പരീക്ഷാകാലത്ത് ഈ ക്ഷേത്രങ്ങളിൽ ദർശനം നടത്താം; നവഗ്രഹങ്ങൾക്ക് അർച്ചയും
Mail This Article
മാർച്ച് മാസം പരീക്ഷകളുടെ കാലമാണ്. ഫെബ്രുവരി മുതൽ പരീക്ഷയുടെ ചൂട് വർധിച്ചു തുടങ്ങും. കുട്ടികളോടൊപ്പം ഇത് രക്ഷിതാക്കളെയും ബാധിക്കുന്നതാണ്. ആഗ്രഹിക്കുന്ന ശതമാനത്തിൽ എത്താൻ ഇനി എന്താണ് ചെയ്യുക എന്ന നെട്ടോട്ടത്തിലാകും പലരും. ഏതു ക്ഷേത്രത്തിൽ പോകണം എന്തു വഴിപാട് കഴിക്കണം? എന്നു തുടങ്ങി അനേകം ചോദ്യങ്ങളാണ് പലരും ചോദിക്കുന്നത്. കൊല്ലൂർ മൂകാംബിക വരെ പോകാൻ പലർക്കും സാധിച്ചു എന്ന് വരില്ല.
കുട്ടികളുമായി അടുത്തുള്ള മൂകാംബിക ക്ഷേത്രങ്ങളിൽ ദർശനം നടത്താം. എറണാകുളം ജില്ലയിലെ പറവൂരും, കണ്ണൂരിലും മൂകാംബിക ക്ഷേത്രങ്ങളുണ്ട്. എറണാകുളം നെടുമ്പാശ്ശേരിയിലുള്ള ആവണംകോട് സരസ്വതി ക്ഷേത്രത്തിലും മറ്റു സരസ്വതീ ക്ഷേത്രങ്ങളിലും കഴിയുമെങ്കിൽ ദർശനം നടത്താം. മൂകാംബിക ക്ഷേത്രങ്ങളിൽ നിന്ന് പ്രസാദമായി ലഭിക്കുന്ന കഷായവും തൃമധുരവും പൂജിച്ചു നൽകുന്ന സാരസ്വതഘൃതവും കഴിക്കുന്നത് പഠനത്തിന് നല്ലതാണ്.
നവഗ്രഹങ്ങൾക്ക് അർച്ചന നടത്താം. പ്രത്യേകിച്ച് ബുധഗ്രഹത്തിന് പട്ടുചാർത്താം. സരസ്വതി ക്ഷേത്രങ്ങളിൽ മാത്രമല്ല കാളി ക്ഷേത്രങ്ങളിലും മറ്റു ഭഗവതി ക്ഷേത്രങ്ങളിലുമൊക്കെ ദർശനം നടത്തുന്നത് ഉത്തമമാണ്. സാക്ഷാൽ കാളിദാസന് വിദ്യ നൽകിയത് കാളിയാണെന്ന കഥ പ്രസിദ്ധമാണല്ലോ. കുടുംബ ക്ഷേത്രത്തിൽ ദർശനം നടത്തി നിവേദ്യസഹിതം വഴിപാടുകൾ നടത്തുന്നതും ഗണപതിക്ക് നാളികേരമുടയ്ക്കുന്നതും ഒക്കെ ഉത്തമമാണ്.
വാസ്തുശാസ്ത്രം അനുസരിച്ച് കുട്ടികൾ കിഴക്കോട്ട് തിരിഞ്ഞിരുന്നു വേണം പഠിക്കാൻ പഠന മുറിയിൽ ഒരു ഗ്ലോബ് വയ്ക്കുന്നത് ഉത്തമമാണെന്ന് ഫെങ്ഷൂയിയും അനുശാസിക്കുന്നു. ബുധ ഗ്രഹത്തിന് മൗഢ്യം ഉള്ളവർ മരതകം ധരിക്കുന്നതും ചന്ദ്രന് ബലക്കുറവുള്ളവർ ചന്ദ്രകാന്തം ധരിക്കുന്നതം ഉത്തമമാണ്. പരീക്ഷ കഴിഞ്ഞാലും ഉപരിപഠനത്തിന് ഈ കാര്യങ്ങളൊക്കെ ചെയ്യുന്നത് ഗുണകരമായി മാറുന്നതാണ്. നേർച്ചകളും വഴി പാടുകളുമൊക്കെ നടത്തുന്നതിലൂടെ കുട്ടികൾക്ക് ആത്മവിശ്വാസം വർധിക്കുകയും ചെയ്യും.