മഹാശിവരാത്രി; ജപിക്കേണ്ട മന്ത്രങ്ങൾ, സമർപ്പിക്കേണ്ട വഴിപാടുകൾ
Mail This Article
മഹാശിവരാത്രി വ്രതത്തിന് പിന്നിൽ മഹാവിഷ്ണുവും ബ്രഹ്മാവും തമ്മിലുണ്ടായ ഒരു തർക്കത്തിന്റെ കഥയുണ്ട്. വിഷ്ണുവിന്റെ നാഭിയിലെ താമരയിൽ ജൻമമെടുത്ത ബ്രഹ്മാവ് വിഷ്ണുവിനോട് നീ ആരാണെന്ന് ചോദിച്ചു. ‘നിന്റെ പിതാവായ വിഷ്ണു’ എന്ന് മഹാവിഷ്ണു ഉത്തരം നൽകി. പക്ഷേ ഇത് വിശ്വസിക്കാൻ ബ്രഹ്മാവ് തയ്യാറായില്ല. ഇരുവരും തമ്മിൽ യുദ്ധം ആരംഭിച്ചു. അതിശക്തരായതിനാൽ ജയവും പരാജയവുമില്ലാതെ അത് നീണ്ടുപോയി. അവസാനം ഇരുവർക്കും മധ്യേ ഒരു ശിവലിംഗം (അനലസ്തംഭം എന്നും ചിലയിടങ്ങളിൽ പരാമർശിക്കുന്നു) പ്രത്യക്ഷപ്പെട്ടു. രണ്ടുപേരും രണ്ട് ദിശയിലേക്ക് സഞ്ചരിച്ച് ഇതിൻറെ മുകളറ്റവും താഴറ്റവും കണ്ടുപിടിച്ച് വരുക എന്ന് ഒരു അശരീരി കേട്ടതനുസരിച്ച് ബ്രഹ്മാവ് മുകളിലേക്കും വിഷ്ണു താഴേക്കും സഞ്ചരിച്ചു.
ഏറെനേരം യാത്രചെയ്ത് തളർന്നതല്ലാതെ ഇരുവർക്കും ആ ശിവലിംഗത്തിന്റെ തുടക്കവും ഒടുക്കവും കണ്ടെത്താനായില്ല. ഒടുവിൽ സാക്ഷാത് പരമശിവൻ പ്രത്യക്ഷപ്പെട്ട് ഇരുവരുടെയും അഹങ്കാരത്തെ തീർത്തുകൊടുത്തതായാണ് ശിവപുരാണത്തിൽ പ്രതിപാദിക്കുന്നത്. പരമേശ്വരൻ പ്രത്യക്ഷപ്പെട്ട മാഘമാസത്തിലെ കറുത്ത പക്ഷം ചതുര്‍ദശി രാത്രിയിൽ ശിവപൂജയും ഭജനയുമായി ദേവൻമാർ അദ്ദേഹത്തെ ആരാധിച്ചു. പിന്നീട് എല്ലാവർഷവും ആ രാത്രി ശിവരാത്രിയായി ആചരിക്കപ്പെടുകയും ചെയ്തു എന്നാണ് ഒരു കഥ. ശിവപുരാണത്തിലെ ശിവതത്വചിന്തകൾ വിവരിക്കുന്ന കോടിരുദ്രസംഹിതയിലാണ് ശിവരാത്രിവ്രതത്തെക്കുറിച്ച് പറയുന്നത്.
ഞാനാണ് കേമൻ എന്ന അഹങ്കാരത്തിൽ നിന്നുണ്ടായ ഒരു തർക്കം യുദ്ധമാകുകയും അന്തമില്ലാതെ അത് തുടരുകയും ചെയ്തപ്പോൾ സാക്ഷാത് മഹേശ്വരന്റെ ഇടപെടൽ വേണ്ടിവരുന്നതാണ് ഇവിടെ കണ്ടത്. നിസ്സാരക്കാരല്ല, സൃഷ്ടിയുടെയും സ്ഥിതിയുടെയും ദേവൻമാർ തന്നെയാണ് ക്ഷണനേരത്തേക്കെങ്കിലും അഹന്തയിലേക്ക് കൂപ്പുകുത്തി പരസ്പരം പോരടിച്ചത്. തന്റെ ബോധ്യത്തിന് അപ്പുറം ചില ബോധ്യങ്ങളുണ്ടെന്നും അനുഭവങ്ങൾക്ക് അപ്പുറം ചില അനുഭവമണ്ഡലങ്ങളുണ്ടെന്നുമുള്ള ഓർമപ്പെടുത്തലായി ശിവരാത്രിയെ സ്വീകരിക്കാം. ശിവനെ വിശ്വസിക്കുക എന്നാൽ സ്വന്തം പ്രാണനെതന്നെ വിശ്വസിക്കുക എന്നതാണ്.
