തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ, ഭാഗ്യം ഇവർക്കൊപ്പം
Mail This Article
തൊടുന്നതെല്ലാം പൊന്നാക്കാൻ കഴിവുള്ള ചില നാളുകാരുണ്ട് . ജനനസമയം അനുസരിച്ചു ഭാവിയും ജീവിത സാഹചര്യവും വ്യത്യാസപ്പെടുമെങ്കിലും നക്ഷത്രസ്വഭാവമനുസരിച്ചു ഏതു സാഹചര്യത്തിലും തിളങ്ങാൻ കഴിവുള്ളവരുണ്ട് . ജീവിതത്തിലുടെനീളം ഭാഗ്യം ഇവരെ തേടിയെത്തും. കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളുമൊന്നും ഈ നക്ഷത്രക്കാരെ അധികം അലട്ടാറില്ല. ജോലിയിൽ ഉയർന്ന സ്ഥാനത്തെത്തുന്ന ഇവർ സാമ്പത്തികമായും ഉന്നതനിലയിലായിരിക്കും.
രോഹിണി
രോഹിണി നക്ഷത്രക്കാർ ജീവിതത്തിലുടനീളം ധനവാനായിരിക്കും. ഏതു കൂട്ടത്തിൽ ചെന്നാലും അവിടത്തെ നേതാവായിരിക്കും. ഈ നക്ഷത്രജാതർ സ്ഥിരചിത്തരും സൗന്ദര്യമുളളവരും ആയിരിക്കും. മുപ്പത് വയസിനും നാൽപതിനും മധ്യേയുളള കാലം പൊതുവേ ഗുണകരമായിരിക്കും. കുടുംബസുഖം, സന്താന ഗുണം, ബന്ധുഗുണം തുടങ്ങിയവ ഇക്കാലത്തുണ്ടാവും.
ഉത്രം
ശുഭനക്ഷത്രമായി കരുതപ്പെടുന്ന ഉത്രം നക്ഷത്രക്കാർ സമൂഹമധ്യത്തിൽ ബഹുമാനിക്കപ്പെടുന്നവരാണ്. ഏതു മേഖലയിൽ ആയാലും നായകസ്ഥാനത്ത് ശോഭിക്കുന്ന ഇവർ തികഞ്ഞ ശുഭാപ്തി വിശ്വാസികളുമാണ്. സ്വന്തം താൽപര്യം സംരക്ഷിക്കുന്നതിൽ പ്രത്യേകശ്രദ്ധ പുലർത്തുന്ന ഉത്രം നക്ഷത്രക്കാർ വിജയത്തിനു വേണ്ടി കഠിന പരിശ്രമം നടത്താൻ മടിയില്ലാത്തവരാണ്.പ്രത്യേകിച്ച് കാര്യഗുണമില്ലാത്തവരോട് അടുപ്പം കാണിക്കാറുമില്ല. സ്വന്തം നിലപാടുകൾ ശരി എന്ന ആത്മവിശ്വാസമാണ് ഉത്രം നക്ഷത്രജാതരുടെ ചിന്തകളെ നയിക്കുന്നത്.
പൂരം
സൗന്ദര്യവും സാമർഥ്യവും തികഞ്ഞവരാണ് പൂരം നക്ഷത്രക്കാർ. നന്നായി സംസാരിക്കുന്ന ഇവർ ആജ്ഞാശക്തി, സഹൃദയത്വം എന്നീ ഗുണങ്ങളുള്ളവരാണ്. എന്നാൽ മറ്റുള്ളവർക്ക് കീഴ്‌വഴങ്ങി ജോലി ചെയ്യാൻ വിമുഖതയുള്ള സ്വതന്ത്ര ബുദ്ധികളാണ് പൂരം നക്ഷത്രജാതർ. കലാതാൽപര്യവും ആഡംബര ഭ്രമവും ഇവരുടെ പ്രത്യേകതയാണ്. മറ്റുള്ളവരുടെ കഷ്ടപ്പാടിൽ പെട്ടെന്ന് മനസ്സലിയുന്നവരും സഹായ മനസ്ഥിതിയുള്ളവരുമാണ്.
