ഗ്രഹദോഷങ്ങൾ കഠിനമായി അലട്ടുന്നുണ്ടോ? ലളിതമായ പരിഹാരമാർഗങ്ങൾ
Mail This Article
ജാതകത്തിലെ ഗ്രഹദോഷങ്ങൾക്ക് പരിഹാരമായും ചാരവശാലുള്ള ദോഷങ്ങൾക്ക് പരിഹാരമായും വ്രതങ്ങളും ക്ഷേത്രദർശനങ്ങളും കൂടാതെ അതാത് ഗ്രഹങ്ങൾക്കുള്ള ധാന്യങ്ങൾ കൊണ്ട് നിവേദ്യം സമർപ്പിക്കുകയും അതുകൊണ്ടുണ്ടാക്കിയ ആഹാരങ്ങൾ കഴിക്കുകയും ദാനം ചെയ്യുകയുമൊക്കെ ദോഷപരിഹാരമാണെന്ന് ജ്യോതിഷം പറയുന്നു. ഓരോ ഗ്രഹദോഷങ്ങൾക്കും ഓരോ ദേവതമാരെയാണ് പ്രീതിപ്പെടുത്തേണ്ടത്. ഏത് ദിവസം വ്രതം എടുക്കണം, ഏത് ക്ഷേത്രത്തിൽ ദർശനം നടത്തണം എന്ന് ചുവടെ ചേർക്കുന്നു. ജാതകവശാലുള്ള ദശാകാലങ്ങൾ മെച്ചപ്പെടാനും ഇതേ പരിഹാരങ്ങൾ അനുഷ്ഠിച്ചാൽ മതിയാകും.
∙സൂര്യൻ-ഗോതമ്പ്-ശിവക്ഷേത്രം- ഞായറാഴ്ച, ചുവപ്പ് വസ്ത്രം
∙ചന്ദ്രന്‍-അരി-പാർവതി ദേവീക്ഷേത്രം- തിങ്കളാഴ്ച, വെള്ള വസ്ത്രം
∙ചൊവ്വ-കടല-ദുർഗ /സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം-ചൊവ്വാഴ്ച, ചുവപ്പ് വസ്ത്രം
∙ബുധൻ-ചെറുപയർ-സരസ്വതി/ ശ്രീരാമക്ഷേത്രം-ബുധനാഴ്ച, പച്ച വസ്ത്രം
∙വ്യാഴം-ചണം പയർ/വൻപയർ- മഹാവിഷ്ണു /ശ്രീകൃഷ്ണ ക്ഷേത്രം-വ്യാഴാഴ്ച, മഞ്ഞ വസ്ത്രം
∙ശുക്രൻ-ഞവര, തുവര-മഹാലക്ഷ്മി ക്ഷേത്രം -വെള്ളിയാഴ്ച, വെള്ള വസ്ത്രം
∙ശനി-എള്ള്-ധർമ്മശാസ്താ /ഹനുമാൻ ക്ഷേത്രം-ശനിയാഴ്ച, കടും നീല വസ്ത്രം
∙രാഹു-ഉഴുന്ന്-ശിവക്ഷേത്രം-ശനിയാഴ്ച, കറുപ്പ് വസ്ത്രം
∙കേതു-മുതിര-ഗണപതി ക്ഷേത്രം-ചൊവ്വാഴ്ച, ചാര നിറത്തിലുള്ള വസ്ത്രം.
ഗ്രഹദോഷപരിഹാരം
സൂര്യൻ: നിത്യവും ഉദയത്തിന് സൂര്യപ്രകാശത്തിൽ ഇരിക്കുക, സൂര്യാസ്തമയത്തിന് മുമ്പ് അത്താഴം കഴിക്കുക, ചെമ്പ് പാത്രങ്ങളിൽ നിന്ന് വെള്ളം കുടിക്കുക, ദിവസവും സൂര്യഗായത്രി ജപിക്കുക.
ചന്ദ്രൻ: രാത്രിയിൽ പഴങ്ങൾ കഴിച്ചു കൊണ്ട് നിങ്ങളുടെ ഭക്ഷണക്രമം മാറ്റുക. കൂടാതെ, അമ്മയുടെ കൈയിൽ നിന്ന് എന്തെങ്കിലും കഴിക്കുക, നിത്യവും ആദ്യം വെള്ളം ആവശ്യത്തിന് കുടിക്കുക.
ചൊവ്വ: നിലത്തോ നേർത്ത കിടക്കയിലോ ഉറങ്ങുക, ചൊവ്വാഴ്ചകളിൽ ഉപ്പ് ഒഴിവാക്കുക, ശർക്കര കഴിക്കുക, ദിവസവും ഹനുമാൻ ചാലിസ ജപിക്കുക.
ബുധൻ: ധാരാളം പച്ചക്കറികൾ കഴിക്കുക, പതിവായി പാട്ട് കേൾക്കുക, ശരീര ശുചിത്വം പാലിക്കുക, പരിസരം വൃത്തിയായി സൂക്ഷിക്കുക.
വ്യാഴം: മഞ്ഞൾ ഉപയോഗിക്കുക, സാത്വിക ഭക്ഷണം കഴിക്കുക, മഞ്ഞ നിറത്തിലുള്ള സാധനങ്ങൾ വീട്ടിൽ സൂക്ഷിക്കുക, നെറ്റിയിൽ ചന്ദനം ചാർത്തുക.
ശുക്രൻ: രാവിലെ കുളികഴിഞ്ഞ് സുഗന്ധദ്രവ്യങ്ങൾ ഉപയോഗിക്കുക, വൃത്തിയുള്ളതും തിളക്കമുള്ളതുമായ വസ്ത്രങ്ങൾ ധരിക്കുക, ഉച്ചഭക്ഷണ സമയത്ത് തൈര് കഴിക്കുക.
ശനി: കടുകെണ്ണ ഉപയോഗിക്കുക, നല്ല നീണ്ട മുടിയും താടിയും ക്രമീകരിക്കുക, വീട്ടിൽ സ്റ്റീൽ പാത്രങ്ങൾ ഉപയോഗിക്കുക.
രാഹു– കേതു : ദിവസവും കുളിക്കുക, പരിസരം വൃത്തിയായി സൂക്ഷിക്കുക, തുളസിയില വെറും വയറ്റിൽ കഴിക്കുക, ദിവസവും ആരാധനാലയങ്ങൾ സന്ദർശിക്കുക, ചെരിപ്പും വസ്ത്രവും വൃത്തിയായി സൂക്ഷിക്കുക.
ശനിക്ക് പറഞ്ഞിരിക്കുന്ന കാര്യങ്ങൾ രാഹുവിനും ചൊവ്വക്ക് പറഞ്ഞിരിക്കുന്ന കാര്യങ്ങൾ കേതുവിനും ചെയ്യാം.