വിദ്യാഭ്യാസമുണ്ടായാൽ പോരാ.. വകതിരിവ് കൂടി വേണം
Mail This Article
കേട്ടാലും കേട്ടാലും മതിവരാത്ത എത്ര കഥകളാണ് ഇന്ത്യയിൽ. ഇന്ത്യൻ സമൂഹത്തെ ആഴത്തിൽ സ്വാധീനിച്ച ഗുണപാഠകഥകളാണ് പഞ്ചതന്ത്രവും ജാതകവുമൊക്കെ. നമ്മുടെ നാട്ടിലൊക്കെ ചിലരൊക്കെ മറ്റുചിലരെപ്പറ്റി പറയാറുണ്ട്. നല്ല വിദ്യാഭ്യാസമുണ്ട്, പക്ഷേ വകതിരിവ് വട്ടപ്പൂജ്യം. കോമൺസെൻസ് എന്നു നമ്മൾ ഇംഗ്ലിഷിൽ പറയാറുള്ള സംഭവം തന്നെയാണ് ഈ വകതിരിവ്. നല്ല അറിവുണ്ടെങ്കിലും വകതിരിവില്ലെങ്കിൽ നമ്മൾ അബദ്ധങ്ങളിൽ ചാടാം. പലപ്പോഴും അപകടങ്ങളിൽ നിന്ന് വകതിരിവ് നമ്മെ രക്ഷിക്കുകയും ചെയ്യും. പഞ്ചതന്ത്രത്തിൽ നിന്നുള്ള ഈ കഥ വായിക്കാം.
പ്രാചീന ഭാരതത്തിലെ ഒരു പട്ടണത്തിൽ നാലു സുഹൃത്തുക്കൾ ജീവിച്ചിരുന്നു. മന്ത്രവിദ്യകളിലെ വിദ്യാർഥികളായ അവരിൽ മൂന്നുപേർ പ്രാചീന പുസ്തകങ്ങളിൽ നിന്നു ധാരാളം അറിവും വിദ്യയും സമ്പാദിച്ചിരുന്നു. എന്നാൽ നാലാമത്തെയാൾക്ക് അത്ര അറിവൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ മറ്റു മൂന്നുപേർക്കുമില്ലാത്ത ഒരു സവിശേഷത നാലാമനുണ്ടായിരുന്നു. വകതിരിവായിരുന്നു ആ സവിശേഷത.
ആ പട്ടണത്തിൽ അവർക്കു വലിയ ഉയർച്ചയുണ്ടായിരുന്നില്ല. ഇത്രയ്ക്കും അറിവുള്ളവരായിട്ടും കാര്യമായൊന്നും സമ്പാദിക്കാൻ കഴിയാത്തതിന്റെ വിഷയം സുഹൃത്തുക്കളിലെ ജ്ഞാനികളായ മൂന്നുപേർക്കുണ്ടായിരുന്നു. അവർ പട്ടണം വിട്ട് രാജ്യതലസ്ഥാനത്തേക്കു പോകണമെന്നു പദ്ധതിയിട്ടു. അവിടെ രാജാവിനു മുന്നിൽ തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിച്ച് പാരിതോഷികങ്ങളോ സമ്പാദ്യമോ നേടാം എന്നതായിരുന്നു അവരുടെ പ്രതീക്ഷ.
അറിവൊന്നുമില്ലാത്ത നാലാമനെ എന്തുചെയ്യും. അവനെയും കൊണ്ട് തലസ്ഥാനത്തേക്കു പോയിട്ട് കാര്യമില്ല. അറിവില്ലാത്ത അവനെന്തു കിട്ടാം. അതു കൊണ്ട് അവൻ പട്ടണത്തിൽ തന്നെ നിൽക്കട്ടെയെന്ന് അറിവുള്ള മൂന്നുപേർ പറഞ്ഞു. എന്നാൽ നാലാമൻ എങ്ങനെയെങ്കിലും തന്നെക്കൂടി കൊണ്ടുപോകണമെന്ന് പറഞ്ഞ് അവരെ നിരന്തരം ശല്യപ്പെടുത്തി. ഒടുവിൽ അവനെയും കൊണ്ടുപോകാൻ അവർ തീരുമാനിച്ചു.
ഇടതൂർന്ന് മരങ്ങൾ നിറഞ്ഞുനിന്ന ഒരു കൊടുങ്കാട്ടിലൂടെയായിരുന്നു അവരുടെ യാത്ര. നാലു സുഹൃത്തുക്കളും നീട്ടിവലിച്ചുനടന്നു. ഇടയ്ക്ക് വഴിയരികിൽ അവർ ഒരു കാഴ്ചകണ്ടു. പണ്ടെങ്ങോ ചത്ത ഒരു സിംഹത്തിന്റെ അസ്ഥികൾ ആ കാട്ടിലൊരിടത്തുകിടക്കുന്നു.
