ADVERTISEMENT

കരുത്തുറ്റ നിരവധി കഥാപാത്രങ്ങൾകൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ അഭിനേത്രിയാണ് വിദ്യാബാലൻ. ബോളിവുഡിലെ സീറോ സൈസ് നായികമാരുടെ പട്ടികയിൽ പെടാത്തതു കൊണ്ടുതന്നെ വിദ്യ ധാരാളം കളിയാക്കലുകൾ നേരിട്ടിരുന്നു. എന്നാൽ മികവാർന്ന അഭിനയവും വിനയവും തമാശയും ചേർന്ന സംസാരശൈലിയും വിദ്യയ്ക്ക് നൽകിയത് പ്രേക്ഷകരുടെ കളങ്കമില്ലാത്ത സ്നേഹമാണ്. ജീവിതത്തിൽ താൻ നേരിട്ട ബുദ്ധിമുട്ടുകളെപ്പറ്റി വിദ്യ സംസാരിക്കുന്നു. 

കുട്ടിക്കാലം മുതൽ തടിച്ച പെൺകുട്ടി എന്ന കളിയാക്കലുകൾ കേട്ടാണ് വളർന്നത്. എന്നാൽ അതിന് ഇത്ര വർഷങ്ങൾക്കു ശേഷവും മാറ്റമില്ലെന്നാണ് വിദ്യ പറയുന്നത്. ' സിനിമയിലെത്തി പ്രശസ്തയായതിനു ശേഷവും ധാരാളം കളിയാക്കപ്പെട്ടിട്ടുണ്ട്. ഞാൻ അഭിനയിച്ച സിനിമ വിജയിച്ചില്ലെങ്കിൽ അതെന്റെ തടിച്ച ശരീരം കാരണമാണെന്നു പോലും ഞാന്‍ ചിന്തിച്ചിട്ടുണ്ട്. മറ്റുള്ളവരുടെ ചിന്താഗതി കാരണം കുടുംബത്തിന്റെ അഭിമാനം നമ്മുടെ ശരീരത്തിലാണ് കൊണ്ടുനടക്കുന്നതെന്ന് പലപ്പോഴും എന്നെപ്പോലെ പല പെൺകുട്ടികൾക്കും തോന്നിയിട്ടുണ്ടാവും.' – വിദ്യ പറഞ്ഞു.

Read also: ഒരു കയ്യിൽ കുഞ്ഞുമായി റിക്ഷ ഓടിക്കുന്ന അമ്മ; അനുകൂലിച്ചും എതിർത്തും സോഷ്യൽ മീഡിയ

'പന്ത്രണ്ട് വർഷത്തിലധികമായി എനിക്ക് ഹോർമോണൽ പ്രശ്നങ്ങളും പിസിഒഡിയും ഉണ്ട്. ഞാൻ എന്നും വർക്ക് ഔട്ട് ചെയ്യുന്ന ആളാണ്. പക്ഷേ എന്റെ ശരീരം കണ്ട്, നീ വ്യായാമം ചെയ്യുന്ന ആളാണെന്ന് തോന്നുന്നില്ലല്ലോ, നിനക്ക് ഭക്ഷണം കഴിക്കാൻ ഒരുപാട് ഇഷ്ടമാണല്ലേ എന്നൊക്കയാണ് ചോദിക്കുന്നത്. യാതൊന്നും അറിയാതെ ഇങ്ങനെയൊക്കെ പറയുന്നത് കേൾക്കുമ്പോൾ വിഷമം തോന്നിയിരുന്നു'. ഇപ്പോഴും അങ്ങനെയുള്ള ചോദ്യങ്ങള്‍ നേരിടാറുണ്ടെങ്കിലും തന്നെ അത് ബാധിക്കുന്നില്ലെന്നാണ് വിദ്യയ്ക്ക് പറയാനുള്ളത്.

