ADVERTISEMENT

ഏകാദശികളിൽ പ്രധാനമാണ് വൃശ്ചികമാസത്തിലെ ഗുരുവായൂർ ഏകാദശി. ദശമി, ഏകാദശി, ദ്വാദശി എന്നീ തിഥികൾ വരുന്ന മൂന്നു ദിവസങ്ങളിലായി നീണ്ടു കിടക്കുന്നതാണ് ഏകാദശിവ്രതം. ഈ വർഷത്തെ ഗുരുവായൂർ ഏകാദശി ഡിസംബർ 11 ബുധനാഴ്ചയാണ് വരുന്നത്.  ബുധനാഴ്ചകൾ ശ്രീകൃഷ്ണ ഭജനത്തിനു അതിവിശേഷമാണ്. വൃശ്ചിക മാസത്തിലെ ഏകാദശി ദിനത്തിലാണ് ഗുരുവായൂരപ്പന്റെ പ്രതിഷ്ഠ നടത്തിയത് അതിനാൽ ഗുരുവായൂർ ഏകാദശി ഗുരുവായൂർ പ്രതിഷ്ഠാദിനമായും കണക്കാക്കപ്പെടുന്നു. കൂടാതെ ഭഗവാൻ ഗീതോപദേശം നൽകിയ ദിനം കൂടിയാണിത്.

ഭഗവാൻ മഹാവിഷ്ണു  ദേവീദേവന്മാരോടൊപ്പം ഗുരുവായൂർക്കെഴുന്നെള്ളുന്ന ദിനമാണിതെന്നാണ് വിശ്വാസം . അതിനാൽ അന്നേദിവസം ക്ഷേത്രത്തിൽ എത്താൻ കഴിയുന്നതുപോലും സുകൃതമാണ്.  ഏകാദശി വ്രതത്തിന്റെ ഫലങ്ങൾ എണ്ണിയാൽ തീരാത്തത്രയാണ്. വിഷ്ണു പ്രീതിയും അതിലൂടെ സർവ ഐശ്വര്യവും മോക്ഷം ‌ലഭിക്കാനും ഏറ്റവും ഉത്തമ മാർഗ്ഗമാണ് ഏകാദശി വ്രതം. ഏകാഗ്രതയോടും തികഞ്ഞ ഭക്തിയോടു കൂടി വ്രതമനുഷ്്ഠിച്ചാൽ മാത്രമേ പൂർണഫലം ലഭിക്കുകയുളളൂ. ഒരു വർഷത്തെ എല്ലാ ഏകാദശിയും അനുഷ്ഠിച്ചതിനു തുല്യമാണ് ഗുരുവായൂർ ഏകാദശി വ്രതാനുഷ്ഠാനം. ജാതകവശാൽ വ്യാഴം അനുകൂലമല്ലാത്തവർക്കു ദോഷകാഠിന്യം കുറയ്ക്കാൻ ഈ വ്രതാനുഷ്ഠാനം ഉത്തമമാണ്.

വ്രതാനുഷ്ഠാനം ഇങ്ങനെ

ഏകാദശിയുടെ തലേന്ന് അതായത് ഡിസംബർ 10നു ഒരിക്കലൂണ്. ഡിസംബർ 11 ഏകാദശി ദിനത്തിൽ പൂർണമായി ഉപവസിക്കുകയോ അതിനു സാധിക്കാത്തവർ ഒരു നേരം പഴങ്ങളോ അരിയാഹാരമൊഴികെയുള്ള ധാന്യാഹാരങ്ങളോ കഴിക്കുക. നിസ്വാർത്ഥമായ ഭക്തിയാണ് പ്രധാനം. എണ്ണ തേച്ചു കുളി, പകലുറക്കം ഇവ പാടില്ല. പ്രഭാത സ്നാനത്തിനു ശേഷം ഭഗവാനെ ധ്യാനിക്കുകയും സാധിക്കുമെങ്കില്‍ വിഷ്ണുക്ഷേത്ര ദർശനം നടത്തി വഴിപാടുകൾ സമർപ്പിക്കുകയും ചെയ്യുക. ദശമി, ഏകാദശി, ദ്വാദശി ദിനങ്ങളിൽ വിഷ്ണുഗായത്രി കുറഞ്ഞത് 9 തവണയെങ്കിലും ജപിക്കുന്നതും സദ്‌ഫലം നൽകും. അന്നേ ദിവസം  മുഴുവൻ അന്യചിന്തകൾക്കൊന്നും ഇടം നൽകാതെ തെളിഞ്ഞ മനസ്സോടെ ഭഗവാനെ പ്രകീർത്തിക്കുന്ന നാമങ്ങൾ ജപിക്കുക. വിഷ്ണുസഹസ്രനാമം ചൊല്ല‌ുന്നത് ഉത്തമം. കഴുകി വൃത്തിയാക്കിയ വെളുത്ത വസ്ത്രം ധരിക്കുക, തുളസി നനയ്ക്കുകയും തുളസിത്തറയ്ക്ക് മൂന്ന് പ്രദക്ഷിണം വയ്ക്കുകയും ചെയ്യുക. ഭാഗവതം, നാരായണീയം, ഭഗവദ്ഗീത എന്നീ ഗ്രന്ഥങ്ങൾ പാരായണം ചെയ്യുകയോ ശ്രവിക്കുകയോ ചെയ്യുക. ഏകാദശിയുടെ പിറ്റേന്ന് ദ്വാദശി ദിവസം ഹരിവാസരസമയത്തിനു ശേഷം മലരും തുളസിയിലയും ഇട്ട തീർഥം സേവിച്ച് പാരണ വിടുക.

'ഭോക്ഷ്യേഹും പുണ്ഡരീകാക്ഷ! ശരണം മേ ഭവാച്യുത' (പുണ്ഡരീകാക്ഷനായ ഭഗവാനേ, ഞാനിതാ പാരണ ചെയ്യുന്നു. അങ്ങ് എനിക്ക് ശരണമായി ഭവിക്കണേ അച്യുതാ) ഈ ശ്ലോകം ഉരുവിട്ടുകൊണ്ട് വേണം വ്രതം അവസാനിപ്പിക്കുവാൻ.

വ്രതദിനങ്ങളിൽ കുളിച്ചു ശരീരശുദ്ധി വരുത്തി തുളസിത്തറയ്ക്ക് ചുറ്റും  മൂന്ന് പ്രദക്ഷിണം വച്ച ശേഷം നനയ്ക്കുന്നതും തുളസി ചുവട്ടിൽ ചിരാതിൽ ദീപം തെളിയിക്കുന്നതും ഉത്തമമാണ്.

തുളസിക്കു ചുറ്റും മൂന്ന് പ്രദക്ഷിണം വയ്ക്കുമ്പോൾ ഈ മന്ത്രം ജപിക്കുക.

'പ്രസീദ തുളസീദേവി പ്രസീത ഹരിവല്ലഭേ ക്ഷീരോദ മഥനോ‌ദ്ഭുതേ തുള‌സീ ത്വം നമാമ്യഹം' 

വിഷ്ണു ഗായത്രി 

ഓം നാരായണായ വിദ്മഹേ വാസുദേവായ ധീമഹി  തന്നോ വിഷ്ണുപ്രചോദയാത്.

English Summary:

Significance of Guruvayur Ekadashi, falling on December 11th this year. Discover how to observe the fast, its spiritual benefits, and why it's considered equivalent to observing all Ekadashis in a year.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com