ഉത്രാടം
കഴിയുന്നതും മറ്റുള്ളവരെ ഉപദ്രവിക്കാതെ നന്മയുടെ വഴിയേ സഞ്ചരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഉത്രാടം നക്ഷത്രക്കാർ. അവിഹിതമായ മാർഗങ്ങളിൽ ധനസമ്പാദനത്തിനുള്ള മാർഗങ്ങൾ മുന്നിൽ വന്നാൽ പോലും സ്വീകരിക്കാൻ ഇവർ തയാറാകില്ല. ഈശ്വരഭക്തിയും പങ്കാളിയോട് തികഞ്ഞ വിശ്വസ്തതയും ഈ നക്ഷത്ര ജാതകളുടെ പ്രത്യേകതയായി പറയുന്നു. ജീവിതത്തിൽ യൗവനത്തിന്റ രണ്ടാംഘട്ടം മുതലാണ് പുരോഗതി കൂടുതൽ ദൃശ്യമാകുന്നത്. ചൊവ്വ, ബുധൻ, വ്യാഴം എന്നീ ദശാകാലങ്ങളിൽ വിധിപ്രകാരമുള്ള ദോഷ പരിഹാരം ചെയ്യണം.
പൂരുരുട്ടാതി
മറ്റുള്ളവരുടെ അഭിപ്രായങ്ങൾ ശ്രദ്ധിച്ചു കേൾക്കുന്നവരാണ് പൂരുരുട്ടാതി നക്ഷത്രക്കാർ. എന്നാൽ സ്വന്തം ഇഷ്ടപ്രകാരം തീരുമാനിക്കുന്ന കാര്യങ്ങളേ ഇവർ ജീവിതത്തിൽ നടപ്പാക്കൂ. സർക്കാർ തലത്തിലോ പൊതുമേഖലാ സ്ഥാപനങ്ങളിലോ പ്രവർത്തിക്കാനുള്ള യോഗം ഇവർക്കുണ്ട്. ഉന്നത നിലവാരമുള്ള കുടുംബത്തിൽ നിന്നും പങ്കാളിയെ ലഭിക്കാനുള്ള ഭാഗ്യം പൂരുരുട്ടാതി നക്ഷത്ര ജാതകൾക്കു ഉണ്ടെന്നാണ് വിശ്വാസം. മറ്റുള്ളവരുടെ മനസ്സറിഞ്ഞു പെരുമാറാനുള്ള കഴിവും അഭിപ്രായ സ്ഥിരതയും ഇവരുടെ പ്രത്യേകതകളാണ്.
ഉത്തൃട്ടാതി
അപ്രിയമായ കാര്യങ്ങള്‍ പോലും മധുരമായി അവതരിപ്പിക്കാൻ കഴിവുള്ളവരാണ് ഉത്തൃട്ടാതി നക്ഷത്രക്കാർ. വിഷയങ്ങളെ ശാസ്ത്രീയമായി അപഗ്രഥനം ചെയ്യാൻ കഴിവുള്ളവരായിരിക്കും. തികഞ്ഞ ഈശ്വരവിശ്വാസവുമുണ്ടാകും. ബുദ്ധിമുട്ടുന്നവരെ സഹായിക്കാനുള്ള മനസ്സ് ഇവരുടെ പ്രത്യേകതയാണ്. ഏതു മേഖലയിലുമുള്ള നേതൃത്വപാടവം ഇവരെ വ്യത്യസ്തരാക്കുന്നു. ശത്രുക്കളുടെ നീക്കങ്ങൾ മുൻകൂട്ടി മനസ്സിലാക്കാനുള്ള കഴിവ് ഇവർക്ക് ജന്മസിദ്ധമായുണ്ട്.
രേവതി
27 നക്ഷത്രത്തിൽവച്ച് ദൈവവിശ്വാസം ഏറ്റവുമുള്ളത് ഇവർക്കാണ്. സ്വതന്ത്രജീവിതം നയിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും. ആവശ്യമില്ലാതെ ആരെയും വകവച്ചു കൊടുക്കുകയില്ല എങ്കിലും ആരെയും എതിർക്കുകയുമില്ല. നല്ല ശരീരപ്രകൃതിക്കുടമയായിരിക്കും. ഹൃദയാലുക്കളായിരിക്കും. ആത്മാർത്ഥതയും തന്മയത്വമായി സംസാരിക്കുന്നവരുമായിരിക്കും. രഹസ്യം സൂക്ഷിക്കാനിവർക്കു കഴിയില്ല. ആരെയും അന്തമായി വിശ്വസിക്കുകയില്ല. എന്നാൽ ഒരാളെ വിശ്വസിച്ചാൽ മനസ്സിൽനിന്നും അവരെ പറിച്ചെറിയാൻ വളരെ ബുദ്ധിമുട്ടായിരിക്കും.