ഗുരുവായൂർ ഏകാദശി; ഒരു വർഷത്തെ സകല ഏകാദശിയും അനുഷ്ഠിക്കുന്നതിന് തുല്യം, ഈ സമയം അതിവിശിഷ്ടം
Mail This Article
ഒരു വർഷത്തെ എല്ലാ ഏകാദശിയും അനുഷ്ഠിക്കുന്നതിനു തുല്യമാണ് ഗുരുവായൂർ ഏകാദശി വ്രതാനുഷ്ഠാനം. ദശാപഹാരദോഷങ്ങൾ, സർവപാപങ്ങൾ എന്നിവ നീങ്ങാൻ ഈ ദിനത്തിലെ വിഷ്ണുഭജനം ഉത്തമമാണെന്നാണ് വിശ്വാസം. ഈ ഭജനം ഹരിവാസര സമയത്താണെങ്കിൽ അത്യുത്തമം.
ഏകാദശിവ്രതം അവസാനിക്കുന്നതിനു മുൻപായി ആരംഭിക്കുന്ന ഹരിവാസരസമയം മഹാവിഷ്ണുപ്രീതി നേടാൻ ഏറ്റവും അനുയോജ്യമായ സമയമാണ്. ഭഗവാൻ ഏറെ പ്രസന്നനായി ഇരിക്കുന്ന സമയമാണെന്നാണു വിശ്വാസം. ഈ സമയത്ത് വിഷ്ണുസഹസ്രനാമം ജപിക്കുന്നത് അത്യുത്തമം. ഹരിവാസരസമയം മുഴുവൻ അഖണ്ഡനാമജപം (നിശ്ചിത സമയത്ത് മുടങ്ങാതെ നടത്തുന്ന ഈശ്വരനാമജപം) ചെയ്യുന്നത് ഏറ്റവും ഗുണകരമണ്.
ഏകാദശിവ്രതത്തിന്റെ അവസാനത്തെ കാൽ ഭാഗവും (ഏകദേശം 15 നാഴിക) ഏകാദശി കഴിഞ്ഞുവരുന്ന ദ്വാദശി തിഥിയുടെ ആദ്യത്തെ കാൽഭാഗവും ചേരുന്ന സമയത്തെയാണ് ഹരിവാസരം എന്നു പറയുന്നത്. 12 മണിക്കൂറോളം വരുന്ന സമയമാണ് ഹരിവാസരം. ചിലപ്പോൾ 12 മണിക്കൂറിലധികവും വരും. ഏകാദശി ദിനമായ ഡിസംബർ 11 ബുധനാഴ്ച രാത്രി 7 മണി 48 മിനിറ്റ് മുതൽ ഡിസംബർ 12 വ്യാഴാഴ്ച കാലത്ത് 6 മണി 29 മിനിറ്റ് വരെയാണ് ഹരിവാസരം. ഈ സമയത്ത് ഭഗവൽ നാമങ്ങൾ ജപിക്കുന്നതിലൂടെ കുടുംബത്തിൽ ഐശ്വര്യമുണ്ടാകാൻ സഹായിക്കും എന്നാണു വിശ്വാസം.
ഏകാദശി ദിനത്തിലെ പ്രഭാതസ്നാനം പോലെ പ്രധാനമാണ് പ്രഭാതപൂജയും നാമജപവും. ഭഗവാന്റെ ചിത്രത്തിന്റെ മുന്നിൽ നെയ്വിളക്ക് തെളിയിച്ചു മംഗള ആരതി മൂന്നുതവണ ഉഴിഞ്ഞ ശേഷം വിഷ്ണു ഗായത്രി ജപിക്കുന്നതിലൂടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ നീങ്ങി ജീവിതത്തിൽ സർവൈശ്വര്യം നിറയും എന്നാണ് ആചാര്യന്മാർ പറയുന്നത്. കുറഞ്ഞത് 9 തവണയെങ്കിലും വിഷ്ണുഗായത്രി ജപിക്കണം. 108 തവണ ജപിക്കുന്നത് ശ്രേഷ്ഠം. ശേഷം വിഷ്ണുപ്രീതികരമായ മറ്റു മന്ത്രങ്ങൾ ഭക്തിയോടെ ജപിച്ചു ഭഗവാന്റെ മുന്നിൽ നമസ്ക്കരിക്കാം.
