ADVERTISEMENT

ഹസ്തരേഖാശാസ്ത്രത്തിനു വളരെയധികം പ്രാധാന്യമുള്ള ഒരു മേഖലയാണ് ജ്യോതിഷം. ഒരു വ്യക്തിയുടെ വ്യക്തിത്വത്തെക്കുറിച്ചും ഭാവിയെക്കുറിച്ചുമുള്ള ഒട്ടുമിക്ക കാര്യങ്ങൾക്കും ഉത്തരം നല്കാൻ കൈരേഖകൾക്കു സാധിക്കുമെന്നാണ് പുരാതന കാലം മുതൽ തന്നെ ജ്യോതിശാസ്ത്രം പറഞ്ഞുവെയ്ക്കുന്നത്. 

 

ഉള്ളം കൈയിൽ വരകൾ മാത്രമല്ലാതെ ചിലരുടെ കൈകളിൽ ചെറു മറുകുകൾ കൂടി കാണാം. ഈ മറുകുകൾ ആ വ്യക്തിയുടെ സ്വഭാവത്തെക്കുറിച്ചു കൂടുതൽ വിവരങ്ങൾ നൽകും. കറുത്ത നിറത്തിലുള്ളതും അല്പം തവിട്ടു കലർന്ന ഇളം നിറത്തിലുള്ളതുമായ മറുകുകളുണ്ട്. ഇവയുടെ സ്ഥാനവും രൂപവും ഒരു വ്യക്തിയിൽ നിന്നും വ്യത്യസ്തമായിരിക്കും മറ്റൊരു വ്യക്തിയിൽ. ഒരു കുഞ്ഞിന്റെ ജനനസമയത്തു ചിലപ്പോൾ ഈ മറുകുകൾ കാണുവാനിടയില്ല. എന്നാൽ വ്യക്തിയുടെ വളർച്ചയുടെ വിവിധഘട്ടങ്ങളിൽ ഇവ പ്രത്യക്ഷപ്പെടാറുണ്ട്. ഉള്ളം കൈകളിലെ രേഖകൾക്കു എല്ലായ്‌പ്പോഴും മാറ്റങ്ങൾ സംഭവിക്കുമെന്നു വേദകാല ജ്യോതിഷവും പറയുന്നു. അതുകൊണ്ടു തന്നെ ചെറുപ്പത്തിൽ കാണുന്ന ചെറിയ ആയുർരേഖ, ജീവരേഖ എന്നിവ കാലാന്തരത്തിൽ നീളം വെയ്ക്കുകയും യഥാർത്ഥ രൂപത്തിലെത്തുകയും ചെയ്യുന്നു.

shukra-kadivalayam

 

chandra-mandalam

ഉള്ളം കൈകളിൽ മാത്രമല്ല, ശരീത്തിന്റെ വിവിധ ഭാഗങ്ങളിൽ മറുകുകൾ കാണപ്പെടാം. എന്നാൽ കൈക്കുള്ളിലെ മറുകുകൾക്കു  നമ്മുടെ ഭൂതം, ഭാവി സാമ്പത്തികമായ ഉന്നമനം, ജീവിതത്തിൽ നേരിടേണ്ടി വരുന്ന പ്രതിസന്ധികൾ തുടങ്ങിയവയെക്കുറിച്ചെല്ലാം വിവരിക്കാൻ കഴിയും. കൈക്കുള്ളിലെ മറുകുകൾ ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. ഹസ്തരേഖാശാസ്ത്ര പ്രകാരം പുരുഷന്മാരിൽ വലതുകൈയും സ്ത്രീകളിൽ ഇടതുകൈയുമാണ് നോക്കുന്നത്. മറുകുകളുടെ സ്ഥാനങ്ങൾ ഒരു വ്യക്തിയുടെ സ്വഭാവത്തിലും വ്യക്തിത്വത്തിലും വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. അതെങ്ങനെയെന്നു നോക്കാം.  

 

ശുക്രകടി വലയത്തിൽ മറുകുകൾ കാണപ്പെടുന്നത് ഗുണകരമല്ല. ആ ഭാഗത്തു മറുകുകൾ ഉള്ള വ്യക്തികൾ നീതിയുക്തമായ കാര്യങ്ങളിൽ നിന്നും വ്യതിചലിക്കുകയും സദ്ഗുണ പാതയിൽ നിന്നും എല്ലായ്‌പ്പോഴും അകന്നുനിൽക്കുകയും ചെയ്യും. ഉള്ളം കയ്യിൽ ചാന്ദ്രമണ്ഡലത്തിലാണ് മറുകെങ്കിൽ ഈ വ്യക്തികൾക്കു ജലത്താൽ അപകടങ്ങൾക്കു സാധ്യതയുണ്ട്. ആയതിനാൽ, ജലസ്രോതസുകളായ കിണർ, തടാകം, നദി, കടൽ തുടങ്ങിയവിടങ്ങളിൽ ഇവർ അകന്നു നിൽക്കേണ്ടതും കൃത്യമായ സുരക്ഷാമാർഗങ്ങൾ സ്വീകരിക്കേണ്ടതുമാണ്. മാത്രമല്ല, ചാന്ദ്രമണ്ഡലത്തിനു മുകളിലായി തെളിഞ്ഞു നിൽക്കുന്ന മറുക് വിവാഹത്തിനു കാലതാമസം നേരിടുമെന്നതിന്റെ സൂചന കൂടിയാണ്. 

