീനാപോൾ, ടി.വി.അനുപമ, വനിത കമ്മിഷൻ അംഗം ഇ.എം.രാധ , മാലാപാർവതി എന്നിവരും പങ്കെടുത്തു.
11.05 ന് മാനവീയം വീഥിയിൽ മൂന്നു പേർ വീതം നടത്തം തുടങ്ങി. 12.30 ന് വഴുതക്കാട് –മേട്ടുക്കട വഴി തമ്പാനൂരിൽ അവർ എത്തി. തീരുമാനിച്ച വഴി ഉപേക്ഷിച്ചു ചിലർ ഇടവഴികൾ വഴിയും നടന്നു. പൊലീസിന്റെ പട്രോളിങ് വാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു നടത്തം. പുലർച്ചെ തമ്പാനൂരിൽ ഒത്തുചേർന്ന അവർ നേരിട്ട തുറിച്ച നോട്ടങ്ങളെക്കുറിച്ചു ആശങ്ക പങ്കിട്ടു കൊണ്ടാണു പിരിഞ്ഞത്. രാത്രി 11 മുതൽ ഒന്നു വരെയായിരുന്നു നടത്തം. ജില്ലയിൽ 22 കേന്ദ്രങ്ങളിലും മികച്ച പങ്കാളിത്തമുണ്ടായി.
നഗരത്തിൽ മാനവീയം വീഥിയായിരുന്നു പ്രധാന കേന്ദ്രം. സാമൂഹ്യനീതി വകുപ്പ് സ്‌പെഷൽ സെക്രട്ടറി ബിജു പ്രഭാകർ, വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ ടി.വി. അനുപമ, നിർഭയ സെൽ സ്റ്റേറ്റ് കോ-ഓർഡിനേറ്റർ സബീന എന്നിവർ നേതൃത്വം നൽകി. മാനവീയം വീഥി, സ്റ്റാച്യു, ജഗതി, കൈതമുക്ക്, മണക്കാട്, കിള്ളിപ്പാലം തുടങ്ങി ആറിടങ്ങളിലായിരുന്നു രാത്രി നടത്തം. വിളംബരം, പ്രതിജ്ഞ, കലാപരിപാടികൾ എന്നിവയോടെ പുലർച്ചെ ഒന്നിനു തമ്പാനൂരിൽ സമാപിച്ചു.
ആലംകോട്, തോട്ടവാരം, ചെറുവള്ളിമുക്ക്, മാമം, ടോൾ മുക്ക്, നാലുമൂക്ക്, ഗ്രാമത്തുംമുക്ക്, കൊല്ലമ്പുഴ, വർക്കല മുനിസിപ്പാലിറ്റി, വർക്കല ബ്ലോക്ക് പഞ്ചായത്ത്, വർക്കല റയിൽവേ സ്‌റ്റേഷൻ, വാമനപുരം, ഗോകുലം മെഡിക്കൽകോളജ്, വെഞ്ഞാറമൂട്, നെല്ലനാട് പഞ്ചായത്ത്, മാണിക്കൽ പഞ്ചായത്ത് എന്നിവിടങ്ങളിലും രാത്രിനടത്തം അരങ്ങേറി.
രാത്രി കീഴടക്കി പെൺനടത്തം
രാത്തെരുവുകളിൽ കൈകോർത്തു പിടിച്ച്, കൊച്ചുവർത്തമാനവും പൊട്ടിച്ചിരികളുമായി പെൺകൂട്ടം. കൊച്ചി നഗരത്തിൽ മൂന്നു കേന്ദ്രങ്ങളിൽ നടന്ന പെൺനടത്തത്തിൽ കൂട്ടുചേർന്നതു മുന്നൂറോളം പേർ. സ്ത്രീകൾക്കു രാത്രി സുരക്ഷിതയാത്ര എന്ന സന്ദേശവുമായി നിർഭയ ദിനത്തിൽ വനിത ശിശുവികസന വകുപ്പാണു സ്ത്രീകളുടെ രാത്രി നടത്തം സംഘടിപ്പിച്ചത്. ‘പൊതു ഇടം എന്റേതും’ എന്ന സന്ദേശം ഉദ്ഘാഷിച്ചായിരുന്നു ഒത്തു ചേരൽ.
രാത്രി 11ന് നഗരത്തിലെ മൂന്നു കേന്ദ്രങ്ങളിൽനിന്നാണു രാത്രിനടത്തം തുടങ്ങിയത്. പാലാരിവട്ടം, കുന്നുംപുറം, പുന്നയ്ക്കൽ എന്നിവിടങ്ങളിൽ നിന്നു ചെറുസംഘങ്ങളായി സ്ത്രീകൾ നടന്നു തുടങ്ങി. നടത്തത്തിനെത്തിയ മിക്കവർക്കും ഇത്തരമൊരു അനുഭവം ആദ്യം. ഇടപ്പള്ളി മണിമല റോഡിൽനിന്നു നടന്നെത്തിയ വിജയക്ഷ്മിക്കും റാണിക്കും എല്ലാ നഗരരാത്രികളും ഇതു പോലെ സുരക്ഷിതമാക്കാൻ കഴിയണമെന്നാണു പറയാനുണ്ടായിരുന്നു. ഇത്രയും സുരക്ഷയുള്ളപ്പോൾപ്പോലും ചില സ്ഥലങ്ങളിൽ കൂട്ടം ചേർന്നു നിന്ന ചെറുപ്പക്കാരുടെ പെരുമാറ്റത്തിൽ പന്തികേടു തോന്നി.