Read also: ദേഹമാസകലം ടാറ്റു ചെയ്തു; ടോയ്‌ലറ്റ് വൃത്തിയാക്കുന്ന ജോലി പോലും കിട്ടുന്നില്ലെന്നു പരാതിയുമായി വനിത

താൻ എപ്പോഴും വളരെ മത്സരബുദ്ധിയോടെയാണ് വളർന്നതെന്ന് വിദ്യ പറയുന്നു. 'കുട്ടിക്കാലത്ത് എപ്പോഴും ആൺകുട്ടികളെക്കാൾ മുന്നിട്ടു നിൽക്കണമെന്നായിരുന്നു ആഗ്രഹം. എനിക്ക് ഒരു മകനെയാണ് വേണ്ടിയിരുന്നതെന്ന് അമ്മ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. കാരണം, അന്ന് വീട്ടിൽ പെൺകുട്ടിയായിട്ട് എന്റെ ചേച്ചിയുണ്ട്. സ്വാഭാവികമായും ഇനി ഒരു ആൺകുട്ടിയെ ആയിരിക്കുമല്ലോ പ്രതീക്ഷിക്കുക. എങ്കിലും അമ്മ പറഞ്ഞത് എന്റെ മനസ്സിൽ ഉണ്ടായിരുന്നു. പിന്നെ പ്രധാനപ്പെട്ട മറ്റൊരു കാര്യം, കുടുംബത്തിനുള്ളിൽ തന്നെ ആൺകുട്ടികളോടുള്ള പ്രത്യേക പെരുമാറ്റവും പരിഗണനയുമായിരുന്നു. ഒരിക്കൽ എന്റെ ഒരു അങ്കിൾ അച്ഛനോടു പറഞ്ഞു, 'നീ വിഷമിക്കണ്ട, നിനക്കു വേണ്ടി എന്റെ മകൻ എപ്പോഴും ഉണ്ടാകും'. അത് കേട്ട് എനിക്ക് ദേഷ്യം വന്നു. ഞാനും എന്റെ ചേച്ചിയും ഉള്ളപ്പോള്‍ എന്തിനാണ് അയാളുടെ മകൻ എന്റെ അച്ഛനു വേണ്ടി നിൽക്കുന്നത്? അതിനു ഞങ്ങളില്ലേ? അതായിരുന്നു എന്റെ ചിന്ത.

Read also: ' ജയിലിൽ രണ്ട് ദിവസം ഞാൻ ഭക്ഷണം കഴിച്ചില്ല, ഇനി ഈ നാട്ടിൽ ജീവിക്കില്ലെന്ന് ഉറപ്പിച്ചതായിരുന്നു...'

സിനിമ ഇല്ലാത്തപ്പോൾ ഞാൻ എന്റേതായ ലോകത്തായിരിക്കുമെന്നും, ആദ്യകാലത്ത് ഭയന്നിരുന്ന പ്രശ്തി ഇപ്പോൾ ആസ്വദിക്കുന്നുണ്ടെന്നും വിദ്യാബാലൻ പറഞ്ഞു.  'എനിക്ക് നാൽപ്പത്തിനാല് വയസ്സാണ് ഇപ്പോൾ, അതുകൊണ്ടുതന്നെ മറ്റുള്ളവർ എന്തു പറയു‌മെന്ന ചിന്ത കുറഞ്ഞിട്ടുണ്ട്.' 40 കഴിഞ്ഞ് എല്ലാ സ്ത്രീകൾക്കും അങ്ങനെ ഒരു തോന്നലുണ്ടാകുമെന്നും വിദ്യ അഭിപ്രായപ്പെട്ടു. പുതിയ സിനിമയായ നീയത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ബീർബൈസപ്സ് എന്ന ചാനലിനു നൽകിയ അഭിമുഖത്തിലാണ് വിദ്യാ ബാലൻ തന്റെ ജീവിതത്തെപ്പറ്റിയും നേരിട്ട ബോഡിഷെയ്മിങ്ങിനെ പറ്റിയും അനുഭവങ്ങൾ പങ്കുവച്ചത്.

Content Summary: Bollywood Actress Vidyabalan shares about bodyshaming

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com