എന്തൊരു നെഗറ്റീവാണ് ഈ ലോകം; മനസ്സിൽ നിർമിക്കാം പോസിറ്റീവ് സംരക്ഷണകവചം
Mail This Article
അനേകം വീരപുരുഷൻമാർ അണിനിരന്ന മഹാഇതിഹാസമാണ് രാമായണം. ഈ ഇതിഹാസത്തിലെ പ്രധാനസന്ദർഭമായ രാമ–രാവണ യുദ്ധത്തിലേക്കു നയിക്കുന്നതിന്‌റെ പ്രധാന ആണിക്കല്ല് ഒരു സ്ത്രീയാണ്. അയോധ്യയിലെ ദശരഥ രാജാവിന്റെ പത്‌നിയായ കൈകേയിയുടെ അനുചരയായ മന്ഥര. വളരെയേറെ നെഗറ്റിവിറ്റി നിറഞ്ഞ ഒരു കഥാപാത്രമായ മന്ഥര നിരന്തരം ഇതേ നെഗറ്റിവിറ്റി കൈകേയിയുടെ ചെവികളിലേക്ക് ഓതുന്നു. മന്ഥര കുത്തിവയ്ക്കുന്ന വിഷത്തിൽ പ്രചോദിതയാകുന്ന കൈകേയിയുടെ പ്രവർത്തനങ്ങളാലാണ് ശ്രീരാമനും സീതാദേവിയും ലക്ഷ്മണനും അയോധ്യ വിട്ടു കൊടുംകാട്ടിലേക്കു യാത്രയാകേണ്ടിവരുന്നത്. പിന്നീട് അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന ദുരനുഭവങ്ങൾക്കെല്ലാം തുടക്കമിടുന്നതു മന്ഥരയാണെന്നു കാണാം.
നെഗറ്റിവിറ്റിയുടെ ബലം എത്രകണ്ടുണ്ടെന്നു വ്യക്തമാക്കിത്തരുന്ന ഉദാഹരണമാണ് മന്ഥര. അവതാരപുരുഷനായ ഭഗവാൻ ശ്രീരാമനു പോലും അതിന്‌റെ തിക്താനുഭവം അനുഭവിക്കേണ്ടിവരുന്നു. അപ്പോൾ പിന്നെ സാധാരണക്കാരായ നമ്മുടെ അവസ്ഥ പറയണോ.. നെഗറ്റീവ് ചിന്തകളും അശുഭമായ വിശ്വാസങ്ങളും പലരിലുമുണ്ട്. പലർക്കും ജീവിതത്തിന്‌റെ ചില ഘട്ടങ്ങളിലാണ് നെഗറ്റീവ് ചിന്തകൾ അങ്കുരിക്കുന്നതെങ്കിൽ മറ്റുചിലർക്ക് അത് സ്ഥായീഭാവമാണ്. നെഗറ്റീവ് ചിന്തകളുള്ള ആളുകൾ പലപ്പോഴും തങ്ങളുടെ അശുഭചിന്താഗതികൾ മറ്റുള്ളവരിലേക്കും കുത്തിവയ്ക്കുന്നതു കാണാം. ശുഭചിന്തകളേക്കാളും സംഭാഷണങ്ങളേക്കാളും ആഴത്തിൽ ആളുകളുടെ മനസ്സിലേക്ക് ആഴ്ന്നിറങ്ങാനുള്ള കരുത്ത് അശുഭചിന്തകൾക്കുണ്ട്. അതിനാൽതന്നെ ഇവയുടെ പ്രത്യാഘാതങ്ങൾ നമ്മൾ വിചാരിക്കുന്നതിനും അപ്പുറമാകാം.
മനസ്സിലേക്ക് അശുഭചിന്തകൾ പകരുന്നവരിൽ സ്വന്തം ബന്ധുക്കളും സുഹൃത്തുക്കളും മുതൽ സഹപ്രവർത്തകർ വരെയുണ്ടാകാം. ഇവരിൽ പലരും ബോധപൂർവമായിരിക്കില്ല ഇതു പറയുന്നത്. ഒരാളെ അറിയാം. വളരെ സന്തോഷത്തോടുകൂടി ജീവിച്ചിരുന്നയാളാണ്. സ്വകാര്യകമ്പനിയിൽ ഉദ്യോഗസ്ഥൻ.
അടുത്തിടെയായി കക്ഷിക്ക് എപ്പോഴും വിഷമവും വിഷാദവും. കാര്യം തിരക്കിയപ്പോൾ പ്രശ്‌നത്തിനു പിന്നിൽ ഒരു സഹപ്രവർത്തകനാണ്. ഇവർ ജോലി ചെയ്യുന്ന സ്ഥാപനം നഷ്ടത്തിലാണെന്നും എപ്പോൾ വേണമെങ്കിലും പൂട്ടാമെന്നും നിരന്തരം പറഞ്ഞുകൊണ്ടിരിക്കുകയാണ് സഹപ്രവർത്തകൻ. സ്വാഭാവികമായും ഇതു കേൾക്കുന്ന ഒരാൾക്ക് ആശങ്കയും അരക്ഷിതാവസ്ഥയും വന്നില്ലെങ്കിലല്ലേ അദ്ഭുതമുള്ളൂ.
