ഭാഗ്യലക്ഷ്മിയുടെ ആ അടിയിൽ അഭിമാനിച്ചവരുണ്ട്; എന്നിട്ടും പ്രശ്നങ്ങൾക്കു പരിഹാരമില്ല!
Mail This Article
വിജയ് പി നായരെന്ന യൂട്യൂബറെ കേരളം മറന്നിട്ടുണ്ടാകില്ലല്ലോ. സ്ത്രീകൾക്കെതിരെ തുടർച്ചയായി സൈബർ ആക്രമണം നടത്തിയ ഇയാൾക്കെതിരെ പൊലീസിന് പലവട്ടം പരാതികൾ കിട്ടി. പക്ഷേ, ഒരു നടപടിയും ഉണ്ടായില്ല. അവസാനം തങ്ങളുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന ഒരുവനെ പരാതിക്കാരായ സ്ത്രീകൾ നേരിട്ട് കൈകാര്യം ചെയ്തു. ഡബ്ബിങ് ആർട്ടിസ്റ്റും സാമൂഹികപ്രവർത്തകയുമായ ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ളവർ നടത്തിയ ആ ശാരീരിക കയ്യേറ്റം വലിയ ചർച്ചയായി. സാംസ്കാരിക കേരളത്തിന് ആ പെൺക്കുതിപ്പ് വലിയ അപമാനമായി, പക്ഷേ, അതിൽ അഭിമാനിച്ചവരുമുണ്ടായിരുന്നു, എന്തുകൊണ്ട് ഭാഗ്യലക്ഷ്മിക്കും കൂട്ടർക്കും അങ്ങനെ ചെയ്യേണ്ടി വന്നു എന്ന് മനസിലാക്കിയവരായിരുന്നു അവർ.
കഴിഞ്ഞ ദിവസം നടി പ്രവീണ ചൂണ്ടിക്കാട്ടിയത് അതിലും വലിയ പ്രശ്നമാണ്. തനിക്കും കുടുംബത്തിനും എതിരെ തുടർച്ചയായി സൈബർ ആക്രമണം നടത്തുന്ന ഒരുവനെക്കുറിച്ചായിരുന്നു പ്രവീണ പറഞ്ഞത്. തങ്ങളുടെ ബന്ധുക്കളെയും സുഹൃത്തുക്കളേയും വരെ തേടിപ്പിടിച്ച് ഇയാൾ അപകീർത്തിപ്പെടുത്തുന്നു എന്നും അവർ പരാതിപ്പെടുന്നു. മൂന്ന് വർഷമായി ഇത് തുടരുന്നു. പരാതി നൽകിയതിനെതുടർന്ന് ഡൽഹിയിൽ കംപ്യൂട്ടർ വിദ്യാർഥിയായ ഭാഗ്യരാജ് എന്ന ചെറുപ്പക്കാരനെ പൊലീസ് കണ്ടെത്തി കേസെടുത്തു, മൂന്ന് മാസത്തേക്ക് റിമാൻഡ് ചെയ്തു. പക്ഷേ, ഒരു മാസം കഴിഞ്ഞപ്പോൾ അവൻ ജാമ്യത്തിലിറങ്ങി കൂടുതൽ പകയോടെ വാശിയോടെ അതേ കുറ്റകൃത്യം ചെയ്തുകൊണ്ടേയിരിക്കുന്നു എന്നാണ് അവർ പറയുന്നത്. അറസ്റ്റ് ചെയ്തപ്പോൾ ഭാഗ്യരാജിന്റെ ലാപ്ടോപ്പിൽ നിന്ന് മോർഫ് ചെയ്ത ചിത്രങ്ങൾ പൊലീസ് കണ്ടെടുത്തിരുന്നു. തമിഴ്നാട് തിരുനെൽവേലി സ്വദേശിയാണ് 23കാരനായ ഭാഗ്യരാജ്. ഇപ്പോൾ മകൾക്കെതിരെയാണ് കൂടുതൽ ആക്രമണം. ഒരു വർഷത്തോളം നിരന്തരം പരാതി നൽകി നീതി തേടിയലഞ്ഞ് മടുത്തുപോയെന്നും പ്രവീണ പറയുന്നു.
