ADVERTISEMENT

ജോലിത്തിരക്കുകൾക്കിടയിലെ ഇത്തിരി ഇടവേള ഇത്തവണ ചെലവഴിക്കാൻ തീരുമാനിച്ചത് മൈസൂരിലാണ്. പതിവ് വിനോദ സഞ്ചാര കേന്ദ്രങ്ങൾക്കപ്പുറം പുതിയ നാട്ടിലെ ഗ്രാമങ്ങളും ജീവിതവും കാർഷിക സംസ്കാരവുമൊക്കെ അടുത്തറിയുക എന്നതു തന്നെയായിരുന്നു പ്രധാന ലക്ഷ്യം.

രാജ്യം ഉറ്റു നോക്കിയ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ കോൺഗ്രസ് സർക്കാർ അധികാരത്തിലേറിയിട്ടു ദിവസങ്ങൾ മാത്രമേയായിട്ടുള്ളൂ. അതിന്റെ അലയൊലികൾ എങ്ങും നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. മൈസൂർ പാലസിലും നഗരത്തിലെ മറ്റു പ്രധാന വിനോദസഞ്ചാരയിടങ്ങളിലൊക്കെ പ്രദേശവാസികളായ സ്ത്രീകളുടെ നല്ല തിരക്ക് അനുഭവപ്പെട്ടു. സാധാരണ വീട്ടമ്മമാർ ഇത്രയധികമായി ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ എത്തിച്ചേരുന്നതിൽ അൽപം അതിശയവും അതിനേക്കാൾ സന്തോഷവും തോന്നി.

യാത്രയുടെ രണ്ടാമത്തെ ദിവസം ഹൊയ്സാല രാജാക്കന്മാരുടെ കാലത്ത് നിർമിച്ച സോമനാഥപുരയിലെ ചെന്നകേശവ ക്ഷേത്രവും സമീപ ഗ്രാമങ്ങളുമാണ് തിരഞ്ഞെടുത്തത്. മൈസൂരിൽ നിന്ന് 35 കിലോമീറ്റർ ദൂരമുണ്ട്. ഹോട്ടലിലെ ജീവനക്കാരൻ‌ പറഞ്ഞതനുസരിച്ച് പട്ടണത്തിലെ സബർ ബസ് സ്റ്റാൻഡിൽ നിന്ന് ബണ്ണൂർ എന്ന സ്ഥലത്തേക്കുള്ള ബസ് പിടിച്ചു. ബണ്ണൂരിൽ നിന്ന് ടി. നരസിപുരയിലേക്കുള്ള ബസിൽ കയറി സോമനാഥപുരയ്ക്ക് ടിക്കറ്റെടുത്തു. രണ്ടും കർ‌ണാടക ആർടിസിയുടെ ബസുകൾ. ബണ്ണൂരിൽ നിന്നു കയറിയ ബസിൽ വച്ചാണ് ശ്രദ്ധിച്ചത്, കണ്ടക്ടറുടെ പക്കൽ നിന്നു ടിക്കറ്റെടുക്കുന്ന സ്ത്രീകൾ നോട്ടിന് പകരം ആധാർ കാർഡുകളാണ് നൽകുന്നത്. വനിതാ കണ്ടക്ടർ അവ പരിശോധിച്ച് ടിക്കറ്റ് മുറിച്ച് നൽകുന്നു.

