ADVERTISEMENT

കടലിലേക്ക് നദികൾ വന്നു നിറയുന്നതുപോലെയുള്ളൊരു ഇതിഹാസമാണ് മഹാഭാരതം. വായിക്കുന്നവരാരും സർവകാല പ്രസക്തിയുള്ള മഹാഭാരതത്തിന്റെ മഹിമയ്ക്ക് മുന്നിൽ തലകുനിച്ചു നിന്നുപോകും. അത്രയും ബൃഹത്തും അത്രയും മികവേറിയതുമായ ഒരു കൃതിയാണ് മഹാഭാരതം.എത്രയോ കഥാപാത്രങ്ങളുണ്ട് ഇതിൽ. ജ്വലിക്കുന്ന സൂര്യനെപ്പോലെ ഭഗവാൻ ശ്രീകൃഷ്ണൻ മഹാഭാരതത്തിന്റെ കേന്ദ്രസാന്നിധ്യമാകുന്നു. എങ്കിലും നായകൻമാരും വില്ലൻമാരും മറ്റുള്ളവരുമൊക്കെയായി എത്രയോ കഥാപാത്രങ്ങൾ, കഥകൾ, സന്ദേശങ്ങൾ.

മഹാഭാരതത്തിലെ കരുത്തുറ്റ കഥാപാത്രങ്ങളിലൊന്നാണ് അശ്വത്ഥാമാവ്. യുദ്ധവീര്യത്തിലും ആയുധജ്ഞാനത്തിലും അതികേമനായ അശ്വത്ഥമാവിന്റെ ആ ശേഷികൾക്ക് തടസ്സം സൃഷ്ടിക്കുന്നതാണ് അദ്ദേഹത്തിന്റെ ഈഗോയും വിവേകമില്ലായ്മയും അമിതമായ ദേഷ്യവും. സീമകൾ ലംഘിക്കുന്ന പ്രതികാരചിന്ത എങ്ങനെ ഒരു വ്യക്തിയുടെ അധഃപതനത്തിനു കാരണമാകുന്നെന്ന ചിത്രം അശ്വത്ഥാമാവിന്റെ ജീവിതം നമ്മെ വരച്ചുകാട്ടുന്നു.

പാണ്ഡവരുടെയും കൗരവരുടെയും ഗുരുവായി മാറിയ ദ്രോണരുടെയും കൃപിയുടെയും മകനായാണ് അശ്വത്ഥാമാവിന്റെ ജനനം. ജനനസമയത്ത് സാധാരണകുട്ടികൾ കരയുന്നതിൽ നിന്നു വ്യത്യസ്തമായി കുതിരയുടെ ശബ്ദത്തിലാണ് അശ്വത്ഥാമാവ് കരഞ്ഞത്. ഈ ശബ്ദം ലോകമെമ്പാടും കേട്ടു. ഇങ്ങനെയാണ് അശ്വത്ഥാമാവ് എന്ന പേര് അദ്ദേഹത്തിനു ലഭിക്കുന്നത്. ജനനത്തിൽ തന്നെ സവിശേഷമായൊരു രത്നം അദ്ദേഹത്തിന്റെ മൗലിയിലുണ്ടായിരുന്നു. ഈ രത്നം അശ്വത്ഥാമാവിനെ ദുഷ്ടശക്തികളിൽ നിന്നു രക്ഷിച്ചു.