നൂറോളം വ്യാജ ഐഡികൾ നിർമിച്ചു, വ്യാജ ഫോട്ടോകൾ മറ്റുള്ളവർക്ക് അയച്ചുകൊടുക്കുന്നു. മകൾ ഉൾപ്പെടെയുള്ളവരെ തിരഞ്ഞു പിടിച്ച് ആക്രമിക്കുന്നു, പ്രവീണ എന്ന നടി ചൂണ്ടിക്കാണിക്കുന്നത് നിസാരക്കുറ്റങ്ങളല്ലെന്ന് കേൾക്കുന്ന ആർക്കും മനസിലാകും. ഇനി ഈ പരാതിയിൽ അന്വേഷണ ഉദ്യോഗസ്ഥൻ നൽകുന്ന മറുപടി ഇങ്ങനെ- പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്, നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. പറഞ്ഞ് പറഞ്ഞ് പൊലീസും കേട്ടു കേട്ട് പരാതിക്കാരും മടുത്തുപോയ വാക്കുകൾ. സൈബർ കേസുകൾ അന്വേഷിക്കാൻ പൊലീസിനുള്ള പരിമിതി എത്രയോ കേസുകളിൽ നിന്ന് ജനങ്ങൾക്ക് ബോധ്യപ്പെട്ടതാണ്. സൈബർ ക്രിമിനലുകൾക്കും അത് നന്നായി അറിയാം. അതുകൊണ്ട് തന്നെയാണ് ഇത്ര ധൈര്യമായി അവൻ കാണാമറയത്തിരുന്ന് സ്ത്രീകളെ ആക്രമിക്കുന്നത്. ഐടി നിയമത്തിന്റെ സെക്ഷന്‍ 66A, കേരളാ പോലീസ് ആക്ടിന്റെ സെക്ഷന്‍ 118D എന്നിവ ഡിഫാമേഷൻ കേസുകളുടെ വകുപ്പാണ്. പക്ഷേ ഇത് രണ്ടും സുപ്രീംകോടതി റദ്ദാക്കി. ഈ വകുപ്പ് ദുരുപയോഗം ചെയ്യുന്നവർ പൊലീസിനും കോടതിക്കും വരുത്തിയ തലവേദന അത്രയ്ക്കായിരുന്നു. ഇത് പക്ഷേ യഥാർത്ഥത്തിൽ നീതി ലഭിക്കേണ്ടവർക്ക് വരുത്തിയ നഷ്ടം വളരെ വലുതാണ്. ഇപ്പോൾ സോഷ്യൽ മീഡിയ വഴി നടത്തുന്ന അധിക്ഷേപകരമായ പ്രവൃത്തികളിൽ കേസെടുക്കാൻ പൊലീസിന് വകുപ്പില്ലാതെയായി.
സ്ത്രീകളെ അപമാനിക്കാനുള്ള വേദിയായി സോഷ്യൽമീഡിയ മാറിയെന്നും ഇത്തരത്തിലുള്ള ഭീഷണി നേരിടാനാകാതെ ആത്മഹത്യ ചെയ്ത സ്ത്രീകളും പെൺകുട്ടികളും നിരവധിയാണെന്നും സംസ്ഥാന വനിതാകമ്മിഷൻ തന്നെ വ്യക്തമാക്കുന്നുണ്ട്. ശാരീരികമായ ഒരു ആക്രമണം ഉണ്ടാക്കുന്നതിനേക്കാൾ എത്രയോ മടങ്ങ് വലുതാണ് സൈബർ ആക്രമണമെന്നും കമ്മീഷന് നല്ല ബോധ്യമുണ്ട്. കേരളപൊലീസിന്റെ സൈബർ കേസുകളുടെ എണ്ണം പരിശോധിച്ചാൽ 2016 ലെ 283 കേസുകൾ 2022ൽ എത്തുമ്പോൾ749 ആയി ഉയർന്നെന്ന് കാണാം. അതേസമയം മാസംതോറും മൂവായിരത്തിലധികം സൈബർ അതിക്രമങ്ങളുമായി ബന്ധപ്പെട്ട പരാതികൾ തങ്ങൾക്ക് ലഭിക്കുന്നുണ്ടെന്നാണ് വനിതാ കമ്മീഷൻ വ്യക്തമാക്കുന്നത്. പൊലീസിന്റെ സൈബർ കേസുകൾ വർഷം 749 എന്ന കണക്ക് കാണിക്കുമ്പോൾ വനിതാകമ്മിഷന്റെ മുന്നിലെത്തുന്ന ആയിരക്കണക്കിനു പരാതികൾ എങ്ങനെയാണ് അപ്രത്യക്ഷമാകുന്നത്...ഗതികെട്ട് പരാതിക്കാർ പിൻവാങ്ങാനാണ് സാധ്യത കൂടുതൽ.
