വാസ്തു, ശനി, രാഹുകേതു ദോഷങ്ങളകറ്റാൻ ഓടപ്പൂവ്; വയ്ക്കേണ്ടത് ഇങ്ങനെ
Mail This Article
ക്ഷേത്രമില്ലാ ക്ഷേത്രം എന്നറിയപ്പെടുന്ന കണ്ണൂർ ജില്ലയിലെ അക്കരെ കൊട്ടിയൂരിൽ വൈശാഖ മഹോത്സവത്തിന് തുടക്കമായി. പുണ്യം പേറി ബാവലി പുഴ നിറഞ്ഞൊഴുകാൻ തുടങ്ങിയതോടെ നെയ്യാട്ടം ആരംഭിക്കുകയായി. ഈ അവസരത്തിൽ ക്ഷേത്രപരിസമെല്ലാം തന്നെ ഓടപ്പൂക്കൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. വൈശാഖ വേളയില്‍ കൊട്ടിയൂരിലെത്തുന്ന ഭക്തർ പ്രസാദമായി വാങ്ങി ഭക്തദാരപൂർവം വീട്ടിൽ സൂക്ഷിക്കുന്ന ഒന്നാണ് ഓടപ്പൂവ്.
വെള്ള നിറത്തില്‍ മനോഹരമായി തൂക്കി ഇട്ടിരിക്കുന്ന ഇവ ആനപ്പുറത്ത് വീശുന്ന വെഞ്ചാമരം പോലെ ആളുകളെ ആകർഷിക്കുന്നു. എന്നാൽ ആകർഷണീയതയ്ക്ക് അപ്പുറം ഐശ്വര്യത്തിന്‍റെ പ്രതീകമായാണ് ഓടപ്പൂവിനെ ഭക്തജനങ്ങൾ കണക്കാക്കുന്നത്. വീടുകളിലും വാഹനങ്ങളും വ്യാപാര സ്ഥാപനങ്ങളിലുമെല്ലാം വിധിപ്രകാരം ഇത് സ്ഥാപിക്കുന്നു. പ്രധാന വാതിലിനു മുന്നിലായി ഇത് സ്ഥാപിക്കുന്നതിലൂടെ വാസ്തു ദോഷം, ഗുളിക ദോഷം, ശനി ദോഷം, രാഹു കേതു ദോഷങ്ങൾ എന്നിവ മാറി ഐശ്വര്യം ഉണ്ടാകുമെന്നാണ് വിശ്വാസം.
താടി ആകുന്ന ഓടപ്പൂവ്
ക്ഷേത്രത്തിൽ നിന്നും ലഭിക്കുന്ന ഓടപ്പൂവിന് പിന്നിൽ വിശാലമായ ഒരു ഐതിഹ്യകഥ കൂടിയുണ്ട്. ഓടപ്പൂവിനെ മുനിയുടെ താടി എന്നാണ് വിശേഷിപ്പിക്കുന്നത്. പരമശിവന്‍റെ ഭാര്യ സതിയുടെ പിതാവായിരുന്നു ദക്ഷൻ. ഒരിക്കൽ യജ്ഞവേദിയിൽ എത്തിയ ദക്ഷനെ മുനിമാരും ദേവന്മാരും എഴുന്നേറ്റു നിന്ന് വണങ്ങി. എന്നാൽ പരമശിവൻ ഇരുന്നിടത്തുനിന്ന് അനങ്ങിയില്ല. ഇത് ദക്ഷനിൽ ദേഷ്യമുണ്ടാക്കി. ദക്ഷൻ സദസ്സിൽ വച്ച് ശിവനെ നിന്ദിച്ചു. കോപാകുലനായ പരമശിവൻ ദക്ഷൻ ആടിന്‍റെ മുഖമായി നടക്കാൻ ഇടവരട്ടെ എന്ന് ശപിച്ചു.
ദക്ഷൻ തന്‍റെ ശാപമുക്തിക്കുവേണ്ടി ബൃഹസ്പതിസവമെന്ന യാഗമാരംഭിച്ചു. ലോകത്തെ മഹാത്മാക്കളെയും ദക്ഷൻ ക്ഷണിച്ചു. ഇതറിഞ്ഞ സതി ശിവന്റെ വാക്കുകൾ ധിക്കരിച്ചുകൊണ്ട് അച്ഛൻ നടത്തുന്ന യാഗത്തിൽ പങ്കെടുക്കാൻ എത്തി. എന്നാൽ യജ്ഞശാലയിലെത്തിയ സതിയെ ദക്ഷൻ ഗൗനിച്ചില്ല. അച്ഛനിൽ നിന്ന് തനിക്കേറ്റവും അപമാനം സതി ക്ഷമിച്ചെങ്കിലും യജ്ഞത്തിലെ ഹവിർഭാഗം തന്‍റെ ഭർത്താവിനു വയ്ക്കാത്തതിനാൽ സതി അത്യന്തം കോപാകുലയായി. ഭർത്താവിനെ വാക്ക് ധിക്കരിച്ചു വന്ന് അപമാനം ഏൽക്കേണ്ടി വന്ന സതി യക്ഷന്‍റെ യാഗാഗ്‌നിയിൽ ചാടി ജീവൻ ത്യജിച്ചു.
ഇതറിഞ്ഞ ശിവൻ കോപത്തോടെ തന്‍റെ ജട നിലത്തടിച്ചു. തൽക്ഷണം വീരഭദ്രർ പ്രത്യക്ഷപ്പെട്ടു. വീരഭദ്രർ യാഗശാലയിലെ പ്രജാപതിമാരെയും ആക്രമിച്ചു. യജ്ഞശാല പാടേ തകർത്ത വീരഭദ്രർ യജ്ഞാചാര്യൻ ഭൃഗുമുനിയുടെ താടി പറിച്ചെടുത്ത് എറിഞ്ഞു. കൊട്ടിയൂരിലെ തിരുവൻ ചിറയിലാണ് താടി വന്ന് വീണത്. ഇത്തരത്തിൽ യാഗസ്മരണയ്ക്കും ഭൃഗുമുനിയുടെ താടിയാണെന്ന സങ്കൽപ്പത്തിലുമാണ് ഭക്തർ ഓടപ്പൂക്കൾ കൊണ്ടുപോകുന്നത്.
വയനാട്ടിലെ ഈറ്റകൊണ്ട് നിർമാണം
വയനാടൻ മലനിരകളിൽ നിന്നാണ് ഓടപ്പൂവിനു വേണ്ട ഈറ്റ കൊണ്ട് വരുന്നത്. ഉത്സവകാലങ്ങളിൽ വനം വകുപ്പ് നൽകുന്ന പ്രത്യേക അനുമതിയോടെയാണ് ഈറ്റ വെട്ടുന്നത്. നൂറ്റാണ്ടുകളായി തുടർന്ന് വരുന്ന ആചാരമാണിത്. അളവനുസരിച്ച് മുറിച്ചെടുത്ത ഈറ്റ വെള്ളത്തിലിട്ട് ചതച്ച് കമ്പിച്ചീർപ്പുകൊണ്ട് ചീകി വീണ്ടും വെള്ളത്തിലിട്ട് സംസ്‌ക്കരിച്ചതിനു ശേഷമാണ് ഓടപ്പൂക്കളുണ്ടാക്കുന്നത്.