ADVERTISEMENT

മഹാഭാരതത്തിൽ ശ്രദ്ധേയമായ സ്ഥാനം അർഹിക്കുന്ന ഒരു ജനവിഭാഗമാണ് യദുവംശം. ഭഗവാൻ ശ്രീകൃഷ്ണൻ ഉൾപ്പെടെയുള്ളവർ ഈ വംശത്തിൽപെട്ടു. മഹാഭാരതത്തിൽ യദുവംശത്തെപ്പറ്റി പല തവണ പരാമർശിക്കുന്നുണ്ട്. യദുവംശ വീരൻമാരിൽ പലരും യുദ്ധത്തിൽ പങ്കെടുക്കുന്നുമുണ്ട്. ശ്രീകൃഷ്ണൻ പാണ്ഡവ പക്ഷത്തായിരുന്നു നിലനിന്നതെങ്കിലും അദ്ദേഹത്തിന്റെ യദുവംശ സൈന്യമായ നാരായണിസേന കൗരവരോടൊപ്പമായിരുന്നു. 

എന്നാൽ ശ്രീകൃഷ്ണനൊപ്പം തന്നെ പാണ്ഡവപക്ഷത്ത് നിലയുറപ്പിച്ച മറ്റൊരു യാദവ നേതാവായിരുന്നു സത്യകി. ശ്രീകൃഷ്ണന്റെ വലിയ ഭക്തനും അനുയായിയുമായ സത്യകി കൗരവപ്പടയിൽ വിനാശം വിതച്ചു. അലംബുഷൻ എന്ന രാക്ഷസൻ, ഭീഷ്മർ, ദ്രോണർ, കർണൻ തുടങ്ങിയവരുമായെല്ലാം സത്യകി യുദ്ധം ചെയ്യുകയും ഇഞ്ചോടിഞ്ച് പിടിച്ചുനിൽക്കുകയും ചെയ്തു. കുരുക്ഷേത്രയുദ്ധത്തിന്റെ പന്ത്രണ്ടാം ദിവസം സത്യകിയുടെ പിടിയിൽപെട്ടത് സാക്ഷാൽ കർണനായിരുന്നു. എന്നാൽ ദുര്യോധനനും ദ്രോണരും ജയദ്രഥനും തക്ക സമയത്തെത്തിയതിനാൽ കർണന് രക്ഷ കിട്ടി.

യുയുധാനൻ എന്നായിരുന്നു സത്യകിയുടെ യഥാർഥപേര്. വൃഷ്ണിവംശത്തിലെ ശിനി എന്ന മഹായോദ്ധാവിന്റെ പേരക്കുട്ടിയായിരുന്നു സത്യകി. ശിനിയുടെ മകനായ സത്യകന്റെ പുത്രൻ. ഒരു ഗുരുവല്ല സത്യകിക്കുണ്ടായിരുന്നത്. മഹാഭാരതത്തിലെ വീരനായകൻമാരിൽ പലരുടെയും ശിഷ്യനാകാനുള്ള ഭാഗ്യം സത്യകിയെ തേടിയെത്തി. ദ്രോണർ, കൃപാചാര്യർ, ഭീഷ്മർ തുടങ്ങിയവയുടെ ശിഷ്യനായിരുന്ന സത്യകി പിൽക്കാലത്ത് അർജുൃനനിൽ നിന്നും ശ്രീകൃഷ്ണനിൽ നിന്നും വിവിധ ശസ്ത്രവിദ്യകൾ അഭ്യസിച്ചു. അർജുനനോട് അഗാധമായ സ്‌നേഹബന്ധം അദ്ദേഹം പുലർത്തിയിരുന്നു.