karnataka-bus-travel

കണ്ടക്ടർ അടുത്തെത്തിയപ്പോൾ സംഗതിയെന്താണെന്നറിയാതെ ഞങ്ങളും ആധാർ കാർഡ് നീട്ടി. അവരത് പരിശോധിച്ച ശേഷം തദ്ദേശീയരായ സ്ത്രീകൾക്കാണ് കർണാടക സ്റ്റേറ്റ് ബസിൽ സൗജന്യ യാത്ര അനുവദിക്കുകയെന്ന് മറുപടി നൽകി. ഞങ്ങൾ പണം നൽകി ടിക്കറ്റെടുത്ത് യാത്ര തുടർന്നു. തിരക്ക് ഒഴിഞ്ഞപ്പോൾ കണ്ടക്ടറോട് സംസാരിച്ചു. തമിഴും ഇംഗ്ലീഷും കലർന്ന ഭാഷയിൽ ഞങ്ങൾക്ക് മനസിലാകും വിധം അവർ സന്തോഷത്തോടെ കാര്യങ്ങൾ വിശദീകരിച്ചു. കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നല്ലോ സ്ത്രീകൾക്കുള്ള സൗജന്യ ബസ് യാത്ര. സിദ്ധരാമയ്യ സർക്കാർ വാഗ്ദാനം പാലിച്ചു. ശക്തി സ്കീം എന്ന പേരിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്രാ പദ്ധതി ഉദ്ഘാടനം ചെയ്തിട്ട് ദിവസങ്ങളെ ആയിട്ടുള്ളൂ. പദ്ധതിയോടു കർണാടകയിലെ സ്ത്രീ സമൂഹം വളരെ പോസീറ്റീവായാണ് പ്രതികരിക്കുന്നതെന്നു ബസിലെ യാത്രക്കാരെ ചൂണ്ടിക്കാണിച്ച് കണ്ടക്ടർ സാക്ഷ്യപ്പെടുത്തി. ഞങ്ങൾ കയറിയ രണ്ട് ബസിലും സ്ത്രീ യാത്രക്കാരാണ് കൂടുതൽ. മധ്യവയസ്കരും യുവതികളും വിദ്യാർത്ഥിനികളുമൊക്കെയുണ്ട്.

സോമനാഥപുരയിലിറങ്ങി ഹോയ്സാല ക്ഷേത്രത്തിന്റെ വാസ്തുവിദ്യാ ചാരുത ആസ്വദിച്ചു നിന്നപ്പോഴാണ് യൂണിഫോം ധരിച്ച ഒരു കൂട്ടം ഹൈസ്കൂൾ വിദ്യാർത്ഥിനികളെ ശ്രദ്ധിച്ചത്. കൂട്ടുകൂടി കറങ്ങി നടക്കുന്ന അവരുടെ കുറച്ച് ചിത്രങ്ങൾ ഞങ്ങൾ പകർത്തി. പതിയെ ഞങ്ങൾ കൂട്ടായി. യൂണിഫോമിൽ കണ്ടപ്പോൾ സ്കൂൾ ടൂറാണെന്നാണ് ധരിച്ചത്. അയൽവാസികളും ഒരേ സ്കൂളിലെ വിദ്യാർഥിനികളുമായ അവർ സമീപത്തെ ഗ്രാമത്തിൽ നിന്ന് ഒഴിവുദിവസം കാഴ്ചകൾ കാണാൻ ഇറങ്ങിയതാണത്രേ. ബസ് യാത്ര ഫ്രീ ആയതുകൊണ്ട് വീട്ടിൽ പണം ചോദിക്കേണ്ടി വന്നില്ല. ഏഴ്, എട്ടു ക്ലാസുകളിൽ പഠിക്കുന്ന പെൺകുട്ടികളുടെ ഇംഗ്ലീഷ് കൈകാര്യം ചെയ്യാനുള്ള മികവ് അതിശയിപ്പിക്കുന്നതായിരുന്നു. കർണാടകയിലെ ജീവിതത്തെക്കുറിച്ച് ഞങ്ങളും കേരളത്തെക്കുറിച്ച് അവരും ഏറെ ചോദിച്ചറിഞ്ഞു.

