ADVERTISEMENT

തൊണ്ണൂറുകളുടെ തുടക്കത്തിൽ നിന്ന് പിന്നോട്ടു സഞ്ചരിക്കണം. ചിത്രശലഭം പോലെ പാറിനടക്കുന്നതിനിടയിൽ കൂട്ടുകാരി ചെവിയിൽ മന്ത്രിച്ചതു കേട്ടു സ്തംഭിച്ച് വിളറിവെളുത്തുനിൽക്കുന്ന പെൺകുട്ടികളുണ്ടായിരുന്നു ആ കാലത്ത്. വെപ്രാളത്തോടെ പാവാട മടക്കി പിൻഭാഗം മറച്ച് അവൾ ആളോഴിഞ്ഞ ഒരിടം തേടി ഓടുമായിരുന്നു. അന്ന് സ്കൂളുകളിൽ പൈപ്പുകളോ നിരന്ന് കിടക്കുന്ന ടോയ്ലറ്റുകളോ ഉണ്ടായിരുന്നില്ല. ആവശ്യത്തിനു വെള്ളമില്ലാതെ വരണ്ടുകിടക്കുന്ന, മേൽക്കൂരയില്ലാത്ത അസഹ്യമായ ദുർഗന്ധം വമിക്കുന്ന നാല് ചുവരുകൾ മാത്രമുള്ള, അടച്ചുറപ്പില്ലാത്ത മൂത്രപ്പുരയിൽ അപമാനിതയായതിന്റെ ആഘാതം താങ്ങാനാകാതെ നടുങ്ങി നിന്ന എത്രയോ പെൺകുട്ടികളുണ്ടാകും. ആൺകുട്ടികൾ പാവാടയിലെ രക്തക്കറ കണ്ടുകാണുമോ എന്നും  ടീച്ചേഴ്സിൻറെ മുന്നിൽ അങ്ങനെയാണോ കടന്നുചെന്നതെന്നുമൊക്കെ ഓർത്ത് ആത്മനിന്ദയിൽ ഉരുകിയെരിഞ്ഞവരായിരുന്നു അവർ. കോളജുകളിലും ബസുകളിലുമൊക്കെ ഇത്തരത്തിൽ വെന്തുരുകിയിരുന്ന പെൺകുട്ടികൾ എത്രയോ വേറെയുണ്ടായിരുന്നു. ആർത്തവത്തിന്റെ ആദ്യവർഷങ്ങളിൽ അതിനെ കൈകാര്യം ചെയ്യാനറിയാതെ തോറ്റുപോയവരാണവർ. 

എന്നാൽ കാലം മാറിയപ്പോൾ അവസ്ഥയ്ക്ക് മാറ്റം വന്നു. സ്കൂളുകളിലും കോളജുകളിലും ധാരാളം വെള്ളവും അടച്ചുറപ്പുള്ള ടോയ്ലറ്റുകളുമെത്തി.  രക്തത്തിൽ നനഞ്ഞുകുതിർന്ന തുണികൾക്കു പകരം ഈർപ്പം വലിച്ചെടുക്കുന്ന സാനിറ്ററി നാപ്കിനുകൾ വന്നതോടെ ആർത്തവം ആരുമറിയാതെ വന്നുപോകാനും തുടങ്ങി. ഇന്റർനെറ്റിന്റെ ബലത്തിൽ സജീവമായ  സോഷ്യൽമീഡിയകൾ ആർത്തവം തുറന്നുള്ള ചർച്ചാവിഷയമാക്കി. അത് ആഘോഷിക്കപ്പെടേണ്ടതാണെന്നും മറച്ചുവയ്ക്കേണ്ടതല്ലെന്നുമുള്ള കാഴ്ചപ്പാടുകൾ വരെയെത്തി. ഇതൊക്കെ നടക്കുമ്പോഴും ചില കാഴ്ചകൾക്കു മാറ്റമില്ലായിരുന്നു.  