മരിച്ചജീവികളെ വീണ്ടും ജീവിപ്പിക്കാനുള്ള വിദ്യ അറിയാവുന്നവരായിരുന്നു ജ്ഞാനികളായ ആ മൂന്നു സുഹൃത്തുക്കൾ. തങ്ങളുടെ ജ്ഞാനം ഒന്നു പരിശോധിക്കാനായി ഈ സിംഹത്തെ അസ്ഥികളിൽ നിന്നു പുനർജീവിപ്പിക്കാമെന്ന് മൂന്നുപേരിലൊരാൾ പറഞ്ഞു. ബാക്കിയുള്ള രണ്ടുപേരും സമ്മതിച്ചു. എന്നാൽ ഇതൊക്കെ പുലിവാലാകുമെന്നും അസ്ഥികളൊക്കെ ഉപേക്ഷിച്ച് യാത്ര തുടരാമെന്നുമായിരുന്നു നാലാമന്റെ അഭിപ്രായം. എന്നാൽ മറ്റു മൂന്നുപേരും ഇതിനെ പുച്ഛിച്ചുതള്ളി.
മൂന്നുപേരും സിംഹത്തെ ജീവിപ്പിക്കാനുള്ള പരിപാടികൾ തുടങ്ങി. ഒരാൾ അസ്ഥികളെല്ലാം ശരിയാക്കി അസ്ഥികൂടത്തിന്റെ രൂപത്തിൽവച്ച് തന്റെ മന്ത്രസിദ്ധിയാൽ അതു യോജിപ്പിച്ചു. രണ്ടാമത്തെയാൾ തനിക്കറിവുള്ള മന്ത്രങ്ങളുരുവിട്ട് ആ അസ്ഥികൂടത്തിനു മാംസവും തൊലിയും ജഡയുമെല്ലാം കൊടുത്തു. ഇപ്പോഴത് ഒരു സിംഹത്തിന്റെ രൂപമായി. മൂന്നാമത്തെയാൾ കയ്യിലെ കമണ്ഡലുവിൽ വെള്ളംനിറച്ച് സിംഹത്തിനു ജീവൻ കിട്ടാനുള്ള മന്ത്രം ജപിച്ചുകൊണ്ടിരുന്നു. ഇത്രയുമായപ്പോൾ നാലാമൻ ഇടപെട്ടു. കൂട്ടുകാരെ, ഇതപകടമാണ്. ഈ സിംഹം ജീവിച്ചു വന്നാൽ അത് നിങ്ങളോടെങ്ങനെ പെരുമാറുമെന്ന് വല്ല ഉറപ്പുമുണ്ടോയെന്ന് അവൻ ചോദിച്ചു. എന്നാൽ മറ്റു മൂന്നുപേരും ആ ചോദ്യത്തിനു വലിയ വിലയൊന്നും നൽകിയില്ല. ഇത്രയും കാര്യങ്ങൾ മുന്നോട്ടുപോയ സ്ഥിതിക്ക് ഇനി പിന്മാറുന്ന പ്രശ്‌നമില്ലെന്ന് അവർ പറഞ്ഞു. തങ്ങൾ പഠിച്ച വിദ്യ പ്രയോഗിക്കാൻ അവസരം കിട്ടിയതിന്റെ ത്രില്ലിലായിരുന്നു അവർ.
ഒടുവിൽ മന്ത്രങ്ങൾ കഴിഞ്ഞു. കമണ്ഡലുവിലെ ജലം ദിവ്യജലമായി. മൂന്നാമൻ അതു തളിക്കാനായി ഒരുക്കമിട്ടു.ഇനിയും കൂട്ടുകാരോട് പറഞ്ഞിട്ടു ഫലമില്ലെന്നു കണ്ട നാലാമൻ ദൂരെയൊരു മരത്തിനു മുകളിൽ കയറി ദൃശ്യം സാകൂതം നോക്കി. കുറച്ചുകഴിഞ്ഞപ്പോൾ മൂന്നാമൻ ജലം തളിച്ചു. നിർജീവമായിക്കിടന്ന സിംഹം ജീവൻവച്ച് എഴുന്നേറ്റ് ഗർജിച്ചു. മൂന്നു സുഹൃത്തുക്കളും ആഹ്ലാദത്തിലായി. എന്നാൽ അതധികം നീണ്ടുനിന്നില്ല. സിംഹം അവർക്കു മുകളിലേക്കു ചാടിവീണ് അവരെ കടിച്ചുകീറി. നാലാമന് ഇതെല്ലാം നോക്കിയിരിക്കാനേ കഴിയുമായിരുന്നുള്ളൂ. സിംഹം പോയതിനു ശേഷം അവൻ മരത്തിൽ നിന്നിറങ്ങി ലക്ഷ്യത്തിലേക്ക് നടന്നു.