ADVERTISEMENT

ജന്മം നൽകുന്ന കുഞ്ഞുങ്ങൾക്കൊപ്പം ചിലവഴിക്കുന്ന ആദ്യത്തെ ഏതാനും വർഷങ്ങൾ ഏതൊരമ്മയ്ക്കും ജീവിതത്തിൽ ഏറ്റവും സന്തോഷം നൽകുന്ന കാലമാണ്. എന്നാൽ കണ്ടും കേട്ടും അറിഞ്ഞതിനേക്കാൾ ഏറെ ശ്രമകരമായ ഒരു കാലയളവ് കൂടിയാണ് ഇത്. സ്വന്തം കാര്യങ്ങളും വീട്ടുകാര്യങ്ങളും കുഞ്ഞിന്റെ കാര്യങ്ങളും എല്ലാം ഒരുമിച്ച് നോക്കി നടത്തേണ്ടി വരുന്നതും ഉറക്കമില്ലായ്മയും ടെൻഷനും എല്ലാം അമ്മമാരുടെ സ്വഭാവത്തിൽ പ്രതിഫലിച്ചു എന്ന് വരാം. കുഞ്ഞിനോട് അങ്ങേയറ്റം സ്നേഹം തോന്നുമ്പോൾ തന്നെ ജീവിതത്തിന്റെ സമാധാനം നഷ്ടപ്പെട്ടു എന്ന തോന്നൽ ഉണ്ടാകുന്നതും സ്വാഭാവികമാണ്. എന്നാൽ ചില കാര്യങ്ങൾ ഒന്നു ശ്രദ്ധിച്ചാൽ കുഞ്ഞുമൊത്തുള്ള നിമിഷങ്ങളും സ്വന്തം ജീവിതവും ഏറ്റവും സന്തോഷകരമായി ആസ്വദിക്കാൻ നിങ്ങൾക്കും സാധിക്കും. അത് എങ്ങനെ എന്ന് നോക്കാം.

 

പെർഫെക്ട് ആകണമെന്ന പിടിവാശി വേണ്ട

 

കുഞ്ഞുങ്ങൾ സ്വന്തം കാര്യങ്ങൾ നോക്കാനാകുന്ന പ്രായത്തിൽ എത്തുന്നത് വരെ ചുറ്റുമുള്ളവർ നിരന്തരമായി അഭിപ്രായങ്ങൾ പറയുന്നത് പതിവാണ്. ഇത്തരം അഭിപ്രായങ്ങൾ കേട്ട് സ്വന്തമായി ചെയ്യുന്നതൊന്നും ശരിയല്ല എന്നും ചില കാര്യങ്ങളിൽ താൻ മികച്ചതല്ല എന്നുമൊക്കെയുള്ള തോന്നലും ഉണ്ടാവാം. ഇതുമൂലം മറ്റുള്ളവർക്ക് മുന്നിൽ പെർഫെക്റ്റ് അമ്മയായിരിക്കാൻ ശ്രമിക്കുന്നവരുമുണ്ട്. എന്നാൽ എല്ലാ കാര്യങ്ങളും പെർഫെക്ടായി ചെയ്യുക എന്നതിലുപരി നിങ്ങളുടെ കുഞ്ഞിനോട് വൈകാരികമായി എത്രത്തോളം അടുക്കാനാകുന്നു എന്നതും സന്തോഷിപ്പിക്കാനാകുന്നു എന്നതുമാണ് പ്രധാനം എന്ന് മനസ്സിലാക്കുക.  

 

ക്ഷമയാണ് പ്രധാനം

 

കുഞ്ഞുങ്ങൾ വളരുന്നത് തെറ്റുകളിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ടാണ്. കളിപ്പാട്ടങ്ങൾ വലിച്ചെറിയുന്നതും ഭിത്തിയിൽ വരയ്ക്കുന്നതുമൊക്കെ കുട്ടികളുടെ സ്വാഭാവികമായ പെരുമാറ്റ രീതിയാണെന്ന് മനസ്സിലാക്കുക. കുഞ്ഞ് ഇത്തരത്തിൽ പെരുമാറിയാൽ മറ്റുള്ളവർക്ക് എന്ത് തോന്നുമെന്നും വീട് വൃത്തികേടാകുമെന്നുമൊക്കെ കരുതി ചെറിയ പ്രായത്തിലുള്ള കുട്ടികൾക്ക് നേരെ ക്ഷോഭത്തോടെ സംസാരിക്കുന്നവരുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ദേഷ്യം സ്വയം നിയന്ത്രിച്ചു നിർത്തേണ്ടത് അത്യാവശ്യമാണ്.  കുഞ്ഞിനെ ആ പ്രവർത്തിയിൽ നിന്നും സ്നേഹത്തോടെ എങ്ങനെ വിലക്കാനാവും എന്ന മാർഗമാണ് കണ്ടെത്തേണ്ടത്. ഓർക്കുക നിങ്ങളുടെ ശീലങ്ങളും പെരുമാറ്റങ്ങളുമാണ് കുഞ്ഞുങ്ങൾ ആദ്യം കണ്ടുപഠിക്കുന്നത്.

