ADVERTISEMENT

റീൽസിലെ സുന്ദരന്മാരായ പുരുഷന്മാരുടെ ഒപ്പം കോംബിനേഷൻ റീൽസ് ചെയ്ത് അത് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത് മറ്റു സ്ത്രീകളുടെ അസൂയ പിടിച്ചു പറ്റുന്ന സ്ത്രീകൾ നിരവധിയുണ്ട്. നന്നായി പാടാൻ കഴിവുള്ള, അഭിനയിക്കാൻ അറിയുന്ന, നൃത്തം വശമുള്ള സ്ത്രീകൾക്കൊപ്പം റീൽസ് ചെയ്യാൻ നോക്കിയിരിക്കുന്ന പുരുഷന്മാരുമുണ്ട്. രസകരമായ ഒരു വശം ഇതിന്റെ എന്റർടെയ്ൻമെന്റ് ആണ്. എന്നാൽ ഇതിന്റെ ഏറ്റവും മോശമായ മറ്റൊരു വശമാണ് ചർച്ചയാക്കേണ്ടത്. ഇൻസ്റ്റാഗ്രാമിൽ താരമായിരുന്ന ‘അഖിയേട്ടൻ’, ‘മീശ വിനീത്’ എന്നിവർ സോഷ്യൽ മീഡിയയിൽ ഇടപെട്ട വിധം ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. 

മകന്റെ ഭാര്യയെ വിവാഹം ചെയ്ത് അച്ഛൻ; വ്യാപകമായി പ്രചരിക്കുന്ന വിഡിയോയ്ക്ക് പിന്നിൽ!

ഇഫക്ട്സ് ഉപയോഗിച്ച് മുഖത്തിനു നിറം വർധിപ്പിച്ചും സൗന്ദര്യം കൂടുതൽ ഉണ്ടെന്നു കാട്ടിയുമാണ് മിക്കപ്പോഴും ഇത്തരം പുരുഷ പ്രൊഫൈലുകൾ ഇരകളെ കാത്തു കിടക്കുന്നത്. ‘‘എനിക്കു പാടാൻ ഇഷ്ടമാണ്. റീൽസിൽ പാടുക എന്നതായിരുന്നു ഏറ്റവും വലിയ ആഗ്രഹം. പക്ഷേ ധൈര്യമുണ്ടായിരുന്നില്ല. ഓരോരുത്തർ ചെയ്യുന്ന റീൽസ് കണ്ടുകണ്ട് ഒരിക്കൽ വെറുതെ ചെയ്തു നോക്കിയതാണ്. അത് ഇഷ്ടപ്പെട്ടു എന്നു പലരും പറഞ്ഞു, അതോടെ ധൈര്യമായി. നല്ല ഫോൺ ആണെങ്കിൽ മുഖത്തിന് ഇഫക്ട്സ് ഒക്കെ ഇട്ടും ഇതൊക്കെ ചെയ്യാമെന്ന് ഇൻസ്റ്റയിൽ സ്ഥിരമായി റീൽസ് ചെയ്യുന്ന ഒരാളാണ് പറഞ്ഞു തന്നത്. ഞാനും അതുപോലെ ചെയ്തു. പല സിനിമകളിലെയും ഡയലോഗുകൾ ഞങ്ങൾ ഒന്നിച്ചു ചെയ്യുമായിരുന്നു. പിന്നെ മെസേജ് ബോക്സിൽ അയാൾ പഞ്ചാരയടിക്കാൻ തുടങ്ങി. പണം ആവശ്യപ്പെട്ടപ്പോഴാണ് അതിലെന്തോ ഒരു കള്ളത്തരം തോന്നിയത്. അതോടെ ഞാൻ അയാളെ ഒഴിവാക്കി. എന്തോ ഭാഗ്യത്തിന് അയാൾ പിന്നെ എന്നെ അന്വേഷിച്ചു വന്നതുമില്ല.’’ ഇൻസ്റ്റഗ്രാമിൽ സ്ഥിരമായി റീൽസ് ചെയ്യുന്ന ഒരു പെൺകുട്ടി അവളുടെ അനുഭവം പറയുന്നു. 

 

അശ്വതി അച്ചു
അശ്വതി അച്ചു

മിക്കപ്പോഴും മറ്റു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഇത്തരം "സുന്ദരന്മാർ" എന്ന് വിളിക്കപ്പെടുന്ന പ്രൊഫൈലുകളുമായുള്ള റീൽസുകൾ സ്ത്രീകൾ അഭിമാനത്തോടെയാണ് പങ്കു വയ്ക്കുന്നത്. ഇവനാരാണ് എന്ന മട്ടിൽ മറ്റു സ്ത്രീകൾ അയാളുടെ പ്രൊഫൈലുകൾ അന്വേഷിക്കുകയും ചെയ്യുക പതിവുണ്ട്. വളരെ സത്യസന്ധമായി തങ്ങളുടെ കലാപ്രകടനങ്ങൾ അവതരിപ്പിക്കുന്നവരെ കുറിച്ചല്ല പറയുന്നത്. സുന്ദരമായ മുഖവും തങ്ങളുടെ അഭിനയ പാടവവും കാട്ടി സ്ത്രീകളെ വശീകരിക്കുന്നവരെയാണ്. ഈയടുത്ത് അത്തരത്തിൽ രണ്ടു വാർത്തകളാണ് പുറത്ത് വന്നത്. കയ്യിലെ സ്വർണം അടിച്ചു മാറ്റി പെൺകുട്ടിയെ കൊലപ്പെടുത്തിയ ‘അഖിയേട്ടൻ’ എന്ന ഇൻസ്റ്റഗ്രാം താരം, അതുപോലെ സ്ത്രീകളെ പീഡിപ്പിച്ചും പണം തട്ടിയെടുത്തും ജയിലഴിക്കുള്ളിലായ മീശ വിനീത്. 

