ADVERTISEMENT

പാട്ട് എവിടെ കേൾക്കുന്നോ അവിടെ ഞങ്ങൾ ഡാൻസ് കളിക്കും. എന്താണെന്നറിയില്ല, സ്റ്റേജിൽ കയറിയാൽ ഈ പ്രായമൊക്കെയങ്ങു മറക്കും – പറയുന്നത് അറുപതും എഴുപതും വയസ്സ് പിന്നിട്ട അമ്മച്ചിമാർ. ഇവരോട് കട്ടയ്ക്ക് പിടിച്ചുനിൽക്കാൻ നമ്മുടെ യൂത്ത് പോലും ഒന്നു വിയർക്കും! 

എറണാകുളം നെട്ടൂർ സ്വദേശികളായ 10 അമ്മച്ചിമാരുടെ ഡാൻസ് ഗ്രൂപ്പ് അൽപം വ്യത്യസ്തമാണ്. ഏഴു വർഷം മുൻപ് ഒരു ക്രിസ്മസ് കാലത്ത് പള്ളിയിലെ കുടുംബ യൂണിറ്റിൽ ആദ്യമായി അവതരിപ്പിച്ച ന‍ൃത്തം ഇത്രത്തോളം എത്തുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ലെന്ന് അമ്മച്ചിമാർ പറയുന്നു. കോളജ് ക്യാംപസുകളും വയോജന മന്ദിരങ്ങളും കടന്ന് ടിവി ചാനലുകൾ വരെ ഇപ്പോൾ അമ്മച്ചിമാരുടെ ‘വൈബിന്’ വേദിയായി. 

പോപ് സംഗീതത്തിനൊപ്പം കൂളിങ് ഗ്ലാസും വച്ച് ഇവർ തകർത്താടുന്നതു കാണുമ്പോൾ ആരുമൊന്നു പറഞ്ഞുപോകും: ‘ഈ പ്രായത്തിലും എന്നാ ഒരു ഇതാ!’ 

Read also: 'പുറത്തു പറയുന്നില്ലെങ്കിലും ബുദ്ധിമുട്ടുകളുണ്ട്', അത്യാവശ്യമായി ഒരു ജോലി വേണമെന്ന് കൊല്ലം സുധിയുടെ ഭാര്യ

നമുക്കൊരു വെറൈറ്റി പിടിച്ചാലോ 

2016ൽ പള്ളിയുടെ കുടുംബയൂണിറ്റിൽ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി എന്തെങ്കിലും വ്യത്യസ്തമായ പരിപാടി അവതരിപ്പിച്ചാലോ എന്ന ചിന്തയിൽ നിന്നാണ് അമ്മച്ചിമാരുടെ ഡാൻസ് ഗ്രൂപ്പിന്റെ പിറവി. നെട്ടൂർ സ്വദേശിയായ ഷൈൻ ആന്റണിയാണ് ഇങ്ങനെ ഒരു ആശയം അവതരിപ്പിച്ചത്. ഷൈനിന്റെ അമ്മ റീത്ത പീറ്ററിന്റെ നേതൃത്വത്തിലാണ് സംഘം അന്ന് കളിച്ചത്. 77 വയസ്സുള്ള റീത്ത പീറ്ററാണ് ഗ്രൂപ്പിലെ ഏറ്റവും മുതിർന്ന ഡാൻസർ. ചട്ടയും മുണ്ടും ധരിച്ച് കൂളിങ് ഗ്ലാസും വച്ച് ബോണി എമ്മിന്റെ തട്ടുപൊളിപ്പൻ പാട്ടിന് അമ്മച്ചിമാർ തകർത്താടി.

Read also: പൊലീസ് ഉദ്യോഗവും പാട്ടുപഠിത്തവും, ജോലിത്തിരക്കിനിടയിലും സംഗീതക്കച്ചേരി; കാക്കിക്കുള്ളിലെ പാട്ടുകാരി

സാധാരണ വീട്ടമ്മമാരായ ഇവർ തങ്ങളെക്കൊണ്ട് പറ്റാവുന്ന രീതിയിൽ ആ വേദിയിൽ കളിച്ച ചുവടുകൾ കണ്ടു മറ്റു പ്രോഗ്രാമുകളിലേക്കും വിളികളായി. ‘ഏജ് ഫ്രണ്ട്‌ലി’ എന്ന ആശയത്തിൽ പ്രവർത്തിച്ചു വരുന്ന എൻജിഒ ‘മാജിക്സ്’ ന്റെ സഹായത്തോടെ എറണാകുളത്തെ പല കോളജുകളിലും ഇവർ പരിപാടി അവതരിപ്പിച്ചു. അങ്ങനെയാണ് ഒരു ട്രൂപ്പായി രൂപീകരിച്ചത്. പ്രായത്തിന്റെ അവശത കാരണം തുടക്കത്തിലുണ്ടായിരുന്ന പലരും ഇന്ന് ഗ്രൂപ്പിലില്ല. പകരം പുതിയ ആളുകൾ ചേർന്നു. റീത്ത പീറ്റർ (77) , ചിന്നമ്മ പീറ്റർ (70), മോളി ജോൺസൺ (55), ബേബി ആന്റണി (76), വിരോണി ജോൺ (74), മേരി ജോയ് (66), സുഭാഷിണി പുരുഷോത്തമൻ (73), ലൂസി ജോർജ് (66), ലീല പരമു(72), റെജോ ദേവി ടീച്ചർ (57) എന്നിവരാണ് നിലവിൽ ടീമിലെ അംഗങ്ങൾ. കൊറിയോഗ്രഫിയും പരിപാടിയുടെ കോ ഓർഡിനേഷനുമെല്ലാം ഷൈൻ ആന്റണിയാണ് ചെയ്യുന്നത്. ഷൈനിന്റെ ഭാര്യയും മകളും സഹായത്തിനുണ്ട്. സ്റ്റെപ്പ് പഠിപ്പിക്കാൻ ഷൈനിന്റെ സുഹൃത്താണ് സഹായിക്കുന്നത്. 

Read also: 'ഇത് അറേഞ്ച് മാര്യേജ്; ആദ്യം ഞങ്ങളുടെ അമ്മമാരാണ് സംസാരിച്ചത്, കല്യാണം ഒരു വർഷം കഴിഞ്ഞ്': മീര നന്ദൻ

പേരക്കുട്ടികളെ വരെ ഡാൻസിൽ വീഴ്ത്തും 

ഈ ഗ്രൂപ്പിലെ ഡാൻസർമാരെല്ലാം മുത്തശ്ശിമാരാണ്. മക്കളും പേരമക്കളുമെല്ലാം കട്ടയ്ക്ക് കൂടെനിൽക്കുന്നതാണ് ഇവരുടെ എനർജിക്കു പിന്നിലെ മറ്റൊരു രഹസ്യം. 

‘വീട്ടിൽ വെറുതെ ഇരിക്കുമ്പോൾ ശരീരത്തിനും മനസ്സിനും പ്രായമാവും. എന്നാൽ നമുക്ക് എന്താണോ സന്തോഷം നൽകുന്നത് അത് ചെയ്യുക. പ്രായം ഒക്കെ മാറിനിൽക്കും.’– ഇതാണ് അമ്മച്ചിമാരുടെ പോളിസി. തോൽപിക്കാനാവില്ല മക്കളേ... 

Read also: 53 കാരി ടീച്ചറുടെ കാവാലയ്യ ഡാൻസ്; ഇത് എന്തൊരു എനർജിയെന്നു കമന്റുകൾ, വിഡിയോ വൈറൽ

Content Summary: Performance by Old women Dance Group won hearts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com