അപ്പോൾപ്പിന്നെ സുരക്ഷയില്ലെങ്കിൽ എന്തുണ്ടാകും എന്ന് എങ്ങനെ പറയാനാകും. പക്ഷേ നാം മുന്നിട്ടിറങ്ങിയാലേ ഇനിയുള്ള തലമുറയ്ക്കെങ്കിലും വഴികാട്ടാനാകൂ–വിജയലക്ഷ്മി പറഞ്ഞു. രാത്രി നഗരം സുന്ദരമാണെന്ന കാര്യത്തിൽ നടന്നെത്തിയ എല്ലാവർക്കും ഒരേ സ്വരം. പുരുഷൻമാരെപ്പോലെ സുരക്ഷിതമായി സ്ത്രീകൾക്കും രാത്രി പുറത്തിറങ്ങി നടക്കാനുള്ള സ്വാതന്ത്ര്യവും സൗകര്യവും ലഭിക്കുന്ന നാളുകൾ ഏറെ അകലെയല്ല എന്നാണു പലരുടെയും ഉറച്ച വിശ്വാസം.
പാതിരാത്രി പിന്നിട്ടപ്പോൾ വനിതകൾ ചങ്ങമ്പുഴ പാർക്കിൽ ഒത്തുകൂടി. അന്താക്ഷരിയും പാട്ടും കവിതകളുമായി എല്ലാവരും വട്ടമിട്ടിരുന്നു. കുന്നുംപുറത്തു നിന്നു പുറപ്പെട്ട സംഘമാണ് ഒടുവിലെത്തിയത്. ഇതിനു ശേഷം എല്ലാവരും മെഴുകുതിരി തെളിച്ചു പ്രതിജ്ഞ ചൊല്ലി. അസിസ്റ്റന്റ് കലക്ടർ എം.എസ്.മാധവിക്കുട്ടി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
മോശം അനുഭവം ഉണ്ടായെന്ന് പരാതി
കോട്ടയം∙ യാത്രയ്ക്കിടെ ജില്ലാ ആശുപത്രിക്കു സമീപം ഇടവഴിയിൽ മോശം അനുഭവം ഉണ്ടായതായി നഗരസഭാ കൗൺസിലർമാരായ ഷീജ അനിൽ, ജയശ്രീ ബിനു എന്നിവർ പരാതിപ്പെട്ടു. എന്നാൽ ഷാഡോ പൊലീസും വൊളന്റിയർമാരും മികച്ച സുരക്ഷയാണ് ഒരുക്കിയത്. വൊളന്റിയർ സംഘങ്ങൾ നിരത്തുകളിൽ പല ഇടയിടങ്ങളിലായി നേരത്തേ നിലയുറപ്പിച്ചു. അപായസന്ദേശം നൽകുന്നതിനായി വിസിലും നൽകി.
രാത്രി നടത്തം; കോട്ടയം കെഎസ്ആര്‍ടിസി ഭാഗത്തേക്കു നടന്നപ്പോൾ സംഭവിച്ചത് ഇങ്ങനെ...
രാത്രി നടപ്പിന് ഒപ്പം കൂടിയ മനോരമ ലേഖിക എഴുതുന്നു
അവൾക്കു മാത്രമുള്ള ആ അസമയത്തു കയ്യിൽ വിസിലുമായാണു നടത്തം ആരംഭിച്ചത്. കെഎസ്ആർടിസി ഭാഗം ലക്ഷ്യമാക്കിയാണ് നടത്തം. കൂട്ടിനു 2 കുടുംബശ്രീ അംഗങ്ങളും. 100 മീറ്റർ അകലത്തിൽ ഞങ്ങൾ നടന്നു. രാത്രി നടത്തത്തോടുള്ള പുച്ഛം പ്രകടിപ്പിച്ചു ബൈക്കിലെത്തിയ മൂവർ സംഘത്തിന്റെ വക ആദ്യകമന്റ്. എന്തിനാടീ മോളെ ഈ പണിക്കിറങ്ങിയതെന്ന്. കയ്യിലുള്ള വിസിലെടുത്ത് ചുണ്ടോടടുപ്പിച്ചപ്പൊഴേക്കും പൊന്നു പെങ്ങളെ ചതിക്കല്ലേ എന്നു പറഞ്ഞ് വിദ്വാന്മാർ സ്ഥലംവിട്ടു.