പഞ്ചാബ്, തമിഴ്നാട്, ഡൽഹി എന്നീ സംസ്ഥാനങ്ങൾക്കു പിന്നാലെയാണ് കർണാടകയും സ്ത്രീകൾക്കു സർക്കാർ ബസുകളിൽ സൗജന്യ യാത്ര ഏർപ്പെടുത്തിയത്. ശക്തി സ്കീമിലൂടെ സ്ത്രീകളുടെ സഞ്ചാര സ്വാതന്ത്ര്യം വർദ്ധിപ്പിക്കുകയും സമ്പദ് വ്യവസ്ഥയിൽ അവരുടേതായ പങ്കാളിത്തം ഉറപ്പു വരുത്തുകയാണ് ലക്ഷ്യമെന്നു കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പദ്ധതി ഉദ്ഘാടനത്തിന് ശേഷം മാധ്യമങ്ങളോടു പ്രതികരിച്ചിരുന്നു. ഏകദേശം 4050 കോടിയാണ്‌ പദ്ധതിയുടെ വാർഷിക ചെലവ് കാണക്കാക്കുന്നത്. 42 ലക്ഷത്തോളം സ്ത്രീകൾക്കു ശക്തി സ്കീമിന്റെ സേവനം ലഭ്യമാകുമെന്നാണ് വിലയിരുത്തൽ.

karanataka-govt-bus

തിരഞ്ഞെടുപ്പ് കാലത്ത് നൽകിയ വാഗ്ദാനം പാലിക്കുന്ന ക്ഷേമ സർക്കാരായി ജനങ്ങളുടെ കയ്യടി നേടുക എന്നതിനപ്പുറം ഈ പദ്ധതിയ്ക്കൊരു തുടർച്ചയുണ്ടായാൽ കർണാടകയുടെ സമീപ - വിദൂര ഭാവിയിൽ ഏറെ ചലനങ്ങളുണ്ടാക്കാൻ ഈ ഇടപെടലിനാകും. കെഎസ്ആർടിസി ബസിൽ പണം നൽകാതെ യാത്ര ചെയ്യാനാകുമെന്നത് കേവലമൊരു സൗജന്യ യാത്രാ പദ്ധതി മാത്രമല്ല. സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ രംഗത്ത് സമാനതകളില്ലാത്ത സ്ത്രീ മുന്നേറ്റത്തിന് ഇത് വഴിവയ്ക്കും.

സ്വന്തമായി വരുമാനമില്ലാത്തതിനാൽ സഞ്ചരിക്കാൻ കഴിയാത്ത നിരവധി വീട്ടമ്മമാർ ഏതൊരു സമൂഹത്തിലുമുണ്ട്. "മൊബിലിറ്റി" അഥവാ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം പലർക്കും ഇല്ലെന്നു തന്നെ പറയാം. എന്നാൽ യാത്ര സൗജന്യമാകുന്നതോടെ അവർക്ക് സധൈര്യം വീടിനു പുറത്തേക്ക് ഇറങ്ങാനുള്ള അവസരമാണ് ലഭിക്കുന്നത്. അത്തരത്തിലുള്ള നിരവധി സ്ത്രീകളെ ഞങ്ങളുടെ യാത്രയിലുടനീളം കാണാൻ സാധിച്ചു.

തൊഴിലെടുക്കാനും സമ്പാദിക്കാനുമുള്ള അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഗ്രാമങ്ങൾക്ക് പരിമിതികളുണ്ട്. നഗരങ്ങളിൽ തൊഴിലവസരങ്ങളുണ്ടെങ്കിലും വിദൂര ഗ്രാമങ്ങളിൽ നിന്ന് യാത്ര ചെയ്തെത്തി തൊഴിലെടുക്കാനാവശ്യമായ ചിലവ് മിക്കവരെയും അതിൽ നിന്ന് പിന്തിരിപ്പിക്കാറുണ്ട്. സൗജന്യ യാത്ര ഇതിനൊരു പരിഹാരമാകുകയാണ്. കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യേണ്ടി വരുന്നവർക്കും ഒരു പരിധി വരെ  ഈ സൗജന്യ യാത്ര ആശ്വാസമേകും. യാത്രയ്ക്കായി ചിലവാക്കേണ്ടി വരുന്ന പണം കൊണ്ട് വീട്ടിലേക്ക് കുഞ്ഞുങ്ങൾക്ക് ഒരു കവർ പാലോ ബിസ്ക്കറ്റോ വാങ്ങാനായാൽ പോലും അതിൽ ചെറുതല്ലാത്തൊരു മാറ്റം കാണാനാകും.