രാവിലെ കിഴക്കോട്ടോ വടക്കോട്ടോ അഭിമുഖമായിരുന്നു വിഷ്ണു ഗായത്രി ജപിക്കാം. മന്ത്രങ്ങളുടെ മാതാവായ ഗായത്രി മന്ത്രം ജപിച്ചശേഷമാവണം വിഷ്ണു ഗായത്രി ജപിക്കാൻ. രാത്രി ജപം പാടില്ല.
മഹാവിഷ്ണു ഗായത്രി
ഓം നാരായണായ വിദ്മഹേ
വാസുദേവായ ധീമഹി
തന്നോ വിഷ്ണു പ്രചോദയാത്.
ഭഗവാന്റെ മൂലമന്ത്രങ്ങളായ അഷ്ടാക്ഷരീ മന്ത്രം (ഓം നമോ നാരായണായ), ദ്വാദശാക്ഷരീ മന്ത്രം (ഓം നമോ ഭഗവതേ വാസുദേവായ) എന്നിവ 108 ജപിക്കുന്നത് ശ്രേഷ്ഠം. വിഷ്ണു സഹസ്രനാമം, നാരായണീയം, ഭാഗവതം എന്നിവ പാരായണം ചെയ്യുന്നത് അഭീഷ്ടസിദ്ധി നൽകും.
ജീവിതത്തിരക്കിനിടയിൽ വിഷ്ണുസഹസ്രനാമം ജപിക്കാൻ സാധിക്കാത്തവർ 'ശ്രീരാമ രാമ രാമേതി രമേ രാമേ മനോരമേ സഹസ്രനാമതത്തുല്യം രാമനാമ വരാനനേ ശ്രീരാമനാമ വരാനന ഓം നമ ഇതി' എന്ന ശ്രീരാമ മന്ത്രം മൂന്നു തവണ ജപിക്കുന്നതിലൂടെ സഹസ്രനാമജപപുണ്യം സാധാരണക്കാർക്ക് ലഭ്യമാകും.
ഭഗവാന്റെ മൂലമന്ത്രങ്ങൾ ജപിക്കുന്നത് പോലെ പ്രധാനമാണ് വിഷ്ണു ദ്വാദശ നാമങ്ങൾ ജപിക്കുന്നത്. നിത്യവും ജപിക്കുന്നതിലൂടെ ഗ്രഹപ്പിഴാ ദോഷങ്ങളകലുകയും രോഗദുരിതശാന്തി ലഭിക്കുകയും ചെയ്യുമെന്നാണ് പറയപ്പെടുന്നത്. 'ഓം നമോ ഭഗവതേ വാസുദേവായ' എന്ന ദ്വാദശാക്ഷരീ മന്ത്രം ജപിച്ചശേഷമാണ് വിഷ്ണു ദ്വാദശ നാമങ്ങൾ ജപിക്കേണ്ടത്. 108 തവണ ജപിക്കാൻ സാധിക്കാത്തവർ രാവിലെയും വൈകിട്ടും കുറഞ്ഞത് 12 തവണയെങ്കിലും ജപിക്കുന്നത് ഉത്തമമാണ്.
വിഷ്ണു ദ്വാദശ നാമങ്ങൾ
ഓം കേശവായ നമഃ
ഓം നാരായണായ നമഃ
ഓം മാധവായ നമഃ
ഓം ഗോവിന്ദായ നമഃ
ഓം വിഷ്ണവേ നമഃ
ഓം മധുസൂദനായ നമഃ
ഓം ത്രിവിക്രമായ നമഃ
ഓം വാമനായ നമഃ
ഓം ശ്രീധരായ നമഃ
ഓം ഹൃഷീകേശായ നമഃ
ഓം പത്മനാഭായ നമഃ
ഓം ദാമോദരായ നമഃ
ജീവിതത്തിൽ അടിക്കടിയുണ്ടാവുന്ന ക്ലേശങ്ങളെ തരണം ചെയ്യാൻ ഗുരുവായൂരപ്പനെ മനസ്സിൽ ധ്യാനിച്ച് ഈ മന്ത്രം ജപിക്കാം.
