ഉറക്കത്തെക്കുറിച്ച് ഉറക്കെച്ചിന്തിക്കാം
Mail This Article
ഉറക്കത്തെ ഏറ്റവും കൂടുതൽ നേരം അകറ്റി നിർത്തിയതിന്റെ ലോക റെക്കോർഡ് റോബർട്ട് മക്ഡോണൾഡ് എന്നൊരു അമേരിക്കക്കാരന്റെ പേരിലാണ് ഉറങ്ങിക്കിടക്കുന്നത്. 19 ദിവസമാണ് അദ്ദേഹം തുടർച്ചയായി ഉണർന്നിരുന്നത്. കൃത്യമായിപ്പറഞ്ഞാൽ 453 മണിക്കൂറും 40 മിനിറ്റും. ഗിന്നസ് റെക്കോർഡ് പുസ്തകത്തിൽ കയറിയ ആ നീണ്ട ഉണർവ് 1986–ലായിരുന്നു.കുട്ടികളെ മാത്രമല്ല, മുതിർന്നവരെയും ഉറക്കംതൂങ്ങിയെന്നു വിളിക്കുന്ന സ്വഭാവം നമുക്കു പണ്ടേയുണ്ട്. കാലം മാറിയപ്പോൾ മുതിർന്നവരിൽനിന്ന് ഈ പരാതിസ്വഭാവവും യുവാക്കളിൽനിന്ന് ഉറക്കവും പടിയിറങ്ങിപ്പോയതായാണ് കാണുന്നത്.
അവൾ / അവൻ രാപകൽ ഫോണിൽ കുത്തിക്കൊണ്ടിരിപ്പാണ്, ഒരു പോള കണ്ണടയ്ക്കാതെ കംപ്യൂട്ടറിനു മുൻപിൽ കുത്തിയിരിക്കുകയാണ് എന്നൊക്കെയാണിപ്പോൾ മുതിർന്നവർക്കു കുട്ടികളെപ്പറ്റിയും ചെറുപ്പക്കാരെപ്പറ്റിയുമുള്ള പരാതി. രണ്ടു കാലങ്ങളിലാണെങ്കിലും രണ്ടു പരാതികളും ചെന്നു കൊള്ളുന്നത് നമ്മുടെ തലച്ചോറിലാണ്. എന്തു കാരണത്താലായാലും ഉറക്കത്തെ മാറ്റി നിർത്തുന്നവർ ഭാവിയിൽ മറവിരോഗം പോലുള്ള തലച്ചോർ പ്രശ്നങ്ങളിലാണ് ചെന്നുപെടുക എന്ന് എത്രയോ കാലമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ബുദ്ധിപരമായ നമ്മുടെ പ്രവർത്തനങ്ങളുമായി ഉറക്കം അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ജീവിതം എളുപ്പമാക്കുന്ന വർത്തമാനകാല യന്ത്രസംവിധാനങ്ങൾ തലച്ചോറിന്റെ സ്വാഭാവിക പ്രവർത്തനത്തെ ബാധിക്കുന്നുവെന്നുമുള്ള കണ്ടെത്തലും പുതിയതല്ല.
സാൻഫ്രാൻസിസ്കോയിലെ കലിഫോർണിയ സർവകലാശാല 526 പേരുടെ ഉറക്കം അപഗ്രഥിച്ചു നടത്തിയ പുതിയൊരു പഠനം ഈ സിദ്ധാന്തങ്ങൾക്കു വീണ്ടും അടിവരയിടുന്നു. ശരാശരി 40 വയസ്സുകാരെയാണ് പഠനത്തിനു വിധേയരാക്കിയത്. പത്തു വർഷം കഴിഞ്ഞുള്ള അവരുടെ ബൗദ്ധിക ജീവിതവും പെരുമാറ്റ രീതികളും പിന്നീട് പരിശോധിച്ചു. ഏറ്റവും കുറച്ചുമാത്രം ഉറക്കം കിട്ടിയ 44 പേർ പത്തുവർഷം കൊണ്ട് അവരുടെ മസ്തിഷ്കശേഷിയിൽ കാര്യമായി പിന്നാക്കം പോയതായി ഗവേഷകർ കണ്ടു. വിവരം ശേഖരിക്കൽ, അതു സൂക്ഷിച്ചുവയ്ക്കൽ, കാര്യകാരണങ്ങൾ വിലയിരുത്തിയുള്ള ആലോചന എന്നിവയിലെല്ലാം അവർ പിന്നിലായി.
ഉറക്കമില്ലായ്മയും അസ്വസ്ഥമായ ഉറക്കവും ഭാവിയിൽ അൽസ് ഹൈമേഴ്സസ് പോലുള്ള രോഗങ്ങളിലേക്കു നയിച്ചേക്കാം എന്നാണ് പഠനം നൽകുന്ന മുന്നറിയിപ്പ്. മുപ്പതു വയസ്സിനും നാല്പതു വയസ്സിനുമിടയിൽ ശരിയായ ഉറക്കം കിട്ടാത്തവർക്ക് പിൽക്കാലത്ത് ചിന്തയിലും ഓർമയിലും കുരുക്കു വീഴാം. പ്രായപൂർത്തിയായ ഒരാൾക്ക് ശരാശരി ഏഴു മണിക്കൂർ ഉറക്കമാണ് വിദഗ്ധർ നിർദേശിക്കുന്നത്. വെറും ഉറക്കമല്ല, തടസ്സമില്ലാത്ത സുഖനിദ്ര. കുട്ടികൾക്കാണെങ്കിൽ ഇത് എട്ടു മുതൽ 12 മണിക്കൂർ വരെയാണ്. റോബർട്ട് മക്ഡോണൾഡിന്റെ കഥയിലേക്കു തിരിച്ചുവരാം. ഉറങ്ങാതിരിക്കുന്നവർക്കുണ്ടാകുന്ന വലിയ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞതോടെ ഗിന്നസ് ബുക്ക് അധികൃതർ ബലം പിടിച്ചുള്ള ഉണർവിന്റെ കണക്കെടുപ്പു നിർത്തി. മക്ഡോണൾഡിനുശേഷം ഉറക്കം പിടിച്ചുനിർത്തിയതിനൊരു റെക്കോർഡ് ഉണ്ടായിട്ടേയില്ല.