ഉള്ളിലുള്ള ശിവമമായ തേജസിനെ ഉണർത്താനുള്ള മന്ത്രമാണ് ‘നമ: ശിവായ’ എന്നത്. മഹാശിവരാത്രി ദിവസം നമശിവായ മന്ത്രം ഉരുവിട്ട് ഉപവാസം അനുഷ്ഠിക്കുന്നത് വഴി മനസും ശരീരവും പവിത്രീകരിക്കപ്പെടും. മൂക്കറ്റം ഭക്ഷണം കഴിച്ച് സുഖമായി ഉറങ്ങുന്ന പതിവ് രാത്രികളിൽ നിന്ന് വ്യത്യസ്തമായി ശിവമന്ത്രം ജപിച്ച് ജഡാവസ്ഥയിലായ ശരീരത്തെ ഉണർത്തി ജീവചൈതന്യത്തെ സ്മരിക്കുന്ന രാത്രിയായി ശിവരാത്രിയെ സ്വീകരിക്കണം.
ശിവരാത്രിയുമായി ബന്ധപ്പെട്ട മറ്റൊരു ഐതിഹ്യം പാലാഴി മഥനം നടത്തിയപ്പോള്‍ ഉണ്ടായ കാളകൂടവിഷവുമായി ബന്ധപ്പെട്ടതാണ്. ലോകരക്ഷാർത്ഥം ആ കൊടുംവിഷം മുഴുവൻ പരമേശ്വരൻ പാനം ചെയ്തെന്നും ഭഗവാന് വേണ്ടി പാർവതീ ദേവിയും മറ്റ് ദേവൻമാരും രാത്രി മുഴുവൻ ഉറക്കമിളച്ച് പ്രാർഥിച്ചിരുന്നെന്നുമാണ് കഥ. ആ രാത്രിയുടെ ഓർമയിൽ മഹാശിവരാത്രി ആചരിക്കുമ്പോൾ അതിന് ലഭിക്കുന്ന മാനം വളരെ വലുതാണ്. ലോകത്തെ ഇല്ലാതാക്കാൻ വീര്യമുള്ള വിഷത്തെ എവിടെയും പതിക്കാതെ ഏറ്റെടുത്ത് വിഴുങ്ങിയ മഹാമനസ്സിന് മുന്നിലുള്ള സമർപ്പണമായാണ് ഇവിടെ ശിവരാത്രി മാറുന്നത്. ആ മഹാത്യാഗത്തിന്റെ ഓർമയിൽ അന്നുവരെയുള്ള പതിവുകളിൽ നിന്ന് മാറി ചെറിയ ചില ത്യാഗങ്ങളിലേക്ക് കടക്കാൻ മനുഷ്യൻ മനസ്സ് കാണിക്കുകയാണ്.
ശിവപ്രീതിക്കായി മഹാവ്രതം
ശിവപ്രീതിക്കായി അനുഷ്ഠിക്കുന്ന എട്ടുവ്രതങ്ങളിൽ ഒന്നാണ് ശിവരാത്രി വ്രതം. മഹാവ്രതം എന്നറിയപ്പെടുന്ന ഈ അനുഷ്ഠാനം വർഷത്തിലൊരിക്കൽ മാത്രമാണ്. സകലാപങ്ങളെയും ഇല്ലാതാക്കുന്ന ശിവരാത്രി വ്രതത്തിലൂടെ കുടുംബത്തിൽ ഐശ്വര്യവും അഭിവൃദ്ധിയും കളിയാടുമെന്നാണ് വിശ്വാസം. ഭക്തിയോടുകൂടിയ വ്രതാനുഷ്ഠാനം അവനവനും ജീവിതപങ്കാളിയ്ക്കും ദീര്‍ഘായുസ്സുണ്ടാവാൻ ഉത്തമാണ്. ദമ്പതികൾ ഒന്നിച്ചു വ്രതം അനുഷ്ഠിക്കുന്നതും ഉത്തമമാണ്. കുംഭമാസത്തിലെ കൃഷ്ണചതുർദ്ദശി തിഥിയിലാണ് ഈ വ്രതാനുഷ്ഠാനം.
വ്രതാനുഷ്ഠാനം എങ്ങനെ ?
