നിങ്ങൾക്കിനി ഒരിക്കലും ‘കെട്ടിലമ്മ ചാടിയാൽ കൊട്ടിയമ്പലം വരെ’ എന്ന് പൊതുസമൂഹത്തോടു പറയാനാകില്ല!
Mail This Article
പണ്ട്...
അക്ഷരമാല പഠിച്ചു തുടങ്ങിയ
കാലത്ത്...
ഇംഗ്ലിഷ് അക്ഷരമാല ആണാണെന്നും മലയാളം രണ്ടുവര കോപ്പിയിലെ തികവാർന്ന നന്മരൂപം കൊണ്ടു
പെണ്ണാണെന്നും തോന്നാറുണ്ട്. ഇംഗ്ലിഷ് ചെറിയക്ഷരമായും വലിയക്ഷരമായും എളുപ്പത്തിൽ രൂപം മാറിക്കളയും. വളഞ്ഞും പുളഞ്ഞും ‘സി എ ടി ’ എന്നെഴുതി ‘ക്യാറ്റ്’ എന്നു വായിപ്പിച്ചും ആണധികാരത്തോടെ ലോകം കീഴടക്കാനിറങ്ങുകയും ചെയ്യും.
വള്ളിയുടെ മാല, ഇരട്ടിപ്പുകളുടെ പാദസരം, ചന്ദ്രക്കല കൊണ്ടൊരു പൊട്ട്. അവസാനം ഒരു വിരാമത്തിൽ ക്രുത്തിൽ) തീരുന്ന ജീവിതം - ലോലാക്കിട്ട മലയാളത്തെ പെൺമലയാളമെന്നു വിളിക്കാൻ രസമുണ്ടായിരുന്നു, അന്ന്.
അപ്പോൾ അതുകൊണ്ടു തീർക്കുന്ന ഭാവനയുടെയും ചിന്തയുടെയും ലോകമോ? അതിനും പെണ്മയുടെ നന്മയും അകക്കാഴ്ചയും വേണം.
പക്ഷേ...
ഏതാനും പഴഞ്ചൊല്ലുകൾ നോക്കുക.
* പെണ്ണിനെയും മണ്ണിനെയും ദണ്ണിപ്പിച്ചാൽ ഗുണം.
* പെണ്ണിന്റെ കോട്ടം പൊന്നിൽ തീരും.
* പെണ്ണിന്റെ ഭാഗ്യം പെരുവഴിയിൽ.
* പെൺചൊല്ല് കേട്ടാൽ പെരുവഴി.
* പെൺപിറന്ന വീട് പോലെ.
* പെൺബുദ്ധി പിൻബുദ്ധി.
* പെണ്ണുചിരിച്ചാൽ പോയി, പുകയില വിടർത്താൽ പോയി.
* പെൺചൊല്ല് കേട്ട പെരുമാളെപ്പോലെ.
* പെണ്ണായാൽ പെറണം.
ഇപ്പോൾ, ഈ പഴഞ്ചൊല്ലുകൾ പുറത്തെടുക്കാനാകാത്ത വിധം നീതിബോധത്തിന്റെ തുറങ്കിലടയ്ക്കപ്പെട്ടു കഴിഞ്ഞു.
പുതിയ കാലം ജാഗ്രതയോടെ വാക്കുകളെ കഴുകിപ്പെറുക്കിയെടുത്തു സൃഷ്ടിച്ച ഈ അവസ്ഥയെയാകണം, നമ്മൾ ‘പൊളിറ്റിക്കലി കറക്ട്’ എന്നു പറയുന്നത്.
അക്ഷരലോകം തമ്പുരാക്കളിൽ നിന്നു മനുഷ്യരിലേക്ക് ഇറങ്ങി നടന്ന നവമാധ്യമ കാലത്ത് ഏറ്റവും വലിയ മാറ്റമുണ്ടായത് പെൺവാക്കുകളിലാണ്, പെണ്ണക്ഷരങ്ങളിലാണ്.
നിങ്ങൾക്കിനി ഒരിക്കലും ‘കെട്ടിലമ്മ ചാടിയാൽ കൊട്ടിയമ്പലം വരെ’ എന്നോ ‘രണ്ടു തല ചേർന്നാലും നാലു മുല ചേരില്ലെ’ന്നോ ‘നാരി നടിച്ചിടം നാരകം നട്ടിടം’ എന്നോ പൊതുസമൂഹത്തോടു പറയാനാകില്ല, എഴുതാനാകില്ല. കാലം കാഹളം മുഴക്കിക്കഴിഞ്ഞു. ലോകം ജാഗ്രതയോടെ നോക്കിക്കൊണ്ടിരിക്കുകയാണ്.
വ്യക്തിബന്ധങ്ങളിലും സമൂഹത്തിലുമൊന്നും സ്ത്രീയുടെ അവസ്ഥ അത്രകണ്ടു മെച്ചപ്പെട്ടിട്ടില്ല എന്നത് ഒരു വാസ്തവമായി നിലനിൽക്കുമ്പോഴും വാക്കുകൾ സൂക്ഷിച്ചു പെരുമാറാൻ തുടങ്ങി.
ഇംഗ്ലിഷിൽ ‘പമേല’യും മലയാളത്തിൽ ‘ഇന്ദുലേഖ’യും ഉൾപ്പെടെ ലക്ഷണമൊത്ത ആദ്യകാല നോവലുകൾക്കൊക്കെ പെൺപേരുകളാണെങ്കിലും പെണ്ണിന്റെ മനസ്സ് പറയാനുള്ള പേന അന്നു പുരുഷന്റെ കയ്യിലായിരുന്നു. പെണ്ണ് ഉള്ളിൽ നിന്നു മഷി നിറച്ചെഴുതാൻ കാലം പിന്നെയും കുറെ കഴിഞ്ഞു.