സമൂഹമാധ്യമങ്ങൾക്കു വലിയ സ്വീകാര്യത ലഭിച്ചു തുടങ്ങിയ 2010 മുതൽ സ്ത്രീകൾക്കെതിരെയുള്ള സൈബർ കുറ്റകൃത്യങ്ങളും നടക്കുന്നുണ്ട്. ഇക്കാര്യം പരിഹരിക്കാനുള്ള നിയമസംവിധാനം നിലവിൽ ഇല്ല. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ വിജയകരമായി തെളിയിച്ച കേസുകളുടെ എണ്ണത്തിൽ അന്നും ഇന്നും സൈബർ പൊലീസിന് അധികമൊന്നും പറയാനുണ്ടായെന്ന് വരില്ല. ഇത്തരം കുറ്റകൃത്യങ്ങളിൽ ആശയക്കുഴപ്പം നിലനിൽക്കുന്നു എന്നതാണ് പ്രധാനമായ ഒരു കാര്യം. ഏതൊക്കെ തെളിവുകളാകും ഏതൊക്കെ കുറ്റകൃത്യങ്ങളിൽപ്പെടും എന്നതിൽ ഇനിയും വ്യക്തതവരുത്തേണ്ടതുണ്ടെന്ന് നിയമവിദഗ്ധർ തന്നെ ചൂണ്ടിക്കാണിക്കുന്നു.
ഭാര്യയെ ഹാക്ക് ചെയ്യുന്ന ഭർത്താക്കൻമാരും ഭർത്താവിനെ ഹാക്ക് ചെയ്യുന്ന ഭാര്യമാരും കുറവല്ല. പക്ഷേ, ഇത് കുറ്റകൃത്യമാണെന്ന ബോധം ഇവർക്കുണ്ടോ എന്നറിയില്ല. സൈബർ ഇടങ്ങളിൽ എന്തുമാകാമെന്ന അതിരു കടന്ന അബദ്ധധാരണ തിരുത്തേണ്ടതു നിയമപാലകരുടെ ഉത്തരവാദിത്തമാണ്. അതിനു ബോധവത്കരണം മാത്രം പോരാ, ശക്തമായ നടപടികളും വേണം. അതുണ്ടാകുന്നില്ല എന്നതാണ് ഇത്തരത്തിലുള്ള കേസുകൾ വർധിക്കാനുള്ള കാരണങ്ങളിൽ ഒന്ന്. നമ്മുടെ സ്വന്തമെന്ന് കരുതി നാം കൊണ്ടുനടക്കുന്ന ഫേസ്ബുക്കും ഇൻസ്റ്റയും ട്വിറ്ററും ടെലിഗ്രാമുമൊക്കെ വിദേശ കമ്പനികളാണെന്ന് ആരോർക്കുന്നു. ആ കമ്പനികളെ സംബന്ധിച്ച് അപകീർത്തിപ്പെടുത്തലും ലൈംഗികമായുള്ള അധിക്ഷേപിക്കലുമൊന്നും വലിയ കാര്യമല്ല. അതിൽ നടപടിക്കായി വിവരങ്ങൾ തേടുന്ന പൊലീസിനോട് അവർ സഹകരിച്ചെന്നും വരില്ല. തെളിവുകളില്ലാതെ പൊലീസിനു പ്രതിയെ ഉറപ്പിക്കാനാകില്ല. പരാതിക്കാർ ചൂണ്ടിക്കാട്ടുന്ന ആളെ അറസ്റ്റ് ചെയ്യാനുമാകില്ല.
പലപ്പോഴും സ്ത്രീകളെ ലൈംഗികമായി അധിക്ഷേപിക്കുന്ന ചിത്രങ്ങൾക്കും വിഡിയോകൾക്കും പിന്നിൽ കാഴ്ചയിൽ ദുർബലനും അന്തർമുഖനുമായ ഒരു ചെറുപ്പക്കാരനോ വിദ്യാർഥിയോ ആയിരിക്കും. സമൂഹത്തിൽ തുറന്ന ഇടപെടലുകളില്ലാതെ ഇൻറർനെറ്റ് ലോകത്ത് എന്തോ പരതി സമയം ചെലവഴിക്കുന്ന മകന്റെ മേൽ വീട്ടിലുള്ളവർക്കും ഒരു കണ്ണുണ്ടാകണം. അതുപോലെ തന്നെ സോഷ്യൽ മാധ്യമങ്ങളിൽ ജീവിതം അടിയറവു വയ്ക്കുന്നവർ സ്വയം കരുതാൻ കൂടി പഠിക്കേണ്ടിയിരിക്കുന്നു. അമേരിക്കയിലെന്നോ ദുബായിലെന്നോ പറഞ്ഞ് നിങ്ങളോട് സൗഹൃദം കൂടുന്നവർ ചിലപ്പോൾ തൊട്ടപ്പുറത്തെ വീട്ടിലുണ്ടായിരിക്കും. പിന്നീട് ഒരു പ്രശ്നമുണ്ടായിക്കഴിയുമ്പോൾ അക്കാര്യം നിങ്ങൾക്ക് ബോധ്യപ്പെട്ടാലും നിയമത്തിനു ബോധ്യപ്പെടണമെന്നില്ല. കാരണം പൊലീസിനു കിട്ടുന്ന രേഖകൾ പ്രകാരം സാങ്കേതികമായി അവൻ അപ്പോഴും വിദേശത്തുള്ളവനാകും. അത്തരം തെളിവുകൾ സൃഷ്ടിക്കാനുള്ള സാങ്കേതിക വൈദഗധ്യം അവനുണ്ടാകും. വിദേശ രാജ്യത്തു നിന്ന് ഒരാളെ നമ്മുടെ നിയമ വ്യവസ്ഥയ്ക്ക് മുന്നിലെത്തിച്ച് കുറ്റം തെളിയിച്ചു ശിക്ഷ ഉറപ്പാക്കുന്നത് ഒട്ടും എളുപ്പമല്ല. അങ്ങനെ നിങ്ങളുടെ ജീവിതം ദുരിതത്തിലാക്കി നിങ്ങളുടെ കൺമുന്നിൽ ഒരു പോറൽപോലുമില്ലാതെ അവൻ ജീവിക്കും.
