സന്തോഷം അന്വേഷിക്കലാണ് നമ്മുടെ ജീവിതലക്ഷ്യം; ദലൈ ലാമയുടെ ആനന്ദകല
Mail This Article
ദലൈ ലാമയും ഡോ.ഹോവർഡ് സി. കട്‌ലറും ചേർന്നെഴുതിയ വിശ്രുത ഗ്രന്ഥമാണ് ദി ആർട് ഓഫ് ഹാപ്പിനസ്. 1998ൽ പ്രസിദ്ധീകരിച്ച പുസ്തകം കാൽ നൂറ്റാണ്ടു പിന്നിട്ടിരിക്കുന്നു. ബുദ്ധമതാചാര്യനെന്ന നിലയിൽനിന്ന് ലോകാചാര്യനായി വളർന്ന ദലൈ ലാമയുമായി മനഃശാസ്ത്ര വിദഗ്ധനായ ഡോ. കട്‌ലർ നടത്തിയ അഭിമുഖങ്ങളാണ് പുസ്തകത്തിന്റെ കാതൽ. ആദ്യ അധ്യായത്തിൽ ദലൈ ലാമ പറയുന്നു: ‘‘സന്തോഷം അന്വേഷിക്കലാണ് നമ്മുടെ ജീവിതലക്ഷ്യം. മതവിശ്വാസിയായാലും അല്ലെങ്കിലും നാം ഓരോരുത്തരും തേടുന്നത് മെച്ചപ്പെട്ട ജീവിതമാണ്. എന്നുവച്ചാൽ, നമ്മുടെ ജീവിതത്തിലെ ഓരോ ചുവടുവയ്പും സന്തോഷത്തിനായുള്ള അന്വേഷണമാണ്’’. ഒരു നേട്ടമുണ്ടാവുമ്പോൾ നാം സന്തോഷിക്കുന്നു; നേട്ടം വലുതാണെങ്കിൽ സന്തോഷവും വലുതാകുന്നു. സന്തോഷമായല്ലോ, ഇനി അന്വേഷിക്കാനൊന്നുമില്ല എന്നു നാം വിചാരിക്കുന്നില്ല.
വലിയൊരു തുക ലോട്ടറിയടിക്കുന്നയാളുടെ സന്തോഷം എത്ര വലുതാകും എന്നാണ് ജനം ചിന്തിക്കുക. പക്ഷേ, ആ സന്തോഷം നീണ്ടുനിൽക്കുന്നില്ല. ഏതാനും ദിവസം കഴിയുമ്പോൾ ജീവിതത്തിലെ തുടർപ്രശ്നങ്ങൾക്കു മുൻപിൽ ലോട്ടറി സന്തോഷം അപ്രത്യക്ഷമാകുന്നു. വീണ്ടും അയാൾ സന്തോഷം അന്വേഷിക്കുകയായി. പ്രിയപ്പെട്ടവരുടെ വേർപാട് എത്രയോ ദുഃഖകരമാണ്. പെട്ടെന്നുള്ള വേർപാടാണെങ്കിൽ ദുഃഖവും കഠിനമായിരിക്കും. പക്ഷേ, ആ ദുഃഖവും നീണ്ടുനിൽക്കുന്നില്ല. ദിവസങ്ങൾ കടന്നുപോകെ, അതു മാഞ്ഞുപോകുന്നു; സന്തോഷങ്ങൾക്കായുള്ള അന്വേഷണം തുടങ്ങുകയും ചെയ്യുന്നു. ബാഹ്യമായ അനുഭവങ്ങളും സംഭവങ്ങളും ദീർഘകാലാടിസ്ഥാനത്തിൽ നമ്മുടെ സന്തോഷം നിലനിർത്തുന്നില്ല എന്നാണ് ദലൈ ലാമ പഠിപ്പിക്കുന്നത്.
ദി ആർട് ഓഫ് ഹാപ്പിനസിൽ ഞാൻ, നാം എന്നീ രണ്ടു ഭാവങ്ങൾ മനോഹരമായി അദ്ദേഹം വിശദീകരിക്കുന്നുണ്ട്. ‘ഞാൻ’ മറ്റൊരാൾക്കു നന്മ ചെയ്യുമ്പോൾ നന്മ സ്വീകരിക്കുന്നയാൾക്കാണ് പ്രഥമദൃഷ്ട്യാ സന്തോഷം. എന്നാൽ, സൂക്ഷ്മവിശകലനത്തിൽ നന്മ ചെയ്യുന്നയാൾക്കും അതേ സന്തോഷമാണ് കൈവരുന്നത്. സ്വീകരിക്കുന്നതിന്റെ സന്തോഷം തന്നെയാണ് നൽകുന്നതിന്റേതും. ഇവിടെ ‘ഞാൻ’ വളർന്ന് ‘നാം’ ആയി മാറുന്നു; നമ്മളൊന്നാകുന്നു.‘ഞാനി’ൽ മുറുകെപ്പിടിച്ചുനിന്നാൽ ‘നാം’ അകന്നുപോകുന്നു. ‘എന്റെ’ സന്തോഷം ‘നമ്മുടെ’ സന്തോഷമായി വളരുമ്പോൾ അതു ഭൗതിക തലത്തിൽനിന്നുയർന്ന് ആധ്യാത്മിക ചാരുതയുള്ളതാകുന്നു.
ലോട്ടറിയടിക്കുന്നതുപോലെ ബാഹ്യമായ ഒന്നല്ല ഈ സന്തോഷം. മനസ്സു നിറയുന്ന സന്തോഷം വികസിച്ച് ആത്മീയമായൊരു ആനന്ദമായിത്തീരുന്നു. ഇംഗ്ലിഷിനെ അപേക്ഷിച്ച് സന്തോഷം കൂടുതലുള്ള ഭാഷയാണ് മലയാളം എന്നു പറയാൻ തോന്നുന്നു. ഇംഗ്ലിഷിൽ എല്ലാ സന്തോഷവും ‘ഹാപ്പിനസ്’ ആണ്. നമ്മുടെ ഭാഷയിൽ സന്തോഷത്തിനു വളർന്ന് ആനന്ദമാകാൻ കഴിയുന്നു; സന്തോഷത്തെക്കാൾ ദിവ്യമാണ് ആനന്ദം അതുകൊണ്ടാണ് ദലൈ ലാമയുടെ ‘ദി ആർട് ഓഫ് ഹാപ്പിനസ്’ എന്ന പുസ്തകത്തിന്റെ ശീർഷകം ‘ആനന്ദകല’ എന്നു പരിഭാഷപ്പെടുത്തി സന്തോഷിക്കാൻ നമുക്കു കഴിയുന്നത്.