അഞ്ഞൂറിലധികം വർഷം പഴക്കം, വടക്കോട്ട് ദർശനം; ആമ്പല്ലൂർ ഭദ്രകാളി ക്ഷേത്രം
Mail This Article
എറണാകുളം ജില്ലയിലെ ആമ്പല്ലൂരിലാണ് ഈ ഭദ്രകാളി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദാരുക വിഗ്രഹമാണ് ഇവിടെയുള്ളത്. വടക്കോട്ട് ദർശനമായാണ് ഭദ്രകാളിയുടെ പ്രതിഷ്ഠ. അഞ്ഞൂറിലധികം വർഷം പഴക്കമുള്ള ഈ ക്ഷേത്രത്തിൽ ഉപദേവതമാർ ഇല്ല എന്ന പ്രത്യേകതയുമുണ്ട്. തൊട്ടടുത്ത് ഒരു മഹാവിഷ്ണു ക്ഷേത്രമുണ്ട്. കൈവട്ടക ഗുരുതി, അട പന്തിരുനാഴി, കടുംപായസം, പട്ട്, താലി എന്നിവയാണ് പ്രധാന വഴിപാടുകൾ. മേട മാസത്തിൽ തിരുവോണം കഴിഞ്ഞ് ആദ്യം വരുന്ന ഞായറാഴ്ചയോ ചൊവ്വാഴ്ചയോ വെള്ളിയാഴ്ചയോ ഏതെങ്കിലും ഒരു ദിവസം ആണ് ഇവിടെ ഉച്ചയ്ക്ക് 12 മണിക്ക് ഗുരുതി നടക്കുന്നത്.ഗുരുതി സമയത്ത് ദർശനം നടത്തി പ്രാർഥിക്കുന്ന കാര്യം ഒരു വർഷത്തിനകം നടക്കുമെന്നാണ് ഭക്തരുടെ വിശ്വാസം.
ചെമ്പകശ്ശേരി രാജാവിന്റെ കാലത്ത് തദ്ദേശവാസിയായ മൂത്തേടത്ത് മനക്കാർ യക്ഷീശാപം നിമിത്തം നാടുവിട്ടു പോയപ്പോൾ അവരുടെ ഉപാസനാ മൂർത്തികളെ ഇവിടെ കുളക്കരയിൽ തറ കെട്ടി കുടിയിരുത്തി എന്നാണ് വിശ്വാസം. പിന്നീട് പ്രദേശവാസികളായ ഹരിജനങ്ങൾ അവിടെ വിളക്ക് വച്ച് ആരാധിച്ചു. കാലാന്തരത്തിൽ ആമ്പല്ലൂരുള്ള കൊടുങ്ങല്ലൂർ ഉപാസകനായിരുന്ന പൂക്കോട്ട് മന തിരുമേനി കൊടുങ്ങല്ലൂർ ദർശനം കഴിഞ്ഞ് ഇതുവഴി ഇല്ലത്തെക്ക് മടങ്ങും വഴി ആമ്പലുകൾ നിറഞ്ഞ് കിടക്കുന്ന ഇവിടുത്തെ കുളത്തിൽ കുളിക്കാമെന്ന് കരുതിയിറങ്ങി. കുളിക്കാനിറങ്ങിയപ്പോൾ ആദ്ദേഹം താഴെ വച്ച ഓലക്കുട കുളികഴിഞ്ഞ് എടുക്കാൻ ശ്രമിക്കുമ്പോൾ അതിൽ ഭാരം തോന്നുകയും കൊടുങ്ങല്ലൂർ ദേവിയുടെ സാന്നിധ്യം തിരിച്ചറിയുകയും ചെയ്തു. ഉടൻതന്നെ അദ്ദേഹം അടുത്തു കണ്ട തറയിലേക്ക് ഭദ്രകാളീ ചൈതന്യം സന്നിവേശിപ്പിച്ചു എന്നാണ് ഐതിഹ്യം.
തൊട്ടടുത്ത ഇളയിടത്ത് മനയിൽ എത്തി നേദ്യത്തിനുള്ള വസ്തു തിരക്കിയപ്പോൾ ആവിയിൽ പുഴുങ്ങിയ അടയാണ് കിട്ടിയത്. അതുകൊണ്ടാണ് അട പന്തിരുനാഴിക്ക് പ്രാധാന്യം വന്നത്. മുറുക്കുന്ന തിരുമേനിയുടെ കയ്യിലുണ്ടായിരുന്ന ചുണ്ണാമ്പും കൊടുങ്ങല്ലൂരിലെ പ്രസാദമായ മഞ്ഞൾ പൊടിയും കുളത്തിലെ വെള്ളവും ചേർത്ത് ഗുരുതി ആദ്യമായി അർപ്പിച്ചത് നട്ടുച്ചക്കായതുകൊണ്ടാണ് അത് ആചാരമായത് എന്നാണ് പഴമക്കാർ പറഞ്ഞുളള അറിവ്.