തലേന്ന് ഒരിക്കലോടെ വ്രതം ആരംഭിക്കാം. തലേന്ന് വൈകുന്നേരം അരിയാഹാരം പാടില്ല. ശിവരാത്രി നാളിൽ അതിരാവിലെ ഉണർന്ന് ശരീരശുദ്ധി വരുത്തി "ഓം നമശിവായ" ജപിച്ചു ഭസ്മധാരണം നടത്തിയ ശേഷം ശിവക്ഷേത്ര ദർശനം നടത്തുക. ശിവരാത്രി ദിനത്തിൽ പൂർണ ഉപവാസമാണ് അനുഷ്ഠിക്കേണ്ടത്. അതിനു സാധിക്കാത്തവർ ക്ഷേത്രത്തിൽ നിന്നുളള നേദ്യമോ കരിക്കിൻ വെളളമോ പഴമോ കഴിക്കാവുന്നതാണ്. അന്നേദിവസം ശിവപ്രീതികരമായ കർമങ്ങൾ അനുഷ്ഠിക്കുന്നത് ഉത്തമമാണ്. അതിൽ ഏറ്റവും പ്രധാനമാണ് ദാനം. അന്നദാനമാണെങ്കിൽ അത്യുത്തമം. ഭഗവാന്റെ പ്രിയ വൃക്ഷമായ കൂവളം നനയ്ക്കുന്നതും ഭക്തിപൂർവ്വം പരിപാലിക്കുന്നതും ശിവപ്രീതികരമാണ്. രാത്രി പൂർണമായി ഉറക്കമിളച്ചു വേണം ശിവരാത്രി വ്രതം അനുഷ്ഠിക്കാൻ. പിറ്റേന്ന് കുളിച്ചു ക്ഷേത്രത്തിലെ തീർഥം സേവിച്ച് പാരണ വിടാം.
ജപിക്കേണ്ട മന്ത്രങ്ങൾ
1.അന്നേദിവസം കഴിയാവുന്നത്ര തവണ പഞ്ചാക്ഷരീ മന്ത്രം (ഓം നമ:ശിവായ ) ജപിക്കുന്നതാണ് ഏറ്റവും ശ്രേഷ്ഠം.
2.ശിവപഞ്ചാക്ഷരസ്തോത്രം , ബില്യാഷ്ടകം, ശിവാഷ്ടകം ,ശിവസഹസ്രനാമം, ശിവപുരാണപാരായണം. എന്നിവ ഭക്തിപൂർവം ചൊല്ലുക.
3.സൂര്യോദയത്തിനുമുന്നെ കുളികഴിഞ്ഞു നിലവിളക്കു തെളിച്ചു ഗായത്രിമന്ത്രം ജപിക്കുന്നതിനോടൊപ്പം ശിവ ഗായത്രി ജപിക്കുന്നത് നന്ന് .
സമർപ്പിക്കേണ്ട വഴിപാടുകൾ
1.ശിവരാത്രി ദിനത്തിൽ സമർപ്പിക്കുന്ന വഴിപാടുകൾ അതീവഫലദായകമാണ്
2.കൂവളത്തില സമർപ്പണമാണ് ഏറ്റവും പ്രധാനം. ശിവരാത്രിയുടെ അന്നും തലേന്ന് പ്രദോഷത്തിന്റെ അന്നും കൂവളത്തില പറിക്കരുത് . ശനിയാഴ്ചയെ പറിച്ചു വച്ച് വെള്ളം തളിച്ച് വച്ചശേഷം ഭഗവാന് സമർപ്പിക്കാവുന്നതാണ്. കൂവളത്തില വാടിയാലും അതിന്റെ വിശിഷ്ടത നഷ്പ്പെടുകയില്ല.
3.ഭഗവാന് കൂവളമാല സമർപ്പിക്കുന്നതും കൂവളത്തില കൊണ്ട് അർച്ചന എന്നിവ നടത്തുന്നതും അതീവ വിശിഷ്ടമാണ്.
4.പിൻവിളക്ക്, ജലധാര എന്നിവയും സമർപ്പിക്കാവുന്നതാണ്.
5. ആയുർദോഷമുള്ളവർ മൃത്യുഞ്ജയ പുഷ്‌പാഞ്‌ജലി കഴിപ്പിക്കുക.
6. ദാമ്പത്യ ദുരിതദോഷങ്ങൾ അനുഭവിക്കുന്നവർ ഉമാമഹേശ്വര പൂജയോ ഐക്യമത്യസൂക്ത അർച്ചനയോ നടത്തുക .
7. സ്വയംവര പുഷ്‌പാഞ്‌ജലി സമർപ്പിക്കുന്നത് വിവാഹതടസ്സം നീങ്ങാൻ സഹായകമാണ്.
ശിവരാത്രി ദിനത്തിൽ വൈകുന്നേരം ശിവക്ഷേത്രത്തിൽ പുരുഷന്മാർ ശയനപ്രദക്ഷിണം നടത്തുകയും സ്ത്രീകൾ അടിവച്ചുളള പ്രദക്ഷിണം ചെയ്ത് ഭഗവാനെ നമസ്ക്കരിക്കുന്നതും നന്ന്. ശിവരാത്രി ദിനത്തിൽ ഭക്തിപൂർവം ശിവക്ഷേത്രദർശനം നടത്തിയാൽ നമ്മൾ അറിയാതെ ചെയ്ത പാപങ്ങൾ പോലും നശിക്കുമെന്നാണ് വിശ്വാസം. അന്നേ ദിവസം ബലിതർപ്പണം നടത്തിയാൽ പിതൃക്കളുടെ അനുഗ്രഹവും ലഭിക്കും.