കൃഷ്ണായ വാസുദേവായ
ഹരയേ പരമാത്മനേ
പ്രണത ക്ലേശനാശായ ഗോവിന്ദായ നമോ നമഃ
ഗുരുവായൂരപ്പനെ സ്മരിച്ചു 'ക്ലിം കൃഷ്ണായ ഗോവിന്ദായ ഗോപീജന വല്ലഭായ നമഃ ' എന്ന് 108 തവണ ജപിക്കാം. രോഗദുരിതങ്ങളിൽ നിന്ന് മുക്തി ലഭിക്കാൻ ഭഗവാനെ ധന്വന്തരീ ഭാവത്തിൽ ഭജിക്കുകയും നാമത്രയം ജപിക്കുകയും ആവാം
ഓം നമോ ഭഗവതേ വാസുദേവായ
ധന്വന്തരയേ അമൃതകലശഹസ്തായ
സർവാമയവിനാശായ ത്രൈലോക്യനാഥായ ഭഗവതേ നമഃ
നാമത്രയം ത്രക്ഷരി എന്നും അറിയപ്പെടുന്നു. നിത്യവും പന്ത്രണ്ടു തവണ ജപിക്കുന്നതിലൂടെ ആദിവ്യാധികൾ അകലും എന്നാണ് വിശ്വാസം.
നാമത്രയം
അച്യുതായ നമഃ,
അനന്തായ നമഃ
ഗോവിന്ദായ നമഃ.
ആയുരാരോഗ്യസൗഖ്യത്തിനായി മേൽപ്പത്തൂർ നാരായണഭട്ടതിരിപ്പാട് 100 ദശകങ്ങളിലായി ഭഗവാന് സമർപ്പിച്ച
നാരായണീയം പാരായണം ചെയ്യുന്നത് സവിശേഷ ഫലദായകമാണ്. രോഗമുക്തിക്കു വേണ്ടിയുള്ള പ്രാർഥനകളാണ് നാരായണീയത്തിലുടനീളം നിറഞ്ഞുനിൽക്കുന്നത്. നാരായണീയത്തിലെ പ്രാർഥനാശ്ലോകങ്ങളിൽ ഏറെ പ്രാധാന്യം കൽപിക്കപ്പെടുന്നത് ദശകം-08, ശ്ലോകം-13 നാണ്. ഈ നാരായണീയ ശ്ലോകം നിത്യവും 108 തവണ ജപിക്കുന്നതിലൂടെ സർവവ്യാധികളും അകലും എന്നാണ് വിശ്വാസം
നാരായണീയം, ദശകം-08, ശ്ലോകം-13
അസ്മിൻ പരാത്മൻ! നനു പാത്മകൽപേ
ത്വമിത്ഥമുത്ഥാ പിതപത്മയോനിഃ
അനന്തഭൂമാ മമ രോഗരാശിം
നിരുന്ധി വാതാലയവാസ! വിഷ്ണോ!
അർഥം- അല്ലയോ പരമാത്മാവേ, ഗുരുവായൂരപ്പാ, വിഷ്ണോ, ഈ പാത്മകൽപത്തിൽ ബ്രഹ്മാവിനെ സൃഷ്ടികർമങ്ങൾക്കായി ഉണർത്തിയ അനന്തമായ മഹത്വങ്ങളുള്ള അങ്ങ് എന്റെ രോഗങ്ങളെ മുഴുവൻ ശമിപ്പിക്കേണമേ എന്നാണു പ്രാർഥന.
ഭഗവൽ സ്വരൂപം വർണിക്കുന്ന വിഷ്ണു സ്തോത്രം അർഥം മനസ്സിലാക്കി ജപിക്കാം
ശാന്താകാരം ഭുജഗശയനം പത്മനാഭം സുരേശം
വിശ്വാധാരം ഗഗനസദൃശം മേഘവർണം ശുഭാംഗം
ലക്ഷ്മീകാന്തം കമലനയനം യോഗിഹൃദ്ധ്യാനഗമ്യം
വന്ദേ വിഷ്ണും ഭവഭയഹരം സർവലോകൈകനാഥം
അർഥം-ശാന്തമായ ആകാരത്തോടുകൂടിയവനും സർപ്പത്തിന്റെ പുറത്തു ശയിക്കുന്നവനും നാഭിയിൽ താമരപ്പൂ ഉള്ളവനും ദേവന്മാരുടെ ഈശ്വരനും ലോകത്തിനു ആധാരമായിരിക്കുന്നവനും ആകാശത്തിനു തുല്യനും മേഘവർണമുള്ളവനും ശുഭമായ അവയവങ്ങളോടു കൂടിയവനും ലക്ഷ്മീ ദേവിയുടെ ഭർത്താവായവനും താമരയിതള്‍പോലെയുള്ള കണ്ണുകളുള്ളവനും യോഗിവര്യന്മാരുടെ ഹൃദയത്തിൽ ധ്യാനത്താൽ ഗമിക്കുന്നവനും അഹങ്കാരത്തെയും ഭയത്തെയും ഇല്ലാതാക്കുന്നവനും സർവലോകത്തിനും നാഥനുമായ ഭഗവാൻ മഹാവിഷ്ണുവിനെ ഞാന്‍ വന്ദിക്കുന്നു.