ഇവിടെ ഗുരുതി നേദ്യം ഇല്ല. വൈകിട്ട് കൈവട്ടക ഗുരുതി തർപ്പണമാണ് ചടങ്ങ്. പണ്ട് മീനഭരണിക്ക് നട്ടുച്ചക്ക് ആചരിച്ചു പോന്ന താലംവരവ് നിലവിൽ വൈകിട്ട് ചെയ്തു വരുന്നു. ശത്രുബാധാദിദോഷങ്ങൾ തീരുന്നതിന് ശത്രുസംഹാര അർച്ചന, കൈവട്ടക ഗുരുതി പൂമൂടൽ, കടുംപായസം എന്നിവയും വിവാഹസിദ്ധിക്ക് മംഗല്യ സൂക്താർച്ചന, പട്ട്, താലി ചാർത്തൽ എന്നിവയും രോഗശാന്തിക്ക് ലളിതാ സഹസ്രനാമാർച്ചന, ഇഷ്ട വസ്തുക്കൾ ഉപയോഗിച്ചുള്ള തുലാഭാരം എന്നിവയും പ്രധാനമാണ്. വൈദ്യനിർദ്ദേശ പ്രകാരമുള്ള ഘൃതങ്ങൾ ഇവിടെ പൂജിച്ച് സേവിക്കുന്നതും നല്ലതാണ്.
കേസ് വിജയത്തിന് ജയദുർഗാമന്ത്ര അർച്ചന, കൈവട്ടക ഗുരുതി, കടുംപായസം മുതലായ വഴിപാടുകളാണ് പ്രധാനം. വിദ്യാതടസം മാറാൻ വിദ്യാ രാജ്ഞീ/ സാരസ്വതമന്ത്ര അർച്ചനകളും കലഹം മാറാനും ഐശ്വര്യ ധനക്ലേശ പരിഹാരത്തിനും ഐകമത്യഭാഗ്യസൂ ക്ത അർച്ചനകളും ഭദ്രദീപ സമർപ്പണവും നല്ലതാണ്. എല്ലാ അഭീഷ്ടകാര്യത്തിനും മുഖ്യമായ വഴിപാട് അടപന്തിരുനാഴിയാണ്. ഇത് ധനശേഷി പോലെ ഒന്ന്, അര, കാല് ഇപ്രകാരം നടത്താവുന്നതാണ്. ഇത് വൈകിട്ടാണ് ചെയ്യുക. രാവിലെ ചെറിയ അടവഴിപാടും ഉണ്ട്.
വലിയ ഗുരുതി 5 പാത്രം, 7 പാത്രം, 12 പാത്രം ക്രമത്തിൽ ബുക്ക് ചെയ്യാവുന്നതാണ്. വെള്ള നേദ്യം, കൂട്ടുപായസം, പിഴിഞ്ഞ് പായസം, നെയ് പായസം, തൃമധുരം, എണ്ണ, നെയ് വിളക്ക് തുടങ്ങിയ ഭദ്രകാളീ പ്രധാനമായ എല്ലാ വഴിപാടുകളും ചോറുണ്, വിദ്യാരംഭം, വിവാഹം, വാഹന പൂജ എന്നിവയും പ്രധാനം തന്നെ. ചോറ്റാനിക്കര കോട്ടയം റൂട്ടിൽ 7 കിലോമീറ്റർ മാറി ആമ്പല്ലൂർ പള്ളിത്താഴം ബസ് സ്റ്റോപ്പിൽ നിന്നും 100 മീറ്റർ മൂന്നോട്ടു നടന്ന് വലത്തോട്ട് തിരിഞ്ഞ് ടാർ റോഡ് വഴി ക്ഷേത്രത്തിലെത്താം. നവരാത്രി കാലം ഇവിടെ വിശേഷമായി കൊണ്ടാടുന്നു.
ആമ്പല്ലൂർക്കാവിൽ വലിയ ഗുരുതിക്ക് ശേഷം നട അടയ്ക്കുന്ന സമ്പ്രദായം ഇല്ല. എല്ലാ ദിവസവും നിവേദ്യവും രണ്ട് നേരം പൂജയും വൈകിട്ട് 7 പാത്രങ്ങളിൽ കൈവട്ടക ഗുരുതിയും നടത്തും. മറ്റ് വഴിപാടുകൾ സ്വീകരിക്കുകയൊ നടവിലങ്ങുകയൊ പതിവില്ല. ഏഴാം ദിവസം രാത്രി 7 മണിക്ക് അകത്തെ മണ്ഡപത്തിൽ ഏഴാം ഗുരുതി കഴിഞ്ഞാൽ മതിലിനു പുറത്ത് ഹരിജനങ്ങളുടെ വക കൗളാചാര വിധിപ്രകാരമുള്ള പതി ആചരണവും ഉണ്ട്. ആയിരകണക്കിന് കുടുംബക്കാരുടെ മൂലകുടുംബ ക്ഷേത്രവുമാണ് ഈ ദേവസന്നിധി.