നടത്തം വിജനമായ വഴിയിലൂടെയാണ്. ആളുകളുടെ തുറിച്ചുനോട്ടം എല്ലാ കോണുകളിൽ നിന്നും. എല്ലാ റോഡുകളിലും പൊലീസ് വാഹനങ്ങൾ ഉണ്ട്. അടുത്തെത്തുന്ന ഇരുചക്ര വാഹനങ്ങൾ വേഗം കുറയ്ക്കുന്നുണ്ട്. പോകേണ്ടിടത്തു കൊണ്ടുചെന്നാക്കാം എന്നു പറഞ്ഞ ‘സുമനസ്സു’കളുമുണ്ട്. രാത്രി സഞ്ചാരം ഇന്നും സ്ത്രീകൾക്കു പേടി സ്വപ്നം തന്നെയാണ്. ഈ ചിന്ത മാറണമെങ്കിൽ ഇത്തരം നടത്തങ്ങൾ ആവർത്തിക്കപ്പെടണം എന്നാണ് പങ്കെടുത്ത സ്ത്രീകളുടെ അഭിപ്രായം. കെഎസ്ആർടിസി സ്റ്റാൻഡിനു സമീപം 3 തവണ വിസിലടിച്ചിട്ടും ആരും രക്ഷയ്ക്കെത്തിയില്ല എന്ന സങ്കടം മാത്രം ബാക്കിനിർത്തി നടപ്പ് ഗാന്ധി സ്ക്വയറിൽ അവസാനിപ്പിച്ചു.
ചങ്ങനാശേരി ∙ അർധരാത്രിയിലെ സ്വാതന്ത്ര്യം ആഘോഷമാക്കി സ്ത്രീകൾ തെരുവിലിറങ്ങി. ചിരിയും തമാശയും കഥകളുമായി പ്രായമായവർ ഉൾപ്പെടെ നിരത്തുകളിലൂടെ ഒറ്റയ്ക്കും കൂട്ടായും നടന്ന് രാവിനെ സജീവമാക്കി. പൊതു ഇടം എന്റേതും എന്ന മുദ്രാവാക്യവുമായി നിർഭയ ദിനമായ ഞായറാഴ്ച രാത്രിയിലാണ് സ്ത്രീകൾ രാത്രി യാത്ര നടത്തിയത്.
രാത്രി 11ന് ചങ്ങനാശേരിയിൽ പെരുന്ന റെഡ് സ്ക്വയർ, വട്ടപ്പള്ളി, എസ്ബി കോളജ്, അരമനപ്പടി, സന്താനഗോപാലമൂർത്തി ക്ഷേത്രം ജംക്‌ഷൻ എന്നിവിടങ്ങളിൽ നിന്ന് ആരംഭിച്ച യാത്രയിൽ ഇരുനൂറോളം സ്ത്രീകൾ പങ്കെടുത്തു. കുട്ടികളും യാത്രയ്ക്കെത്തി.10 മിനിറ്റ് ഇടവേളകളിൽ 3 മുതൽ 5 പേർ അടങ്ങിയ ചെറുസംഘങ്ങളായാണ് രാത്രിയാത്ര നടത്തിയത്. രാത്രി 1ന് സെൻട്രൽ ജംക്ഷനിൽ യാത്രകൾ സമാപിച്ചു.</p>
തുടർന്ന് മെഴുകുതിരികൾ കത്തിച്ച് പ്രാർഥന നടത്തി. പാട്ടുകൾ പാടിയും പ്രതിജ്ഞ ചൊല്ലിയും വീണ്ടും ഇത്തരം യാത്രകൾ നടത്തണമെന്നുള്ള ആഗ്രഹം പ്രകടിപ്പിച്ചുമാണ് സ്ത്രീകൾ മടങ്ങിയത്.നഗരസഭാ ഉപാധ്യക്ഷ അംബിക വിജയൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. അംഗൻവാടി ജീവനക്കാർ, സാമൂഹിക നീതി വകുപ്പ് സൂപ്പർവൈസർമാർ എന്നിവരും നഗരസഭാ അധ്യക്ഷൻ ലാലിച്ചൻ കുന്നിപ്പറമ്പിലിന്റെ നേതൃത്വത്തിൽ കൗൺസിലർമാരും മാടപ്പള്ളി അഡീഷണൽ സിഡിപിഒ ഇന്ദിരാ കുമാരി, മാടപ്പള്ളി സിഡിപിഒ യമുന, വാഴൂർ സിഡിപിഒ ഷൈനി ഐസക്ക് എന്നിവരും പരിപാടികൾക്ക് നേതൃത്വം നൽകി.
രാത്രിയാത്ര നടത്തിയ സ്ത്രീകൾക്ക് 200 മീറ്റർ പിന്നിലായി മഫ്തിയിൽ പൊലീസ് ഉദ്യോഗസ്ഥരും വോളന്റിയർമാരും ഉണ്ടായിരുന്നു. ആംബുലൻസ് അടക്കമുള്ള സൗകര്യങ്ങളും സ്ത്രീകൾ സഞ്ചരിക്കുന്ന വഴിയിൽ വൈദ്യുതി തടസ്സം ഉണ്ടാകുന്നില്ല എന്ന് ഉറപ്പാക്കാൻ കെഎസ്ഇബി ഉദ്യോഗസ്ഥരും നിരത്തുകളിൽ ഉണ്ടായിരുന്നു.
English Summary : Women Talks About Night Walk