യാത്രയ്ക്കിടയിൽ ഉപയോഗിച്ച പാഡുകൾ എന്തുചെയ്യണമെന്നറിയാതെ കയ്യിൽപിടിച്ച് ജാള്യതയോടെ നിൽക്കേണ്ടിവരുന്ന സ്ത്രീകളുടെ നാടാണ് നമ്മുടേത്. പലർക്കും  നിവൃത്തിയില്ലാതെ രക്തക്കറ കലർന്ന പാഡ് മടക്കി ബാഗിൽ സൂക്ഷിക്കേണ്ടി വരും. പാഡ് മാറ്റേണ്ടത് ഓർത്ത് അതിന് മിനക്കെടാതെ മണിക്കൂറുകളോളം അത് തന്നെ ഉപയോഗിച്ച് രോഗം വിളിച്ചുവരുത്തുന്നവരുമുണ്ട്. നാപ്കിനുകളുടെ അമിതോപയോഗം കാൻസറിന് വരെ കാരണമാകുമെന്ന ഡോക്ടർമാരുടെ മുന്നറിയിപ്പും അതുപയോഗിക്കുന്നവർക്ക് മുന്നിലുണ്ട്. വനിതാ ഹോസ്റ്റലുകളുടെയും ആശുപത്രികളുടെയും പൊതുഇടങ്ങളുടെയും പരിസരങ്ങളിൽ വലിച്ചെറിയപ്പെടുന്ന രക്തക്കറ പുരണ്ട സാനിറ്ററി പാഡുകളുണ്ട്. കാലങ്ങളായി കാണുന്ന കാഴ്ചയാണിത്. വലിയ സാംസ്കാരിക അപച്യുതി ഉണ്ടാക്കുന്ന ഒരു വിഷയമെന്ന നിലയിൽ വലിയ ചർച്ചകളൊക്കെ  ആദ്യം ഈ പ്രശ്നത്തിലുണ്ടായി. എന്നാൽ പിന്നീട് പതിവ് പോലെ മലയാളി അത് അവഗണിച്ചു. ദൈനംദിനജീവിതത്തിലെ നിത്യക്കാഴ്ചകളിലൊന്നായി അത് മാറുകയും ചെയ്തു. 

ഇതിനിടയിലാണ് ആർത്തവ കപ്പുകൾ അല്ലെങ്കിൽ മെനിസ്ട്രുവൽ കപ്പുകളെത്തിയത്. വിപണിയിൽ ഇവ ലഭ്യമായിട്ട് വർഷങ്ങളായിട്ടും സാനിറ്ററി നാപ്കിനുകളുടെ ഉപയോഗത്തിൽ നിന്ന് പുറത്ത് കടക്കാൻ മടിക്കുന്നവരാണ് പലരും. പ്രധാനകാരണം ആർത്തവ കപ്പുകളെക്കുറിച്ചുള്ള ധാരണയില്ലായ്ക തന്നെ. ഈ ബോധ്യമില്ലായ്മയിലേക്കാണ് സംസ്ഥാന സർക്കാർ വലിയ ഇടപെടൽ നടത്താനൊരുങ്ങുന്നത്. 