പ്രവീണയുടെ പരാതിയിലേക്ക് തിരികെ വന്നാൽ അവർക്കെതിരെ സൈബർ ആക്രമണം നടത്തുന്നത് അവർ പറയുന്നതു പോലെ ഭാഗ്യരാജ് എന്ന വിദ്യാർഥി തന്നെയാണോ എന്ന് പൊലീസിന് ഉറപ്പിക്കേണ്ടി വരും. അതിനായി തെളിവുകൾ ശേഖരിക്കേണ്ടിവരും. ഭാഗ്യരാജ് ഇന്ത്യയിൽ തന്നെ ഉണ്ടോ എന്നതിൽപ്പോലും ഉറപ്പില്ല. ഇതൊക്കെ കൃത്യമാക്കി നീതി കിട്ടിയിട്ട് മന:സമാധാനമായി ഉറങ്ങാൻ പ്രവീണയും കുടുംബവും കാത്തിരിക്കേണ്ട. നിങ്ങളുടെ പേരിൽ പ്രചരിക്കുന്ന ചിത്രങ്ങളും വിഡിയോകളും നിങ്ങളുടേതല്ലെന്ന് നിങ്ങൾക്കറിയാം. അതിപ്പോൾ ഞങ്ങൾക്കുമറിയാം. അത്തരം വിഡിയോകൾ കണ്ട് ആനന്ദിക്കുന്നവരെക്കുറിച്ച് എന്തിനു നിങ്ങളോർക്കണം. അതവരുടെ മനോവൈകല്യമെന്ന് മനസിലാക്കി അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുക. പക്ഷേ, നിയമപരമായ പോരാട്ടം തുടരുക. അതിന്റെ പേരിൽ നിങ്ങളുടെ സുന്ദരനിമിഷങ്ങളെ ഇല്ലാതാക്കാതിരിക്കുക. അന്തസോടെ ധൈര്യത്തോടെ അതിശയിപ്പിക്കുന്ന നേട്ടങ്ങളോടെ നിങ്ങളുടെ ജീവിതം മുന്നോട്ടു പോകട്ടെ.
സൈബർകേസുകളിൽ നിയമം കൂടുതൽ ശക്തവും ഫലപ്രദവുമാകാതിരിക്കില്ല. പക്ഷേ, അതുവരെ ഓരോരുത്തരും അവനവനെ സൂക്ഷിക്കാൻ പഠിക്കണം. അടുത്തിടെ ഇറങ്ങിയ രാഹുൽ റിജി നായരുടെ ‘കീടം’ എന്ന സിനിമ ഇക്കാര്യം ഉറപ്പിക്കുന്നതാണ്. കണ്ണിൽ കാണാനാകാത്ത ഒരു കീടം ഒരു പ്രദേശമില്ലാതാക്കുന്നത് പോലെ അദൃശ്യനായ ഒരുവൻ മറ്റുള്ളവരുടെ സ്വകാര്യതയെ ഇല്ലാതാക്കുന്നത് എങ്ങനെയെന്ന് ഈ സിനിമ പറഞ്ഞു തരുന്നുണ്ട്. അതിനെ എങ്ങനെ നേരിടണം എന്ന് കൂടി വ്യക്തമാക്കിയാണ് സിനിമ അവസാനിക്കുന്നതെന്ന് കൂടി ഓർമിപ്പിക്കുന്നു.
English Summary: Cyber Bullying Against Women