പൂവിടുന്ന പാതകൾ; കുറവിനെ നിഷ്പ്രഭമാക്കുന്ന അനുഗ്രഹം, ഓട്ടക്കുടത്തിന്റെ കഥ
Mail This Article
ചൈനയിൽ പ്രചാരത്തിലുള്ള ഒരു കഥ പറയാം; ഓട്ടക്കുടത്തിന്റെ കഥ. ഒരു സ്ത്രീ എല്ലാ ദിവസവും രണ്ടു കുടവുമായി വെള്ളമെടുക്കാൻ പോകുന്നു; വെള്ളം നിറച്ച കുടങ്ങൾ ഓരോ എളിയിൽ വച്ചു മടങ്ങുന്നു. വീട്ടിലെത്തുമ്പോൾ ഒരു കുടത്തിൽ പാതി വെള്ളമേയുള്ളു; മറ്റേ കുടം നിറയെ വെള്ളം. സൂക്ഷ്മമായി പരിശോധിച്ചപ്പോൾ സ്ത്രീക്കു മനസ്സിലായി: ഒരു കുടത്തിന് ചെറിയൊരു ചോർച്ചയുണ്ട്. അതുകൊണ്ട് വീട്ടിലേക്കുള്ള സഞ്ചാരത്തിൽ വെള്ളം അൽപാൽപമായി ചോർന്നുപോകുന്നു. സംഗതി കുടത്തിനും മനസ്സിലായി. തന്റെ ചോർച്ചകൊണ്ട് പാവം സ്ത്രീ ബദ്ധപ്പെട്ടുകൊണ്ടുവരുന്ന കുടത്തിലെ പാതി വെള്ളം പാഴായിപ്പോകുന്നു.
കുടത്തിനു വലിയ സങ്കടമായി; വലിയ കുറ്റബോധവും. താൻ കാരണം ആ സ്ത്രീയുടെ അധ്വാനം പാഴായിപ്പോകുന്നുവല്ലോ. മറ്റേ കുടമാണെങ്കിൽ സ്ത്രീയുടെ അധ്വാനത്തിനു നിറഞ്ഞ പ്രതിഫലം നൽകുകയും ചെയ്യുന്നു. കുറ്റബോധം സഹിക്കാൻ വയ്യാതായപ്പോൾ ചോർച്ചയുള്ള കുടം സ്ത്രീയോടു പറഞ്ഞു: എന്നെ ഉപേക്ഷിച്ചേക്കുക. ഞാൻ കാരണം നിങ്ങളുടെ അധ്വാനം പാഴായിപ്പോകുന്നു. ഞാനൊരു ഓട്ടക്കുടമാണ്. അപ്പോൾ ആ സ്ത്രീ പറഞ്ഞു: നീ ശ്രദ്ധിച്ചോ? എന്റെ ഒക്കത്തിരുന്ന് നീ സഞ്ചരിക്കുന്ന വഴിയിലേക്കു നോക്കൂ. നിറയെ ചെടികൾ പൂത്തു നിൽക്കുന്നതു കണ്ടില്ലേ? നിന്റെ ചോർച്ച മനസ്സിലാക്കിയപ്പോഴാണ് നമ്മൾ നടക്കുന്ന വഴിയരികിൽ ഞാൻ ചെടികൾ വച്ചുപിടിപ്പിച്ചത്.
വെള്ളവുമായി വീട്ടിലേക്കുള്ള യാത്രയിൽ നിന്റെ ചോർച്ചയിൽനിന്നുള്ള വെള്ളമേറ്റുവാങ്ങിയാണ് അവ വളർന്നത്. നോക്കൂ, ചിരിച്ചുല്ലസിച്ചുനിൽക്കുന്ന ഈ പൂക്കൾക്കു കാരണം നീയാണ്. ചോർച്ചയില്ലാത്ത മറ്റേ കുടത്തിന്റെ വശത്തു ചെടികളില്ല; പൂക്കളുമില്ല. ഈശ്വരൻ നമുക്കൊരു കുറവു നൽകിയിട്ടുണ്ടെങ്കിൽ ആ കുറവിനെ നിഷ്പ്രഭമാക്കുന്ന വലിയൊരു അനുഗ്രഹംകൂടി നൽകിയിട്ടുണ്ടാകും; നിന്റെ ചോർച്ചയിൽനിന്നു വിരിഞ്ഞ ഈ പൂക്കൾപോലെ. നീ എനിക്കു പ്രിയപ്പെട്ട ഓമനക്കുടമാണ്; നിന്നെ ഞാൻ ഉപേക്ഷിക്കാൻ പോകുന്നില്ല.
പുഷ്പഭംഗി നിറഞ്ഞ ഇക്കഥ നമുക്കു നൽകുന്നത് അരക്കുടം പാഠമല്ല; തികച്ചും ഒരു വലിയ കുടം നിറയെ.