ADVERTISEMENT

മടങ്ങിവന്ന ധൂർത്തപുത്രന്റെ കഥയാണു ജീവിതത്തിന്റെ അന്ത്യനിമിഷങ്ങളിൽ ദസ്തയേവ്സ്കി മക്കളെ ഓർമിപ്പിച്ചത്. ഈ നോമ്പുകാലത്ത് നാം ഓർക്കേണ്ട കഥ.

മഹാനായ ആ അച്ഛന്റെ വിയോഗത്തെ മകൾ ഇങ്ങനെയാണ് ഓർമിച്ചെടുക്കുന്നത്: ‘‘ഞങ്ങളെ അടുക്കലേക്കു വിളിച്ചുവരുത്തി. ഞങ്ങളുടെ കുഞ്ഞിക്കൈകൾ ചേർത്തുപിടിച്ച് അമ്മയോട് ധൂർത്തപുത്രന്റെ കഥ വായിച്ചുകേൾപ്പിക്കാൻ ആവശ്യപ്പെട്ടു. കണ്ണുപൂട്ടി പൂർണമായും അതിൽ മുഴുകിയാണ് അച്ഛനതു ശ്രദ്ധിച്ചത്. പിന്നെ, വളരെ മൃദുവായി ഇങ്ങനെ പറഞ്ഞുതുടങ്ങി-ഈ കേട്ടത് ഒരിക്കലും മറക്കരുത്. ദൈവത്തിൽ സമ്പൂർണവിശ്വാസമുണ്ടായിരിക്കുക, അവിടുത്തെ ക്ഷമയിൽ സംശയിക്കാതിരിക്കുക. നിശ്ചയമായും ഞാൻ നിങ്ങളെ സ്നേഹിക്കുന്നു; എന്നാൽ, അവിടുത്തെ സ്നേഹവുമായി താരതമ്യം ചെയ്യുമ്പോൾ അതൊന്നുമല്ലെന്ന് എനിക്കറിയാം. മാരകമായ അപരാധങ്ങളിലേക്കു പാളിപ്പോകും വിധം അത്രമേൽ അസന്തുഷ്ടരായാലും ഒരു കാരണവശാലും ദൈവത്തിൽ നിരാശപ്പെടരുത്. നിങ്ങൾ അവന്റെ പൈതങ്ങളാണ്. എന്റെ മുൻപിലെന്നപോലെ അവിടുത്തെ മുൻപിലും സദാ വിനീതരായി നിൽക്കുക. അവിടുത്തെ മാപ്പ് ആരായുക, അവിടുന്ന് നിങ്ങളുടെ അനുതാപത്തിന്മേൽ ആഹ്ലാദിക്കും; കഥയിലെ അപ്പൻ മടങ്ങിവന്ന മകനുമേൽ ആഹ്ലാദിക്കുന്നതുപോലെ- ഏതാനും നിമിഷങ്ങൾക്കു ശേഷം ദസ്തയേവ്‌സ്കി കടന്നുപോയി. ഒട്ടേറെ മരണങ്ങൾക്കു ഞാൻ സാക്ഷിയായിട്ടുണ്ട്. അതിലൊന്നുപോലും ഞങ്ങളുടെ അച്ഛന്റേതുപോലെ പ്രകാശമുള്ളതായിരുന്നില്ല.’’

മകളുടെ പേര് ല്യുബോവ് എന്നാണ്. ആ കഥയിൽ തനിക്കു പറയേണ്ടതൊക്കെയുണ്ടെന്ന് ദസ്തയേവ്‌സ്കി കരുതിയിട്ടുണ്ടാവും. ദീർഘമായ സൈബീരിയൻ തടവുകാലത്ത് വായിച്ചിരുന്ന ഏകപുസ്തകത്തിൽനിന്ന് ഈയൊരു കഥ ശ്രദ്ധിക്കണമെന്നു പറഞ്ഞ് അവസാനിപ്പിക്കുമ്പോൾ, അതിൽ തന്റെ ജീവിതത്തിന്റെ സാരവും സംഗ്രഹവും ഉണ്ടെന്നു കരുതിയിട്ടുണ്ടാവും. മറ്റെന്ത് ആശ്വാസമാണ് നിങ്ങൾ ഉറ്റവർക്കു കൈമാറാൻ ഉദ്ദേശിക്കുന്നത് ?

കുറ്റിപ്പുറത്ത് ‘ഇല’യിലെ നജീബ് ഉമ്മയെക്കുറിച്ച് പറയുകയായിരുന്നു–പെട്ടെന്നുള്ള തോന്നലിൽ, തീരെ ചെറിയ പരിചയം മാത്രമുള്ള ഒരു പയ്യനെ തേടി ഒരു പെൺകുട്ടി അവരുടെ പരിസരത്തു വന്നു; അവനോടൊപ്പം പാർക്കാൻ. അവനാവട്ടെ, അതങ്ങനെയല്ലെന്നു പറഞ്ഞ് അവളെ ദുഃഖത്തിലാക്കി. കുഴപ്പത്തിലായ പെൺകുട്ടിയെ ഉമ്മയുടെ അടുക്കലേക്കാണു നജീബ് കൊണ്ടുവന്നത്. ഉമ്മ ആ രാത്രി മുഴുവൻ അവളെ കെട്ടിപ്പിടിച്ചു കിടന്നു. ഒരു പോള കണ്ണടയ്ക്കാതെ മുടിയിഴകളിൽ തലോടിക്കൊണ്ടിരുന്നു. മയങ്ങിയാൽ അവളെന്തെങ്കിലും അബദ്ധം ചെയ്തേക്കുമെന്ന് അവർ ഭയന്നു. കുട്ടിയെ തേടി വീട്ടുകാർ വന്നപ്പോൾ ഉമ്മയില്ലാതെ പോവില്ലെന്ന് അവൾ ശഠിച്ചു. അതിനും ആ വയോധിക വഴങ്ങി.

മടങ്ങിവന്നവർക്കു വേണ്ടി എപ്പോഴും കൊഴുത്ത കാളക്കുട്ടിയെ കൊല്ലണമെന്നില്ല. നല്ലതുപോലെ എണ്ണതേച്ചു കുളിപ്പിച്ചാൽ മതി. അല്ലെങ്കിൽ, മുറ്റത്തെ മാവിൽനിന്നു വീണ മാമ്പഴം കൊണ്ട് ഇഷ്ടമുള്ള മധുര പുളിശ്ശേരി ഉണ്ടാക്കിയാലും മതി. അകന്നുപോയവർക്കും അലഞ്ഞവർക്കും കുലീനമായി മടങ്ങിവരാനുള്ള കാലമാണിത്. ചെറുതും വലുതുമായ ഒട്ടേറെ മടക്കയാത്രകൾ കൊണ്ട് സമ്പന്നമാകാനൊരു കാലം.

English Summary:

The joy of returnees

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com