ഞാനും പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നവൾ തുറന്നു പറയാൻ തുടങ്ങി; അത്രയ്ക്കങ്ങു കൊച്ചാക്കേണ്ടതല്ല ‘മി ടൂ’
Mail This Article
സ്വന്തം വീട്ടിൽ, സഞ്ചരിക്കുന്ന വഴിയിൽ, തൊഴിലിടങ്ങളിൽ, വിദ്യാലയങ്ങളിൽ, കലാലയങ്ങളിൽ, പൊതു ഇടങ്ങളിൽ എന്നു വേണ്ട ജീവിതത്തിന്റെ നാനാ തുറകളിൽ സുരക്ഷിതയാണെന്നു ഉറപ്പോടെ പറയാൻ കഴിയാതെ പോകുന്ന സമൂഹമാണ് സ്ത്രീ സമൂഹം. ഒരു വഷളൻ ചിരി, ചോരയൂറ്റി കുടിക്കുന്ന നോട്ടങ്ങൾ, തിക്കി തിരക്കുകൾക്കിടയിലെ അറപ്പുളവാക്കുന്ന തോണ്ടലും തലോടലുകളും തുടങ്ങി കൈയും കണക്കുമില്ലാത്ത ലൈംഗികാതിക്രമങ്ങള്‍ക്കു ഇരയാകേണ്ടി വരുന്ന സ്ത്രീകളുടെ എണ്ണം വളരേ വലുതാണ്. ഇതൊന്നും ഒരിക്കൽ പോലും നേരിട്ടിട്ടില്ലാത്ത സ്ത്രീകൾ ഇല്ലെന്നു തന്നെ കുറിക്കാം.
അവരെല്ലാം ഒരു കുട കീഴിൽ അണിനിരക്കപ്പെട്ട ഒരിടമുണ്ട്്, രണ്ടു വാക്കു നീളമുള്ളിടം. ലൈംഗികാതിക്രമങ്ങൾക്കു വിധേയരായവരെ പുച്ഛത്തോടും അറപ്പോടും വെറുപ്പോടും നോക്കികണ്ടിരുന്ന സമൂഹത്തെ, അതില്‍ നിന്നും തിരുത്തി അനുകമ്പയോടെ വീക്ഷിച്ചു ചേർത്തു നിർത്താൻ പ്രേരിപ്പിച്ചിടം! ആ രണ്ടു വാക്കിനെ നമുക്കു ഇങ്ങനെ ഉച്ചരിക്കാം. # മീ ടു!
2006 ൽ ആരംഭിച്ചു ഇന്നും കത്തി പടരുന്ന ഒരു പ്രസ്ഥാനം. തുടക്കം എങ്ങനെയോ, അതേ രീതിയിൽ ഇന്നും തുടരുന്ന മുന്നേറ്റം. കോളിളക്കങ്ങളും വിവാദങ്ങളും പ്രതിച്ഛായ തകരലും എന്നു വേണ്ട സമൂഹത്തിന്റെ നാനാതുറകളെ അടിച്ചുടച്ചു വാർത്ത ഒരു നീക്കം. ഹാഷ് ടാഗ് മീറ്റുവിനെ ചുരുങ്ങിയ വാക്കുകളില്‍ ഇങ്ങനെ കുറിക്കാം.
ലൈംഗിക പീഡനം, ലൈംഗികാതിക്രമം, ലൈംഗികാക്ഷേപം എന്നിവയിൽ നിന്ന് അതിജീവിക്കുന്നവർക്ക് അവരുടെ അനുഭവങ്ങൾ പരസ്പരം ബന്ധിപ്പിക്കുന്നതിനും പങ്കിടുന്നതിനുമുള്ള ഒരു മാർഗമായി ആരംഭിച്ച മുന്നേറ്റമാണ് ഹാഷ്ടാഗ് മീറ്റു. എന്നാൽ ഈ മുന്നേറ്റം സാമൂഹികവും നിയമപരവുമായ 'കാര്യമായ മാറ്റങ്ങൾക്ക്' വഴിയൊരുക്കിയ ഒരു ആഗോള പ്രസ്ഥാനമായി മാറുകയായിരുന്നു. പീഡനം, ആക്രമണം, സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളിൽ ഇനിയും സ്വീകരിക്കേണ്ട മാറ്റങ്ങൾ എന്നിവയെ ചുറ്റിപ്പറ്റിയുള്ള വ്യാപകമായ പ്രശ്നങ്ങളെക്കുറിച്ച് ലോകമെമ്പാടും ചർച്ചകള്‍ നടക്കുമ്പോൾ, അതിജീവിച്ചവർക്ക് പിന്തുണയുമായി പ്രസ്ഥാനം മാറുകയും ചെയ്തു.
ഞാനും പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് എന്ന് തുറന്നു പറയാന്‍, കുറ്റവാളിക്കു നേരെ വിരല്‍ചൂണ്ടാന്‍ പെണ്ണിന് ധൈര്യമായ മുന്നേറ്റമാണ് #MeToo. പലരും ആ മുന്നേറ്റത്തെ പൊരുളറിയാതെ അധിക്ഷേപിക്കുമ്പോൾ, എന്താണ്, എന്തിനാണ് #MeToo എന്നതു ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്; എന്തു മാറ്റമാണ് ‘മി ടൂ’ സമൂഹത്തിലുണ്ടാക്കിയതെന്നും...
കൂടുതൽ കേൾക്കാം ന്യൂസ് സ്പീക്ക്സ് പോഡ്കാസ്റ്റിലൂടെ...