രാജാവിനെപ്പോലെ വാഴുന്ന 5 നക്ഷത്രക്കാർ; വിജയം ഇവർക്കൊപ്പം
Mail This Article
ജന്മനക്ഷത്രം ഒരു വ്യക്തിയുടെ ഉയർച്ചയെ സ്വാധീനിക്കുന്ന ഘടകമാണ്. മറ്റുള്ള ഘടകം പോലെ ജന്മനക്ഷത്രത്തിന്റെ സ്വാധീനം ഒരു വ്യക്തിയുടെ ജീവിതത്തിൽ പ്രധാന ഘടകമാകാമെന്നാണ് ജ്യോതിഷം പറയുന്നത്. എങ്കിലും ജനനസമയമാനുസരിച്ച് ഇതിൽ ഏറ്റക്കുറച്ചിലുകൾ വരാം. പൊതുവെ ഈ അഞ്ചുനാളുകാർ ഐശ്വര്യാപ്രദമായ ജീവിതം നയിക്കുന്നവരായിരിക്കും.
പൂരം
സിംഹം പ്രതീകമായുളള ചിങ്ങം രാശിയിലാണ് പൂരം നക്ഷത്രക്കാരുടെ ജനനം. നേതൃത്വപദവിയിൽ എത്തുന്നവരും ഭരണശേഷി ഉള്ളവരുമാണ് . ബുദ്ധി കൂർമതയുള്ള ഇക്കൂട്ടർ ഉചിത തീരുമാനങ്ങൾ എടുക്കുന്നവരും ഏതു പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താൻ മിടുക്കരുമായിരിക്കും. കുടുംബത്തിൽ ഒരു പ്രധാന തീരുമാനമെടുക്കാൻ തക്ക പ്രാപ്തിയുള്ളവരെന്നു ചുരുക്കം. ആരുടെ മുന്നിലും തലകുനിക്കാത്ത ഇക്കൂട്ടർ വേണ്ട സമയത്തു പ്രതികരിക്കുന്നതിനാൽ തന്റേടക്കാർ എന്ന് തെറ്റിധരിക്കാറുമുണ്ട്. സ്വാതന്ത്ര്യം ഇഷ്ടപ്പെടുന്നവരും ആത്മാർത്ഥത ഉള്ളവരും രൂപഭംഗിയുള്ളവരും യാത്രാപ്രിയരുമായിരിക്കും ഇവർ. മറ്റുള്ളവരുടെ പ്രശ്നങ്ങൾ തിരിച്ചറിയാനുള്ള പ്രത്യേക കഴിവും ഇവർക്കുണ്ട്.
ഉത്രം
ഉത്രം നക്ഷത്രക്കാർ സമൂഹമധ്യത്തിൽ ബഹുമാനിക്കപ്പെടുന്നവരാണ്. ഏതു മേഖലയിൽ ആയാലും നായകസ്ഥാനത്ത് ശോഭിക്കുന്ന ഇവർ തികഞ്ഞ ശുഭാപ്തി വിശ്വാസികളുമാണ്. സ്വന്തം താൽപര്യം സംരക്ഷിക്കുന്നതിൽ പ്രത്യേകശ്രദ്ധ പുലർത്തുന്ന ഉത്രം നക്ഷത്രക്കാർ വിജയത്തിനു വേണ്ടി കഠിന പരിശ്രമം നടത്താൻ മടിയില്ലാത്തവരാണ്. പ്രത്യേകിച്ച് കാര്യഗുണമില്ലാത്തവരോട് അടുപ്പം കാണിക്കാറുമില്ല. സ്വന്തം നിലപാടുകളാണ് ശരി എന്ന ആത്മവിശ്വാസമാണ് ഉത്രം നക്ഷത്രജാതരുടെ ചിന്തകളെ നയിക്കുന്നത്. ഭാഗ്യമുള്ളവരും സുഖലോലുപതയോടു കൂടിയ ജീവിതം നയിക്കുന്നവരുമായിരിക്കും.
തിരുവോണം
കർമരംഗത്ത് കാര്യശേഷി പ്രദർശിപ്പിക്കുന്നവരാണ് ഇക്കൂട്ടർ . സന്തോഷകരമായ കുടുംബജീവിതം ലക്കിക്കുന്ന ഇക്കൂട്ടർ മധുരമായി സംസാരിക്കുന്നവരായിരിക്കും. ഉപദേശികളായി മറ്റുള്ളവരെ സ്വന്തം ചൊൽപ്പടിയില്‍ നിർത്തുമെങ്കിലും ഇവരുടെ കാര്യത്തിൽ മറ്റുള്ളവർ ഇടപെടുന്നത് ഇഷ്ടപ്പെടാറില്ല. സ്വപ്രയത്നത്തിലൂടെ ജീവിതത്തിൽ പടിപടിയായി ഉയർച്ച നേടുന്നവരാണ് ഇക്കൂട്ടർ.
ഉത്തൃട്ടാതി
വളരെയധികം ആജ്ഞാശക്തിയുള്ളവരാണ് ഇക്കൂട്ടർ. എത്ര കുഴപ്പം പിടിച്ച സാഹചര്യത്തിലും പ്രതിസന്ധികളെ ധീരമായി തരണം ചെയ്യാൻ ഇക്കൂട്ടർക്ക് പ്രത്യേക കഴിവുണ്ട്. സാമ്പത്തിക സ്ഥിതി എപ്പോഴും ഭദ്രമായിരിക്കും. വരുമാനത്തിന് ഒരു ബുദ്ധിമുട്ടും ഉണ്ടാവുകയില്ല. ശത്രുക്കളുടെ നീക്കങ്ങൾ മുൻകൂട്ടി മനസ്സിലാക്കാനുള്ള കഴിവ് ഇവർക്ക് ജന്മസിദ്ധമായുണ്ട്.
രേവതി
രേവതി നാളുകാർ സൗന്ദര്യവും അന്തസും ഭക്ഷണപ്രിയരുമായിരിക്കും. ഏർപ്പെടുന്ന കാര്യങ്ങളിൽ നേതൃസ്ഥാനത്ത് എത്തപ്പെടും. മറ്റുള്ളവർ ഇഷ്ടപ്പെടുന്ന വ്യക്‌തിത്വത്തിനു ഉടമയായിരിക്കും. കലാരംഗത്ത് ശോഭിക്കുന്നവരുമായിരിക്കും. ബുദ്ധിപരമായും യുക്തിപരമായും പ്രവർത്തനം, അന്യരെ ആശ്രയിക്കാതെയുള്ള ജീവിതം, ധൈര്യം എന്നിവ ഇവരുടെ പ്രത്യേകതകളാണ്.