അടുത്തിടെ സംസ്ഥാന സർക്കാർ ആർത്തവവുമായി  ബന്ധപ്പെട്ടെടുക്കുന്ന നിലപാടുകൾക്ക് വലിയ കയ്യടി നൽകാതെ വയ്യ. സർവകലാശാലകളിലെ ആർത്തവ അവധിയെ ചരിത്രപരമെന്ന് തന്നെ വിശേഷിപ്പാക്കാം. ഇതിന് പിന്നാലെയാണ് ബജറ്റ് അവതരണത്തിനിടയിലെ സുപ്രധാന പ്രഖ്യാപനം.  ആർത്തവ കപ്പ് പ്രോത്സാഹിപ്പിക്കാൻ 10 കോടി രൂപ വകയിരുത്തുമെന്നാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ വ്യക്തമാക്കിയിരിക്കുന്നത്. പരിസ്ഥിതി സൗഹാർദ്ദം ലക്ഷ്യമാക്കിയാണ് മെൻസ്‌ട്രുവൽ കപ്പ് പദ്ധതിക്ക് കൂടുതൽ പ്രധാന്യം നൽകുന്നതെന്നാണ് ധനമന്ത്രി വിശദീകരിക്കുന്നത്. വാസ്തവത്തിൽ പരിസ്ഥിതിയോട് മാത്രമല്ല ലക്ഷക്കണക്കിന് സ്ത്രീകളോടും നീതി പുലർത്തുന്ന നടപടിയായി ഇതിനെ കാണാം. ആർത്തവ കപ്പുകളുടെ നിർമാണത്തിന് കുടുംബശ്രീ പോലുള്ള സ്ത്രീ കൂട്ടായ്മകളെ ഉൾപ്പെടുത്തിയാൽ അങ്ങനെയും അത് കൂടുതൽ സ്ത്രീസൌഹൃദമാകും. 

ഇനി ആർത്തവകപ്പകളെക്കുറിച്ചുള്ള മലയാളിസ്ത്രീകളുടെ ധാരണയാണ് മാറേണ്ടത്. എന്താണ് ഈ സംഭവമെന്ന് പലർക്കും അറിയില്ല. സാനിറ്ററി നാപ്കിനുകളെപ്പോലെ ഉപയോഗിച്ച് വലിച്ചെറിയാതെ വൃത്തിയാക്കി സൂക്ഷിച്ച് വീണ്ടും ഉപയോഗിക്കാനാകുന്ന ഉത്പന്നമാണ് ആർത്തവ കപ്പുകൾ. റബ്ബർ അല്ലെങ്കിൽ സിലിക്കൺ കൊണ്ട് നിർമ്മിച്ച വഴക്കമുള്ള ഫണൽ ആകൃതിയിലുള്ള കപ്പാണിത്. ഇടയ്ക്ക മാറ്റേണ്ട കാര്യമില്ല, പന്ത്രണ്ട് മണിക്കൂർ വരെ തുടർച്ചയായി ഇത് ഉപയോഗിക്കാം. ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്ന നിർദേശം നൽകാൻ ആശ വർക്കർമാരെപ്പോലയുള്ളവരെ ചുമതലപ്പെടുത്തിയാൽ കുഗ്രാമങ്ങളിലെ സ്ത്രീകൾക്ക് പോലും ഇതിൻറെ പ്രയോജനം ലഭിക്കുമെന്നുറപ്പ്. 

എന്തായാലും ഓരോ സ്ത്രീയ്ക്കും അഭിമാനിക്കാം. സ്ത്രീ ആണെന്ന പരിമിതികളിൽ നിന്ന് അവളെ പുറത്ത് കൊണ്ടുവരാനുതകുന്നതൊക്കെ കയ്യെത്തുന്ന ദൂരത്തുണ്ട്. തീണ്ടാരിപ്പുരകളിലെ അശുദ്ധിയിൽ നിന്നിറങ്ങി വന്നവൾക്ക് മുന്നിൽ വിരിഞ്ഞ് തെളിഞ്ഞു കിടക്കുന്ന വിശുദ്ധിയുടെ ആകാശമുണ്ട്. പറക്കാൻ ചിറക് തരാൻ പ്രാപ്തിയുള്ളവർ ചുറ്റിലുമെവിടെയൊക്കെയോ ഉണ്ടാകും. ഇനി പറക്കണോ വേണ്ടയോ എന്ന് നിശ്ചയിച്ചാൽ മാത്രം മതിയല്ലോ.

English Summary: Ten Crore For Menstrual Cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com