ADVERTISEMENT

വനിതാ ജീവനക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ തീരുമാനങ്ങളുമായി ഒരു വിമാനക്കമ്പനി കൂടി രംഗത്ത്. ജീവനക്കാര്‍ക്കിടയില്‍ നടത്തിയ അഭിപ്രായ ശേഖരണത്തെത്തുടര്‍ന്നാണ് കടുത്ത നിയമങ്ങളില്‍ അയവു വരുത്താനും സന്തോഷത്തോടെ ജോലി ചെയ്യാനുമുള്ള അവസരം സൃഷ്ടിക്കാന്‍ കമ്പനി തയാറാകുന്നത്. വെര്‍ജിന്‍ അറ്റാലാന്റിക് എന്ന കമ്പനിയാണ് പരിഷ്കാരങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. 

മേക്കപ് ഇല്ലാതെയും ഇനി വനിതാ ജീവനക്കാര്‍ക്ക് വിമാനത്തില്‍ ജോലി ചെയ്യാമെന്ന് വെര്‍ജിന്‍ അറ്റ്ലാന്റിക് കമ്പനി അറിയിച്ചിരിക്കുന്നു. എയര്‍ ഹോസ്റ്റസുമാര്‍ ഉള്‍പ്പെടെ വിമാനത്തിലെ എല്ലാ വനിതാ ജീവനക്കാര്‍ക്കും ഇതുവരെ മേക്കപ് നിര്‍ബന്ധമായിരുന്നു. ഈ നിയമമാണ് കമ്പനി എടുത്തുകളഞ്ഞിരിക്കുന്നത്. ചുവപ്പു നിറത്തിലുള്ള ആകര്‍ഷണീയമായ യൂണിഫോമായിരുന്നു വെര്‍ജിന്‍ അറ്റ്ലാന്റിക് കമ്പനി ജീവനക്കാര്‍ക്ക് നല്‍കിയിരുന്നത്. ഇനി മുതല്‍ ആവശ്യമുള്ള ജീവനക്കാര്‍ക്ക് ട്രൗസറുകള്‍ ധരിക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ടായിരിക്കും. ട്രൗസറുകള്‍ ധരിക്കാന്‍ നേരത്തെയും അനുവാദമുണ്ടായിരുന്നെങ്കിലും അത് കമ്പനിയുടെ യൂണിഫോം ഡിപാർട്ട്മെന്റില്‍നിന്നുതന്നെ വേണമെന്ന് നിയമമുണ്ടായിരുന്നു. അതും ഇപ്പോള്‍ എടുത്തുകളഞ്ഞിരിക്കുകയാണ്. 

ജീവനക്കാര്‍ക്ക് സന്തോഷവും ആശ്വാസവും പകരുകയാണ് പുതിയ തീരുമാനത്തിലൂടെ വെര്‍ജിന്‍ അറ്റ്ലാന്റിക് കമ്പനി. ഓരോരുത്തര്‍ക്കും അവരാഗ്രഹിക്കുന്ന രീതിയില്‍ കൂടുതല്‍ നന്നായി ജോലി ചെയ്യാനുള്ള സാഹചര്യവും ഇതിലൂടെ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണെന്ന് കമ്പനി അധികൃതര്‍ പറയുന്നു. നന്നായി ഒരുങ്ങി, മേക്കപ്പിട്ട് ജോലിക്കെത്തുമ്പോള്‍ തന്നെ ചെറിയ ചില വ്യത്യാസങ്ങള്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന മാനസിക സന്തോഷം ചെറുതല്ലെന്ന് കമ്പനിക്ക് ബോധ്യമായിരിക്കുന്നു. 

മേക്കപ്പ് ഇല്ലാതെയും ജോലിക്കു വരാനുള്ള അനുവാദം കൊടുത്തെങ്കിലും ആവശ്യമുള്ളവര്‍ക്ക് കമ്പനി നിഷ്കര്‍ഷിക്കുന്ന  നിറങ്ങളിലുള്ള മേക്കപ്പ് തുടര്‍ന്നും അണിയാനുള്ള സ്വാതന്ത്ര്യവും ഉണ്ടായിരിക്കും. 

വിമാനത്തില്‍ സഞ്ചരിക്കുന്ന ജീവനക്കാര്‍ക്കിടയില്‍ നടത്തിയ അഭിപ്രായ ശേഖരണത്തിനൊപ്പം മറ്റു കമ്പനികള്‍ ജീവനക്കാര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം അനുവദിക്കുന്നതും കര്‍ശന നിയമങ്ങളില്‍ മാറ്റം വരുത്താന്‍ വെര്‍ജിന്‍ അറ്റ്ലാന്റിക് കമ്പനിയെ പ്രേരിപ്പിച്ചിരിക്കുകയാണ്. ബ്രിട്ടിഷ് എയര്‍വെയ്സ്, എമിറേറ്റ്സ് എന്നീ വിമാനക്കമ്പനികള്‍ തങ്ങളുടെ വനിതാ ജീവനക്കാര്‍ മേക്കപ് ഇട്ടുതന്നെ ജോലിക്കുവരണമെന്ന് നിര്‍ബന്ധം പിടിക്കാറുണ്ടെങ്കിലും ട്രൗസറുകള്‍ ധരിക്കാനുള്ള സ്വാതന്ത്ര്യം ബ്രിട്ടിഷ് എയര്‍വെയ്സ് 2016-ല്‍ തന്നെ ജീവനക്കാര്‍ക്കു നല്‍കിയിരുന്നു. 

എയര്‍ ന്യൂസിലന്‍ഡ് എന്ന വിമാനക്കമ്പനിയാകട്ടെ തങ്ങളുടെ വനിതാ ജീവനക്കാര്‍ക്കുള്ള മേക്കപ്പ് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്ന വെളിപ്പെടുത്തി. ഡിസൈന്‍ പരിഷ്ക്കാരത്തിന്റെ ഭാഗമായാണത്രേ മാറ്റത്തെക്കുറിച്ച് അവര്‍ ആലോചിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com