Aswathama-1
Image Credit: This image was generated using Midjourney

ദാരിദ്ര്യത്തിലായിരുന്നു ദ്രോണപുത്രന്റെ ജീവിതം. ബാല്യത്തിൽ പാൽ കുടിക്കണമെന്നു പറഞ്ഞുകരയുന്ന അശ്വത്ഥാമാവിന് പാൽ കൊടുക്കാൻ നിവൃത്തിയില്ലാത്തതിനാൽ അരിപ്പൊടി കലക്കി പാലെന്നു കൊടുക്കുന്ന രംഗം മഹാഭാരതത്തിലെ ഏറ്റവും കരളലിയിക്കുന്ന രംഗങ്ങളിലൊന്നാണ്.
എന്നാൽ ഹസ്തിനപുരത്ത് കുരുവംശത്തിന്റെ കുലഗുരുവായി ദ്രോണർ നിയമിതനാകുന്നതോടെ ഈ മോശംകാലത്തിന് അറുതി വന്നു, കൗരവർക്കും പാണ്ഡവർക്കുമൊപ്പം അശ്വത്ഥാമാവും അവിടെ ആയുധവിദ്യ അഭ്യസിക്കുന്നു. തന്റെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യനും അസ്ത്രവിദ്യയിൽ അഗ്രഗണ്യനുമായ അർജുനന് ഗുരു ബ്രഹ്മാസ്ത്രം ഉപദേശിക്കുന്നുണ്ട്, എന്നാൽ രഹസ്യമായി സ്വന്തം മകനും ദ്രോണർ ബ്രഹ്മാസ്ത്ര വിദ്യ നൽകുന്നു.

ദുര്യോധനനുമായി ഗാഢമായ സുഹൃത്ബന്ധം അശ്വത്ഥാമാവ് പുലർത്തിയിരുന്നു. ദക്ഷിണ പാഞ്ചാല ദേശത്തെ രാജാവായും അദ്ദേഹം നിയമിക്കപ്പെട്ടു. ഈ സ്ഥാനലബ്ധിയും അശ്വത്ഥാമാവിന്റെ ഈഗോയെ കൂട്ടിക്കളഞ്ഞു. കുരുക്ഷേത്രയുദ്ധത്തിനിടെ ദ്രോണാചാര്യരെ പാണ്ഡവപക്ഷത്തെ ധൃഷ്ടദ്യുമ്നൻ വധിക്കുന്നു. പിതാവിന്റെ മരണത്തിൽ കോപമേറുന്ന അശ്വത്ഥാമാവ് നാരായണാസ്ത്രം പ്രയോഗിക്കും. ശ്രീകൃഷ്ണൻ പാണ്ഡവരുടെ തുണയ്ക്കെത്തിയതിനാൽ മാത്രമാണ് ആ സൈന്യം നാരായണാസ്ത്രത്തിൽ നിന്നു രക്ഷപ്പെടുന്നത്.
എന്നാൽ പിന്നീടാണ് ഒരു യോദ്ധാവിന് നിരക്കാത്ത ക്രൂരകൃത്യങ്ങൾ അശ്വത്ഥാമാവ് ചെയ്യുന്നത്.

Aswathama-2
Image Credit: This image was generated using Midjourney

രാത്രിയിൽ ഉറങ്ങിക്കിടന്ന പാണ്ഡവരുടെ പിന്മുറക്കാരെ ചതിച്ചുകൊല്ലുന്നതും അർജുനന്റെ മകൻ അഭിമന്യുവിന്റെ ഭാര്യയായ ഉത്തരയുടെ ഗർഭസ്ഥശിശുവിന് നേർക്ക് അസ്ത്രമയയ്ക്കുന്നതും അശ്വത്ഥാമാവിനുമേൽ തീരാക്കളങ്കമാണ് ചാർത്തിയത്. ഒടുവിൽ അശ്വത്ഥാമാവിനെ ശ്രീകൃഷ്ണൻ ശപിക്കുന്നു. ബീഭത്സജീവിയായി കാലാന്തരങ്ങളോളം ചിരഞ്ജീവിയായി ജീവിക്കാനായിരുന്നു ആ ശാപം. മനുഷ്യർക്കുള്ളിലെ പകയുടെയും പ്രതികാരചിന്തയുടെയും ആൾരൂപമാണ് അശ്വത്ഥാമാവ്. കാലങ്ങളോളം മനുഷ്യവംശം ഈ ദുർവിചാരങ്ങളുടെ വേട്ടയാടലിലാണെന്ന തത്വമാകാം അശ്വത്ഥാമാവിലൂടെ മഹാഭാരതം പറഞ്ഞുവയ്ക്കുന്നത്.

English Summary:

Unveiling Ashwatthama: Mahabharata's Forgotten Hero and His Descent

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com