കർണാടക ലേബർ ഡിപ്പാർട്ട്മെന്റിന് കീഴിലെ ഡയറക്ടറേറ്റ് ഓഫ് എംപ്ളോയ്മെന്റ് ആന്റ് ട്രെയിനിങ് തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം 2014-15ൽ കർണാടകയിൽ  പൊതു മേഖലയിലോ സ്വകാര്യ മേഖലയിലോ ആകെ ജോലി ചെയ്യുന്ന 23.85 ലക്ഷം ആളുകളിൽ 7.72 ലക്ഷം മാത്രമാണ് സ്ത്രീകൾ. ഇതിൽ 3.16 ലക്ഷം സ്ത്രീകളും ബംഗളൂരു ജില്ലയിൽ നിന്നുള്ളവരാണ്.

2011ലെ സെൻസസ് കൂടി പരിശോധിക്കാം, എന്തെങ്കിലും തരത്തിലുള്ള തൊഴിൽ ചെയ്യുന്നവരുടെ ആകെ എണ്ണം 2.34 കോടി. ഇതിൽ 1.63 കോടിയും പുരുഷന്മാർ. സ്ത്രീകളുടെ എണ്ണം 70 ലക്ഷം. അതായത് കർണാടകയിൽ ആകെ തൊഴിൽ ലഭ്യമായവരിൽ മൂന്നിൽ രണ്ട് പേരോ അതിലധികമോ പുരുഷന്മാരാണ്. സാക്ഷരതയുടെ കാര്യത്തിലേക്ക് വന്നാൽ കർണാടകയിൽ ആകെ സാക്ഷരതാ നിരക്ക് 75.36 ശതമാനം. പുരുഷന്മാരുടേത് 82.47. സ്ത്രീ സാക്ഷരത 68.08ശതമാനം.

bus-karnataka

ഇത് കർണാടകയുടെ മാത്രം സ്ഥിതിയല്ല. ചില സംസ്ഥാനങ്ങളിലൊഴിച്ച് മറ്റെല്ലായിടത്തും സ്ത്രീ സാക്ഷരതയിൽ വലിയ ന്യൂനതകൾ നിലനിൽക്കുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനാകട്ടെ, ഉന്നത വിദ്യാഭ്യാസത്തിനാകട്ടെ വിദ്യാഭ്യാസ സ്ഥാപനത്തിലേക്കുള്ള ദൂരം ഒരു തടസമാണ്. അതിനു വേണ്ടി വരുന്ന ചിലവ് സ്ത്രീ വിദ്യാഭ്യാസത്തെ പിന്നോട്ടടിക്കും. സൗജന്യ യാത്ര ഇതിനും ഒരു പരിഹാരം കാണുകയാണ്. 

കർണാടകയുടെ ഉൾഗ്രാമങ്ങളിൽ സർക്കാർ ബസ് സർവീസുകൾ കുറവാണെന്നത് ശക്തി സ്കീമിന്റെ ലക്ഷ്യങ്ങൾക്ക് തടസമാകുന്നുണ്ട്. ഓട്ടോറിക്ഷകളിലെ യാത്ര വളരെ ചിലവെറിയ ഒന്നാണ്. സൗജന്യ യാത്രയ്ക്കൊപ്പം ഈ പരിമിതി കൂടി സർക്കാർ മറികടക്കുമെന്ന് പ്രത്യാശിക്കാം. ലോകം വലുതാണെന്നും ആ വലിയ വിശാല ലോകത്ത് തങ്ങുടെതായ ഇടങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നും തിരിച്ചറിയുന്നതിൽ സഞ്ചാരത്തിന് വലിയ പങ്കുണ്ട്.  സാമൂഹികമായും സാംസ്കാരികമായും സാമ്പത്തികമായും സ്ത്രീ സമൂഹത്തിന്റെ കുതിപ്പിന് ഇത്തരത്തിലുള്ള ചെറിയ കാൽവെയ്പ്പുകൾ കാരണമാകും.

തിരുവനന്തപുരം നാഷണൽ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖിക

Content Summary: Travel in Karnataka - Free Bus Service for Women

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com