‘എല്ലാ ബാഗും പരിശോധിക്കും, പുസ്തകം കണ്ടാൽ...’; വിതുമ്പി 25 ലക്ഷം ഹൃദയങ്ങൾ; ഇതോ താലിബാൻ പാഠം?
Mail This Article
‘‘നെഞ്ചു പിടയ്ക്കുകയാണ്. ഈ കാഴ്ച കാണുമ്പോൾ, ശൈത്യകാല അവധിക്കു ശേഷം ഇവിടെ സർവകലാശാലകൾ തുറന്നു. ആൺകുട്ടികൾ പതിവുപോലെ പഠിക്കാൻ പോകുന്നു. എന്നാൽ ഞങ്ങളിപ്പോഴും വീടുകൾക്കുള്ളിലാണ്. ഉയർന്ന വിദ്യാഭ്യാസം നേടുന്നതിനുള്ള അവകാശം എല്ലാവർക്കുമുണ്ട്. ഇവിടെ പെൺകുട്ടികൾക്ക് അതെല്ലാം നിഷേധിക്കപ്പെടുകയാണ്. എന്നാൽ അറിവു നേടുന്നതിൽ നിന്ന് ഞങ്ങളെ ആർക്കും തടയാനാകില്ല.’’– 22 കാരിയായ അഫ്ഗാൻ വിദ്യാർഥിനി റാഹേലയുടെ വാക്കുകൾ. ഉന്നതവിദ്യാഭ്യാസത്തിനുള്ള അവസരം പെൺകുട്ടികൾക്കു നിഷേധിച്ച താലിബാൻ നടപടിയിലുള്ള കടുത്ത നിരാശയും പ്രതിഷേധവും റാഹേലയുടെ ഈ വാക്കുകളിലുണ്ട്. താലിബാൻ ഭരണം സ്വപ്നങ്ങളുടെ ചിറകുമുറിച്ച ലക്ഷക്കണക്കിനു അഫ്ഗാൻ പെൺജീവിതങ്ങളിൽ ഒരു പേരുമാത്രമാണ് റാഹേല. ഒരുവർഷമായി സ്കൂളുകളിലും കോളജുകളിലും പോകാനാകാതെ വീടുകളിൽ തുടരുകയാണ് അഫ്ഗാനിലെ പെൺകുട്ടികൾ. പെണ്ണായി പിറന്നതിൽ സ്വയം പഴിക്കുന്നവരാണ് ഏറെയും. ഭാവിയെ കുറിച്ചുള്ള ഉത്കണ്ഠകാരണം ഉറങ്ങാനാകാത്ത പെൺകുട്ടികളുമുണ്ട് ഇവിടുത്തെ ചില വീട്ടകങ്ങളിൽ. സ്ത്രീകളുടെ അവകാശങ്ങളെ ഏറ്റവും ക്രൂരമായ രീതിയിൽ അടിച്ചമർത്തുന്ന രാജ്യങ്ങളിൽ ഒന്നാംസ്ഥാനത്താണ് അഫ്ഗാനിസ്ഥാനെന്ന് ഐക്യരാഷ്ട്ര സഭ തന്നെ വ്യക്തമാക്കുന്നു. ഭരണാധികാരികൾ പെൺകുട്ടികളെയും സ്ത്രീകളെയും നിർബന്ധപൂർവം വീടുകളിൽ അടച്ചിട്ടിരിക്കുകയാണ്. ഇവരെ പുറംലോകത്ത് എത്തിക്കാൻ ലോകരാജ്യങ്ങളുടെ അടിയന്തരമായ ഇടപെടൽ ആവശ്യമാണെന്നാണ് അഫ്ഗാനിസ്ഥാനിലെ യുഎൻ ദൗത്യത്തിന്റെ അധ്യക്ഷ റോസ ഒട്ടുൻബയേവ പറയുന്നത്.