ആമ്പല്ലൂരെ ആദിമക്ഷേത്രമെന്ന് വിശ്വസിക്കുന്ന ആമ്പല്ലൂർ തൃക്കോവ് മഹാവിഷ്ണു ക്ഷേത്രം ആമ്പല്ലൂർക്കാവിൽ നിന്ന് 100 മീറ്റർ പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു. ഉദ്ദേശം രണ്ടരയടിക്ക് മേൽ ഉയരമുള്ള ഗുരുവായൂരപ്പന്റെ സങ്കൽപ്പത്തിലുള്ള പഞ്ചലോഹവിഗ്രഹം പതിമൂന്നാം നൂറ്റാണ്ടിലെ വെള്ള പൊക്കത്തിന് ശേഷം ക്ഷേത്രത്തിന് പടിഞ്ഞാറ് വശമുള്ള പാടത്ത് നിന്ന് ലഭിച്ചതായാണ് ചരിത്രം. വട്ട ശ്രീകോവിലും അതിവിസ്തൃതമായ കൊത്തുപണികളും ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. ഗുരുവായൂരപ്പന്റെ അതേ പൂജാമന്ത്ര വിധാനമാണ് ഇവിടെയും.
തൃക്കോവിൽ പാൽ പന്തിരുനാഴി പ്രധാനമാണ്. സന്താനസിദ്ധിക്ക് സന്താനഗോപാലാർച്ചന, വെണ്ണയിലോ, നെയ്യിലോ സന്താനഗോപാലം, പ്രജാപത്യസൂക്തം മുതലായവ ഇവിടെ ജപിച്ച് സേവിക്കുന്നത് ഫലപ്രദമാണ്. വിദ്യാരാജഗോപാലം, ഭാഗ്യസൂക്തം, ധന്വന്തരി, സഹസ്രനാമാർച്ചനകളും നെയ് വിളക്ക്, പുഷ്പാഞ്ജലി, മാല, പാൽപായസം, ചുറ്റ് വിളക്ക് വിശേഷാൽ പൂജാ വഴിപാടുകളും പഞ്ചസാര, പഴം മുതലായ ഇഷ്ടദ്രവ്യങ്ങൾ കൊണ്ട് നടത്തുന്ന തുലാഭാരങ്ങളും അഭീഷ്ടകാര്യത്തിന് ഫലപ്രദമാണ്. ഇവിടെ കൃഷ്ണാഷ്ടമി ഗംഭീരമായി കൊണ്ടാടുന്നു. നാരായണീയ, ഭാഗവത പാരായണങ്ങളും മിക്കപ്പോഴും പതിവുണ്ട്.
ഉപദേവതമാരായി ഗണപതി, ശിവൻ, ശാസ്താവ്, സർപ്പം, യക്ഷി സങ്കൽപ്പവുമുണ്ട്. പാൽ പന്തിരുനാഴിയാണ് പ്രധാനം. വിഷ്ണു ക്ഷേത്രത്തിലുള്ള മറ്റ് വഴിപാടുകളും ഇവിടെ പതിവുണ്ട്. മേടമാസത്തിലെ തിരുവോണത്തിന് ആറാട്ട് വരത്തക്കവിധം പണ്ട് നടന്നിരുന്ന 7 ദിവസത്തെ ഉത്സവം ഇപ്പോൾ ഒരു ദിവസത്തെ ചടങ്ങായി നടത്തിവരുന്നു. ഇവിടെ ആറാട്ട് കഴിഞ്ഞ് പിറ്റേന്ന് ആമ്പല്ലൂർക്കാവിൽ അരി എറിച്ചിൽ എന്ന ചടങ്ങോടെ പറ ഉത്സവം, മഹോത്സവം, നട്ടുച്ചക്ക് വലിയ ഗുരുതി എന്ന രീതിയിൽ ഈ ദേശത്തെ തന്നെ ഉത്സവങ്ങൾ സമാപിക്കുന്നു. മനയത്താറ്റ് മന ബ്രഹ്മശ്രീ ചന്ദ്രശേഖരൻ നമ്പൂതിരിപ്പാടാണ് ക്ഷേത്രം തന്ത്രി. രാവിലെ 5.30ന് നടതുറക്കും വൈകിട്ട് 7.30ന് നട അടയ്ക്കും. പുരാതനകാലത്ത് 4 തറവാട്ടുകാരുടെ അധീനിതയിലായിരുന്നു ക്ഷേത്രം. ഇപ്പോൾ അഡ്വ. എൻ. സുനിൽ നേതൃത്വം നൽകുന്ന 21 അംഗ സംരക്ഷണ സമിതിയാണ് ഭരണകാര്യങ്ങൾ നിർവഹിക്കുന്നത്.
അഡ്വ. എൻ. സുനിൽ
പ്രസിഡന്റ്
+91 9447791784
വഴിപാടുകൾക്ക്: 9946528358, 9895052749, 9895052749