ADVERTISEMENT

ആത്മാന്വേഷണങ്ങളുടെ ആദ്യരൂപം ഋഗ്വേദത്തിൽത്തന്നെയുണ്ട്. ഋഗ്വേദത്തിലെ നസാദീയ സൂക്തം മനുഷ്യജന്മത്തിന്റെയും പ്രപഞ്ചത്തിന്റെയുമൊക്കെ സൃഷ്ടിയെക്കുറിച്ചും സ്ഥിതിയെക്കുറിച്ചും ഉൽപതിഷ്ണമായ മനസ്സോടെ അന്വേഷിക്കുന്നതാണ്. പിൽക്കാലത്ത് അദ്വൈത സിദ്ധാന്തത്തിന്റെ അടിസ്ഥാനം തന്നെ ഈ തേടലായി മാറി. മനുഷ്യന്റെ അസ്തിത്വത്തെ നിരന്തരം ചോദ്യം ചെയ്യുന്ന ഈ രീതി വേദത്തിലെ നസാദീയ സൂക്തത്തിൽനിന്നു വ്യാപിച്ച് ഉപനിഷത്തിലേക്കും കടന്നതായി കാണാം. വേദ കാലഘട്ടങ്ങളിലെ പെരുമയേറിയ ഒരു നാമമാണ് യാജ്ഞവൽക്യൻ.

വേദ കാലഘട്ടത്തിൽ ഇന്ത്യയിൽ ജീവിച്ചിരുന്ന ഈ ആചാര്യൻ അനേകമാളുകളിലേക്ക് അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥനായിരുന്നു. സമാനതകളില്ലാത്ത ദാർശനികൻ കൂടിയായിരുന്ന അദ്ദേഹം ബ്രഹ്‌മം തുടങ്ങിയ ദാർശനിക സങ്കൽപങ്ങളെക്കുറിച്ച് നിരന്തരം ചർച്ച തുടർന്നിരുന്ന പണ്ഡിതനാണ്. ബൃഹദാരണ്യ ഉപനിഷത്തിലും മറ്റനേകം പ്രാചീന കൃതികളിലും യാജ്ഞവൽക്യനെക്കുറിച്ചുള്ള പരാമർശങ്ങൾ കാണാം. പുരാതന ഇന്ത്യയിൽ പല രാജ്യങ്ങളിലും ഉപയോഗിച്ചിരുന്ന ഒരു നിയമസംഹിതയ്ക്ക് യാജ്ഞവൽക്യ സ്മൃതിയെന്ന് അദ്ദേഹത്തിന്റെ ബഹുമാനാർഥം പേരു നൽകിയിരുന്നു.

ഉപനിഷത്തുകളിലെ മറ്റൊരു പ്രൗഢനാമമായിരുന്ന അരുണി മഹർഷിയുടെ ശിഷ്യനായിരുന്നു യാജ്ഞവൽക്യൻ. ബൃഹദാരണ്യ ഉപനിഷത്തിൽ മാത്രമല്ല, ഛാന്ദോഗ്യ ഉപനിഷത്തിലും കൗശീതകി ഉപനിഷത്തിലും കഠോപനിഷത്തിലുമൊക്കെ ഉദ്ദാലക അരുണിയെക്കുറിച്ചുള്ള പ്രശസ്തമായ പരാമർശങ്ങളുണ്ട്. ദാർശനികതയുടെ അറ്റം കണ്ട ഈ മഹാചാര്യനെ വാദപ്രതിവാദത്തിൽ യാജ്ഞവൽക്യൻ തോൽപിച്ചിരുന്നു എന്നറിയുമ്പോഴാണ് യാജ്ഞവൽക്യൻ എത്രത്തോളം ഗംഭീരനായ പണ്ഡിതനാണെന്ന കാര്യം നമുക്ക് മനസ്സിലാകുന്നത്.

ഇന്നത്തെ ബിഹാറിൽ സ്ഥിതി ചെയ്യുന്ന മിഥിലയിലായിരുന്നു അദ്ദേഹത്തിന്റെ താമസം. മിഥിലയിലുൾപ്പെട്ട വിദേഹരാജ്യം ഭരിച്ചിരുന്നത് ജനക രാജാവായിരുന്നു. വിദേഹരാജ്യത്തിലെ രാജാക്കൻമാരെല്ലാം തന്നെ ജനകനെന്ന സ്ഥാനപ്പേരിൽ അറിയപ്പെട്ടു. ഭഗവാൻ ശ്രീരാമനെ തന്റെ പുത്രി ജാനകിയുടെ ഭർത്താവായി കിട്ടാൻ ഭാഗ്യം സിദ്ധിച്ച ജനകരാജാവ് രാമായണത്തിൽ പ്രശസ്തനായിരുന്നു. അദ്ദേഹവും ഒരുകാലത്ത് വിദേഹത്തിന്റെ രാജാവായിരുന്നു.