മറ്റു ചിലർ അധൈര്യപ്പെടുത്തുകയാണ് ചെയ്യുന്നത്. നിങ്ങൾ എന്തു കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചാലും അറപ്പിക്കാൻ ശ്രമിക്കും. ഇത് ഒരു വ്യക്തിയുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്ന രീതിയാണ്. ഒരു കാര്യം ചെയ്യാൻ ശ്രമിക്കുമ്പോൾ അതിന്‌റെ തെറ്റുകുറ്റങ്ങൾ പറഞ്ഞു തരുന്നവരെ ഇക്കൂട്ടത്തിൽ പെടുത്തേണ്ട. അവർ പോസിറ്റീവായ സമീപനമാണ് കൈക്കൊള്ളുന്നത്. എന്നാൽ ചിലർ എത്ര നല്ലകാര്യമാണെങ്കിലും അതിനെ കുറ്റം പറഞ്ഞ് നശിപ്പിക്കാൻ ശ്രമിക്കും. നേരത്തേ പറഞ്ഞതുപോലെ ഇതെല്ലാം ഒരാൾ ബോധപൂർവം ചെയ്യുന്നതാകണമെന്നില്ല. ഓരോ വ്യക്തിയുടെ പെരുമാറ്റത്തിലും അയാളുടെ ജീവിതാനുഭവങ്ങൾ, വിശ്വാസപ്രമാണങ്ങൾ, മാനസികവ്യാപാരങ്ങൾ എല്ലാം നല്ല സ്വാധീനം ചെലുത്തും. ചിലരുടെ സ്വഭാവം നെഗറ്റീവും ചിലരുടേത് പോസിറ്റീവും ആകുന്നതിൽ ഈ ഘടകങ്ങൾക്ക് നല്ല സ്വാധീനമുണ്ട്.
നെഗറ്റിവിറ്റി നിങ്ങൾക്കു ചുറ്റുമുണ്ട്. ദിവസേന നിങ്ങൾക്കതു നേരിടേണ്ടി വരാം. നെഗറ്റീവായ ആളുകളെ ജീവിതത്തിൽ നിന്നൊഴിവാക്കുക എന്നതൊന്നും നടപ്പുള്ള കാര്യമല്ല, കാരണം ഒരുപാടാളുകളിൽ ഏറിയും കുറഞ്ഞും നെഗറ്റിവിറ്റിയുണ്ട്. പിന്നെന്ത് ചെയ്യാം. കംപ്യൂട്ടറുകളിൽ ഫയർവാൾ എന്നൊരു സംഭവം കേട്ടിട്ടില്ലേ..വൈറസുകളും മറ്റു മോശം പ്രോഗ്രാമുകളും കംപ്യൂട്ടറിനെ ബാധിക്കാതിരിക്കാനായി ഉപയോഗിക്കുന്ന രക്ഷാകവചമാണ് ഇത്. ഇത്തരമൊരു കവചം നമ്മുടെ മനസ്സിലും സൃഷ്ടിക്കാം. നെഗറ്റീവായ സംഭാഷണങ്ങൾ കേട്ടാൽ അതു മനസ്സിനെ ബാധിക്കാതെയിരിക്കും. നെഗറ്റിവിറ്റിയെ എതിരിടാനുള്ള ഏറ്റവും നല്ല മാർഗം പോസിറ്റിവിറ്റിയാണ്. മനസ്സിൽ ശുഭചിന്തകൾ നിറയ്ക്കുകയെന്നത് വളരെ ഗുണം ചെയ്യും.
നെഗറ്റീവായ ആളുകൾ നിങ്ങളുടെ പരിചയവൃത്തത്തിലുണ്ടെങ്കിൽ അവരെ കാര്യം പറഞ്ഞു ബോധ്യപ്പെടുത്താം, കുറച്ചുകൂടി ശുഭകരമായി ജീവിതത്തെ നേരിടാൻ പറയാം. ഏറ്റവും പ്രധാനമായി ഒരു സ്വയംവിശകലനമാകാം. നെഗറ്റീവ് കാര്യങ്ങൾ പറയുകയും ചിന്തിക്കുകയും ചെയ്യുന്ന ആളാണോ നിങ്ങൾ. എങ്കിൽ ആ സ്വഭാവത്തിൽ മാറ്റം വരുത്തേണ്ട സമയമായി കേട്ടോ...