നല്ല കാലവും മോശം കാലവുമൊക്കെ മുൻകൂട്ടി അറിയാനാകുമോ?
Mail This Article
ജ്യോതിഷത്തിൽ വിശ്വാസമില്ലാത്തവരും പ്രയോഗിക്കുന്ന വാക്കുകളാണു ശുക്രദശ, ശനിദശ എന്നൊക്കെ. ശുക്രദശ എന്നാൽ നല്ല കാലം എന്നാണു പൊതുവേ ധാരണ. അതുപോലെ, ശനിദശ എന്നാൽ ചീത്ത കാലവും. ശുക്രദശ, ശനിദശ തുടങ്ങിയ വാക്കുകൾ ജ്യോതിഷത്തിന്റെ സംഭാവനയാണെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ, ജ്യോതിഷപ്രകാരം ചിലർക്കു ശുക്രദശയായിരിക്കും ഏറ്റവും ചീത്ത കാലം. ശനിദശ ഏറ്റവും നല്ല കാലമായും വരാം.
എത്ര തന്നെ ഭാഗ്യവാനാണെങ്കിലും ജീവിതത്തിൽ ചിലപ്പോൾ നല്ല കാലമായിരിക്കും, മറ്റു ചിലപ്പോൾ മോശം കാലവും. സാക്ഷാൽ പരമശിവനു പോലും ഭിക്ഷാടനം വേണ്ടിവന്നു എന്നാണല്ലോ കഥ. അതു കഥ മാത്രമല്ല, കാര്യം തന്നെയാണ്. ആർക്കും വരാം നല്ല കാലവും കഷ്ടകാലവും. ഇതു മുൻകൂട്ടി കാണാനാകുമോ?
വരാനിരിക്കുന്ന നല്ല കാലവും മോശം കാലവുമൊക്കെ മുൻകൂട്ടി അറിയാനാകുമോ എന്ന മനുഷ്യന്റെ ജിജ്ഞാസയ്ക്കുള്ള മറുപടി കൂടിയാണു ജ്യോതിഷത്തിലെ ദശാസങ്കൽപം.
മനുഷ്യൻ പരമാവധി 120 വയസ്സു വരെ ജീവിക്കും എന്നാണു കണക്കുകൂട്ടിയിരിക്കുന്നത്. ലോകത്തെ ഏറ്റവും പ്രായമുള്ളയാൾക്ക് ഒരുപക്ഷേ ഇതിൽ കൂടുതൽ പ്രായമുണ്ടാകാം. 120 വയസ്സിലധികം ജീവിക്കുക എന്നത് അത്യപൂർവം മാത്രം. ഏതായാലും, മനുഷ്യന്റെ പരമായുസ്സ് 120 വയസ്സ് എന്നു കണക്കാക്കി അതിനെ ഒൻപതാക്കി വിഭജിക്കുന്ന രീതിയാണു ജ്യോതിഷത്തിൽ. ആയുസ്സിനെ ഇങ്ങനെ ഒൻപതാക്കി വിഭജിക്കുന്നതിലെ ഓരോ ഭാഗത്തെയുമാണ് ഓരോ ദശ എന്നു പറയുന്നത്.