യാജ്ഞവൽക്യ കാലത്തെ ജനകൻ വെറുമൊരു രാജാവായിരുന്നില്ല. രാജ്യതന്ത്രമോ സൈനിക ശാസ്ത്രങ്ങളോ നയചാതുരിപഠനങ്ങളോ ജനകനിലെ അപാരനായ വിദ്യാർഥിയുടെ അറിവിനോടുള്ള ദാഹം ശമിപ്പിച്ചില്ല. മഴയെത്തേടിയെത്തുന്ന വേഴാമ്പലിനെപ്പോലെ ജനകൻ അറിവാകുന്ന ജലം തേടി സദാ അലഞ്ഞുകൊണ്ടേയിരുന്നു, ഒരു രാജാവിന്റെയും കുടുംബസ്ഥന്റെയും കടമകൾ നിർവഹിച്ചുകൊണ്ടു തന്നെ. ഫിലോസഫിക്കൽ കിങ് അഥവാ ദാർശനികനായ ഭരണാധികാരിയെന്ന സങ്കൽപത്തിന് ഏറ്റവും മികച്ച ഉദാഹരണമായിരുന്നു ജനകൻ.

the-great-debate-in-brihadaranyaka2
Image Credit: This image was generated using Midjourney

അക്കാലത്ത് ഒരു പണ്ഡിതസദസ്സിൽവച്ചാണ് ജനകരാജാവ് യാജ്ഞവൽക്യനെ കണ്ടുമുട്ടുന്നത്. ഒരു രാജാവെന്ന രീതിയിലായിരുന്നില്ല അദ്ദേഹം ആ സദസ്സിനെത്തിയത്. ഗംഭീരനായ യാജ്ഞവൽക്യനെ കണ്ടതോടെയും അദ്ദേഹത്തിന്റെ വാക്ചാതുരിയോടെയുള്ള അധ്യാപനം കേട്ടതോടെയും ജനകൻ ആഹ്ലാദത്തിലായി. ഒന്നിനു പിറകെ ഒന്നായി അദ്ദേഹം ചോദ്യങ്ങൾ ചോദിച്ചു. യാജ്ഞവൽക്യൻ അതിനെല്ലാം കയ്യടക്കത്തോടെ മറുപടി നൽകി. ജനകനും യാജ്ഞവൽക്യനും തമ്മിലുള്ള സൗഹൃദം അവിടെത്തുടങ്ങി. യാജ്ഞവൽക്യനെ ഗുരുവായും ജനകൻ കണക്കിലെടുത്തു. എന്നാൽ സാധാരണഗതിയിലുള്ള ഒരു ഗുരുശിഷ്യ ബന്ധത്തിനപ്പുറം ജീവിതത്തിന്റെ അർഥം ആഴത്തിൽ അന്വേഷിക്കുന്ന മനുഷ്യർ തമ്മിലുള്ള ബന്ധമായിരുന്നു അത്.

യാജ്ഞവൽക്യന്റെ ആശ്രമത്തിൽ അദ്ദേഹത്തിന്റെ മറ്റു ശിഷ്യർക്കൊപ്പം പഠനങ്ങൾ കേൾക്കാൻ ജനകനുമെത്തി. തുല്യബഹുമാനത്തോടെയാണ് യാജ്ഞവൽക്യൻ ജനകനെ സ്വീകരിച്ചിരുന്നതും ഇടപെട്ടിരുന്നതും. ഇതു യാജ്ഞവൽക്യന്റെ ശിഷ്യർക്കിടയിൽ അലോസരമുണ്ടാക്കി. രാജാവെന്ന സ്ഥാനത്തെ ഭയപ്പെട്ടാണ് ഗുരുനാഥൻ തങ്ങൾക്കു നൽകുന്നതിലും പരിഗണന ജനകന് നൽകുന്നതെന്ന് അവർ കരുതി. ജ്ഞാന സമ്പാദനത്തിനായി സർവസംഗ പരിത്യാഗം ചെയ്ത തങ്ങൾക്കു ലഭിക്കുന്നതിനേക്കാൾ പരിഗണന ആത്മീയമായി നിസ്സാരനും ഭൗതികജീവിതം നയിക്കുന്നവനും സുഖലോലുപതകളിൽ അഭിരമിക്കുന്നവനുമായ ഒരു രാജനു നൽകുന്നതെന്തിനാണെന്നവർ ഒളിഞ്ഞും തെളിഞ്ഞും ചോദ്യമുന്നയിച്ചു. ശിഷ്യൻമാരുടെ ഈ മനോനില യാജ്ഞവൽക്യനും പിടികിട്ടി.

