ഫലമറിഞ്ഞ് നടത്താം വഴിപാടുകൾ; ദേവീ ദേവൻമാരും പ്രധാന വഴിപാടുകളും
Mail This Article
ക്ഷേത്രദർശനം നടത്തുന്ന ഭക്തർ ഭക്ത്യാദരപൂർവ്വം ഭഗവാന് സമർപ്പിക്കുന്ന ഉപഹാരമാണ് വഴിപാട്. ഫലമറിഞ്ഞ് നടത്തുന്ന വഴിപാടുകളുടെ ഫലപ്രാപ്തിയും വളരെ വേഗത്തിൽ തന്നെ ആയിരിക്കും. ദേവീ ദേവൻമാരും അവരുടെ പ്രധാന വഴിപാടുകളും ഇവയാണ്.
വിഘ്‌നേശ്വരനായ ഗണപതിഭഗവാന് പൂജയ്‌ക്ക് അര്‍പ്പിക്കേണ്ട പ്രധാന വസ്തു കറുകപ്പുല്ലാണ്. അപ്പവും മോദകവുമാണ് നിവേദ്യം. അഷ്‌ടോത്തരാര്‍ച്ചന, ഗണപതിസൂക്താര്‍ച്ചന എന്നീ അര്‍ച്ചനകളാണ് പ്രധാനം. വിഘ്‌നനാശത്തിനായാണ് ഗണപതിഹോമം നടത്തുന്നത്.. ഗണപതിഭഗവാനുള്ള പ്രത്യേക വഴിപാടാണ് നാളികേരമുടയ്‌ക്കല്‍.
ഭഗവാൻ ശ്രീ പരമേശ്വരന് ആയുര്‍സൂക്താര്‍ച്ചന, സ്വയംവര പുഷ്പാഞ്ജലി, മംഗല്യപുഷ്പാഞ്ജലി, ഉമാമഹേശ്വരപുഷ്പാഞ്ജലി എന്നീ അര്‍ച്ചനകള്‍ മുഖ്യം. ഭസ്മാഭിഷേകം, ധാര തുടങ്ങിയവയാണ് അഭിഷേകങ്ങളില്‍ പ്രധാനം. ശിവഭഗവാന് രുദ്രഹോമം, മഹാമൃത്യുഞ്ജയഹോമം, മൃത്യുഞ്ജയഹോമം തുടങ്ങിയ ഹോമങ്ങളാണ് നടത്തേണ്ടത്. ദീര്‍ഘായുസ്സ്, ആയുരാരോഗ്യസൗഖ്യം, വിദ്യാഗുണം, മനോനിയന്ത്രണം, ദാമ്പത്യസുഖം, ഈശ്വരാധീനം എന്നിവ ഫലം. പരമശിവന് കൂവളത്തിലയാണ് പ്രധാനം.
വിഷ്ണു ഭഗവാന് വിഷ്ണുസഹസ്രനാമസ്‌തോത്രം, വിഷ്ണുസൂക്തം, ഭാഗ്യസൂക്തം, പുരുഷസൂക്തം തുടങ്ങിയവ കൊണ്ടുള്ള അര്‍ച്ചനയാണ് ചെയ്യേണ്ടത്. ഭഗവാന് സുദര്‍ശനഹോമമാണ് മുഖ്യം. തൊഴില്‍ലാഭം, ആയുരാരോഗ്യസൗഖ്യം, ഐശ്വര്യവര്‍ദ്ധനവ്, ശത്രുതാനാശം, ബുദ്ധിവികാസം തുടങ്ങിയവയാണ് ഫലങ്ങള്‍. ശ്രീമഹാവിഷ്ണുവിന് പ്രിയപ്പെട്ട പുഷ്പങ്ങളാണ് തുളസി, ചെത്തി, മന്ദാരം, പിച്ചകം എന്നിവയാണ്.