trivandrum-meesha-vineeth

 

ഒരിക്കലും പുരുഷന്മാരുടെ മാത്രം ലോകവും രീതികളുമല്ല സോഷ്യൽ മീഡിയയിലെ തട്ടിപ്പ്. എത്രയോ കാലം മുതൽ തന്നെ സോഷ്യൽ മീഡിയയിലെ തട്ടിപ്പിന്റെ സ്ത്രീനാമം അശ്വതി അച്ചു എന്നാണ്. ആ പേര് പോലും ഒരു ട്രോൾ വിഷയമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഒരു സ്ത്രീ എന്തിനും തുനിഞ്ഞിറങ്ങിയാൽ പുരുഷന്മാർ ചതിക്കപ്പെടുക തന്നെ ചെയ്യും. നഗരത്തിലെ പൊലീസുകാരെ ഉൾപ്പെടെ വശീകരിച്ചു പണം പിടുങ്ങിയ സ്ത്രീ പ്രൊഫൈലിന്റെ പേരും അശ്വതി അച്ചു എന്നായിരുന്നു. അതുകൊണ്ടു തന്നെ ഇരയാക്കപ്പെടുന്നവർ എല്ലാം സ്ത്രീകൾ എന്ന വാദത്തിൽ കഴമ്പില്ല. പറ്റിക്കാൻ സ്ത്രീകളും പുരുഷന്മാരും തയാറാണെങ്കിൽ പറ്റിക്കപ്പെടാനും ഇവർ രണ്ടു കൂട്ടരും തയാറാണ്. ഇക്കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് തനിക്ക് വന്ന ഒരു വിഡിയോ കോൾ വിവരങ്ങൾ വച്ച് സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഒരുപക്ഷേ സ്ഥിരമായി സ്ത്രീകളിൽ നിന്ന് പുരുഷന്മാർ സോഷ്യൽ മീഡിയ വഴി നേരിടുന്ന ഏറ്റവും വലിയ പറ്റിക്കലിനെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞതും. ചാറ്റ് ചെയ്യാൻ താൽപര്യം അനുസരിച്ച് വരുന്നവർക്ക് ശരീരഭാഗങ്ങൾ തുറന്നു കാണിച്ചാണ് ഇത്തരം ഹണി ട്രാപ്പിൽ ഇവർ പുരുഷന്മാരെ അകപ്പെടുത്തുക പതിവ്. വിഡിയോയുടെ സ്ക്രീൻഷോട്ട് എടുത്ത്, സമൂഹത്തിൽ വിലയും നിലയുമുള്ള ഇവരെ ഈ സ്ത്രീകൾ ബ്ളാക്ക് മെയിൽ ചെയ്യും. അങ്ങനെ എണ്ണിയാലൊടുങ്ങാത്ത പുരുഷന്മാർ ഹണി ട്രാപ്പുകളിൽ പെട്ട് പണം നൽകി മാനം സംരക്ഷിച്ചിട്ടുമുണ്ട്. 

 

പറ്റിക്കുക എന്നത് ചില മനുഷ്യരുടെ സ്വഭാവരീതി കൂടിയാണ്. പറ്റിക്കപ്പെടാതിരിക്കാൻ ശ്രമിക്കുക എന്നതേ ചെയ്യാനുള്ളൂ. സ്ത്രീകൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം പീഡന ശ്രമങ്ങളും പണം നഷ്ടപ്പെടലുമാണ്. ചിത്രങ്ങളും ചാറ്റുകളും വച്ച് ബ്ളാക്ക് മെയ്ൽ ചെയ്താകും പിന്നീട് വലിയ തുകകൾ ഈ വേട്ടക്കാർ ആവശ്യപ്പെടുക. അത് തിരികെ ചോദിച്ചാൽ ആതിരയുടെ അവസ്ഥയാകും സ്ത്രീകൾക്ക് ഉണ്ടാവുക. പണം തിരിച്ചു കൊടുക്കാതിരിക്കാൻ കൊലപ്പെടുത്താൻ പോലും അവർക്ക് മടിയുമുണ്ടാകില്ല. റീൽസിലെ സൗന്ദര്യവും തേജസ്സുമുള്ള മിന്നുന്ന മുഖങ്ങളൊന്നും ശരിക്കും മിന്നുന്നതല്ലെന്നു മീശ വിനീതിനെ പോലീസ് അറസ്റ്റ് ചെയ്തപ്പോൾ കേരളം കണ്ടതാണ്. അതാണ് പൊതു സത്യം എന്ന് മനസ്സിലാക്കി മുന്നോട്ടു പോവുക മാത്രമാണ് ചെയ്യാനുള്ളത്. കരുതിയിരിക്കേണ്ടത് സ്ത്രീകൾ മാത്രമല്ല, പുരുഷന്മാരുമാണ്. അഭിമാനവും പണവും ഒപ്പം ജീവനും നിങ്ങൾക്ക് നഷ്ടപ്പെട്ടേക്കാം, സൂക്ഷിക്കുക.

English Summary: Honey Trap In Social Media

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com