ഒരിക്കൽ ആത്മ-ബ്രഹ്‌മ ബന്ധങ്ങളെയും ആത്മാന്വേഷണങ്ങളെയും പറ്റി ഗഹനമായ ചർച്ചകൾ യാജ്ഞവൽക്യന്റെ ആശ്രമത്തിൽ നടന്നു. ജനകനും അതിൽ പങ്കെടുത്തു. കാതുകൂർപ്പിച്ചും മനസ്സർപ്പിച്ചും ശ്രോതാക്കളിലൊരാളായി ഇരിക്കുകയായിരുന്നു ജനകൻ. പെട്ടെന്നാണ് പ്രദേശത്ത് കാട്ടുതീ പരന്നെന്ന അറിയിപ്പുമായി രാജദൂതർ ഓടിയെത്തിയത്. സന്ദേശം കേട്ടപാതി യാജ്ഞവൽക്യന്റെ മറ്റു ശിഷ്യർ ഓടി രക്ഷപ്പെടാനായി തങ്ങളുടെ ഭാണ്ഡങ്ങളും സാമാനങ്ങളും ധൃതിപ്പെട്ടു തയാറാക്കി. എന്നാൽ ജനകന് ഒരു കുലുക്കവുമുണ്ടായിരുന്നില്ല. അദ്ദേഹം ബ്രഹ്‌മത്തെക്കുറിച്ച് ആരാഞ്ഞുകൊണ്ടേയിരുന്നു.

the-great-debate-in-brihadaranyaka1
Image Credit: This image was generated using Midjourney

തീയടങ്ങിയ ശേഷം യാജ്ഞവൽക്യൻ ശിഷ്യരോട് പറഞ്ഞു. ‘എല്ലാമുപേക്ഷിച്ച് അറിവു തേടുന്നെന്നു ചിന്തിക്കുന്ന നിങ്ങൾ ഒരു കാട്ടുതീയുടെ പേര് കേട്ടപ്പോഴേ കയ്യിലുള്ളതെല്ലാം സംഭരിച്ച് ഓടാൻ തുടങ്ങി. എന്നാൽ ഇക്കാണുന്ന രാജ്യത്തിന്റെയും അളവറ്റ സ്വത്തിന്റെയും അവകാശിയായ ജനകനോ, അദ്ദേഹം ഇതെക്കുറിച്ചൊന്നുമന്വേഷിക്കാതെ തന്റെ ആത്മാംശത്തിലേക്കു ശ്രദ്ധ പതിപ്പിച്ചു. അദ്ദേഹമാണ് യഥാർഥ പരിത്യാഗി. അതാണ് അദ്ദേഹത്തിനു ലഭിച്ച പരിഗണനയ്ക്ക് കാരണം.’ ശിഷ്യർ തെറ്റുമനസ്സിലാക്കി ലജ്ജിച്ചു തലതാഴ്ത്തിയത്രേ.

ഇന്ത്യയുടെ ആത്മീയ പൈതൃകത്തിന്റെ പ്രൗഢഗംഭീര സാക്ഷ്യമായ ഉപനിഷത്തുകളിൽ പ്രധാനപ്പെട്ട ബൃഹദാരണ്യക ഉപനിഷത്ത് യാജ്ഞവൽക്യനും ജനകനും തമ്മിലുള്ള സംവാദങ്ങളും സംഭാഷണങ്ങളും അവതരിപ്പിക്കുന്നു. യാജ്ഞവൽക്യനുമായുണ്ടായ സമ്പർക്കത്തിൽ തന്നിൽ വിരിഞ്ഞ ആത്മീയ ഉൾക്കാഴ്ച ജനകന്റെ രാജ്യപരിപാലനത്തിലും പ്രതിഫലിച്ചത്രേ. പ്രജകളെ സ്വന്തം സന്തതികളെപ്പോലെ കരുതി അവരെ ഉന്നതിയിലേക്ക് നയിക്കാൻ അദ്ദേഹം മുൻകയ്യെടുത്തു.

English Summary:

The Great Debate in Brihadaranyaka

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com