ഭഗവാൻ ശ്രീകൃഷ്ണന് വെണ്ണ, അവില്‍, പഴം, പാല്‍പ്പായസം എന്നിവയാണ് നിവേദ്യങ്ങള്‍. സൗമനസ്യം, കലാവിജയം, സന്താനലബ്ധി, ബുദ്ധി, സാമര്‍ത്ഥ്യം, അഭീഷ്ടസിദ്ധി, ദു:ഖനിവാരണം എന്നിവ ഫലങ്ങൾ. ഭഗവാന്‍ ശ്രീകൃഷ്ണന്റെ ഇഷ്ടപുഷ്പമാണ് നീല ശംഖുപുഷ്പവും കൃഷ്ണതുളസിയും.
സരസ്വതി ദേവിക്ക് ത്രിമധുരം, പഞ്ചാമൃതം, പഴം എന്നിവയാണ് നിവേദ്യം. സരസ്വതീപുഷ്പാഞ്ജലിയാണ് അര്‍ച്ചന. വിദ്യാഗുണം ഫലം. താമരയാണ് സരസ്വതി ദേവിയ്‌ക്ക് ഇഷ്ട പുഷ്പം.
ശ്രീരാമ ഭഗവാന് പാല്‍പ്പായസം, അവില്‍, പഴം എന്നിവയാണ് നിവേദ്യം. ശ്രീരാമചന്ദ്രനെ നിത്യം ധ്യാനിച്ചാല്‍ ഏകപത്‌നീവ്രതം, ശാന്തത, ശൗര്യം, ജ്ഞാനപ്രാപ്തി, വിവാഹലബ്ധി, നേതൃപാടവം എന്നിവയാണ് ഫലം. ശ്രീരാമന് ഇഷ്ടപ്പെട്ട പുഷ്പങ്ങളാണ് രാമതുളസിയും മുല്ലമൊട്ടും.
ലക്ഷ്മിദേവിക്ക് ശ്രീസൂക്താര്‍ച്ചനയാണ് പ്രധാനം. ഫലം ഐശ്വര്യം, തേജസ്സ് എന്നിവയാണ്. വൈഷ്ണവസംബന്ധമായ എല്ലാ പുഷ്പങ്ങളും മഹാലക്ഷ്മിക്ക് ഇഷ്ടപ്പെട്ട പുഷ്പങ്ങളാണ്.
ഹനുമാൻ സ്വാമിക്ക് ഉഴുന്നുവട, വെറ്റിലമാല, കദളിപ്പഴം എന്നിവയാണ് നിവേദ്യങ്ങള്‍. വീര്യം, ഓജസ്സ്, കര്‍മ്മകുശലത, ശനിദോഷശാന്തി എന്നിവയാണ് ഫലം.
അയ്യപ്പനും ധര്‍മ്മശാസ്താവിനും ഹരിഹരസൂക്താര്‍ച്ചന, ശാസ്തൃസൂക്താര്‍ച്ചന എന്നിവയാണ് അര്‍ച്ചനകള്‍. നാളികേരമുടയ്‌ക്കലും,എള്ളു തിരിയും പ്രത്യേക വഴിപാട്. നെയ്യഭിഷേകം, ഭസ്മാഭിഷേകം എന്നിവയാണ് അഭിഷേകങ്ങള്‍. അരവണ, അപ്പം മുതലായവയാണ് നിവേദ്യങ്ങള്‍. ശനിദോഷശാന്തി, ശത്രുതാനാശം, പാപനാശം, രോഗനാശം മുതലായവയാണ് ഫലങ്ങള്‍.ചെത്തിയാണ് ഇഷ്ട പുഷ്പം.
പാർവ്വതി ദേവിക്ക് സ്വയംവരാര്‍ച്ചന, ലളിതാസഹസ്രനാമാര്‍ച്ചന എന്നീ അര്‍ച്ചനകളാണ് നടത്താറുള്ളത്. സന്താനസൗഖ്യം, ദാമ്പത്യസുഖം എന്നിവ ഫലം. ഇഷ്ടപ്പെട്ട പുഷ്പങ്ങൾ ചെത്തിയും, ചെമ്പരത്തിയുമാണ്.