നമ്മുടെ കേരളത്തിൽ പുരുഷൻ കടൽ കടന്ന് ‘ബിലാത്തി’യിൽ (ഇംഗ്ലണ്ട്) പഠിക്കാൻ പോകുമ്പോൾ, അന്നത്തെ അവർണ – സവർണ സമുദായങ്ങളിലെ പെണ്ണുങ്ങൾ മേൽവസ്ത്രം ധരിക്കാനായി ഒരു പോലെ പോരാടേണ്ടുന്ന അവസ്ഥയായിരുന്നു. ആദ്യം വസ്ത്രം നേടണം, പിന്നെ മാത്രമേ അക്ഷരം വരുമായിരുന്നുള്ളൂ...
ആദ്യമേ അറിവും അക്ഷരവും നേടിയ പുരുഷന്റെ വളർച്ചയ്ക്കൊപ്പം എത്താൻ പിന്നെ അവൾ എത്ര ഓടിയിട്ടുണ്ടാകും?
തൊണ്ണൂറുകളിൽ ഞാൻ കോളജിൽ പഠിക്കുന്ന കാലത്താണ്, കേരളത്തിൽ പെണ്ണെഴുത്ത് വലിയ ചർച്ചയാകുന്നത്. ഒരു ഭാഗത്ത് ‘കന്യക’യ്ക്കും ‘വിധവ’യ്ക്കും ‘അവനവനു’മൊക്കെ എതിർലിംഗം തിരക്കുന്ന തീവ്രനിലപാടുകാർ. മറുഭാഗത്ത് ‘ഞങ്ങൾ ഫെമിനിസ്റ്റല്ല’ എന്ന് നയം വ്യക്തമാക്കുന്ന മറ്റൊരു കൂട്ടർ. രണ്ടു കൂട്ടരും ശക്തമായി വാദിച്ചു കൊണ്ടിരുന്നു.
ചർച്ച കൊഴുക്കുന്നതിനിടെ ആരോ ഉറക്കെ ചോദിച്ചതോർക്കുന്നു-
‘പെണ്ണെഴുതിയാൽ പെണ്ണെഴുത്തെങ്കിൽ ഇനി ഹിജഡകളെഴുതിയാൽ നിങ്ങൾ എന്തു വിളിക്കും?’
അന്ന് ആ ചോദ്യത്തെ ഒരാൾ പോലും തെറ്റായിക്കണ്ടില്ല. കാലക്രമത്തിൽ ‘ഹിജഡ’ എന്ന് ആക്ഷേപിക്കപ്പെട്ടവർ എഴുതുക തന്നെ ചെയ്തു. എൽജിബിടിക്യുഎഐ+ രചനകൾ സർവകലാശാലകളിൽ പാഠ്യവിഷയമായി. കാലം ഇത്തരത്തിൽ മനസാക്ഷിയെ വീണ്ടെടുക്കുന്ന നന്മയുള്ള സന്ദർഭത്തിന് ഉദാഹരണമാണത്.
അക്ഷരങ്ങളുടെ, വാക്കുകളുടെ, ചിന്തകളുടെ ജാഗ്രത സമൂഹത്തിന് ഒരു താക്കീതാണ് എന്ന കാര്യത്തിൽ സംശയമില്ല.
പക്ഷേ മനുഷ്യനുള്ളിടത്തോളം അവന്റെ സമസ്ത വികാരങ്ങളും വിചാരങ്ങളും നന്മതിന്മകളും ഇവിടെ ഉണ്ടാകും.
സഹജീവിതത്തിൽ മുറിവേൽക്കപ്പെടുന്ന, തോറ്റു പോകുന്ന, ചതിക്കപ്പെടുന്ന ഒരു പെണ്ണിന്റെ കഥയോ വരയോ ആവിഷ്കരിച്ചാൽ ‘അതു പൊളിറ്റിക്കലി കറക്ട് അല്ല, പഴഞ്ചനാണ്, പെണ്ണുങ്ങളെ പിറകോട്ടു വലിക്കുന്ന രചനയാണ്’ എന്നൊക്കെ താക്കീതുമായി വരുന്നവരെയും കാണാറുണ്ട്! അവരോട് എന്താണ് പറയുക?
അക്ഷരങ്ങൾ മനുഷ്യനെക്കുറിച്ച് പറയാനുള്ളതാണ്. അതിനു മനുഷ്യപ്പറ്റ് ഉണ്ടാകുക എന്നതാണ് പ്രധാന കാര്യം. നീതി പുരുഷനൊപ്പമാണെങ്കിൽ അവനൊപ്പം നിൽക്കാനും, അവളാണ് നീതിയുടെ പക്ഷത്തെങ്കിൽ അവൾക്കൊപ്പം നിൽക്കാനും കഴിയുന്ന രാഷ്ട്രീയത്തിനു മാത്രമേ നിലനിൽപുള്ളൂ. മറ്റെല്ലാം മുദ്രാവാക്യങ്ങളായി വായുവിൽ അലിഞ്ഞു തീരും.
നിങ്ങൾ പൊളിറ്റിക്കലി കറക്ട് ആകുമായിരിക്കും.
പക്ഷേ, മനസ്സാക്ഷിക്കു മുൻപിൽ പരാജയപ്പെടാനാണിട!