Art1
Image Credit: This image was generated using Midjourney

മഹാഭാരതത്തിൽ സൗഹൃദത്തിന്റെ വലിയ ഉദാഹരണമായി കാണിക്കപ്പെടുന്ന ഒന്നാണ് ദുര്യോധനനും കർണനും തമ്മിലുള്ള ബന്ധം. എന്നാൽ പാണ്ഡവ പക്ഷത്ത് ഇത്തരമൊരു ഉദാഹരണമായി മികവോടെ കാണിക്കാൻ കഴിയുന്ന ആളാണ് സത്യകി. പാണ്ഡവർക്ക് വനവാസം വിധിച്ചപ്പോൾ, അതേറ്റെടുക്കാതെ കൗരവരുമായി യുദ്ധം ചെയ്യണമെന്നായിരുന്നു സത്യകിയുടെ നിലപാട്. യുദ്ധം ഒഴിവാക്കാൻ എല്ലാ ശ്രമങ്ങളും നടത്തണമെന്ന് ബലരാമൻ പാണ്ഡവരെ ഉപദേശിക്കുന്ന വേളയിലും സത്യകി ക്ഷുഭിതനാകുന്നതു മഹാഭാരതത്തിൽ കാണാം. ഹസ്തിനപുരത്തിലേക്ക് സമാധാനദൂതുമായി എത്തുന്ന ശ്രീകൃഷ്ണനൊപ്പം സത്യകിയുമുണ്ട്.

മഹാഭാരതയുദ്ധം നടക്കുന്ന സമയം പാണ്ഡവപക്ഷത്ത് ആയുധമെടുത്തു പോരാടിയവരിൽ അർജുനനും ഭീമനും കഴിഞ്ഞാൽ ഏറ്റവും കരുത്തും ശേഷിയുമുള്ള യോദ്ധാവായിരുന്നു സത്യകി. സത്യകിയും ദ്രോണാചാര്യരുമായുള്ള പോരാട്ടം മഹാഭാരതത്തിലെ ശ്രദ്ധേയമായ പോരാട്ടങ്ങളിലൊന്നാണ്. പാണ്ഡവപ്പടയിലെ ഒരു അക്ഷൗഹിണിയുടെ അധിപനും സത്യകിയായിരുന്നു. മഹാഭാരതയുദ്ധത്തിന്റെ രണ്ടാംദിവസം ശകുനിയുമായി സത്യകി പോരാടുന്നുണ്ട്. വലിയ യുദ്ധത്തിനു ശേഷം സത്യകി ശകുനിയെ പരാജയപ്പെടുത്തി. കുരുക്ഷേത്രയുദ്ധത്തിൽ വ്യക്തിപരമായ താൽപര്യവും സത്യകിക്കുണ്ടായിരുന്നു.

Art2
Image Credit: This image was generated using Midjourney

പിതാമഹനായ ഷിനിയുടെ കാലം തൊട്ട് സോമദത്തൻ, പിതാവ് ബഹ്ലിക എന്നീ കുരുവംശ രാജാക്കൻമാരുമായി സത്യകിയുടെ കുടുംബത്തിനു കുടിപ്പകയുണ്ടായിരുന്നു. സോമദത്തന്റെ മകനായ ഭൂരിശ്രവസ്സിനെ സത്യകി യുദ്ധത്തിൽ കൊല്ലും. എന്നാൽ ഈ കൊലപാതകം അന്നത്തെ കാലത്തെ ശക്തമായ യുദ്ധമര്യാദകളിൽ ഒരു വിള്ളലുണ്ടാക്കിയതാണ്. യുദ്ധത്തിനിടെ നിരായുധനായി ധ്യാനിച്ചുകൊണ്ടിരുന്നപ്പോഴായിരുന്നു ഈ കൊലപാതകം. ഭൂരിശ്രവസ്സും നേരത്തെ ഇതേ രീതിയിൽ സത്യകിയെ അപായപ്പെടുത്താൻ ശ്രമിച്ചിരുന്നു.

English Summary:

Satyaki's Heroic Legacy: A Closer Look at the Yadava Warrior in the Mahabharata

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com