സുബ്രഹ്മണ്യസ്വാമിക്ക് കുമാരസൂക്താര്‍ച്ചനയാണ് അര്‍ച്ചന. പഞ്ചാമൃതം, പാല്‍ എന്നിവയാണ് നിവേദ്യങ്ങള്‍. പഞ്ചാമൃതം, ഭസ്മം എന്നിവയാണ് പ്രധാന അഭിഷേകങ്ങള്‍. ജ്യോതിഷപാണ്ഡിത്യം, ശത്രുതാനാശം, വിഘ്‌നനാശം, ഉദ്യോഗലബ്ധി, സന്താനഭാഗ്യം, ആരോഗ്യവര്‍ദ്ധന മുതലായവയാണ് ഫലം.ഇഷ്ടപ്പെട്ട പുഷ്പങ്ങൾ ചെത്തിയും, ചെമന്നപൂക്കളും.
ദുർഗ്ഗാദേവിക്ക് ലളിതാസഹസ്രനാമാര്‍ച്ചന, നാമാര്‍ച്ചന, അഷ്‌ടോത്തരശതനാമാര്‍ച്ചന, ത്രിശനി അര്‍ച്ചന എന്നിവ പ്രധാനം. പായസം, കൂട്ടുപായസം എന്നിവയാണ് നിവേദ്യങ്ങള്‍. ദാമ്പത്യസുഖം, ഐശ്വര്യവര്‍ദ്ധനവ് എന്നിവയാണ് ഫലം. കുങ്കുമപ്പൂവാണ് ഇഷ്ടപുഷ്പം.
നാഗരാജാവ് നാഗയക്ഷി തുടങ്ങിയവര്‍ക്ക് സര്‍പ്പസൂക്തപുഷ്പാഞ്ജലിയാണ് അര്‍ച്ചന. നൂറും പാലുമാണ് അഭിഷേകം. കവുങ്ങിന്‍പൂക്കുലയാണ് നിവേദ്യം. ഉരുളികമഴ്‌ത്തല്‍ ആണ് പ്രത്യേക വഴിപാട്. സര്‍പ്പദോഷശാന്തിയാണ് ഫലം.
നരസിംഹമൂർത്തിയുടെ നിവേദ്യം പായസവുമാണ്. ശത്രുതാനാശം, ആരോഗ്യം, രോഗശാന്തി, പാപനാശം, ശൗര്യം, വീര്യം മുതലായവയാണ് ഫലങ്ങള്‍. നരസിംഹമൂര്‍ത്തിയുടെ ഇഷ്ടപുഷ്പം ചുവന്ന ചെത്തിയാണ്.
മത്സ്യമൂർത്തിക്ക് മലര്‍പ്പൊടിയാണ് നിവേദ്യം. ഭോഗസൗഖ്യം, കാര്യസാധ്യം എന്നിവഫലം. കൂര്‍മ്മമൂര്‍ത്തിക്ക് ഇഷ്ടപുഷ്പം ചെത്തിമൊട്ട്. നിവേദ്യം ത്രിമധുരം, അപ്പം മുതലായവ. ഗൃഹലാഭം, ദീര്‍ഘായുസ്സ്, ഇന്ദ്രിയനിഗ്രഹം എന്നിവയാണ് ഫലങ്ങള്‍.
നവഗ്രഹങ്ങള്‍ക്ക് നവഗ്രഹമന്ത്രാര്‍ച്ചനയാണ് അര്‍ച്ചന. ഗ്രഹങ്ങള്‍ക്ക് പറഞ്ഞിരിക്കുന്ന വസ്ത്രം, ധാന്യം, രത്‌നം തുടങ്ങിയവ സമര്‍പ്പിക്കലാണ് പ്രത്യേക വഴിപാടുകള്‍. ഗ്രഹദോഷശാന്തി, നാഗദോഷശാന്തി എന്നിവയാണ് ഫലം.