'കലിദോഷനിവാരണ മന്ത്രം' ഒൻപതു തവണ ജപിച്ചാല്‍ മാലിന്യങ്ങള്‍ അകന്ന് മനസ്സ് സൂര്യനെപ്പോലെ തെളിവുറ്റതാകും. 108 തവണ ജപിക്കുന്നത് ശ്രേഷ്ഠമാണ് . കലിയുഗത്തിലെ ഏറ്റവും ശക്തിയേറിയ നാമമാണിത്
കലിദോഷനിവാരണ മന്ത്രം
'ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ'
ഭഗവാന് ഒരുപാട് നാമങ്ങൾ ഉണ്ടെങ്കിലും പ്രധാനമായും 28 നാമങ്ങള്‍ ജപിക്കുന്നതിലൂടെ സർവ ദുരിതങ്ങളിൽ നിന്നും മുക്തി ലഭിക്കും എന്നാണ് വിശ്വാസം
മത്സ്യം കൂര്‍മ്മം വരാഹം ച വാമനം ച ജനാര്‍ദ്ദനം
ഗോവിന്ദം പുണ്ഡരീകാക്ഷം മാധവം മധുസൂദനം
പത്മനാഭം സഹസ്രാക്ഷം വനമാലി ഹലായുധം
ഗോവര്‍ധനം ഹൃഷികേശം വൈകുണ്ഡം പുരുഷോത്തമം
വിശ്വരൂപം വാസുദേവം രാമം നാരായണം ഹരി
ദാമോദരം ശ്രീധരം ച വേദാംഗം ഗരുഡധ്വജം
അനന്തം കൃഷ്ണഗോപാലം ജപതോ നാസ്തി പാതകം
മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിൽ ഏറ്റവും പ്രധാനമാണ് നരസിംഹാവതാരം. ഉഗ്രമൂർത്തിയായി ശത്രുസംഹാരത്തിനായാണ് ഭഗവാൻ അവതാരമെടുത്തത് എങ്കിലും ഭക്തരിൽ ക്ഷിപ്രപ്രസാദിയാണ്. അകാരണഭയമകറ്റാനും ദുരിതമോചനത്തിനും നരസിംഹമന്ത്രം ജപിക്കാം.
ഉഗ്രവീരം മഹാവിഷ്ണും ജ്വലന്തം സർവ്വതോ മുഖം
നൃസിംഹം ഭീഷണം ഭദ്രം മൃത്യു മൃത്യും നമാമ്യഹം
ഏകാദശി വ്രതം ഭക്തിയോടെ അനുഷ്ഠിച്ചാൽ ദുരിതങ്ങളിൽ നിന്നും പാപങ്ങളിൽ നിന്നുമെല്ലാം മോചനം ലഭിക്കുമെന്നു പുരാണങ്ങളിൽ പറയുന്നു. ഏകാദശി വ്രതത്തിന്റെ ഫലങ്ങൾ എണ്ണിയാൽ തീരാത്തത്രയാണ്. വിഷ്ണു പ്രീതിയും അതിലൂടെ സർവ ഐശ്വര്യവും മോക്ഷം ലഭിക്കാനും ഏറ്റവും ഉത്തമ മാർഗ്ഗമാണ് ഏകാദശി വ്രതം. ഏകാഗ്രതയോടും തികഞ്ഞ ഭക്തിയോടു കൂടി വ്രതമനുഷ്്ഠിച്ചാൽ മാത്രമേ പൂർണഫലം ലഭിക്കുകയുളളൂ.