 

ദിവസത്തിലെ നല്ല കാര്യങ്ങളെക്കുറിച്ച് സംസാരിക്കാം

 

കുഞ്ഞുങ്ങളുടെ ചിന്താഗതികളും കാഴ്ചപ്പാടുകളും എല്ലാം രൂപീകൃതമാകുന്നതിൽ മാതാപിതാക്കളുടെ ഇടപെടലുകൾക്ക് വലിയ പങ്കുണ്ട്. അൽപം തിരിച്ചറിവായി തുടങ്ങുന്ന സമയം മുതൽ നിങ്ങളുടെ ഓരോ ദിവസത്തെയും സന്തോഷകരമായ കാര്യങ്ങൾ കുട്ടികളുമായി പങ്കുവയ്ക്കുന്നത് പതിവാക്കുക. മക്കളുമായി വൈകാരികമായ ബന്ധം ഊട്ടിയുറപ്പിക്കുന്നതിനും സൗഹൃദം സ്ഥാപിക്കുന്നതിനും ഇത് ഏറെ ഗുണം ചെയ്യും. വിഷമകരമായ കാര്യങ്ങൾ ഉൾക്കൊള്ളാവുന്ന പ്രായം എത്തുമ്പോൾ ജീവിതത്തിലെ പ്രശ്നങ്ങളെക്കുറിച്ചും അവരോട് സംസാരിച്ചു തുടങ്ങാം. മുതിർന്നു വരുന്നതനുസരിച്ച് നിങ്ങളോട് കാര്യങ്ങൾ തുറന്നു സംസാരിക്കാനുള്ള തോന്നൽ കുട്ടികൾക്ക് ഉണ്ടാവാനും ഇത് സഹായിക്കും.

 

സഹായം തേടാൻ മടിക്കേണ്ട 

 

എത്രത്തോളം സ്നേഹം മനസ്സിലുണ്ടെങ്കിലും സ്വന്തം കാര്യങ്ങൾ മാറ്റിവച്ച് മറ്റൊന്നിന് പ്രാധാന്യം നൽകേണ്ടി വരുന്നത് ആത്മവിശ്വാസവും സന്തോഷവും കുറയ്ക്കുന്ന കാര്യമാണ്.  മക്കളുടെ കാര്യം ശ്രദ്ധിക്കുന്നത് തന്റെ മാത്രം ഉത്തരവാദിത്വമാണെന്ന ചിന്താഗതി പലരും വച്ചുപുലർത്താറുണ്ട്. എന്നാൽ ഒരു ഇടവേള വേണമെന്ന് തോന്നിയാൽ ചുറ്റുമുള്ളവരുടെ സഹായം തേടുന്നത് തെറ്റല്ല. അമ്മയാണ് എന്നതുകൊണ്ട് ജീവിതത്തിലെ സന്തോഷങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തേണ്ടതില്ല എന്ന് തിരിച്ചറിയുക.

 

താരതമ്യം വേണ്ട

 

മക്കളുടെ അതേ പ്രായത്തിലുള്ള കുഞ്ഞുങ്ങളുടെ വളർച്ചയും പെരുമാറ്റവുമായി താരതമ്യപ്പെടുത്തി സ്വയം വിലകുറച്ചു കാണുന്ന അമ്മമാരും ഉണ്ട്. ജീവിതത്തിലെ സന്തോഷമാകെ കെടുത്തുന്ന കാര്യമാണിത്. നിങ്ങളുടെ കുഞ്ഞ് നിങ്ങൾക്കൊപ്പമായിരിക്കുന്ന സമയത്ത് എത്രത്തോളം സന്തോഷം അനുഭവിക്കുന്നുണ്ട് എന്നും തിരിച്ച് നിങ്ങൾ എത്ര ആഴത്തിൽ അവരെ സ്നേഹിക്കുന്നുണ്ടെന്നതും മാത്രം കണക്കിലെടുക്കുക. ഓരോ വ്യക്തിയും കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന രീതികൾ വ്യത്യസ്തമാണെന്ന് തിരിച്ചറിഞ്ഞ്  നിങ്ങൾ നിറവേറ്റുന്ന ഉത്തരവാദിത്വങ്ങളിൽ സംതൃപ്തി കണ്ടെത്താൻ ശ്രമിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com