കണ്ടകശ്ശനി എപ്പോൾ തീരും? ശനിദോഷത്തെ ഭയക്കേണ്ടതുണ്ടോ?
Mail This Article
ഒരാളുടെ ജാതകത്തിൽ ചന്ദ്രൻ നിൽക്കുന്ന രാശിയുടെ 1, 4, 7, 10 ഭാവങ്ങളിൽ ശനി സഞ്ചരിക്കുന്ന കാലമാണ് കണ്ടകശ്ശനി എന്നു പറയുന്നത്.
'കേന്ദ്ര-ചതുഷ്ടയ-കണ്ടക സംജ്ഞാ:
ലഗ്നാസ്തദശചതുർഥാനാം' എന്ന നിയമപ്രകാരം ജാതകത്തിലെ ലഗ്നം (1), 4, 7, 10 എന്നീ ഭാവങ്ങളെയാണ് കണ്ടകം എന്നു പറയുന്നത്. അതുകൊണ്ടാണ് ഈ ഭാവങ്ങളിൽ ശനി വരുന്ന കാലത്തെ കണ്ടകശ്ശനി കാലം എന്നു പറയുന്നത്.
കണ്ടകശ്ശനി സാധാരണ ഗതിയിൽ രണ്ടര വർഷം ആണ്. ഏഴരശ്ശനി, ഏഴര വർഷക്കാലം ആണ്. ഇത് ചന്ദ്രൻ നിൽക്കുന്ന രാശിയുടെ പന്ത്രണ്ടിലും ഒന്നിലും രണ്ടിലുമായി മൂന്നു രാശികളിലൂടെ ശനി സഞ്ചരിക്കുന്ന കാലമാണ്.
ശനിദശാ കാലം പത്തൊമ്പത് വർഷമാണ്. ജാതകത്തിൽ ശനി അനുകൂല രാശിയിൽ ആയാൽ നല്ലതും മറിച്ചായാൽ മോശവുമാകും. ശനിദശ എന്ന് കേട്ട് എല്ലാവരും പേടിക്കേണ്ട കാര്യമില്ല. പല നല്ല കാര്യങ്ങളും ശനി നൽകും. വിദേശത്ത് പോകാനും പുതിയ വീട് നിർമിക്കാനും എല്ലാം ഈ ദശ നല്ലതാണ്.
ശനി ദോഷത്തിന് ശനീശ്വര ക്ഷേത്രത്തിലോ ശാസ്താ ക്ഷേത്രങ്ങളിലോ ഹനൂമാൻ സ്വാമിക്കോ, പരമശിവനോ വഴിപാട് നടത്തിയാൽ മതി. എള്ളുതിരി കത്തിക്കുക. ശനിഗ്രഹത്തെ കറുപ്പ് വസ്ത്രം ചാർത്തുക. ശനിയാഴ്‌ച വ്രതം എടുക്കുക. കാക്കയ്ക്ക് ചോറു കൊടുക്കുക ഒക്കെ ഇതിന് പരിഹാരമാണ്. നീല, കറുപ്പ് വസ്ത്രങ്ങൾ ദാനം ചെയ്യുന്നതും നന്ന്. ഇന്ദ്രനീല രത്നം ധരിക്കുകയും ചെയ്യുക. ശബരിമല പോലുള്ള ക്ഷേത്ര ദർശനവും ഉത്തമം. തീർഥയാത്രകൾ, വനവാസം ഒക്കെ ശനി ദോഷത്തെ കുറയ്ക്കും.