 

Open Hand
Open Hand

വൈവാഹിക ജീവിതം സുഖകരമായിരിക്കുകയില്ല എന്നാണ് വ്യാഴമണ്ഡലത്തിലെ മറുകു പറയുന്നത്. കൂടാതെ, ജീവിതത്തിലുടനീളം ധാരാളം പ്രതിസന്ധികളും ഇവർക്കു നേരിടേണ്ടി വരും. അശ്രാന്ത പരിശ്രമത്തിലൂടെ മാത്രമേ ഇക്കൂട്ടർക്ക് ജീവിതത്തിൽ വിജയം കൈവരിയ്ക്കാൻ സാധിക്കുകയുള്ളു. 

 

ശനിയുടെ മുകൾഭാഗത്തു മറുകുള്ളവർക്കു വിവാഹം വളരെ വൈകിയേ നടക്കാനിടയുള്ളൂ. മാത്രമല്ല, സുഖകരമായ ഒരു ദാമ്പത്യബന്ധവും ഇവർക്കുണ്ടാകാനിടയില്ല, പങ്കാളിയുമായി അസ്വാരസ്യങ്ങളുണ്ടാകാനുള്ള സാധ്യതകൾ ഏറെയാണ്.

 

തങ്ങൾക്കു ചുറ്റുമുള്ള വ്യക്തികളുടെ ഹീനമായ പ്രവർത്തികൾകൊണ്ട് തെറ്റിദ്ധരിക്കപ്പെടാനും പ്രതിച്ഛായയ്ക്കു കളങ്കമേൽക്കാനും ഇടയുള്ളവരാണ് സൂര്യമണ്ഡലത്തിൽ മറുകുകളുള്ളവർ. മറ്റുള്ളവരിൽ നിന്നും മര്യാദയില്ലാത്ത പ്രവർത്തികളും ഇവർക്കു അഭിമുഖീകരിക്കേണ്ടി വന്നേക്കാം. 

 

ചെറുവിരലിനു വലതുഭാഗത്തായി, ബുധമണ്ഡലത്തിന്റെ മധ്യത്തിൽ മറുകുള്ളവർക്കു അപ്രതീക്ഷിതമായി നഷ്ടങ്ങൾ സംഭവിക്കാനുള്ള സാധ്യതകളുണ്ട്. വ്യക്തിയ്ക്കു ശാരീരികവും മാനസികവുമായ ആഘാതങ്ങൾ സൃഷ്ടിക്കാൻ കഴിയുന്നവയായിരിക്കും ഈ നഷ്ടങ്ങൾ. അവ ചിലപ്പോൾ ഭൗതികപരമോ ചിലപ്പോൾ വൈകാരികപരമോ ആകാം. 

 

ജീവരേഖയുടെ ഏതുഭാഗത്തുള്ള മറുകും ദോഷകരമാണ്. അത്തരക്കാരെ കാത്തിരിക്കുന്നത് വിട്ടുമാറാത്ത രോഗങ്ങളും ചികിത്സകളുമാകാനിടയുണ്ട്. ജീവിത്തിലുടനീളം ഇക്കൂട്ടർ രോഗാവസ്ഥയിലൂടെ  കടന്നുപോകും. ശിരോരേഖയുടെ സമീപത്തിലോ മുകൾ ഭാഗത്തോ, അന്ത്യത്തിലോ ഉള്ള മറുക്, പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ശിരസുമായി ബന്ധപ്പെട്ടിരിക്കുന്നു. മൈഗ്രൈൻ പോലുള്ള രോഗാവസ്ഥയെയാണിത് സൂചിപ്പിക്കുന്നത്. ഹൃദയരേഖയിലോ സമീപത്തോ സ്ഥിതി ചെയ്യുന്ന മറുകുകൾ ശുഭസൂചകങ്ങളല്ല. പ്രാണഹേതുകങ്ങളായ രോഗങ്ങളെയാണ് ഇത്തരം മറുകുകൾ പ്രതിനിധാനം ചെയ്യുന്നത്. 

 

ഭാഗ്യരേഖയിലെ മറുക്, ജീവിതത്തിലുടനീളം നേരിടേണ്ടി വരുന്ന പ്രതിബന്ധങ്ങളുടെ സൂചനയാണ്. ഇത്തരത്തിൽ മറുകുള്ള വ്യക്തികൾ, എന്തുകാര്യത്തിലേർപ്പെടുമ്പോഴും തടസങ്ങൾ തരണം ചെയ്യാനുള്ള മുന്നൊരുക്കങ്ങൾ നടത്തേണ്ടതാണ്. മാത്രമല്ല, ചെറുവിജയങ്ങൾക്കു പോലും അതികഠിനമായ പരിശ്രമങ്ങളിൽ ഇവർ ഏർപ്പെടേണ്ടതായി വരും. വിവാഹരേഖയിലെ മറുകുകൾ അശുഭ കാരണങ്ങളാണ്. ബന്ധങ്ങളിൽ പെട്ടെന്നുള്ള വീഴ്ചകൾ, വിവാഹമോചനം തുടങ്ങിയവയുടെ സൂചനയാണ് ഇത്തരം മറുകുകൾ.  

 

English Summery : Mole on Palm of Hand Palmistry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com